
സമ്പത്തുണ്ടാക്കാന്‍ ഏറ്റവും ആദ്യം വേണ്ടത് സാമ്പത്തിക അച്ചടക്കമാണ്. അത് ഗൃഹനാഥന്/ഗൃഹനാഥയ്ക്ക് മാത്രമല്ല കുടംബത്തിലെ എല്ലാവര്‍ക്കും ഉണ്ടാകണം. കുടുംബത്തെ വിശ്വാസത്തിലെടുത്തും അംഗങ്ങളെ ബോധ്യപ്പെടുത്തിയും വേണം ഓരോ സാമ്പത്തിക തീരുമാനങ്ങളും എടുക്കേണ്ടത്. ഏകപക്ഷീയമായി സാമ്പത്തിക തീരുമാനങ്ങളെടുത്താല്‍ സമ്പത്ത് കുന്നുകൂട്ടാന്‍ കഴിയുമായിരിക്കും. പക്ഷേ കുടുംബം കൂടെ ഉണ്ടായി എന്നുവരില്ല. നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാനിത്രയും കഷ്ടപ്പെട്ടത് എന്ന് പിന്നീട് വിലപിക്കാന്‍ അവസരം ഉണ്ടാക്കരുത്.
1. ഭാര്യയും ഭര്‍ത്താവും ജോലിക്കാരാണ് എങ്കില്‍ അവരുടെ ശമ്പളവും വരുമാനവും എങ്ങനെ കൈകാര്യം ചെയ്യണം എന്നകാര്യത്തില്‍ വിവാഹത്തിനുമുമ്പേ ധാരണയിലെത്തണം
2. ശമ്പളം കിട്ടുമ്പോഴേ ഭാര്യ അത് ഭര്‍ത്താവിനെ ഏല്‍പ്പിക്കുക. ഭര്‍ത്താവ് അതെല്ലാം ഏകപക്ഷീയമായി കൈകാര്യം ചെയ്യുക. അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പിതാവിനെ ഏല്‍പ്പിക്കുക. ഈ രീതികള്‍ ആശാസ്യമല്ല.
3.പ്രതിമാസ വീട്ടുചിലവ്, കുട്ടികളുടെ പ്രതിമാസ വിദ്യാഭ്യാസചിലവ് തുടങ്ങിയവയ്ക്കായി ഒരു തുക വകയിരുത്തുക. അതിലേക്ക് ഭാര്യയും ഭര്‍ത്താവും തങ്ങളുടെ ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം നല്‍കുക. ഓരോരുത്തരും എത്രരൂപ നല്‍കണം എന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കുക.
4. ഭാവി ജീവിത ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപം ആരംഭിക്കുന്നുണ്ടെങ്കില്‍ അതിലേക്കും ഇതേപോലെ രണ്ടുപേരും വിഹിതം ഇടുക. ഇത്തരത്തില്‍ വിഹിതം നൽകിയശേഷം രണ്ടുപേരുടെയും ശമ്പളത്തില്‍ ബാക്കി വരുന്ന തുക ഭാര്യയും ഭര്‍ത്താവും സ്വന്തം ഇഷ്ടാനുസരണം ഉപയോഗിക്കട്ടെ. അതേക്കുറിച്ച് രണ്ടുപേരും പരസ്പരം അന്വേഷിക്കേണ്ട. രണ്ടുപേര്‍ക്കും രണ്ടുപേരുടെയും മാതാപിതാക്കള്‍ക്കായോ സഹോദരങ്ങള്‍ക്കായോ ചിലവഴിക്കണമെങ്കില്‍ അങ്ങനെ നടക്കട്ടെ. അല്ലെങ്കില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വന്തം നിലയിലുള്ള സമ്പാദ്യം വേണമെങ്കില്‍ ഈ തുക അതിനായും വിനിയോഗിക്കാം. ഈ രീതിയില്‍ ആസൂത്രണം ചെയ്താല്‍ വരുമാനത്തെ ചൊല്ലിയും അത് ചിലവഴിക്കുന്ന രീതിയെ ചൊല്ലിയുമുള്ള കുടുംബ കലഹം ഒഴിവാക്കാം.
Also Read
വിവാഹത്തിന് മുമ്പ്
വിവാഹത്തിന് മുമ്പ് തന്നെ ആണ്‍കുട്ടികള്‍ ആണെങ്കില്‍ പങ്കാളിയുടെ ജോലി, പഠന തലം ഏത് വേണമെന്ന് ഉറപ്പിക്കണം. ജോലിചെയ്ത് ജീവിക്കാന്‍ താല്‍പര്യമുള്ളയാളെയാണോ വീട്ടമ്മയായി കഴിയാന്‍ താല്‍പര്യമുള്ളയാളെയാണോ പങ്കാളിയാക്കേണ്ടതെന്ന് തീരുമാനിക്കണം. വിവാഹശേഷം ജോലിക്കു പേകാന്‍ പറ്റില്ല, കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ ഒന്നിച്ചു വഹിക്കാന്‍ കഴിയില്ല, പഠനം തുടരാനാവില്ല എന്നൊക്കെ തീരുമാനിക്കുന്നത് ദാമ്പത്യബന്ധത്തെ ബാധിക്കും എന്ന് മാത്രമല്ല വിശ്വാസവഞ്ചനകൂടിയാണ്. ജോലിയും വരുമാനവുമുള്ള പങ്കാളിയെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നതാണ് നല്ലത്. ജോലിയില്ല എങ്കില്‍ വിവാഹശേഷം അവര്‍ക്ക് ധാര്‍മിക പിന്തുണ നല്‍കി ജോലി നേടാന്‍ പ്രാപ്തരാക്കുക.
പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ ഒരു ജോലി ലഭിച്ചശേഷം മാത്രം വിവാഹം കഴിക്കുന്നതാണ് അഭികാമ്യം. അതേപോലെ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതും നല്ലതാണ്. ജോലിയുണ്ടെങ്കില്‍ സാമ്പത്തിക അസ്തിത്വം ഉറപ്പാക്കാം. ഡ്രൈവിങ് അറിയാമെങ്കില്‍ സമയവും കൈപ്പിടിയിലൊതുക്കാം. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ദാമ്പത്യജീവിതത്തിന് ഇതുരണ്ടും അത്യന്താപേക്ഷിതമാണ്. ഇതുരണ്ടുമുണ്ടെങ്കില്‍ പരസഹായമില്ലാതെ തന്നെ ജീവിക്കാം എന്ന ആത്മവിശ്വാസം അവര്‍ക്ക് നല്‍കും.
പെണ്‍കുട്ടികളെ വിവാഹിതരാക്കുന്നതല്ല അവരെ സുരക്ഷിതരാക്കാനുള്ള ഏകവഴി എന്ന സത്യം മാതാപിതാക്കളും തിരിച്ചറിയണം. മറിച്ച് അവരെ സാമ്പത്തികമായി സുരക്ഷതരാക്കാന്‍ ആദ്യം ശ്രദ്ധിക്കുക. വിവാഹബന്ധത്തിന്റെ വിജയവും ആയുസും ഇന്ന് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. അതിനാല്‍ പെണ്‍കുട്ടികളെ സ്വന്തംകാലില്‍ നില്‍ക്കാനും സാമ്പത്തിക അസ്തിത്വം നേടാനും പ്രാപ്തരാക്കിയശേഷം മാത്രം വിവാഹിതരാക്കുന്നതായിരിക്കും അഭികാമ്യം. വിവാഹത്തിനുമുമ്പ് ജോലി ഉപേക്ഷിക്കണം എന്ന് ശഠിക്കുന്നവരോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം. വിവാഹത്തോടെ മാതാപിതാക്കളുടെ സംരക്ഷണം കുറയും. പിന്നീട് ഭര്‍ത്താവിന്റെ സംരക്ഷണത്തെ മാത്രം ആശ്രയിച്ചാകും ജീവിതം. ദാമ്പത്യജീവിതത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളില്‍ ഉറച്ച തീരുമാനം എടുക്കാന്‍ ഒരു ജോലിയോ വരുമാനമോ ഉള്ള അവസ്ഥ ഏറെ പ്രയോജനം ചെയ്യും. ഇത്തരത്തില്‍ ശാരീരികമായും മാനസികമായും സാമ്പത്തികമായും പരസ്പരം ബഹുമാനിക്കാന്‍ കഴിയുന്ന ദമ്പതികള്‍ക്കേ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടുതന്നെ ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമ്പത്തുണ്ടാക്കാന്‍ കഴിയൂ.
(നിങ്ങളുടെ സംശയങ്ങള്‍ ഇ മെയ്‌ലിലോ വാട്‌സ് ആപ്പിലോ അയയ്ക്കാം ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: women must be financially independent before marriage
Published: 14 Jun 2024, 04:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented