ലൈവ് ഫിഷ് ബിസിനസ് (Ready to Cook)
റെഡി ടു കുക്ക് ഫിഷ് എളുപ്പത്തില്‍ തുടങ്ങാവുന്ന സംരംഭമാണ്. വീടുകളില്‍ കൊണ്ടുപോയി വിറ്റും ഓണ്‍ലൈന്‍ വില്പന വഴിയും ലാഭമുണ്ടാക്കാം. കടല്‍മത്സ്യം മാത്രമല്ല നാടന്‍ മത്സ്യങ്ങളും വില്‍ക്കാനാകും. വൃത്തിയാക്കിയ മത്സ്യങ്ങളും അരപ്പ് പുരട്ടിയ മത്സ്യങ്ങളും ഇതേരീതിയില്‍ വില്‍ക്കാം. വീടുകളില്‍ മാത്രമല്ല ഹോട്ടലുകള്‍, കാറ്ററിങ് സര്‍വീസുകള്‍ എന്നിവരെല്ലാം ഇത്തരം ഉത്പന്നങ്ങളുടെ ആവശ്യക്കാരാണ്.
നിര്‍മാണരീതി: പ്രദേശത്തെ സാധാരണക്കാരായ കസ്റ്റമേഴ്സിന് ഏതുതരം മത്സ്യമാണ് കൂടുതല്‍ ഇഷ്ടം എന്ന് മനസ്സിലാക്കണം. അത്തരം മത്സ്യങ്ങള്‍ വാങ്ങി വൃത്തിയാക്കി വില്‍ക്കാം. കൂടാതെ അരപ്പ് പുരട്ടി റെഡി ടു കുക്ക് (ഫ്രൈ) എന്ന രീതിയില്‍ തയ്യാറാക്കി നല്‍കാം. മികച്ച പാക്കിങ് സൗകര്യവും ഗുണനിലവാരവും ഉറപ്പാക്കണം. അടിസ്ഥാന സൗകര്യങ്ങള്‍: വീടിനോട് ചേര്‍ന്നോ പ്രത്യേക സ്ഥലത്തോ ബിസിനസ് പ്ലാന്‍ ചെയ്യാം. ഓണ്‍ലൈന്‍ ബിസിനസും നടത്താം. ജലലഭ്യതയും മത്സ്യം വൃത്തിയാക്കാന്‍ സ്ഥലമുള്ളതുമായ ഇടം തിരഞ്ഞെടുക്കണം. ആവശ്യമായ ഉപകരണങ്ങളും ടേബിളും കട്ടിങ് സാമഗ്രികളും വേയിങ് ബാലന്‍സും സ്ഥാപിക്കണം. ഇതിന് പരമാവധി 10000 രൂപ മതിയാകും. ഓണ്‍ലൈന്‍ വിതരണത്തിന് വാഹനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. രണ്ടോ മൂന്നോ പേര്‍ക്ക് ക്ലീനിങ്, പാക്കിങ്, വില്പന എന്നിവയില്‍ ജോലി നല്‍കാനാകും. വലിയ നിക്ഷേപമില്ലാതെ ഇത്തരം ബിസിനസുകള്‍ തുടങ്ങാം.
വിപണനം : ഓഫ്ലൈന്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സ്വീകരിക്കാവുന്നതാണ്. സോഷ്യല്‍ മീഡിയ പൂര്‍ണമായും ഉപയോഗിക്കാം. സ്പോട്ട് സെയില്‍ നടത്താവുന്ന രീതിയില്‍ പ്ലാന്‍ചെയ്താല്‍ അത് ഏറെ ഗുണംചെയ്യും. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റ് ഷോപ്പുകളിലും ക്ലീന്‍ ചെയ്തതും അരപ്പ് പുരട്ടിയതുമായ മത്സ്യങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. ഹോം ഡെലിവറി സംവിധാനവും ഏര്‍പ്പാടാക്കാം.
റെഡി ടു കുക്ക് ബിരിയാണി പാക്കറ്റുകള്‍
റെഡി ടു കുക്ക് ബിരിയാണി പാക്കറ്റുകള്‍ തയ്യാറാക്കാം. ഇത്തരം പാക്കറ്റുകളിലെ ചേരുവകള്‍കൊണ്ട് 15 മിനിറ്റില്‍ ബിരിയാണി തയ്യാറാക്കി കഴിക്കാന്‍ കഴിയും. വീട്ടിലിരുന്നുതന്നെ ചെയ്യാവുന്ന സംരംഭമാണ് ഇത്.
നിര്‍മാണരീതി: ബിരിയാണിക്ക് ആവശ്യമായ ജീരകശാല, ബസുമതി തുടങ്ങിയ അരികള്‍ മില്ലുകളില്‍നിന്ന് നേരിട്ട് വാങ്ങാം. സാധാരണ ബിരിയാണികളില്‍ ചേര്‍ക്കുന്ന കാരറ്റ്, മല്ലിയില, പുതിന, തക്കാളി, സവാള, കറിവേപ്പില തുടങ്ങിയ പച്ചക്കറികളും ആവശ്യമായ എല്ലാ ചേരുവകളും സുഗന്ധവ്യഞ്ജനങ്ങളും ഉണക്കിപ്പൊടിച്ച് പ്രത്യേകം പാക്ക്‌ചെയ്യുന്നു. അരിയുടെ പാക്കറ്റും ചേരുവകളുടെ പാക്കറ്റും ഒരേ ബോക്സില്‍ പാക്ക് ചെയ്യാം.
അടിസ്ഥാന സൗകര്യങ്ങള്‍ : ഡ്രൈയര്‍, ഗ്രൈന്‍ഡര്‍, ഹീറ്റര്‍, പാക്കര്‍ എന്നിവ സ്ഥാപിച്ച് ഇത്തരം സംരംഭം തുടങ്ങാം. എന്നാല്‍ തുടക്കത്തില്‍ ഇവ കൂടാതെ ചെയ്യുന്നതാണ് നല്ലത്. മിക്കവാറും പ്രദേശങ്ങളില്‍ ഉണക്കുന്നതിനും പൊടിക്കുന്നതിനും മില്ലുകളുണ്ടാവും. ഇവയെ ആശ്രയിക്കാം. വീട്ടില്‍തന്നെ ആരംഭിക്കുകയും ചെയ്യാം. ഫുഡ് സേഫ്റ്റിയുടെ ലൈസെന്‍സ്, പാക്കര്‍ ലൈസെന്‍സ് എന്നിവയാണ് വേണ്ട അടിസ്ഥാന ലൈസെന്‍സുകള്‍. രണ്ടുപേരെങ്കിലും ബിസിനസില്‍ ഉണ്ടായാല്‍ നല്ലത്. ഗുണനിലവാരം ഉറപ്പാക്കണം.
വിപണി : സാധാരണ ബിരിയാണി പാക്കറ്റുകളില്‍ പച്ചക്കറികള്‍ ഉണ്ടാവാറില്ല. മസാലകള്‍ പൊടിച്ചുചേര്‍ക്കേണ്ടതായിവരും. ഇവിടെ എല്ലാം പാക്കറ്റില്‍തന്നെ ലഭിക്കും. 600 ഗ്രാം, 1200 ഗ്രാം പാക്കറ്റുകളില്‍ വിപണിയിലെത്തിക്കാം. സൂപ്പര്‍മാര്‍ക്കറ്റുകള്‍, സ്റ്റേഷനറികള്‍, പലചരക്കുകടകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, തുടങ്ങി എല്ലായിടത്തും നേരിട്ട് വില്‍പ്പനയ്‌ക്കെത്തിക്കാം.
Also Read
വാക്വം ഫ്രൈഡ് ചിപ്‌സ് ബിസിനസ്
ചിപ്സുകള്‍ ആരോഗ്യത്തിന് നല്ലതല്ല എന്ന് പൊതുവേ വിശ്വാസമുണ്ട്. എന്നാല്‍ അമിതമായി എണ്ണയടങ്ങാതെ ചിപ്സുകള്‍ തയ്യാറാക്കുന്ന രീതിയാണ് വാക്വം ഫ്രൈഡ് ചിപ്സ്. 60 ശതമാനംവരെ എണ്ണയുടെ അംശം കുറയ്ക്കാന്‍ വാക്വം ഫ്രൈയിങ്ങിലൂടെ സാധിക്കും. മാത്രമല്ല ഉത്പന്നത്തിന്റെ തനതായ നിറവും രുചിയും നിലനിര്‍ത്താനും സാധിക്കുന്നു.
നിര്‍മാണരീതി : പൊതുവിപണിയില്‍നിന്ന് ജൈവ പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കി 12 മണിക്കൂര്‍ ഫ്രീസ്ചെയ്യുന്നു. ശേഷം ഫ്രൈ ചെയ്ത് സെന്‍ട്രിഫ്യൂഗല്‍ ഡ്രൈയര്‍ മെഷീന്‍ ഉപയോഗിച്ച് എണ്ണ നീക്കി ഉണക്കുന്നു. നൈട്രജന്‍ ഫ്‌ളഷിങ് സംവിധാനത്തില്‍ പാക്ക്‌ചെയ്യുന്നു. ഇവ ആറുമാസംവരെ കേടുകൂടാതെയിരിക്കും. വെണ്ടയ്ക്ക, കാരറ്റ്, ബീറ്റ്റൂട്ട്, പാവയ്ക്ക, ചിക്കു (സപ്പോട്ട), നേന്ത്രപ്പഴം, ചക്ക, കപ്പ തുടങ്ങിയവയെല്ലാം ഇതേരീതിയില്‍ വറുത്തെടുത്ത് വില്‍ക്കാം.
അടിസ്ഥാന സൗകര്യങ്ങള്‍ : വാക്വം ഫ്രൈയിങ് മെഷീന്‍, വെജിറ്റബിള്‍ കട്ടര്‍, സെന്‍ട്രിഫ്യൂഗല്‍ ഡ്രൈയര്‍, നൈട്രജന്‍ പാക്കിങ് മെഷീന്‍, ഫ്രീസറുകള്‍ തുടങ്ങിയവയാണ് പ്രധാന മെഷിനറികള്‍. ചെറിയ യൂണിറ്റിന് 10 ലക്ഷം രൂപയോളം നിക്ഷേപം വരും. 600 ചതുരശ്രയടിയുള്ള കെട്ടിടം ആവശ്യമാണ്. ഒരു സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് തുടക്കത്തില്‍ ജോലി കിട്ടും. മെഷിനറികള്‍ പ്രാദേശികമായി ലഭ്യമാണ്.
വിപണി : ബേക്കറി ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നേരിട്ട് വില്‍ക്കാം. ഓണ്‍ലൈന്‍ വിപണിയും ലഭിക്കും. കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങള്‍, കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്ന് സാങ്കേതികസഹായം ലഭിക്കും.
ഫ്‌ളേവേഡ് സ്‌നാക്‌സുകള്‍
വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള സ്നാക്സുകള്‍ ചെറിയ നിക്ഷേപത്തില്‍ മികച്ചരീതിയില്‍ തയ്യാറാക്കി വില്‍ക്കാം. ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ സുലഭമായി കുറഞ്ഞവിലയില്‍ ലഭിക്കും. കുറഞ്ഞ സാങ്കേതികവിദ്യയും മതി. ഇവ ആരോഗ്യകരമായ സ്നാക്സുകളാക്കി മാറ്റിയാല്‍ വിപണി പിടിക്കാം. നിര്‍മാണരീതി: പ്രധാന അസംസ്‌കൃതവസ്തു ചോളമാണ്. അരിയും ഉപയോഗിക്കാം. എണ്ണ, ഉപ്പ്, മസാലകള്‍, ഫ്‌ളേവറുകള്‍, പാക്കിങ് സാമഗ്രികള്‍ എന്നിവയാണ് മറ്റ് അസംസ്‌കൃത വസ്തുക്കള്‍.
അടിസ്ഥാന സൗകര്യങ്ങള്‍: 1000 ചതുരശ്രയടി കെട്ടിടവും 10 ലക്ഷം രൂപയുടെ മെഷിനറികളും വേണം. മിക്സിങ് മെഷീന്‍, കണ്‍വെയര്‍, റോസ്റ്റര്‍, ഓയില്‍ സ്പ്രെഡ് മെഷീന്‍, പാക്കിങ് മെഷീന്‍ എന്നിവയാണ് സ്‌നാക്സ് നിര്‍മാണത്തിന് ആവശ്യമായ മെഷീനുകള്‍. അഞ്ച് തൊഴിലാളികളും ആവശ്യമായിവരും. നൈട്രജന്‍ പാക്കിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ആകര്‍ഷകമായ പാക്കിങ് കൂടിയുണ്ടെങ്കില്‍ നല്ലത്.
വിപണനം : സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പലചരക്കുകടകള്‍, ബേക്കറി, ഹോട്ടലുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, മറ്റ് ഷോപ്പുകള്‍, റെയില്‍വേയുമായി ബന്ധപ്പെട്ട ഷോപ്പുകള്‍, എന്നിവിടങ്ങളിലെല്ലാം വില്പനയ്ക്ക് സാധ്യതകളുണ്ട്. അഞ്ചുരൂപ മുതല്‍ 20 രൂപവരെ വില വരുന്ന പാക്കറ്റുകളാണ് വേണ്ടത്. വലിയ പരസ്യങ്ങളും ആവശ്യമില്ല. ഫുഡ് സേഫ്റ്റി ലൈസെന്‍സ്, പാക്കര്‍ ലൈസെന്‍സ് എന്നിവ എടുക്കാന്‍ മറക്കേണ്ട.
നിര്‍മിക്കാം നൂഡില്‍സ്
പൊതുവേ മത്സരം കുറഞ്ഞ ഒരു വിപണിയാണ് ്. ഗോതമ്പ്, മൈദ, കപ്പ, ചെറുധാന്യങ്ങള്‍ എന്നിവകൊണ്ട് വ്യത്യസ്തമായ രീതിയില്‍ നൂഡില്‍സ് ഉണ്ടാക്കി വില്‍ക്കാം. ആരോഗ്യഭക്ഷണം എന്ന നിലയില്‍ മൈദ ഒഴിവാക്കിയ നൂഡില്‍സാണ് വിപണിക്ക് സ്വീകാര്യം.
നിര്‍മാണരീതി : എല്ലാത്തരം ധാന്യപ്പൊടികളും ഇതിനായി ഉപയോഗിക്കാം. ധാന്യപ്പൊടികളും വെള്ളവും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ത്ത് കുഴച്ച് നൂല്‍പുട്ട് ഉണ്ടാക്കുന്നതുപോലെ അച്ചിലിട്ട് പ്രസ്സ് ചെയ്‌തെടുക്കുന്നു. ശേഷം ആവിയില്‍ പുഴുങ്ങിയെടുക്കുന്നു. അതിനുശേഷം ഉണക്കി 500 ഗ്രാം, 1000 ഗ്രാം, 250 ഗ്രാം പാക്കറ്റുകളിലാക്കി വില്‍ക്കാം. ഫ്രഷായ ധാന്യപ്പൊടികള്‍ വേണം ഉപയോഗിക്കാന്‍.
സൗകര്യങ്ങള്‍ : പ്രതിദിനം 2 ങഠ നൂഡില്‍സ് വരെ ഉത്പാദിപ്പിക്കാവുന്ന പ്ലാന്റിന് ഏകദേശം 10 ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപമാണ് ആവശ്യമുള്ളത്. ബ്ലെന്‍ഡിങ് മെഷീന്‍, പ്രഷര്‍ എക്വിപ്മെന്റ്സ്, ഡൈ സെറ്റ്, സ്റ്റീമര്‍ മെഷീന്‍, ഡ്രൈയര്‍, പാക്കര്‍ മെഷീന്‍ എന്നിവയാണ് പ്രധാന മെഷിനറികള്‍. ആയിരം ചതുരശ്രയടിയില്‍ വൃത്തിയുള്ള കെട്ടിടവും ആവശ്യമുണ്ട്. എട്ടുപേര്‍ക്കെങ്കിലും ജോലി നല്‍കാനും കഴിയും. 15 ഒജ പവര്‍ വേണം. ഈ പദ്ധതിക്ക് ലളിതമായി വായ്പയും ഉയര്‍ന്ന തോതിലുള്ള സര്‍ക്കാര്‍ സബ്സിഡിയും ലഭിക്കും.
വിപണനം : സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പലചരക്ക് സ്റ്റോറുകള്‍, പച്ചക്കറിക്കടകള്‍ തുടങ്ങിയ എല്ലാത്തരം ഷോപ്പുകളിലൂടെയും വിപണനം നടത്താം. നല്ല ബ്രാന്‍ഡ് ഉണ്ടാക്കി വിദേശവിപണി പിടിക്കുന്നതിനും പറ്റും. ഫുഡ് സേഫ്റ്റി ലൈസെന്‍സ്, പാക്കര്‍ ലൈസെന്‍സ് എന്നിവയാണ് അത്യാവശ്യം എടുത്തിരിക്കേണ്ട ലൈസെന്‍സുകള്‍. ഏടഠ എടുക്കുന്നത് ബിസിനസിനെ വളര്‍ത്തുന്നതിന് ഏറെ ഗുണംചെയ്യും. 30 ശതമാനം അറ്റാദായം പ്രതീക്ഷിക്കാം.
(ടി.എസ്. ച്രന്ദന്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്)
Content Highlights: small business ideas for ladies in kerala startup tips for women
Published: 06 Apr 2024, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented