ലൗവ് ബേര്‍ഡ്സ് എന്ന ഓമനപ്പേരില്‍  നമ്മുടെ നാട്ടില്‍  സുപരിചിതരായ പക്ഷികളുടെ യഥാര്‍ത്ഥ പേര് ബഡ്ജറിഗറുകള്‍ (budgerigars) എന്നാണ്. ലോകകമെമ്പാടുമുള്ള പക്ഷിപ്രേമികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചവയാണ് 'ബഡ്ജീസ്' എന്ന് വിളിക്കപ്പെടുന്ന ആസ്ട്രേലിയക്കാരായ ഈ കുഞ്ഞിത്തത്തകള്‍. ഇവ അവിടുത്തെ ആദിമ മനുഷ്യരുടെ  ആഹാരമായിരുന്നുവത്രേ. 'നല്ല ഭക്ഷണം' എന്നാണ്  ഈ പേരിന്റെ അര്‍ത്ഥം. എന്നാല്‍ ഇവരുടെ സൗന്ദര്യത്തില്‍ മതിമറന്ന പക്ഷിപ്രേമികള്‍ ഇവരെ യൂറോപ്പിലും പിന്നീട് ലോകമെമ്പാടും  എത്തിച്ചു. പിന്നീട് നിയന്ത്രിത പ്രജനനത്തിലൂടെ മനം കവരുന്ന നിറവും ലാവണ്യ അടയാളങ്ങളും  കൈവരിച്ച ബഡ്ജികളാണ് ലോകമെങ്ങും വളര്‍ത്തുപക്ഷിവിപണിയിലെ ജനപ്രിയതാരങ്ങള്‍.

സൗഹൃദപക്ഷികള്‍
നല്ല ഇണക്കം, സൗഹൃദഭാവം, അനുകരണശേഷി എന്നിവ കൈമുതലാക്കിയ ഇവര്‍ പക്ഷികളുടെ ലോകത്തെ കിലുക്കാംപെട്ടികളാണ്.  നല്ല രീതിയില്‍ പരിശീലനം ലഭിച്ച  ഇവരില്‍ പലരും പദസമ്പത്തില്‍  ഏറെ മുന്നിലെത്തുമത്രേ. പഠിച്ച പാഠങ്ങള്‍ ഏത് അപരിചിതന്റെ  മുന്നില്‍ പാടാനും ഇവര്‍ക്ക് മടിയില്ല.  മറ്റു തത്തവര്‍ഗ്ഗങ്ങളെ വച്ചു നോക്കുമ്പോള്‍  ശബ്ദം അല്പം കുറവാണ്. എന്നാല്‍ നശീകരണ സ്വഭാവം കുറവാണെന്നത് ഇവരെ മര്യാദക്കാരുടെ നിരയിലെത്തിക്കുന്നു. 

പലവര്‍ണ്ണങ്ങള്‍
വര്‍ണ്ണം, വര്‍ണ്ണ വിന്യാസം, മുഖത്തേയും ശരീരത്തെയും പൊട്ടുകള്‍, അടയാളങ്ങള്‍, കവിള്‍ മറുകുകള്‍, തലപ്പൂവ് തുടങ്ങിയവയില്‍ പുലര്‍ത്തുന്ന വൈവിധ്യങ്ങള്‍ കാരണം ഇവയിന്ന് അറുപതോളം  ഇനങ്ങളായി  വികസിച്ചിരിക്കുന്നു. പച്ച, നീല, പൈഡ്, ലൂട്ടിനോ, ആല്‍ബിനോ, ഓപ്പലിന്‍, സിന്നമണ്‍, ക്ലിയര്‍, വിങ്ങ്സ്, സ്പാംഗിള്‍,ക്രെസ്റ്റ് തുടങ്ങിയവയാണ്  സാധാരണ ഇനങ്ങള്‍. നിറങ്ങളിലെ ഇത്തരം  വൈവിധ്യങ്ങള്‍ പുതിയ നിറവിന്യാസങ്ങള്‍ക്ക്  സാധ്യത നല്‍കുന്നത് ലോകമെങ്ങുമുള്ള പക്ഷിപ്രജനന വിദഗ്ദരെ ആവേശം കൊള്ളിക്കുന്നു. പ്രദര്‍ശന മത്സരങ്ങളില്‍ പങ്കെടുക്കുന്ന വലിപ്പം കൂടിയവയെ ഷോ ബഡ്ജികള്‍ എന്നു വിളിക്കുന്നു. അലങ്കാരപക്ഷികളായി കൂട്ടിലിട്ടു വളര്‍ത്തുന്നവയ്ക്ക് വലുപ്പം കുറവാണ്. പരമാവധി ഏഴിഞ്ച് നീളമുള്ള ഇവയ്ക്ക് നീളം കൂടിയ വാലുകള്‍ കാണപ്പെടുന്നു.

കരുതലോടെ കാക്കാം

കുറഞ്ഞ വിലയില്‍ വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള ലഭ്യതയാണ് പക്ഷിവളര്‍ത്തല്‍ ഹോബിയാക്കിവരുടെ ഇഷ്ട പക്ഷിയാക്കി ഇവരെ മാറ്റുന്നത്. മിതമായ ചൂടും തണുപ്പുമാണ് ഇവര്‍ ഇഷ്ടപ്പെടുന്നതെങ്കിലും ഏതു ദേശത്തും, ആവാസസ്ഥലങ്ങളിലും, ഇവര്‍ ഇണങ്ങിച്ചേരുന്നു. മിതമായ പാര്‍പ്പിട സൗകര്യങ്ങള്‍  മാത്രമേ ഇവര്‍ ആവശ്യപ്പെടുന്നുള്ളൂ. കമ്പിവല കൂടുകളിലാണ് ഇവയെ സാധാരണ പാര്‍പ്പിക്കുന്നത്. വലിയ കൂടുകളില്‍ മണ്‍കലങ്ങള്‍ വച്ച് കൂട്ടമായി വളര്‍ത്തുന്ന കോളനി രീതിയോ, ഓരോ ജോഡിയേയും പ്രത്യേകം പാര്‍പ്പിക്കുന്ന  കേജ് രീതിയോ പിന്‍തുടരാം. ആദ്യത്തെ രീതിയില്‍ പരിപാലനം എളുപ്പമെങ്കിലും വര്‍ഗ്ഗഗുണം  കാലക്രമത്തില്‍ നഷ്ടപ്പെടുന്നു. കാക്ക, പൂച്ച, പാമ്പ് തുടങ്ങിയ ശത്രുക്കളില്‍ നിന്നും  ശക്തിയേറിയ കാറ്റ്, ഈര്‍പ്പം എന്നിവയില്‍ നിന്നും കൂടുകള്‍ക്ക് സംരക്ഷണം നല്‍കണം. കൂട്ടമായി താമസിക്കാന്‍ തന്നെയാണ് ഇവയ്ക്ക് ഏറെയിഷ്ടം. മുട്ടയിടാന്‍ മണ്‍കലങ്ങള്‍ അഥവാ പ്രസവ അറകള്‍  ഒരുക്കണം.  ഒരു ജോഡിയെ പാര്‍പ്പിക്കാന്‍ ചുരുങ്ങിയത് 1x1x2 അടി വിസ്തീര്‍ണ്ണമുള്ള കമ്പിവലക്കൂട് വേണം.

ഭക്ഷണക്രമം
തിനയാണ് ബഡ്ജികളുടെ മുഖ്യ ഭക്ഷണം. ഇത് കഴുകി ഉണക്കിയാണ് നല്‍കാറുള്ളത്. കുതിര്‍ത്ത ഗോതമ്പ് നല്‍കുന്നവരുമുണ്ട്. കണവനാക്ക്, തുളസിയില, പുല്ല്, മല്ലിയില തുടങ്ങിയവയും നല്‍കുന്നു. പ്രജനന കാലത്ത് പ്രത്യേക മൃദുഭക്ഷണം തയ്യാറാക്കി നല്‍കിയാണ് പ്രജനന വിദഗ്ദര്‍  ഇവരെ ഊട്ടുന്നത്. മധുരക്കിഴങ്ങ്, സൂര്യകാന്തിക്കുരു, സോയാബീന്‍, പുഴുങ്ങിയ മുട്ട തൊണ്ടോടുകൂടിയത്, വെളുത്തുള്ളി, യീസ്റ്റ്, ഒലിവ് എണ്ണ, ക്യാരറ്റ്, തേന്‍, ജീവക മിശ്രിതം എന്നിവയൊക്കെ പ്രത്യേക രീതിയില്‍ ചേര്‍ത്താണിത് തയ്യാറാക്കുന്നത്.

വളര്‍ച്ചാഘട്ടം
6-9 മാസം പ്രായമെത്തുമ്പോള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തുമെങ്കിലും ഒരു വയസാകുമ്പോള്‍ ഇണ ചേര്‍ക്കുന്നതാണ് നല്ലത്. വളര്‍ത്താനായി 2-3 മാസം പ്രായമുള്ളവയെ  വാങ്ങുന്നതാണ് നല്ലത്.  മൂന്നുമാസം  കഴിയുമ്പോള്‍ ആദ്യത്തെ തൂവല്‍ പൊഴിക്കല്‍ നടക്കുന്നു. ആണ്‍പക്ഷിയുടെ  ചുണ്ടിനു മുകളില്‍ കാണുന്ന നീലനിറമാണ് അവയെ തിരിച്ചറിയാന്‍  സഹായിക്കുന്നത്.. പെണ്‍പക്ഷി 4-6 മുട്ടകള്‍  ഇടുന്നു. 18 ദിവസമാണ് വിരിയാനുള്ള  ദൈര്‍ഘ്യം. ഇടവിട്ടുള്ള ദിവസങ്ങളില്‍ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ തമ്മില്‍ പ്രായവ്യത്യാസമുണ്ടാകും. ആദ്യത്തെ ആഴ്ച തള്ളയുടെ  ആമാശയ ഭിത്തിയില്‍ നിന്നുള്ള ക്രോപ്പ് മില്‍ക്ക് കുഞ്ഞുങ്ങള്‍ക്ക്  നല്‍കുന്നു.  5 ആഴ്ച പ്രായത്തില്‍ കുഞ്ഞുങ്ങളെ തള്ളയില്‍ നിന്നും വേര്‍പിരിക്കാം.