അഭിനയം തുടരുന്നുണ്ടെങ്കിലും തന്റെ പ്രധാന വരുമാനസ്രോതസ്സ് ബ്രാൻഡ് ഡീലുകളും എൻഡോഴ്സ്മെന്റുകളുമാണെന്ന് വെളിപ്പെടുത്തി നടി അഹ്‌സാസ് ചന്ന. 2006-ൽ കരൺ ജോഹർ സംവിധാനം ചെയ്ത 'കഭി അൽവിദ നാ കെഹ്ന' എന്ന സിനിമയിൽ ഷാരൂഖ് ഖാന്റെ മകളായി അഭിനയിച്ച് പ്രശസ്തയായ നടിയാണിവർ. 2023-ൽ ആമസോൺ മിനിടിവിയിൽ സംപ്രേഷണം ചെയ്ത 'ഹാഫ് സിഎ' എന്ന ഷോയിലൂടെയാണ് ഇവർ അടുത്തിടെ വീണ്ടും പ്രേക്ഷകശ്രദ്ധ നേടിയത്.
“ഒരു അഭിനേതാവ് എന്ന നിലയിൽ നിങ്ങൾക്ക് ഒരുപാട് പണം സമ്പാദിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. പണം ഉണ്ടാക്കാൻ നിങ്ങൾ ബ്രാൻഡ് ഡീലുകളും പരസ്യങ്ങളും ചെയ്യണം”, ചന്ന പറയുന്നു. “അഭിനയത്തിലൂടെ ഞാൻ പണം സമ്പാദിക്കുന്നില്ലെന്നല്ല പക്ഷേ അത് മതിയാവില്ലെ”ന്നും അവർ കൂട്ടിച്ചേർത്തു. ഹ്യൂമൻസ് ഓഫ് ബോംബെ പോഡ്കാസ്റ്റിലാണ് ബ്രാൻഡ് ഡീലുകളിൽ നിന്നുള്ള പണം തന്നെ സഹായിക്കുന്നുണ്ടെന്ന് ചന്ന പറയുന്നത്. അതുകാരണം അഭിനയത്തെ സർഗ്ഗാത്മകമായ ആവശ്യങ്ങൾക്ക് മാത്രമായി നിലനിർത്താൻ സാധിക്കുന്നുവെന്നാണ് അവരുടെ വാദം.
“ഒരു സിനിമയ്ക്ക് സമ്മതം മൂളുമ്പോൾ സാമ്പത്തികമായി ചിന്തിക്കേണ്ടി വരുന്നില്ല. ഉദാഹരണത്തിന്, എനിക്ക് ജോലിയില്ല, പണമില്ല, അതിനാൽ അതിന് സമ്മതം പറയണം എന്നൊരു അവസ്ഥ വന്നിട്ടില്ല. പണമില്ലാത്തതുകൊണ്ട് കിട്ടിയതെന്തും ചെയ്യേണ്ട അവസ്ഥ എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുമായി സർഗാത്മകമായി യോജിക്കുന്നില്ലെങ്കിൽ മാത്രമേ ഒരു പ്രോജക്റ്റ് നിരസിക്കാറുള്ളൂ. കാരണം പണത്തിന്റെ കാര്യത്തിൽ ബ്രാൻഡുകളിൽ നിന്ന് എനിക്ക് നല്ല പിന്തുണയുണ്ട്. അതുകൊണ്ട് ഒരു വർഷം ഞാൻ ഒരു അഭിനയ പ്രോജക്റ്റും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. സാമ്പത്തികമായി അഭിനയമല്ല എന്റെ ആദ്യത്തെ ആശ്രയം അത് ബ്രാൻഡുകളാണ്”, ചന്ന വിശദീകരിച്ചു.
എന്നിരുന്നാലും ഒരു അഭിനേത്രി എന്നതാണ് തന്റെ പ്രാഥമിക ഐഡന്റിറ്റിയെന്നും പണം നൽകുന്ന ബ്രാൻഡുകളെ ലഭിക്കാൻ അത് സഹായിക്കുന്നുവെന്നും അവർ സമ്മതിച്ചു. ബ്രാൻഡുകൾ ഇങ്ങോട്ട് അന്വേഷിച്ച് വരുന്ന രീതിയിൽ ഒരു അഭിനേത്രി എന്ന നിലയിൽ തന്നെ നിലനിർത്താൻ ആവശ്യമായ പ്രോജക്ടുകൾ ചെയ്യുന്നുണ്ടെന്നും ഒരു വർഷം മുഴുവൻ ഒരു പ്രോജക്റ്റു പോലും ചെയ്യാതിരുന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ആദ്യകാല സിനിമയിൽ അഹ്‌സാസ് ഒരു ആൺകുട്ടിയായിട്ടാണ് അഭിനയിച്ചതെന്ന് അധികം ആളുകൾക്ക് അറിയില്ലായിരുന്നു. തങ്ങൾ ആരാധിച്ചിരുന്ന ആൺകുട്ടി യഥാർത്ഥത്തിൽ ഒരു പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി എന്ന് പറഞ്ഞ് ഒരുപാട് പെൺകുട്ടികൾ തനിക്ക് മെസേജ് അയക്കാറുണ്ടായിരുന്നെന്നും അവർ ഓർക്കുന്നു. ഷാരൂഖിനൊപ്പം പ്രവർത്തിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നാണെന്ന് അവർ പറയുന്നു. സെറ്റിൽ വെച്ച് അദ്ദേഹത്തിന് ഗ്രീറ്റിങ് കാർഡുകൾ വരച്ചുകൊടുക്കുകയും കത്തുകൾ എഴുതിയിരുന്നതും പകരംവെക്കാനില്ലാത്ത ഓർമകളാണ്.
അടുത്തിടെ ഒരു അവാർഡ് ഷോയിൽ വെച്ച് 'കഭി അൽവിദ നാ കെഹ്ന'യിലെ സഹതാരമായ അഭിഷേക് ബച്ചനെ കണ്ടുമുട്ടിയ കാര്യവും അവർ ഓർത്തെടുത്തു. അദ്ദേഹം തന്നെ ഓർക്കുമോ എന്ന ആശങ്കയിൽ നിന്നപ്പോൾ അഭിഷേക് ഇങ്ങോട്ടു വന്ന് അഭിവാദ്യം ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: KANK child actor ahsaas channa reveals brand deals are her primary income source, allowing her to choose acting projects creatively.
Published: 05 Aug 2025, 04:42 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented