
കമല അടിമുടി സൗന്ദര്യമായിരുന്നു. രൂപസൗന്ദര്യം, ഭാവസൗന്ദര്യം, വാക്സൗന്ദര്യം, ഭാവനയുടെ ആശയങ്ങളുടെ അപൂര്‍വസൗന്ദര്യം. ഈ സൗന്ദര്യങ്ങളുടെ ധാരാളിത്തത്തില്‍ മുങ്ങിക്കൊണ്ട് വര്‍ണശബളിമയോടെ കമല അരങ്ങത്തു വന്നു നിന്നു. - സുഗതകുമാരി
മാധവിക്കുട്ടി, കമലാ ദാസ്, കമലാ സുരയ്യ. മൂന്ന് പേരുകളും നിസ്വാര്‍ഥ സ്‌നേഹത്തിന്റെ ഭിന്നപദങ്ങള്‍. പെരുമയുടെ നാലപ്പാട്ട് തറവാട്ടിലെ പിൻതലമുറക്കാരി, സാഹിത്യത്തിന്റെ അരങ്ങിലെ റാണി. നീര്‍മാതളപ്പൂവിന്റെ ഗന്ധവും നെയ്പ്പായസത്തിന്റെ നറുമധുരവും സമ്മാനിച്ച് ആകാശത്തണലിലേക്ക് മടങ്ങിയ മാധവിക്കുട്ടിയുടെ ജന്മദിനമാണിത്.
മാധവിക്കുട്ടി മലയാളിയുടെ നഷ്ടപ്പെട്ട നീലാംബരിയാണ്. കരിങ്കല്‍ ഭിത്തികളെപ്പോലും തഴുകിയുറക്കുന്ന ശാസ്ത്രിയുടെ സ്വരം പോലെ, മടക്കിക്കിട്ടാത്ത സ്‌നേഹത്തിന്റെ നോവ് പോലെ, മാഞ്ഞുപോയ മഴവില്ലു പോലെ... പഴമയില്‍ അലിഞ്ഞുതീര്‍ന്ന പ്രിയപ്പെട്ട പലതിന്റെയും നിറവും മണവും രുചിയുമാണ് മാധവിക്കുട്ടി.
പുക തുപ്പുന്ന തീവണ്ടിയില്‍ കല്‍ക്കട്ടയില്‍ നിന്നും പുന്നയൂര്‍ക്കുളത്തേക്കുള്ള അവധിക്കാലവരവ്. കുളക്കടവിലെ നീരാട്ട്. നാട്ടുമാവിന്റെ കറയും ചുണയും. ഇലഞ്ഞിയും നീര്‍മാതളവും പൂക്കുന്നത്തിന്റെയും കൊഴിയുന്നതിന്റെയും മണം. നറുനെയ്യ് രുചികള്‍. തറവാട് വീടിന്റെ വാതില്‍പ്പഴുതിലൂടെ ചാഞ്ഞും നിവര്‍ന്നും വന്നുവീണ ഉദയവും മൂവന്തിയും രാക്കുളിരും. അമ്മമ്മയുടെ ചൂര് പറ്റിയുള്ള ഉറക്കം. അടുക്കളപ്പുറത്തെ അനേകം മനുഷ്യരുടെ വര്‍ത്തമാനങ്ങളും അതിലൂടെ വിരിയുന്ന ജീവിതചിത്രങ്ങളും. മടക്കിക്കിട്ടാത്ത ഓര്‍മകളുടെ ആമാടപ്പെട്ടി പോലെ മാധവിക്കുട്ടിയുടെ എഴുത്ത്. താളുകള്‍ മറിച്ചാല്‍ ഓരോരുത്തര്‍ക്കും തുറന്നുകിട്ടും, പിന്‍നടത്തത്തിനുള്ള വാതിലുകള്‍.
മാധവിക്കുട്ടി എന്നും സത്യാന്വേഷകയായിരുന്നു. സ്ത്രീ-പുരുഷ സ്‌നേഹം ഹൃദയരഹസ്യങ്ങള്‍ കണ്ടെത്താനുള്ള അനന്തസാധ്യതകള്‍ നിറഞ്ഞ ഒരു പ്രതിഭാസമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതിന്റെ അടങ്ങാത്ത പ്രേരണയില്‍ അവര്‍ സ്‌നേഹത്തിന്റെയും സ്‌നേഹഭംഗത്തിനെയും സ്‌നേഹരാഹിത്യത്തിനെയും സ്‌നേഹത്തിന്റെ പുനരുദ്ധാരണത്തിനെയും ചേര്‍ത്തും പിരിച്ചും രചിച്ചവയാണ് അവരുടെ ചെറുകഥകളും നോവലുകളും ഭൂരിഭാഗവും. - ഡോ. സുകുമാര്‍ അഴീക്കോട്
ആഡംബരത്തിന്റെയും അലങ്കാരത്തിന്റെയും കനമില്ലാത്ത ഇത്തിരി വാക്കുകളില്‍, ചെറുവാചകങ്ങളില്‍ സ്‌നേഹത്തെ തളച്ച മന്ത്രവാദിനിയുമാണ് മാധവിക്കുട്ടി. കിളിവാതിലിലൂടെ പറന്നുവന്ന് ചുറ്റിത്തിരിയുന്ന പങ്കയില്‍ ചെന്നിടിച്ചു തെറിച്ചുവീണ കുരുവിയുടെ രക്തമൊഴുക്ക് അവര്‍ ഒരു കഥയില്‍ ആവിഷ്‌കരിക്കുന്നുണ്ട്. വരികളുടെ സിരയിലും ധമനിയിലും മാധവിക്കുട്ടി പകരുന്ന മഷിക്ക് ഇതേ ചോരയുടെ സ്വഭാവം കാണാം. സ്‌നേഹത്തിന്റെ രക്തം ചിന്തി ചുവന്നുപോയതാണ് മാധവിക്കുട്ടിയുടെ സാഹിത്യം.

സാഹിത്യത്തിലും ജീവിതത്തിലും മാധവിക്കുട്ടി ഒരു റിബലായിരുന്നു. എന്നും അവര്‍ താനിഷ്ടപ്പെടുന്നതുപോലെ മാത്രം എഴുതി, ജീവിച്ചു. സമൂഹം എന്തുപറയും എന്നത് അവര്‍ക്കൊരു പ്രശ്‌നമായിരുന്നില്ല. സ്വന്തം മനസ്സാക്ഷിയോട് മാത്രമായിരുന്നു അവരുടെ ബാധ്യത. - ടി. പത്മനാഭന്‍
മാധവിക്കുട്ടി ചെറുത്തുനില്‍പ്പും സഹനവും അതിജീവനവുമാണ്. സ്‌കൂള്‍കാലത്ത് സിംഹക്കൂട്ടില്‍ കയറിയ സംഭവം അവര്‍ ഓര്‍മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ജീവിതയാത്രയില്‍ മാധവിക്കുട്ടി എന്നും സമൂഹത്തിന്റെ സിംഹക്കൂട്ടില്‍ തന്നെയായിരുന്നു. അസാന്മാര്‍ഗികതയുടെയും അരാജകത്വത്തിന്റെയും പട്ടികയില്‍ 'എന്റെ കഥ' ഉള്‍പ്പെടുത്തിയവര്‍ അവരെ നിരന്തരം വിചാരണ നടത്തി. എന്നിട്ടും സ്‌നേഹമെന്ന അച്ചുതണ്ടിന്മേല്‍ മാധവിക്കുട്ടിയുടെ എഴുത്ത് ഉയരങ്ങളിലേക്ക് കുതിപ്പ് തുടര്‍ന്നു. അവര്‍ മൂന്ന് ഭാഷകള്‍ സംസാരിക്കുകയും രണ്ടെണ്ണത്തില്‍ എഴുതുകയും ഒരെണ്ണത്തില്‍ മാത്രം സ്വപ്നം കാണുകയും ചെയ്യുന്നത് തുടര്‍ന്നു. നൊബേല്‍ നോമിനേഷന്‍ വരെയെത്തി ആ ജൈത്രയാത്ര.
സാഹിത്യലോകത്തെ പരമോന്നത ബഹുമതിയായ നൊബേല്‍ കൈയകലത്തിൽ വഴുതിപ്പോയ കഥ കൂടി ചേരുന്നതാണ് മാധവിക്കുട്ടിയുടെ ജീവിതം. 1984-ലാണ് നൊബേല്‍സാഹിത്യ പുരസ്‌കാരത്തിന് അവർ നോമിനേഷന്‍ നേടിയത്. അതും ജോര്‍ജ് ലൂയിസ് ബോഗസ്, ഗുന്തര്‍ ഗ്രാസ്, ഗ്രഹാം ഗ്രീന്‍, ക്‌ളോഡ് സൈമണ്‍ എന്നീ മഹാന്മാര്‍ക്കൊപ്പം. ഒടുവില്‍ ചെക്കോസ്ലൊവാക്യന്‍ കവി യാരോസ്ലാവ് സെയ്ഫത് അക്കൊല്ലം നൊബേല്‍ ജേതാവായി.

അടുക്കളയുടെ ചുമരിന്മേല്‍ ചാരി, കടുകെണ്ണയുടെ വാസന പരത്തി, മിഷ്ടി ദോയുടെ മധുരം വിളമ്പി ത്രിപുര പറഞ്ഞ പല കഥകള്‍. കാളിഘട്ടിന്റെ പടവുകളില്‍ വെച്ച് അതേ ത്രിപുരയുടെ കണ്ണില്‍ തെളിഞ്ഞ ക്രൗര്യത്തിന്റെ തിളക്കം. മനുഷ്യനില്‍ മിന്നിമായുന്ന മാറ്റങ്ങള്‍ പകര്‍ത്തിയെടുത്ത മാധവിക്കുട്ടി മാജിക് ഒരിക്കലും ഒളിമങ്ങില്ല. സര്‍പ്പക്കാവിനുള്ളില്‍ കുടികൊള്ളുന്ന ചൈതന്യത്തിന് വിശ്വാസിയുടെ മനസ്സിലുള്ള പ്രഭാവവും പവിത്രതയും പരിശുദ്ധിയുമാണ് വായനക്കാരന്റെ മനസ്സില്‍ മാധവിക്കുട്ടിക്ക്.
Content Highlights: remembering kamala das
Published: 31 Mar 2025, 11:40 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented