ബോളിവുഡ് താരം അജയ് ദേവ്ഗൺ ഒരിക്കലും കൈകൊണ്ട് ഭക്ഷണം കഴിക്കാറില്ല. കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനോട് തനിക്ക് ഭയമോ അറപ്പോ ഉണ്ടെന്ന് അജയ് പലപ്പോഴും തുറന്നുസമ്മതിച്ചിട്ടുമുണ്ട്. 2021-ൽ ബ്രിട്ടീഷ് സാഹസിക സഞ്ചാരിയും ടിവി അവതാരകനുമായ ബെയർ ഗ്രിൽസിന്റെ ഷോയിൽ വെച്ച്, അജയ്‌യും കജോളും ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

''നിങ്ങൾക്ക് ചിന്തിക്കാവുന്നതിൽ വെച്ച് ഏറ്റവും ദുർഗന്ധമുള്ളതും അറപ്പുളവാക്കുന്നതും വഴുവഴുപ്പുള്ളതുമായ സാധനം തൊടാനും കഴിക്കാനും അജയ്‌‌യെക്കൊണ്ട് സാധിക്കുമോ എന്നതാണ് എന്റെ വെല്ലുവിളി. അജയ് അത് ഏറ്റെടുക്കുമോ എന്ന് എനിക്ക് കാണണം'' എന്ന് കജോൾ അന്ന് ഷോയിൽവെച്ച് പറഞ്ഞു. പിന്നാലെ ''എനിക്ക് അങ്ങനെയൊരു പ്രശ്‌നമുണ്ട്'' എന്ന് അജയ് സമ്മതിക്കുകയും ചെയ്തു. ആ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.

ഭക്ഷണത്തിന്റെ ഗന്ധം തന്റെ കൈവിരലുകളിൽ പറ്റിപ്പിടിച്ച് മണിക്കൂറുകളോളം നിൽക്കുമോ എന്നാണ് അജയ്‌യുടെ ആശങ്ക. അതുകൊണ്ടാണ് കൈകൊണ്ട് കഴിക്കാത്തത്. പകരം ഫോർക്കും കത്തിയും ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ കഴിപ്പ്.

അതിനിടെയാണ് ബെയർ ഗ്രിൽസിന്റെ ഷോയിലെത്തുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ വിജനമായ ഒരു ദ്വീപിൽ വെച്ച്, പുതുതായി പിടിച്ച ഒരു മത്സ്യം ബെയർ ഗ്രിൾസ് മുറിക്കുന്നതാണ് ആ എപ്പിസോഡിലുള്ളത്. തന്റെ ഈ പ്രത്യേക ഭയത്തെക്കുറിച്ച് സംസാരിക്കവേ അജയ് ദേവ്ഗൺ ഇങ്ങനെ പറഞ്ഞു, ''ഭക്ഷണം കഴിക്കുമ്പോൾ അത് തൊടാൻ എനിക്ക് കഴിയില്ല എന്നൊരു പ്രശ്‌നമുണ്ട്. ഫോബിയയാണത്''. അതിനിടെ പച്ചമത്സ്യം കഴിക്കാൻ ബെയർ, അജയ്‌യോട് പറയുന്നു.

ദ്വീപിൽ ഫോർക്കും കത്തിയും ലഭ്യമല്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ഗ്രിൾസ് ഇങ്ങനെ പറഞ്ഞു, ''പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതും നമ്മുടെ 'കംഫർട്ട് സോണിന്' പുറത്തുകടക്കുന്നതുമാണ് ജീവിതം. കഠിനമായ കാര്യങ്ങൾ ചെയ്യുന്നതിലാണ് അതിജീവനത്തിന്റെ യഥാർത്ഥ അർത്ഥം അടങ്ങിയിരിക്കുന്നത്''.

പച്ച മത്സ്യം കഴിക്കുന്നത് തനിക്ക് 'ബുദ്ധിമുട്ടുള്ള' കാര്യമാണെന്ന് അജയ് സമ്മതിച്ചു. എങ്കിലും, അദ്ദേഹം ധൈര്യം സംഭരിച്ച് ഇങ്ങനെ പറഞ്ഞു, ''ഒരു പച്ച മത്സ്യം ഞാൻ കയ്യിൽ പിടിച്ചിരിക്കുന്നു. കാജോൾ, നോക്കൂ, ഞാൻ ഇത് കഴിക്കുകയാണ്. നീ പറഞ്ഞതുപോലെ, അതിജീവനത്തിനായാണ് ഞാൻ ഇത് കഴിക്കുന്നത്''.

തുടർന്ന് ബെയറും അജയ്‌യും മുറിച്ച ആ പച്ച മത്സ്യം ഓരോ കഷ്ണം കഴിച്ചുനോക്കി. അത്ര മോശമായിരുന്നില്ലെന്ന് അജയ് സമ്മതിക്കുകയും ചെയ്തു.

പിന്നീട്, ലോകത്തിലെ ഏറ്റവും മികച്ച റെസ്റ്റോറന്റ് ഏതാണെന്ന് ബെയർ ഗ്രിൽസ് ചോദിച്ചപ്പോൾ, ''ഇവിടെ, ഇപ്പോൾ ഇരിക്കുന്ന ഈ സ്ഥലം തന്നെ'', എന്നായിരുന്നു താരത്തിന്റെ മറുപടി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi