ബോളിവുഡ് താരം അനിൽ കപൂറിന്റെ പുതിയ ചിത്രമായ 'സുബേദാർ' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ അനിൽ കപൂർ രസകരമായ ഒരു വെളിപ്പെടുത്തൽ നടത്തി. തനിക്ക് വലിയൊരു ആരാധകവൃന്ദം പുറത്തുണ്ടെങ്കിലും, കുടുംബത്തിൽ ആരും തന്റെ ആരാധകരല്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വിജയത്തിൽ ഭാര്യ സുനിത കപൂറിന് വലിയ പങ്കുണ്ടെന്ന് അനിൽ പലപ്പോഴും പറയാറുണ്ട്. ഭാര്യ തന്നെ എങ്ങനെയാണ് എളിമയുള്ളവനായി നിലനിർത്തുന്നതെന്ന് അദ്ദേഹം വിവരിച്ചു. "എന്റെ വീട്ടിൽ ആരും എന്റെ ആരാധകരല്ല. ഇന്ന് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, ട്രെയിലർ ലോഞ്ചിന് പോകുകയാണെന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. 'ഏത് സിനിമ?' എന്നായിരുന്നു അവളുടെ ചോദ്യം. എന്റെ പ്രൊഫഷണൽ ജീവിതത്തിൽ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് അവൾക്ക് വലിയ ധാരണയില്ല. അത്തരമൊരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അവർ എന്നെ സാധാരണക്കാരനായാണ് കാണുന്നത്. ചിലപ്പോൾ ഷൂട്ടിങ്ങിന് പോകുന്നതിന് മുമ്പ് ഞാൻ 10,000–15,000 രൂപയൊക്കെ കൈവശം വെക്കാനായി അവളോട് ചോദിക്കാറുണ്ട്" അദ്ദേഹം പറഞ്ഞു.

തന്റെ കരിയറിന് വേണ്ടി ഭാര്യ ഒരുപാട് ത്യാഗങ്ങൾ ചെയ്തിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. "എന്റെ ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഞാൻ ആഴത്തിൽ ചിന്തിച്ചിട്ടുണ്ട്. തീർച്ചയായും, എന്റെ മക്കളുമായി എനിക്ക് ഇങ്ങനെയൊരു ബന്ധമല്ല ഉള്ളത്. റിയയും സോനവും ഞാനും സുഹൃത്തുക്കളെപ്പോലെയാണ്. എനിക്ക് എന്റെ ഭാര്യയോടുള്ള സ്നേഹം, ജോലിയോടുള്ള സ്നേഹം പിന്നെ രാജ്യത്തോടുള്ള സ്നേഹം. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, ജോലിയെയും സ്നേഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

1984 മെയ് 19-നായിരുന്നു അനിലിന്റെയും സുനിതയുടെയും വിവാഹം. ഒരു പ്രാങ്ക് കോളിൽ തുടങ്ങി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ബന്ധമായി അത് മാറുകയായിരുന്നു. 'സാവരിയ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സോനം കപൂർ ഇവരുടെ മൂത്ത മകളാണ്. രണ്ടാമത്തെ മകൾ റിയ ചലച്ചിത്ര നിർമ്മാതാവാണ്. ഇളയ മകൻ ഹർഷവർദ്ധനും ബോളിവുഡ് നടനാണ്.

സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന 'സുബേദാർ' എന്ന ആക്ഷൻ ഡ്രാമയിൽ അനിൽ കപൂറാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. രാധിക മദൻ, സൗരഭ് ശുക്ല, ആദിത്യ റാവൽ, മോണ സിംഗ്, ഫൈസൽ മാലിക് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അബൻഡൻഷ്യ എന്റർടൈൻമെന്റ്, ഓപ്പണിങ് ഇമേജ് ഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം മാർച്ച് 5-ന് പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi