
സാമ്പത്തികസ്വാതന്ത്ര്യം നേടുവാനുള്ള പരിശ്രമത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവും വലിയ പ്രതിബന്ധമാകുന്നത് കുടുംബങ്ങളാണ് എന്ന് പലരും പറയാറുണ്ട്. ഭര്‍ത്താവും കുട്ടികളും വീട്ടുജോലികളുമൊക്കെ സൃഷ്ടിക്കുന്ന ചിലന്തിവലയില്‍ കുരുങ്ങിയാല്‍ പിന്നെന്ത് സാമ്പത്തികസ്വാതന്ത്ര്യം. ജീവിതസ്വാതന്ത്ര്യമേയില്ല. പിന്നെയല്ലേ സാമ്പത്തികസ്വാതന്ത്ര്യം എന്നാണ് പലരും കരുതുക. സാമ്പത്തികസ്വാതന്ത്ര്യത്തിന് സ്വന്തമായി വരുമാനവും വേണമല്ലോ.
നമ്മുടെ നാട്ടിലെ 90 ശതമാനം കുടുംബങ്ങളും പുലരുന്നത് ഒറ്റൊരാളുടെ വരുമാനം കൊണ്ടാണ്. ഗൃഹനാഥന്‍ അല്ലെങ്കില്‍ ഗൃഹനാഥ ജോലിചെയ്ത് വരുമാനം ഉണ്ടാക്കുന്നു. ഭാര്യ, അല്ലെങ്കില്‍ ഭര്‍ത്താവ് വീട്ടുകാര്യങ്ങള്‍ നോക്കുന്നു. മക്കള്‍ പഠിക്കുന്നു. അല്ലെങ്കില്‍ പഠനശേഷം ജോലിക്കായി അലയുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഗൃഹനാഥന്‍ അല്ലെങ്കില്‍ ഗൃഹനാഥ പാടുപെടുമ്പോളും ജീവിതാഭിലാഷങ്ങളെ അടക്കിയൊതുക്കി ജീവിക്കുമ്പോഴും അധിക വരുമാനം ഉണ്ടാക്കാനുള്ള വഴികളെക്കുറിച്ച് നാം അധികമൊന്നും ആലോചിക്കാറില്ല. ഭാര്യ(അല്ലെങ്കില്‍ ഭര്‍ത്താവ്) ജോലിക്ക് പോകാനോ മക്കള്‍ പഠനത്തോടൊപ്പം അല്‍പ്പം വരുമാനം ഉണ്ടാക്കാനോ തുനിയാറില്ല. കാരണം അധിക വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അത്യാഗ്രഹമാണ് എന്നാണ് നമ്മുടെ മനോഭാവം. കാരണം ആ രീതിയില്‍ മനസ്സിനെ പാകപ്പെടുത്താനുള്ള ഉപദേശങ്ങള്‍ കേട്ടാണ് നമ്മില്‍ ഭൂരിഭാഗം പേരും വളര്‍ന്നുവന്നത്.
Also Read
കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ. ഓരോരുത്തരുടെയും തലയില്‍ ഓരോന്നു വരച്ചിട്ടുണ്ട്. അത് നമ്മള്‍ വിചാരിച്ചാല്‍ മാറുമോ. ആന വാ തുറക്കുന്നതുപോലെ അണ്ണാന്‍ വാ പൊളിക്കരുത്. ഇത്തരം പലപല ഉപദേശങ്ങള്‍ കേട്ടാണ് നമ്മുടെയെല്ലാം ജീവിതം മുന്നോട്ടുപോവുന്നത്. അതുകൊണ്ടാണ് സ്വന്തം സ്വപ്‌നങ്ങള്‍ക്ക് വേണ്ടി ഒരു പെണ്‍കുട്ടി ഒരിക്കല്‍ മീന്‍വില്‍ക്കാനിറങ്ങിയപ്പോള്‍ അത് ഷോ ആണെന്ന് നമുക്ക് ആദ്യം തോന്നിയത്. വസ്ത്രധാരണം കണ്ട് അവള്‍ക്ക് ഇതിന്റെ ആവശ്യം ഉണ്ടോ എന്നടക്കം പറഞ്ഞത്. കയ്യില്‍ ഒരു നവരത്‌നമോതിരം അണിഞ്ഞാല്‍ അത് ആഡംബരമാണ് എന്ന് തോന്നുന്നത്.
കഷ്ടപ്പാടിന്റെ നരകയാതനയില്‍ കഠിനാധ്വാനം ചെയ്യുന്നവരെ നമുക്ക് പരിചയമുണ്ട്. പക്ഷേ കോളെജില്‍ പഠിച്ചുകൊണ്ടുതന്നെ രാവിലെയും വൈകിട്ടും വീട്ടുവേല ചെയ്ത് ഫാഷണബിള്‍ ആയി ജീവിക്കുന്ന പെണ്‍കുട്ടിയെ മലയാളി പൊതുസമൂഹം ആദ്യം പരിചയപ്പെടുന്നത് 'കസ്തൂരിമാന്‍' എന്ന സിനിമയിലാണ്. വേനലവധിയില്‍ കൂലിപ്പണിചെയ്തുസമ്പാദിച്ച പണം കൊണ്ട് എന്‍.ആര്‍.ഐ മക്കളാണെന്ന് നടിച്ച് കാമ്പസില്‍ അടിച്ചുപൊളിക്കുന്ന ആണ്‍കുട്ടികളെ നാം ആദ്യം കണ്ടത് 'നമ്മള്‍' എന്ന സിനിമയിലാണ്. അതിനുമുമ്പുവരെ ദാരിദ്ര്യം അലട്ടുന്ന 'നാടോടിക്കാറ്റ്' മോഡല്‍ നായികാ നായകന്മാരെ സിനിമയിലുണ്ടായിട്ടുള്ളൂ. കാരണം എന്താണെന്നോ? ദാരിദ്ര്യമുള്ളവര്‍ എപ്പോഴും ദരിദ്രരായിതന്നെ ജീവിച്ചിരിക്കണം എന്ന നമ്മുടെ പൊതുബോധത്തെ വെല്ലുവിളിച്ച് പടം പൊട്ടിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ട്. നല്ല വസ്ത്രം ധരിച്ച് മാന്യമായി നടന്നാല്‍ ചേരിയില്‍ ഓട്ടോ ഓടിപ്പാണ്, പക്ഷേ അവന്റെ നടപ്പ് കണ്ടാല്‍ അംബാനിയുടെ മോനാണെന്ന് തോന്നും എന്നാണ് സമൂഹം പറയുക.
കുടുംബത്തിലെ ബാക്കിയെല്ലാവരും ജോലിതേടി ഇറങ്ങും, എന്നും വരുമാനം തന്നുകൊണ്ടിരുന്ന ആള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, കുടുംബത്തില്‍ കടുത്ത ദാരിദ്യം ഉണ്ടായാല്‍. പക്ഷേ അത്തരം ഒരു സ്ഥിതി വരുന്നതുവരെ കാത്തിരിക്കണോ. ഇപ്പോഴത്തെ ജോലി നഷ്ടപ്പെട്ടാലോ ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനം പെട്ടെന്ന് ഇല്ലാതായാലോ നാം ഓരോരുത്തരും എങ്ങനെ ജീവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ. 65 ശതമാനം ശമ്പള വരുമാനക്കാരും അത്തരം സാഹചര്യത്തില്‍ പട്ടിണിയിലാകുമെന്നാണ് പലതരത്തിലുള്ള സര്‍വേകളും കണ്ടെത്തിയിട്ടുള്ളത്.
അധ്വാനിക്കാന്‍ മനസ്സുള്ള ഒരു പെണ്‍കുട്ടിയുടെ കഥ ഒരിക്കല്‍ ഒരു റിപ്പോര്‍ട്ടറുടെ കയ്യില്‍ കിട്ടിയപ്പോള്‍ അത് നമുക്കിടയില്‍ വൈറലായി. വിറ്റത് മീനായതുകൊണ്ടും വന്ന് നിന്നത് ചന്തയിലായതും കൊണ്ടാണ് നമ്മളെല്ലാം അന്ന് അത്രയും ശ്രദ്ധിച്ചത്. വിറ്റത് കേക്കോ, അച്ചാറോ ആയിരുന്നേല്‍ നമ്മളത് കണ്ട് മറന്നേനെ. പല ജോലികളും ബിസിനസും ചെയ്ത് പരീക്ഷിച്ചശേഷം മീന്‍ കച്ചവടം തിരഞ്ഞെടുക്കുയായിരന്നു ആ പെണ്‍കുട്ടി അന്ന്. കാരണം ഏറ്റവും കൂടുതല്‍ മാര്‍ജിന്‍ കിട്ടുന്ന ബിസിനസ് ആണത്. വലിയ കോംപറ്റീഷനില്ല. ഒറ്റദിവസത്തെ മാത്രം ആയുസ്സുള്ള ഉത്പന്നം. റെഡി കാഷ് വില്പന. ആരും കടം പറയില്ല. ബി.ടെക്കും എം.ബി.എയും കഴിഞ്ഞ പിള്ളേർ അത് ചെയ്യുന്നുണ്ട്. റോഡരുകിലെ മാര്‍ക്കറ്റിലല്ല, ഓണ്‍ലൈനില്‍ ആണെന്ന് മാത്രം. ഓര്‍ഡര്‍ ചെയ്താല്‍ വെട്ടിക്കഴുകി വീട്ടിലെത്തിച്ചുതരും.
മാസശമ്പളമെന്ന പുതപ്പുകൊണ്ട് അപ്പര്‍ ക്ലാസ് ദാരിദ്ര്യത്തെ മറയ്ക്കുന്ന എല്ലാവരും മുന്നിലുള്ള അവസരങ്ങളെ കാണണം. മുല്ലപ്പൂ മുതല്‍ കോഴിയിറച്ചിവരെ അയല്‍ സംസ്ഥാനത്തുനിന്ന് വരുന്ന ഇവിടെ അന്തസ്സുള്ള ജീവിതം നയിക്കാനുള്ള വരുമാനം ഉണ്ടാക്കാന്‍ അവസരങ്ങള്‍ നിരവധിയാണ്. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്നല്ല മക്കളെ പഠിപ്പിക്കേണ്ടത്. അവരെ വലിയ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുക. അതിന് പണം തടസ്സമാകുമ്പോള്‍ അത് നേടാനുള്ള നല്ല മാര്‍ഗങ്ങള്‍ കാട്ടിക്കൊടുക്കുക. പഠനത്തിന് കോട്ടം തട്ടാതെ തന്നെ സ്വന്തം കാലില്‍ നില്‍ക്കാന്‍ അവരെ പ്രാപ്തരാക്കുക. കോളേജില്‍ പഠിക്കുമ്പോള്‍ അടിപൊളി ജീവിതത്തിന് പണമുണ്ടാക്കാന്‍ മൊബൈല്‍ സിം വിറ്റ് നടന്ന പിള്ളേരായിരുന്നു മോബ് മീ എന്ന കേരളത്തിലെ ആദ്യ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍.
വീട്ടിലിരുന്ന് തുടങ്ങാവുന്ന ലഘുബിസിനസ് സാധ്യതകള്‍ പരീക്ഷിക്കാം. സ്വന്തം അടുക്കളയോ സ്വീകരണമുറിയോ ഫാക്ടറിയാക്കി, നാട്ടുപരിസരത്തെ വിപണിയാക്കി, സുഹൃത്തുക്കളെയും പരിചയക്കാരെയും ഉപഭോക്താക്കളാക്കി ചെറുബിസിനസുകള്‍ തുടങ്ങി വളര്‍ത്തി വലുതാക്കാന്‍ മുമ്പെങ്ങുമില്ലാത്ത അവസരങ്ങളാണ് കേരളത്തിലിപ്പോള്‍. ഇത്തരം ബിസിനസുകള്‍ തുടങ്ങാന്‍ ഏറ്റവും ആദ്യം വേണ്ടത് മനോഭാവമാണ്. പിന്നെ സമയവും. കൈവശമില്ലെന്ന് മലയാളികളായ നാമൊക്കെ ഏറ്റവും കൂടുതല്‍ അഭിനയിക്കുന്നതും സമയമാണ്. ദിവസവും ഏതാനും മണിക്കൂറുകള്‍ ചെലവിട്ടാല്‍ കുടുംബത്തിന് അധികവരുമാനമുണ്ടാക്കാന്‍ വഴികള്‍ ഏറെയാണ്. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ മുന്‍കൈ എടുക്കാന്‍ കഴിയുക വീട്ടമ്മമാര്‍ക്കും സ്ത്രീകള്‍ക്കുമാണ്. വിദ്യാസമ്പന്നരാണ് കേരളത്തിലെ വീട്ടമ്മമാരില്‍ ഏറെയും. നിരവധിപ്പേരാണ് വിവാഹത്തോടെ ജോലി ഉപേക്ഷിക്കുന്നത്. കുട്ടികളായാല്‍ പിന്നെ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ വീട്ടില്‍ തന്നെ ഒതുങ്ങിക്കഴിയുന്നവരും ഉണ്ട്. കുട്ടികള്‍ വളര്‍ന്ന് വലുതാകുന്നതോടെ ഇത്തരം അമ്മമാര്‍ക്ക് മുന്നില്‍ പിന്നെ ശൂന്യതയാണ്.ഭര്‍ത്താവ് ജോലിക്കും കുട്ടികള്‍ സ്‌കൂളിലും പോയാല്‍ സമയം ബാക്കിയാണ്. ഇത്തരത്തിലുള്ള സമയം ലഘുബിസിനസുകള്‍ക്കായി പ്രയോജനപ്പെടുത്തി കൈനിറയെ വരുമാനമുണ്ടാക്കുന്ന നിരവധിപ്പേരുണ്ട്.
ഏതു ബിസിനസിലേക്ക് ഇറങ്ങിയാലും അത് നിങ്ങള്‍ക്ക് ചിരപരിചിതമായ മേഖലയാണ് എങ്കില്‍ നല്ലത്. നിങ്ങള്‍ക്ക് ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്നതാണെങ്കില്‍ വളരെ നല്ലത്. പണമുണ്ടാക്കാന്‍ വേണ്ടിമാത്രമാകരുത് നിങ്ങള്‍ ബിസിനസ് തുടങ്ങേണ്ടത്. വിജയം ഉറപ്പിക്കാനായി പ്രയത്‌നിച്ചാല്‍ പണം താനേവന്നുകൊള്ളും. നിങ്ങള്‍ ഉണ്ടാക്കുന്ന ഉത്പന്നം, അല്ലെങ്കില്‍ സേവനം ഏറ്റവും മികച്ചതായിരിക്കാന്‍ പ്രവര്‍ത്തിക്കുക. അത് വാങ്ങി ഉപയോഗിക്കുന്നവരുടെ സംതൃപ്തിമാത്രം ലക്ഷ്യമിടുക.
എന്തുതുടങ്ങിയാലും വളരെ ചെറിയരീതയില്‍ തുടങ്ങുക. വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ വേണം തുടങ്ങേണ്ടത്. വിജയവും വിപണിയും ഉറപ്പാണ് എന്ന അവസ്ഥയിലെത്തുമ്പോള്‍ മാത്രം പടിപടിയായി ബിസിനസ് വലുതാക്കുക. തുടക്കം എത്ര ചെറുതാക്കാമോ അത്രയും ചെറുതാക്കുക. തിരിച്ചടി ഉണ്ടായാല്‍ ആഘാതവും അത്ര തന്നെ ചെറുതായിരിക്കും. ആദ്യം വീട്ടിലെ ഒരുമുറിയില്‍ നിന്ന് തുടങ്ങാം. ജോലിക്കാരെ തുടക്കത്തിലേ അത്യാവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക. കുടുംബാംഗങ്ങള്‍ തന്നെ എല്ലാ ജോലിയും ചെയ്യട്ടെ. വലിയ ലാഭം ആദ്യം പ്രതീക്ഷിക്കേണ്ട. മുടക്കുമുതല്‍ തിരിച്ചുകിട്ടണം. ചെയ്യുന്ന ജോലിക്ക് ന്യായമായ പ്രതിഫലവും വേണം. പ്രഥമ പരിഗണന ഇതിനുമാത്രം ആകട്ടെ. ആര്‍ക്കും പരീക്ഷിക്കാവുന്ന നിരവധി ബിസിനസ് അവസരങ്ങള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. കുടുംബത്തിലേക്ക് വരുമാനം വരട്ടെ. ആശങ്കകളില്ലാത്ത ജീവിതം നിങ്ങളിലും മറ്റുള്ളവരിലും സമൂഹത്തിലും പ്രകാശം പരത്തട്ടെ.
(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: family financial planning and financial freedom
Published: 18 May 2024, 10:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented