നടിയും സംവിധായകൻ ആദിത്യ ധറിന്റെ ഭാര്യയുമാണ് യാമി ഗൗതം. ബോളിവുഡിലെ പെയ്‌സ് ക്യാമ്പയിനെതിരെ രംഗത്തുവന്നിരിക്കുകയാണ് യാമി.

മാർക്കറ്റിങ്ങിലൂടെ സിനിമകൾക്ക് 'ഹൈപ്പ്' സൃഷ്ടിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും താരം തന്റെ സഹതാരങ്ങളോട് ആവശ്യപ്പെടുന്നു. ആ അഭ്യർഥനയുമായി സോഷ്യൽമീഡിയയിൽ അവരൊരു കുറിപ്പുമിട്ടു.

''വളരെക്കാലമായി ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്, ഇന്ന് ആ ദിവസമാണെന്ന് എനിക്ക് തോന്നുന്നു, ഞാൻ അത് പറയണം. ഒരു സിനിമയ്ക്ക് നല്ല 'ഹൈപ്പ്' സൃഷ്ടിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ, ഒരു സിനിമ മാർക്കറ്റ് ചെയ്യുന്നുവെന്ന പേരിൽ പണം നൽകുന്ന ഈ പ്രവണത ട്രെൻഡായി മാറുകയാണ്. അല്ലെങ്കിൽ അവർ തുടർച്ചയായി നെഗറ്റീവ് കാര്യങ്ങൾ എഴുതിക്കൊണ്ടിരിക്കും (അതും സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ), നിങ്ങൾ 'അവർക്ക്' പണം നൽകുന്നത് വരെ ഈ പരിപാടി തുടരും'', പെയ്ഡ് ക്യാമ്പയിനെതിരെ യാമി തുറന്നടിക്കുന്നു.

ഹൈപ്പ് അല്ലെങ്കിൽ നെഗറ്റിവിറ്റി സൃഷ്ടിക്കുന്നത് ബോളിവുഡിൽ 'നോർമലൈസ്' ചെയ്യപ്പെട്ടുവെന്നും താരം പറയുന്നു. ''ഇത് കഥപറച്ചിൽ എന്ന കലയെ മോശമായി ബാധിക്കുന്നുണ്ട്. ഇത് ആർക്കും ചെയ്യാൻ കഴിയുമെന്നതിനാൽ (ഒരു സിനിമയ്ക്ക് ഹൈപ്പ് നൽകാനോ അല്ലെങ്കിൽ മറ്റൊരു നടനെയോ/ സിനിമയെയോ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കാനോ) അത് നമ്മുടെ വ്യവസായത്തിന്റെ ഭാവിയെ വലിയ തോതിൽ ബാധിക്കാൻ പോകുന്ന ഒരു മഹാമാരിയാണ്'', യാമി തുടർന്നു.

''ഈ ട്രെൻഡ് നിരുപദ്രവകരമാണെന്നും അത് നോർമൽ ആണെന്നും തോന്നി, ആരെങ്കിലും ഇതിനുപുറകെ പോവുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ഈ ട്രെൻഡ് ഒടുവിൽ നമ്മളെ തന്നെ തിരിഞ്ഞുകടിക്കും''.

ദക്ഷിണേന്ത്യൻ സിനിമയിൽ ഇത്തരമൊരു സംസ്‌കാരമില്ലെന്നും അവർ പറയുന്നു. ''ദക്ഷിണേന്ത്യയിൽ ആരും ഇത്തരം കാര്യങ്ങൾ ചെയ്യാൻ ധൈര്യപ്പെടില്ല, കാരണം അവിടെ പല കാര്യങ്ങളിലും അവർ ഒറ്റക്കെട്ടായി നിൽക്കുന്നു''.

യാമിയുടെ കുറിപ്പിനെ പിന്തുണച്ചുകൊണ്ട് ഹൃത്വിക് റോഷനും രംഗത്തെത്തി. ''ഒരു മാധ്യമപ്രവർത്തകന്റെ യഥാർഥശബ്ദമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. യഥാർഥ അഭിപ്രായങ്ങൾക്ക് മാത്രമേ നമ്മളെയും അവരെയും വളരാൻ സഹായിക്കൂ''.

'ധുരന്ധർ' റിലീസാവുന്ന പശ്ചാത്തലത്തിലാണ് യാമി തന്റെ അഭിപ്രായവുമായെത്തിയത്. ആദിത്യ ധർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. നേരത്തെ നല്ല പ്രീ-സെയിൽസ് റെക്കോഡുമായി മുന്നേറിയ, ചിത്രം പെട്ടെന്ന് ഡീഗ്രേഡ് ചെയ്യപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi