സ്ത്രീ സംരംഭകരുടെ കാലമാണിത്. ചെറുതും വലുതുമായ സംരംഭങ്ങള്‍ തുടങ്ങാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ആഗ്രഹിച്ച് മുന്നോട്ടുവരുന്നവര്‍ ഇന്നേറെയാണ്. അവരുടെ ബിസിനസ് സ്വപ്‌നങ്ങളെ പൂവണിയിക്കാന്‍ സാങ്കേതികമായും സാമ്പത്തികമായും സഹായകമാകുന്ന ധാരാളം സര്‍ക്കാര്‍ പദ്ധതികളുമുണ്ട്. 
 
1. സ്റ്റാന്‍ഡ് അപ് ഇന്ത്യ സ്‌കീം  
10 ലക്ഷം രൂപയ്ക്ക് മുകളിലും ഒരു കോടി രൂപയ്ക്ക് താഴെയും ഉള്ള വായ്പകളാണ് സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിപ്രകാരം അനുവദിക്കുന്നത്. ഒരു ബാങ്ക് ബ്രാഞ്ച് മിനിമം ഒരു വനിതയ്ക്കും ഒരു പട്ടികജാതി പട്ടികവര്‍ഗ സംരംഭകനും ഓരോ വായ്പകള്‍ എല്ലാ വര്‍ഷവും നിര്‍ബന്ധമായും നല്‍കിയിരിക്കണം എന്നാണ് ഈ പദ്ധതിയുടെ നിബന്ധന.  പുതിയ പദ്ധതികള്‍ക്ക് കൊളാറ്ററല്‍ സെക്യൂരിറ്റി നല്‍കാതെതന്നെ വായ്പ അനുവദിക്കും. ഇതിനായി നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കിനെ സമീപിക്കണം. 

2. പി.എം.ഇ.ജി.പി. (പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം)
സേവന സംരംഭങ്ങള്‍ക്കും നിര്‍മാണ സംരംഭങ്ങള്‍ക്കും ആണ് പ്രധാനമായും ഈ വായ്പ അനുവദിക്കുന്നത്. സേവന സംരംഭങ്ങള്‍ക്ക് 20 ലക്ഷം രൂപവരെയും നിര്‍മാണ സംരംഭങ്ങളാണെങ്കില്‍ 50 ലക്ഷം രൂപവരെയുമുള്ള പ്രോജക്ടുകള്‍ക്ക് മാത്രമേ സബ്സിഡി ലഭിക്കൂ. വനിതകളെ പൂര്‍ണമായും പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ പദ്ധതികള്‍ക്ക് ഗ്രാമപ്രദേശത്ത് 35 ശതമാനവും മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പരിധിയില്‍ 25 ശതമാനവും സബ്സിഡി നല്‍കിവരുന്നു. ഈ പദ്ധതിയില്‍ വനിതകള്‍ക്ക് 30 ശതമാനം സംവരണമുണ്ട്. ഇതിനായി ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്റെ സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

3. ജാമ്യം ഇല്ലാതെ 25 ലക്ഷം രൂപ വരെ വായ്പ
പദ്ധതി നടപ്പിലാക്കുന്നത് കെ.എസ്.ഐ.ഡി.സി. ആണ്. പുതിയ സംരംഭം ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും വായ്പ ലഭിക്കും. 80 ശതമാനമോ 25 ലക്ഷം രൂപയോ ഏതാേണാ കുറവ് അത് ആയിരിക്കും പരമാവധി അനുവദിക്കുക. എന്നാല്‍ പ്രവര്‍ത്തന മൂലധന ആവശ്യത്തിന് 10 ലക്ഷം രൂപവരെ മാത്രമേ വായ്പയായി നല്‍കുകയുള്ളൂ. വനിതാസംരംഭകരുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള പ്രൊപ്രൈറ്ററി, പങ്കാളിത്ത സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവര്‍ക്ക് അര്‍ഹതയുണ്ട്. ഏഴ് ശതമാനമാണ് വാര്‍ഷിക പലിശ. ഇതിനായി കേരള സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി.) ഓഫീസുകളുമായി ബന്ധപ്പെടണം.
 
4. എന്റെ ഗ്രാമം 
സംസ്ഥാന സര്‍ക്കാര്‍ ഖാദി ബോര്‍ഡ് വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ് എന്റെ ഗ്രാമം. 5 ലക്ഷം രൂപവരെയാണ് ഈ പദ്ധതിപ്രകാരം വായ്പ അനുവദിക്കുന്നത്. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി അവര്‍ക്ക് 30 ശതമാനംവരെ ഗ്രാന്റ് അനുവദിക്കും. നിര്‍മാണ/ സേവന സ്ഥാപനങ്ങള്‍ ഈ പദ്ധതിപ്രകാരം വനിതകള്‍ക്ക് ആരംഭിക്കാവുന്നതാണ്. ഇതിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്. 
 
5. ശരണ്യ 

സംസ്ഥാന സര്‍ക്കാര്‍ എംപ്ലോയ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് വഴി നടപ്പാക്കിവരുന്ന സാന്ത്വന സഹായ പദ്ധതിയാണ് ശരണ്യ. വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 50,000 രൂപവരെയാണ് പരമാവധി വായ്പ ലഭിക്കുന്നത്. ഇതില്‍ 50 ശതമാനം, അതായത് പരമാവധി 25000 രൂപവരെ സബ്സിഡിയായി ലഭിക്കും. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ഈ തുക അനുവദിക്കുന്നത്. ഇതിനായി ബന്ധപ്പെടേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസുകളെയാണ്.
  
6. ഒരു ഭവനം ഒരു സംരംഭം  
സംസ്ഥാന സര്‍ക്കാര്‍ ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണിത്. 10 ലക്ഷം രൂപയില്‍ താഴെ വായ്പയെടുത്ത് സ്വന്തം ഭവനത്തിലോ മറ്റുസ്ഥലങ്ങളിലോ സംരംഭം നടത്തുന്നവര്‍ക്ക് വാര്‍ഷിക പലിശ തിരികെ നല്‍കുന്ന പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപന അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ പലിശ സബ്സിഡിക്ക് അര്‍ഹതയുണ്ട്. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി 6 ശതമാനം പലിശയാണ് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയായി അനുവദിച്ചുവരുന്നത്. സംരംഭവുമായി ബന്ധപ്പെട്ട വ്യാപാര വാഹന ആവശ്യങ്ങള്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. 5 വര്‍ഷം തുടര്‍ച്ചയായി പലിശ ഇളവ് ലഭിക്കുകയും ചെയ്യും. 2022 ഏപ്രില്‍ ഒന്നിനുശേഷം വായ്പ എടുത്തവര്‍ക്കാണ് പ്രയോജനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ വികസന ഓഫീസറില്‍ നിന്ന് ലഭിക്കും.
  
7. എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീം
ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിര്‍മാണ യൂണിറ്റുകള്‍ക്ക് സ്ഥിരനിക്ഷേപത്തെ അടിസ്ഥാനമാക്കി 40 ലക്ഷം രൂപവരെ സബ്സിഡിയായി അനുവദിക്കുന്നു. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി സ്ഥിരനിക്ഷേപത്തിന്റെ 25 ശതമാനം, പരമാവധി 40 ലക്ഷം രൂപവരെ സബ്സിഡിയായി അനുവദിക്കും. വായ്പ എടുക്കാത്തവര്‍ക്കും സര്‍ക്കാരിന്റെ ഈ സബ്സിഡി ആനുകൂല്യം ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവയില്‍ അപേക്ഷ സമര്‍പ്പിക്കാം.
 
8. നാരീശക്തി വായ്പ
കേന്ദ്രസര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ് നാരീശക്തി വായ്പ. സംരംഭകര്‍ അഞ്ച് ശതമാനം സ്വയം മുടക്കണം. രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പയുടെ പലിശയില്‍ 0.5 ശതമാനം പലിശ സബ്സിഡിയായി അനുവദിക്കും. അഞ്ച് ലക്ഷം രൂപവരെ ഒരു ഈടുമില്ലാതെതന്നെ വനിതാ സംരംഭകര്‍ക്ക്  വായ്പ ലഭിക്കും. നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കിനെയാണ് ഇതിനായി ആദ്യം സമീപിക്കേണ്ടത്.
 
9. നാനോ സംരംഭങ്ങള്‍ക്ക് 40 ശതമാനം വരെ ഗ്രാന്റ് 
10 ലക്ഷം രൂപയില്‍ താഴെ പദ്ധതിച്ചെലവ് വരുന്ന നിര്‍മാണ യൂണിറ്റുകള്‍ക്കും സേവന യൂണിറ്റുകള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. വനിതകളെ പ്രത്യേക വിഭാഗമായി കരുതി പദ്ധതിച്ചെലവിന്റെ 40 ശതമാനം, അതായത് പരമാവധി നാലുലക്ഷം രൂപവരെ സബ്സിഡിയായി അനുവദിക്കും. ഇതിനായി ജില്ലാ വ്യവസായ കേന്ദ്രത്തെയോ താലൂക്ക് വ്യവസായ ഓഫീസുകളെയോ സമീപിക്കുക.

10. വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായങ്ങള്‍   
ടെക്നോളജി ട്രാന്‍സ്ഫര്‍ സ്‌കീം, സോഫ്റ്റ് ലോണ്‍ സ്‌കീം എന്നിവയാണ് വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള  പ്രധാന സഹായ പദ്ധതികള്‍. സംരംഭത്തിനായുള്ള സാങ്കേതികവിദ്യകള്‍ വാങ്ങുന്നതിന് വേണ്ട നിക്ഷേപത്തിന്റെ 90 ശതമാനം, പരമാവധി 10 ലക്ഷം രൂപവരെ ഗ്രാന്റായി അനുവദിക്കുന്നു. ഇതിനായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടലിലും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പോര്‍ട്ടലിലും പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഓണ്‍ലൈനായി സ്റ്റാര്‍ട്ടപ്പ് മിഷനില്‍ അപേക്ഷ സമര്‍പ്പിക്കണം.

11. ആഷ
കരകൗശല തൊഴിലാളികള്‍ക്കായി ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ വഴി നടപ്പാക്കിവരുന്ന പദ്ധതി. ആര്‍ട്ടിസാന്‍സ് കാര്‍ഡുള്ള സംരംഭകരായിരിക്കണം. ഗാര്‍മെന്റ് യൂണിറ്റുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ സ്ഥിരനിക്ഷേപത്തിന്റെ 50 ശതമാനം പരമാവധി 3 ലക്ഷം രൂപവരെ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കുന്നു. ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
  
12. വനിതാ വികസന കോര്‍പ്പറേഷന്‍

വനിതാ വികസന കോര്‍പ്പറേഷന്‍ 6 മുതല്‍ 8 ശതമാനം പലിശയ്ക്ക് സംരംഭക വായ്പകള്‍ അനുവദിച്ചുവരുന്നുണ്ട്.
വനിതാ വികസന കോര്‍പ്പറേഷന്‍, പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍, ന്യൂനപക്ഷ കോര്‍പ്പറേഷന്‍, വികലാംഗ ക്ഷേമകോര്‍പ്പറേഷന്‍, മുന്നാക്ക ക്ഷേമകോര്‍പ്പറേഷന്‍, സഹകരണ സ്ഥാപനങ്ങള്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം കുറഞ്ഞ നിരക്കില്‍ വായ്പ അനുവദിച്ചുവരുന്നുണ്ട്. 

(ടി.എസ്. ച്രന്ദന്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്)