സ്‌കൂൾ തുറന്നു കഴിഞ്ഞു. പഠനവും കളികളുമായി കുട്ടികളും മാതാപിതാക്കളും അധ്യാപകരുമെല്ലാം തിരക്കിലാണ് ഇനി. ഈ പഠനനാളുകളെ ഭംഗിയായി ആസ്വദിക്കാൻ എല്ലാവർക്കും ചെയ്യാൻ ചിലതുണ്ട്. എന്നാൽ പഠനം രസകരമാക്കി കുട്ടികളെ പുസ്തകത്താളുകളിലേക്ക് ആകർഷിക്കാൻ ചില വഴികൾ മാതാപിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കണം.

To advertise here,

സ്‌കൂളിലേക്ക് ആദ്യമായി

  • ആദ്യമായി സ്‌കൂളിൽ എത്തുന്ന കുട്ടികൾ കരയുന്നതും സ്‌കൂളിൽ പോകാൻ മടിക്കുന്നതും സ്വാഭാവികമാണ്. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ കുട്ടിക്ക് സമയം കൊടുക്കുക. മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് ടെൻഷൻ ഉണ്ടാക്കരുത്. അവിടെ കൂട്ടുകാർക്കൊപ്പം കളിക്കാനും, പാട്ടുകൾ പഠിക്കാനും ഒക്കെ അവസരം ഉണ്ടെന്നും അത് കഴിഞ്ഞയുടൻ വീട്ടിലേക്കു കൊണ്ടുപോകാൻ മാതാപിതാക്കൾ എത്തുമെന്നും പറഞ്ഞു മനസ്സിലാക്കുക. സെപ്പറേഷൻ ആങ്സൈറ്റി പോലുള്ള പ്രശ്നങ്ങൾ പലകുട്ടികൾക്കും ഉണ്ടാകാറുണ്ട്. ആവശ്യമെങ്കിൽ വിദഗ്ധ സഹായം തേടാം.
  • കുട്ടിക്ക് ശ്രദ്ധക്കുറവോ അടങ്ങിയിരിക്കാൻ ബുദ്ധിമുട്ടോ നേരിടുന്നുവെങ്കിൽ കാരണം കണ്ടെത്തി വിദഗ്ധസഹായം തേടാം. എട്ട് വയസ്സിനു ശേഷവും എഴുത്തിലും വായനയിലുമുള്ള ബുദ്ധിമുട്ട്, കണക്കു ചെയ്യാൻ ബുദ്ധിമുട്ട് വരിക എന്നിവയുണ്ടെങ്കിൽ കുട്ടിക്ക് പഠനവൈകല്യം ഉണ്ടോ എന്നറിയാൻ വിദഗ്ധനിർദേശം തേടാം.
  • എന്നും അവരോട് സ്‌കൂളിലെ വിശേഷങ്ങൾ ചോദിക്കാം. ചെറുപ്രായം മുതൽ ഇത്തരമൊരു ശീലമുണ്ടാക്കുന്നത് മുതിരുമ്പോഴും മാതാപിതാക്കൾ അവരുടെ സുരക്ഷിതമായ ഇടമാണെന്ന തോന്നൽ കുട്ടികളിൽ ഉണ്ടാക്കും. അധ്യാപകരിൽ നിന്നുണ്ടാവുന്ന വേർതിരിവുകളെയും സഹപാഠികളുടെ കളിയാക്കലുളെയും നിസ്സാരമായി കാണാതിരിക്കുക.
  • ഡിജിറ്റൽ ഗാഡ്ജെറ്റുകളുടെ ഉപയോഗത്തിൽ നിയന്ത്രണം വയ്ക്കാം. എല്ലാ ദിവസവും അവർ പഠിക്കുന്നുണ്ടോ ഹോം വർക്കുകൾ ചെയ്യുന്നുണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം.
  • അധ്യാപകർ കുട്ടികളുടെ മാതാപിതാക്കളുമായും കൃത്യമായ ബന്ധം സൂക്ഷിക്കണം.
  • ആദ്യമായി സ്‌കൂളിലെത്തുന്ന കുട്ടികൾക്ക് അവരുടെ ഉറക്കം, ദിനചര്യകൾ എന്നിവയെല്ലാം ക്രമത്തിലാവാൻ കുറച്ചു സമയം ആവശ്യമായി വരും. അതിനുള്ള സാവകാശം അവർക്ക് നൽകാൻ അധ്യാപകർ ശ്രദ്ധിക്കണം.
  • എല്ലാക്കുട്ടികൾക്കും തുല്യപ്രാധാന്യം നൽകാൻ അധ്യാപകർ ശ്രദ്ധിക്കണം. ഓരോ കുട്ടിയും കഴിവുകളിലും സ്വഭാവത്തിലും ഏറ്റക്കുറച്ചിലുകൾ ഉള്ളവരാണെന്നത് മനസ്സിലുണ്ടാവണം. എന്തെങ്കിലും ട്രോമകളിലൂടെ കടന്നുപോയ കുട്ടികളുണ്ടെങ്കിൽ അവരെ പ്രത്യേകമായി പരിഗണിക്കണം. എ.ഡി.എച്ച്.ഡി. പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ, വീടുവിട്ടുപോകാൻ ശ്രമിച്ചവർ, ലൈംഗികാതിക്രമം നേരിട്ട കുട്ടികൾ, ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ... എന്നിങ്ങനെയുള്ള കുട്ടികൾക്ക് പ്രത്യേക ശ്രദ്ധവേണം.
  • ആദ്യമായി സ്‌കൂളിലേക്കെത്തുന്ന കുട്ടിക്ക് അത് തന്റെ സെക്കൻഡ് ഹോം ആയി തോന്നുന്ന രീതിയിൽ അവരെ പരിഗണിക്കാനും സ്വീകരിക്കാനും അധ്യാപകർക്ക് കഴിയണം.
  • താരതമ്യപ്പെടുത്തലുകൾ ഒഴിവാക്കാം. കുട്ടികളിൽ അപകർഷബോധമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
  • പുതുതായി സ്‌കൂളിലെത്തുന്ന കുട്ടികളോട് അവരെപ്പറ്റി സ്വയം പറയാൻ ആവശ്യപ്പെടാം. പേരും വീടും കഴിവുകളും ഇഷ്ടങ്ങളും എല്ലാം പറയുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കാം, അഭിനന്ദിക്കാം.
  • മറുനാടുകളിൽ നിന്നെത്തുന്ന കുട്ടികളുടെ കാര്യത്തിലും ശ്രദ്ധവേണം. അവർക്ക് ഭാഷ വലിയ പ്രശ്നമായി മാറാം, ഒറ്റപ്പെടാം. അതൊഴിവാക്കാൻ അവരുെട ഭാഷയറിയാവുന്ന മറ്റൊരു കുട്ടിയെ കംപാനിയനായി നൽകാം. ഒറ്റപ്പെടുത്താതെ കൂടെക്കൂട്ടാൻ മറ്റ് കുട്ടികളെ പ്രോത്സാഹിപ്പിക്കാം.
  • കുട്ടികൾക്ക് പല ആക്ടിവിറ്റികൾ നൽകാം. ആദ്യം ദിനം തന്നെ ചെറിയ ഗ്രൂപ്പുകളാക്കി ബുക്കുകൾ ശേഖരിക്കുക, ടേബിൾ വൃത്തിയാക്കുക പോലെ ഓരോ ഡ്യൂട്ടി ഏൽപ്പിക്കുന്നത് കുട്ടികളെ സ്വയംപര്യാപ്തരാക്കും.

സ്‌കൂളിലേക്ക് തിരിച്ചെത്തുമ്പോൾ

  1. പഠിക്കാനായി വീട്ടിൽ ശാന്തമായ അന്തരീക്ഷം ഉറപ്പുവരുത്തണം. സ്‌കൂൾ തുറക്കുന്ന ദിവസം മുതൽ തന്നെ ദിവസേന രണ്ടു മണിക്കൂർ നേരം പഠിക്കാനായി നീക്കി െവക്കാൻ നിർദേശം നൽകാം. അതോടൊപ്പം ഡിജിറ്റൽ ഉപകരണങ്ങൾക്ക് നിയന്ത്രണം വേണം. സ്‌ക്രീൻ ഉപയോഗം പരമാവധി രണ്ടു മണിക്കൂറായി ചുരുക്കാം. ഇതോടൊപ്പം കായിക വ്യായാമത്തിനായി ദിവസേന ഒരു മണിക്കൂർ എങ്കിലും ചെലവിടാൻ പ്രേരിപ്പിക്കണം.
  2. സ്‌കൂൾ സമയം കഴിഞ്ഞ ശേഷം കുട്ടികളെ നിർബന്ധമായി ട്യൂഷന് വിടുന്ന രീതിയുണ്ട്. ട്യൂഷൻ കഴിഞ്ഞ് വൈകി വീട്ടിൽ വരുന്ന കുട്ടികൾക്ക് പിന്നെയും പഠിക്കേണ്ടി വരും. ഈ മടുപ്പെല്ലാം തീർക്കാൻ പലരും രാത്രി മൊബൈൽ അല്ലെങ്കിൽ ഓൺലൈൻ ഗെയിം എന്നിവയെ അഭയം പ്രാപിക്കും. രാത്രി ഉറങ്ങാൻ വൈകും. ക്ലാസിൽ ഊർജ്ജത്തോടെയിരിക്കാൻ പലർക്കും കഴിയില്ല. പലപ്പോഴും പ്രഭാത ഭക്ഷണം പോലും കഴിക്കാതെയാകും സ്‌കൂളിലേക്കുള്ള ഓട്ടം. പഠനത്തിനിടയിൽ വിനോദത്തിനും വിശ്രമത്തിനുമെല്ലാം കൃത്യമായ സമയക്രമം മാതാപിതാക്കൾ തന്നെ വയ്ക്കണം. ആവശ്യമുള്ള വിഷയങ്ങൾക്ക് മാത്രം ട്യൂഷൻ നൽകുക. കുട്ടികൾക്ക് സൗകര്യപ്രദമായ സമയക്രമീകരണം അതിലും ഉറപ്പാക്കണം.
  3. കേൾക്കുന്ന കാര്യങ്ങൾ ശബ്ദങ്ങളുടെ അല്ലെങ്കിൽ വാക്കുകളുടെ രൂപത്തിൽ തലച്ചോറിൽ ശേഖരിച്ചു െവക്കാനുള്ള 'ശ്രവ്യ സ്മൃതി' (verbal memory) കൂടുതൽ ഉള്ള കുട്ടികൾക്ക് മാത്രമേ സ്‌കൂൾ സമയം കഴിഞ്ഞുള്ള ട്യൂഷൻ കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടൂ. എന്നാൽ ഭൂരിഭാഗം കുട്ടികൾക്കും പഠിക്കുന്ന കാര്യങ്ങൾ ദൃശ്യങ്ങളുടെ രൂപത്തിൽ ഓർത്തുവെക്കാനുള്ള 'ദൃശ്യ സ്മൃതി' (visual memory)യാണുള്ളത്. ഇവർക്ക് ട്യൂഷൻ കൊണ്ട് വലിയ പ്രയോജനം ഉണ്ടാകില്ല. എന്നാൽ വീട്ടിൽ ഇരുന്ന് വായിച്ചു പഠിക്കാനും ആ വിഷയങ്ങൾ സ്വയം ദൃശ്യവൽക്കിരിക്കാനും കഴിഞ്ഞാൽ ഗുണകരമാകും.
  4. കുട്ടികളുടെ ബഹുമുഖ ബുദ്ധി വൈഭവം (multiple intelligence) കണ്ടെത്താൻ മാതാപിതാക്കളും അധ്യാപകരും ശ്രമിക്കണം. അവരുടെ ഏറ്റവും പ്രകടമായ ബുദ്ധി വൈഭവം പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള പരിശീലനങ്ങൾ നൽകണം. കരിയർ മേഖല തിരഞ്ഞെടുക്കാനും ഈ അറിവ് പ്രയോജനപ്പെടും.
  5. മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് പരിഹസിക്കരുത്. ഇത് അവരുടെ ആത്മവിശ്വാസം തകർക്കുന്നതിനൊപ്പം കടുത്ത വൈരാഗ്യ ബുദ്ധി ഉണ്ടാകാനും കാരണമാകും.
  6. കൗമാരക്കാരായ കുട്ടികളുടെ സൗഹൃദങ്ങളെയും വ്യക്തിബന്ധങ്ങളെയും പറ്റി മാതാപിതാക്കൾക്ക് അറിവുണ്ടായിരിക്കണം. കൂട്ടുകാരെപ്പറ്റി ചോദിക്കുകയും അവരുടെ മാതാപിതാക്കളുമായി ചെറിയ സൗഹൃദം വളർത്തുകയുമൊക്കെ ചെയ്യാം.
  7. വെറും പ്രഭാഷണ സ്വഭാവമുള്ള ക്ലാസ്സുകൾക്ക് പകരം കുട്ടികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ ക്ലാസ്സിനെ കൂടുതൽ സജീവമാക്കാൻ അധ്യാപകർ ശ്രദ്ധിക്കണം. എഐ സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിച്ച് ക്ലാസുകളെ രസകരമാക്കാനും കഴിയും. കുട്ടികളുടെ കഴിവും അഭിരുചിയും കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളും വേണം. കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനുള്ള പരിശീലനങ്ങളും സ്‌കൂളിൽ ഉറപ്പു വരുത്തണം.
  8. കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കിയുള്ള 'ജീവിത നിപുണതാ വിദ്യാഭ്യാസം' പാഠ്യ പദ്ധതിയുടെ ഭാഗമായി നടപ്പാക്കണം. കുട്ടികളിൽ നിർബന്ധമായും വികസിപ്പിക്കേണ്ട പത്തു ജീവിത നിപുണതകൾ യൂണിസെഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ആത്മാവബോധം, ആശയ വിനിമയ ശേഷി, വ്യക്തിബന്ധ വികസനം, പ്രശ്നപരിഹാരശേഷി, തീരുമാനമെടുക്കനുള്ള ശേഷി, സർഗാത്മക ചിന്ത, ഗുണ-ദോഷ-യുക്തി ചിന്ത, വൈകാരിക നിയന്ത്രണം, സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടൽ, അനുതാപം എന്നിവയാണ് ആ കഴിവുകൾ.

കുട്ടികൾക്കുമുണ്ട് ഉത്തരവാദിത്വങ്ങൾ

  • എല്ലാദിവസവും പഠിക്കുക എന്നതാണ് പ്രധാനം. ടൈംടേബിൾ ഉണ്ടാക്കി പഠനമേശയ്ക്ക് സമീപം വെയ്ക്കാം. ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം മാറ്റി വയ്ക്കണം. ടൈംടേബിളിൽ പഠിക്കാനുള്ള സമയത്തിനൊപ്പം കളിക്കാനും വിശ്രമിക്കാനുമുള്ള സമയവും ക്രമീകരിക്കണം. വിശ്രമവേളകളിൽ അധികവായനയ്ക്കും സമയം കണ്ടെത്താം.
  • ബുദ്ധിമുട്ടുള്ള വിഷയങ്ങൾ കൂട്ടുകാരോട് പങ്കുവെച്ച് പഠിക്കാം.
  • ഹൈസ്‌കൂൾ തലത്തിൽ തന്നെ ഇഷ്ടമുള്ള വിഷയങ്ങൾ കണ്ടെത്തി അതിൽ കൂടുതൽ ശ്രദ്ധനൽകാം. ഇത് ഉന്നതപഠനത്തിലേക്കുള്ള ചുവടുവയ്പാകും.
  • കല, സാഹിത്യം, കളികൾ തുടങ്ങിയ പാഠ്യേതര വിഷയങ്ങൾക്കുള്ള അവസരങ്ങൾ പാഴാക്കരുത്.
  • പല രൂപത്തിൽ ലഹരിവസ്തുക്കൾ സ്‌കൂളിലെത്തുന്നുണ്ട്. ഇവയുടെ ദൂഷ്യ വശങ്ങൾ മനസ്സിലാക്കി ഇത്തരം വില്ലന്മാർക്കെതിരെ ഉണർന്നിരിക്കാൻ കുട്ടികൾക്ക് കഴിയണം.
  • ജൂനിയർ റെഡ്‌ക്രോസ്, എൻ.സി.സി. സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, എസ്.പി.സി. തുടങ്ങിയ സംഘടനകളുടെ യൂണിറ്റുകളുള്ള സ്‌കൂളുകളേറെയുണ്ട്. അവയിൽ അംഗമാകാം.
  • വിവിധ ക്ലബ്ബുകൾ സ്‌കൂളുകളിൽ പ്രവർത്തിക്കുന്നുണ്ട്. ഇഷ്ടമുള്ളവയിൽ ചേർന്ന് പ്രവർത്തിക്കാം.
  • കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ പതിവുവാർത്തകളാണ്. കുട്ടികളുടെ അറിവില്ലായ്മയും പേടിയും മറ്റുമാണ് കുറ്റവാളികൾ മുതലെടുക്കുന്നത്. അതിനാൽ എല്ലാ കാര്യങ്ങളും അച്ഛനോടോ അമ്മയോടോ അധ്യാപകരോടോ തുറന്നുപറയാൻ ശ്രമിക്കണം. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാൻ പറ്റിയ നല്ല സുഹൃത്തുക്കളെയും സമ്പാദിക്കണം. അപരിചിതരോടുള്ള സൗഹൃദം ഒഴിവാക്കണം. ഗുഡ് ടച്ച് ബാഡ് ടച്ച് എന്നിവയെപ്പറ്റി കൃത്യമായ അവബോധമുണ്ടാവണം.
  • പ്രഭാതഭക്ഷണം കഴിക്കാതെ സ്‌കൂളിലെത്തിയാൽ ക്ഷീണവും ഉന്മേഷക്കുറവും പിടികൂടും. ആവശ്യത്തിന് വെള്ളവും ഭക്ഷണവും കുട്ടികൾ കഴിക്കുന്നുണ്ടോ എന്ന് മാതാപിതാക്കളും ഉറപ്പുവരുത്തണം. ജങ്ക്ഫുഡ് ഒഴിവാക്കി വീട്ടിലെ ഭക്ഷണം ശീലിപ്പിക്കണം.
  • മൊബൈലും ഇന്റർനെറ്റും ചാനലുകളും സമയം കവർന്നെടുക്കാൻ അനുവദിച്ചുകൂടാ. പ്രൊജക്ടുകൾക്കായി സ്‌കൂൾ ലൈബ്രറികൾ പ്രയോജനപ്പെടുത്താം. ഡിജിറ്റൽ ഗാഡ്ജെറ്റുകളിൽ ചെലവഴിക്കാൻ സമയക്രമീകരണം നിർബന്ധമാണ്. ഉറങ്ങുന്നതിനുമുമ്പ് മൊബൈൽ നോക്കുന്ന സ്വഭാവം ഒഴിവാക്കാം. ഉറക്കമൊഴിച്ച് പഠനവും ഗാഡ്ജറ്റ് ഉപയോഗവും വേണ്ട. ഏഴുമണിക്കൂറെങ്കിലും ഉറങ്ങുക.
  • സ്‌കൂളിലെ വിശേഷങ്ങൾ അച്ഛനോടും അമ്മയോടും പങ്കുവെക്കണം.

തയ്യാറാക്കിയത്

റോസ് മരിയ വിൻസെന്റ്

കടപ്പാട്

ഡോ. അരുൺ ബി. നായർ

പ്രൊഫസർ, മനഃശാസ്ത്ര വിഭാഗം, ഗവൺമെന്റ് മെഡിക്കൽ കോളേജ്

തിരുവനന്തപുരം

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi