ബാങ്കില്‍ മാത്രം പോര, ഈ വര്‍ഷം മുതല്‍ ഓഹരിയിലും നിക്ഷേപം നടത്താന്‍ സുധീഷ് തീരുമാനിച്ചു. ആസ്തികള്‍ വൈവിധ്യവത്കരിക്കാനാണ് പ്ലാന്‍. ശമ്പളത്തില്‍നിന്ന് മാസംതോറും നിശ്ചിത ശതമാനം അതിനായി നീക്കിവെയ്ക്കണം. നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ താഴെ പറയുന്ന കാര്യങ്ങളാണ് അദ്ദേഹം പരിഗണിച്ചത്.

ആദായം
ബാങ്ക് എഫ്.ഡികളില്‍നിന്ന് നിശ്ചിത പലിശ ലഭിക്കും. ഓഹരി, കടപ്പത്രം എന്നിവ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ആദായത്തില്‍ വ്യത്യാസമുണ്ടാകും. സാമ്പത്തിക ലക്ഷ്യങ്ങളും അതിനുവേണ്ടി സ്വരുക്കൂട്ടേണ്ട തുകയും കണ്ടെത്തിയ ശേഷമാണ് ഏത് നിക്ഷേപം വേണം എന്ന് തീരുമാനിക്കാന്‍. അഞ്ചോ അതിലധികമോ വര്‍ഷം മുന്നിലുണ്ടെങ്കില്‍, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം പോലുള്ള ലക്ഷ്യങ്ങള്‍ക്ക് ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. 

റിസ്‌ക്
ഉയര്‍ന്ന ആദായം ലഭിക്കാന്‍ അതിന് അനുസരിച്ച് റിസ്‌ക് എടുക്കേണ്ടിവരും. റിസ്‌ക്കുണ്ടെന്ന് കേട്ടാല്‍ ഭയപ്പെട്ട് മാറിനില്‍ക്കുന്നവരാണ് ഏറെപ്പേരും. മുതലെങ്കിലും തിരികെകിട്ടുമോയെന്നാണ് പലര്‍ക്കും അറിയേണ്ടത്. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാണ് ലഭിക്കുന്ന ആദായം-ഇതാണ് റിസ്‌ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഘട്ടംഘട്ടമായി ദീര്‍ഘകാലയളവില്‍ നിക്ഷേപിച്ച് റിസ്‌ക് മറികടക്കാന്‍ കഴിയും. വയസ്സ്, സാമ്പത്തിക സ്ഥിതി, റിസ്‌ക് എടുക്കാനുള്ള ശേഷി എന്നിവ പരിഗണിച്ചു വേണം നിക്ഷേപ അനുപാതം നിശ്ചയിക്കാന്‍.

പണമാക്കല്‍
എഫ്.ഡി ഉള്‍പ്പെടെ പല നിക്ഷേപങ്ങള്‍ക്കും നിശ്ചിത കാലം നിക്ഷേപം തുടരണമെന്ന വ്യവസ്ഥയുണ്ടാകും. നേരത്തെ പിന്‍വലിച്ചാല്‍ പിഴയുണ്ടാകും. പി.പി.എഫിന്റെ നിക്ഷേപ കാലയളവ് 15 വര്‍ഷമാണെന്ന കാര്യം ഓര്‍ക്കുക. ചില വിഭാഗം മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം തിരികെയെടുത്താല്‍ ഒരു ശതമാനം എക്സിറ്റ് ലോഡ് ഈടാക്കും. 
 
നികുതി ബാധ്യത
നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിന്‍വലിക്കുമ്പോഴും വ്യത്യസ്ത രീതിയിലുള്ള നികുതി ബാധ്യതയാണ് വിവിധ പദ്ധതികള്‍ക്കുള്ളത്. പി.പി.എഫില്‍ നിക്ഷേിക്കുമ്പോള്‍ 80സി പ്രകാരം 1.50 ലക്ഷം രൂപവരെ നികുതിയിളവ് ലഭിക്കും. നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ആദായ നികുതി നല്‍കേണ്ടതില്ല. എന്‍.പി.എസിലെ നിക്ഷേപത്തിനും സമാനമായ നികുതിയിളവുണ്ട്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം ഒരുവര്‍ഷത്തിന് ശേഷമാണ് പിന്‍വലിക്കുന്നതെങ്കില്‍ ഒരു സാമ്പത്തിക വര്‍ഷം ഒരു ലക്ഷം രൂപവരെയുള്ള ലാഭത്തിന് നികുതിയില്ല. അതിന് മുകളിലുള്ള തുകയ്ക്ക് 10 ശതമാനമാണ് നല്‍കേണ്ടത്.
 
വിവിധ നിരക്കുകള്‍
നിക്ഷേപം നടത്തുമ്പോള്‍ നിക്ഷേപ മാനേജ്‌മെന്റ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചെലവുകള്‍, മറ്റുള്ള ചാര്‍ജുകള്‍ എന്നിവയെക്കുറിച്ച് ധാരണവേണം. എന്‍ഡോവമെന്റ്, മണിബാക്ക് പോലുള്ള പോളിസികള്‍ക്കാണ് ഉയര്‍ന്ന ഫീസ് ഈടാക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് താരതമ്യേന ചെറിയ ഫീസാണ്. ഏറ്റവും ചെലവ് കുറഞ്ഞ വിപണി അധിഷ്ഠിത നിക്ഷേപ പദ്ധതി എന്‍.പി.എസ് ആണ്. ഓഹരിയില്‍ നിക്ഷേപിക്കാന്‍ ബ്രോക്കര്‍ ഫീസ്, സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്സ്, സ്റ്റാമ്പ് ഡ്യൂട്ടി, അക്കൗണ്ട് പരിപാല നിരക്ക് എന്നിവ ഉണ്ടാകും.