'ദേവര' എന്ന ചിത്രത്തിലെ 'ചുട്ടമല്ലെ' എന്ന ഗാനരംഗങ്ങൾ, എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് അശ്ലീല വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി നടി ജാൻവി കപൂർ. അനുവാദമില്ലാതെ ഇത്തരം ദൃശ്യങ്ങൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും ലൈംഗിക അതിക്രമത്തിന് തുല്യമാണെന്ന് ജാൻവി വ്യക്തമാക്കി. സംഭവത്തിൽ ജാൻവിക്ക് പൂർണ്ണ പിന്തുണയുമായി നടി ഖുഷ്ബു സുന്ദറും തെലുങ്ക് സിനിമാലോകവും രംഗത്തെത്തിയിട്ടുണ്ട്.
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളെ ലൈംഗിക വസ്തുവൽക്കരിക്കുന്നതിനെതിരെയാണ് ജാൻവി സംസാരിച്ചത്. സ്ത്രീയുടെ അനുവാദത്തെക്കുറിച്ചും വ്യക്തിപരമായ അതിരുകളെക്കുറിച്ചും സമൂഹം വച്ചുപുലർത്തുന്ന ധാരണകൾ തിരുത്തപ്പെടണമെന്ന് താരം കുറിച്ചു.
"സമ്മതം, തിരഞ്ഞെടുപ്പ്, സ്ത്രീയുടെ ശരീരത്തോടുള്ള ആദരവ് എന്നിവ മാനവികതയുടെ അടിസ്ഥാന തത്ത്വങ്ങളാണ്. എങ്കിലും അത് ഇപ്പോഴും എന്തോ സങ്കീർണ്ണമായ വിഷയമായി ചിത്രീകരിക്കപ്പെടുന്നു. ഒരാൾ തുടർച്ചയായി അഞ്ച് ദിവസം ഒരു കാര്യത്തിന് 'ശരി' എന്ന് പറയുകയും ആറാം ദിവസം 'ഇല്ല' എന്ന് പറയുകയും ചെയ്താൽ, ആ 'ഇല്ല' എന്നതിനെ മാനിക്കണം. ഒരാൾ ചെറിയ വസ്ത്രം ധരിച്ചു എന്നത് കൊണ്ട് അവരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യാനോ ശരീരത്തെ ചൂഷണം ചെയ്യാനോ ആർക്കും അവകാശമില്ല. തന്റെ ശരീരത്തെക്കുറിച്ച് എന്ത് തീരുമാനമെടുക്കാനും അതിരുകൾ നിശ്ചയിക്കാനുമുള്ള പൂർണ്ണ അവകാശം ആ സ്ത്രീക്ക് മാത്രമാണ്."
സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള സാമൂഹിക ചിന്താഗതികളിൽ മാറ്റം വരണമെന്നും ജാൻവി ആവശ്യപ്പെട്ടു. "മകളെ സംരക്ഷിക്കൂ എന്ന് പറയുന്നതിനേക്കാൾ പ്രധാനം, മറ്റൊരാളുടെ അതിരുകൾ ലംഘിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന തോന്നൽ ഇല്ലാതാക്കുകയാണ്. ഇതിന് ശരിയും തെറ്റും ഉറക്കെ പറയാൻ നട്ടെല്ലുള്ള പുരുഷന്മാരാണ് മുന്നോട്ടുവരേണ്ടത്."
"അവളുടെ ശരീരം. അവളുടെ ചിത്രം. അവളുടെ അതിരുകൾ. അവളുടെ തിരഞ്ഞെടുപ്പ്," എന്ന വാക്കുകളോടെയാണ് ജാൻവി തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.
ജാൻവിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടിയും രാഷ്‌ട്രീയപ്രവർത്തകയുമായ ഖുഷ്ബു സുന്ദറും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. എ.ഐ ഉപയോഗിച്ച് സ്ത്രീകളുടെ അന്തസ്സ് തകർക്കുന്ന പ്രവണതയെ വിനോദമായി കാണരുതെന്ന് ഖുഷ്ബു വ്യക്തമാക്കി.
"ഒരു സ്ത്രീയുടെ അന്തസ്സ് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ തകർക്കപ്പെടുമ്പോൾ എനിക്ക് മിണ്ടാതിരിക്കാനാകില്ല. എ.ഐ ഉപയോഗിച്ച് ചെയ്യുന്നത് തമാശയോ വിനോദമോ അല്ല, ഇത് ക്രൂരവും അപമാനകരവുമാണ്. ഇന്ന് അവളാണെങ്കിൽ നാളെ അത് ഞാനോ നിങ്ങളോ നമ്മുടെ മകളോ സഹോദരിയോ ആകാം. അതിക്രമം നേരിട്ടത് നമ്മളല്ല എന്നതുകൊണ്ട് മൗനം പാലിക്കരുത്. ഇത്തരം ദൃശ്യങ്ങൾ നിർമിക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കണം. സ്ത്രീശരീരം ഒരു 'കണ്ടന്റ്' അല്ല, അവളുടെ ആത്മാഭിമാനം വിനോദവുമല്ല," ഖുഷ്ബു കുറിച്ചു.
സംഭവത്തിൽ ജാൻവിക്ക് പിന്തുണയുമായി ചലച്ചിത്ര മേഖലയിൽ നിന്ന് നിരവധി പ്രമുഖർ രംഗത്തെത്തി. 'ദേവര'യിലെ ജാൻവിയുടെ സഹതാരമായ ജൂനിയർ എൻ.ടി.ആർ സംഭവത്തെ രൂക്ഷമായി വിമർശിക്കുകയും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പുറമെ നടൻ ചിരഞ്ജീവി, വിജയ് ദേവരകൊണ്ട തുടങ്ങിയവരും ജാൻവിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Janhvi Kapoor strongly condemned the AI-generated deepfake explicit video using her Devara song visuals., She stated that unauthorized creation and sharing of such fake videos is equivalent to sexual assault., Actress Kushboo Sundar and Tollywood stars like Jr NTR, Chiranjeevi, and Vijay Deverakonda extended their full support., Janhvi emphasized that a woman's body is not content and her boundaries must be respected.
Published: 05 Oct 2026, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented