സാമ്പത്തിക സ്വാതന്ത്ര്യം എന്നാല്‍ കേവലം പണമുണ്ടാക്കല്‍ മാത്രമല്ല. തല ഉയര്‍ത്തി ആത്മാഭിമാനത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കരുത്തുനല്‍കുന്നതെന്തും ആ സ്വാതന്ത്ര്യത്തിലേക്കുള്ള വാതില്‍ തുറന്നുതരും. സ്ഥിരവരുമാനം തരുന്ന ഒരു മാര്‍ഗമുണ്ടെങ്കില്‍ ഉറപ്പായും അത് സാമ്പത്തിക സ്വാതന്ത്ര്യം എളുപ്പമാക്കും. പിതാവിനോ ഭര്‍ത്താവിനോ മക്കള്‍ക്കോ പണവും സമ്പത്തും ഉണ്ടെന്ന് കരുതി ഒരു സ്ത്രീ സാമ്പത്തികമായി സുരക്ഷിതയാണ് എന്ന് കരുതാനാകില്ല.

വരുമാനം സ്വന്തമായി തന്നെ ഉണ്ടാകണം. അത് ജോലിചെയ്ത് നേടാം. അല്ലെങ്കില്‍ ബിസിനസോ വ്യവസായമോ ചെയ്ത് സ്ഥിരവുമാനം ഉണ്ടാക്കാം. ഇതുരണ്ടും സാധ്യമല്ലെങ്കില്‍ ഒഴിവുസമയത്ത് പാര്‍ട്ട് ടൈം ജോലിചെയ്‌തോ വീട്ടിലിരുന്ന് ലഘു ബിസിനസ് ചെയ്‌തോ  നേടാം. ഉണ്ടാക്കുന്ന വരുമാനത്തിന്റെ വലുപ്പമല്ല സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അളവുകോല്‍. അതിന്റെ സ്ഥിരതയാണ്. ചെയ്യുന്ന ബിസിനസോ ജോലിയോ എത്ര വലുതോ ചെറുതോ ആയിക്കൊള്ളട്ടെ അത് സ്ഥിരമായി ലഭിച്ചുകൊണ്ടിരിക്കണം.

സാധ്യതകള്‍ പ്രയോജനപ്പെടുത്താം

1. സ്ഥിരവരുമാനത്തിന് വഴി കണ്ടെത്താം

ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളും സോഷ്യല്‍ മീഡിയയും വളരെ വിപുലമായ അവസരങ്ങളാണ് സ്ത്രീകള്‍ക്ക് മുന്നില്‍ തുറക്കുന്നത്. വീടും കുടുംബവും നോക്കി പരിപാലിക്കലാണ് പ്രധാന കടമ എന്നു കരുതുന്നവരുണ്ടെങ്കില്‍ അതു തുടര്‍ന്നുകൊണ്ടും സാമ്പത്തിക സ്വാതന്ത്ര്യം നേടാം. 
സ്ഥിരവരുമാനം ഉറപ്പാക്കിയാല്‍ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും. അതോടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആദ്യ താക്കോല്‍ നിങ്ങള്‍ സ്വന്തമാക്കികഴിഞ്ഞു.

2. സ്വതന്ത്രമായി യാത്ര ചെയ്യാം

സ്ത്രീകള്‍ എല്ലാവരും ഡ്രൈവിംഗ് പഠിച്ചിരിക്കണം. അത് പരിശീലിച്ചിരിക്കണം. എല്ലാവര്‍ക്കും കാറും ബൈക്കും ഉണ്ടാകണം എന്നില്ല. ഒരു സൈക്കിള്‍ ആയാലും മതി. ഡ്രൈവിംഗ് പരിശീലിക്കുന്നതോടെ സമയവും ദൂരവും നിങ്ങളുടെ കയ്യില്‍ നല്‍ക്കും. യാത്രയ്ക്ക് ആരെയും കാത്തു നില്‍ക്കേണ്ട. ആരുടെയും സഹായവും വേണ്ടി വരില്ല. നിങ്ങളുടെ യാത്രകള്‍ക്ക് ആരെയും ആശ്രയിക്കേണ്ടിവരില്ല. ഏതു സാഹചര്യത്തിലും ഏതു സമയത്തും നിങ്ങള്‍ക്കും ആവശ്യാനുസരണം യാത്രചെയ്യാന്‍ അത് നിങ്ങള്‍ക്ക് കരുത്ത് പകരും.

3. ആരോഗ്യം

സാമ്പത്തിക സ്വാതന്ത്യത്തിലേക്കുള്ള മൂന്നാമത്തെ താക്കോല്‍ ആരോഗ്യമാണ്. സ്വന്തം ആരോഗ്യകാര്യത്തില്‍ ശ്രദ്ധവയ്ക്കുന്നതില്‍ ഇന്നും പിന്നിലാണ് നമ്മുടെ നാട്ടിലെ സ്ത്രീകള്‍. വ്യായാമവും, ഫിറ്റ്‌നസ്സും, നല്ല ഭക്ഷണവും, രോഗങ്ങള്‍ വന്നാല്‍ കൃത്യമായ ചികിത്സ തേടലുമൊക്കെ ജീവിതത്തിന്റെ ഭാഗമാക്കണം. രാവിലെയോ വൈകുന്നേരമോ യോഗയോ, ധ്യാനമോ, നൃത്തമോ, ഒന്ന് നടക്കാനോ ഓടാനോ പോവുകയോ ചെയ്യാന്‍ മടിവിചാരിക്കേണ്ട. അതിനായി സമയം കണ്ടെത്താന്‍ ശ്രമിക്കുകയും വേണം. നല്ല വസ്ത്രം ധരിക്കുകയും, ഒരുങ്ങുകയും, ശരീരശുചിത്വം പാലിക്കുകയും ചെയ്യുന്നതൊക്കെ നിങ്ങളുടെ ആത്മവിശ്വാസത്തെ വളര്‍ത്തും. നിങ്ങളുടെ രൂപഭാവങ്ങള്‍ നിങ്ങളുടെ വ്യക്തിത്വത്തിന്റെ തെളിവാണ്. 

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ഈ മൂന്നു താക്കോലുകളും സ്വന്തമാക്കുന്നതോടെ സന്തുഷ്ട ജീവിതത്തിനുള്ള ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആരംഭിക്കാം. സ്ഥിരവരുമാനമുള്ള ഒരാളാണ് എങ്കില്‍ ഇനി നിങ്ങള്‍  അവരവരുടെ ജീവിത ലക്ഷ്യങ്ങള്‍ എന്താക്കെയന്ന് നിര്‍വചിക്കണം. അതിനുശേഷം അവ നേടാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കണം. എല്ലാവരുടെയും ജീവിത ലക്ഷ്യങ്ങള്‍ ഒന്നായിരിക്കില്ല. പ്രായത്തിന് അനുസരിച്ച് അവ വ്യത്യാസപ്പെട്ടിരിക്കും. തുകൊണ്ടുതന്നെ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ഓരോ പ്രായത്തിലും ചെയ്യേണ്ടത് ഓരോന്നാണ്.

( പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍ 
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)