വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ ചിലപ്പോള്‍ എന്തെങ്കിലും അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഇവ മിക്കപ്പോഴും നിസാരപ്രശ്‌നങ്ങളാകാം. ചില സമയത്ത് ഗുരുതരരോഗങ്ങളുടെ മുന്നറിയിപ്പുമാകാം. അവഗണിക്കാന്‍ പാടില്ലാത്ത ചില ലക്ഷണങ്ങളുണ്ട്. കരുതലോടെ സമീപിക്കേണ്ട ചില പ്രധാനലക്ഷണങ്ങളെക്കുറിച്ച് താഴെ പറയുന്നു.
പനി
രോഗാണുബാധയ്‌ക്കെതിരെ ശരീരം പൊരുതുന്നു എന്നതിന്റെ സൂചനയാണ്, ശരീര താപനില ഉയരുന്നത്. 100.5 മുതല്‍ 102.5 ഡിഗ്രി ഫാരന്‍ഹീറ്റാണ്
നായകളുടെ ശരീരത്തിലെ സാധാരണ താപനില. ഇതിലധികമായാല്‍ വൈദ്യസഹായം തേടണം.
ചുമ
ഇടയ്‌ക്കൊക്കെ ചുമയ്ക്കുന്നത് സ്വാഭാവികമാകാം. പക്ഷേ ചുമ തുടരുകയാണെങ്കില്‍ അത് ഗൗരവമായ പ്രശ്‌നങ്ങളുടെ സൂചനയാണ്. ശ്വസനനാളത്തിലെ തടസ്സം, കെന്നല്‍ കഫ് രോഗം, ശ്വാസകോശത്തിലെ അണുബാധ, ഹൃദയവിരബാധ, ഹൃദ്രോഗം, ശ്വാസകോശാര്‍ബുദം എന്നിവയുടെയൊക്കെ ലക്ഷണമായി ചുമ വരാം.
ശ്വാസതടസ്സവും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും
ഹൃദയത്തിനോ ശ്വാസകോശത്തിനോ അസുഖമൊന്നും ഇല്ലാത്ത നായകള്‍ പെട്ടെന്ന് ശ്വസനതടസ്സമോ ബുദ്ധിമുട്ടോ കാണിച്ചാല്‍ ഉടന്‍തന്നെ വൈദ്യ സഹായം തേടണം. ശ്വാസകോശങ്ങളിലും നെഞ്ചിന്‍കൂടിലും ദ്രാവകം നിറഞ്ഞ് സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയുണ്ട്.
ക്ഷീണിച്ചുവീഴുകയും ബോധക്കേടുണ്ടാവുകയും ചെയ്യുക
ക്ഷീണിച്ചു വീഴുകയും എഴുന്നേല്‍ക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നതിനൊപ്പം ബോധം നഷ്ടപ്പെടുകയും ചെയ്യുകയാണെങ്കില്‍ അത് ഗുരുതരമാണ്.
പെട്ടെന്ന് പഴയ സ്ഥിതിയിലേക്ക് പോയാലും അത് സംശയിക്കണം. നാഡീവ്യവസ്ഥ, മാംസപേശികള്‍, അസ്ഥിവ്യൂഹം, രക്തചംക്രമണവ്യൂഹം, ശ്വസനവ്യവസ്ഥ എന്നിവയില്‍ ഏതെങ്കിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകാം ബോധക്കേടിനു കാരണം.
അസ്വസ്ഥതയോടെ അങ്ങുമിങ്ങുമുള്ള ഓട്ടവും ഓക്കാനവും
വേദനയും അസുഖകരമായ അവസ്ഥയും കൊണ്ടാവും ആകെ അസ്വസ്ഥരായി അങ്ങോട്ടുമിങ്ങോട്ടും നിര്‍ത്താതെ ഓടുന്നത്. ജി.ഡി.വി എന്ന ഗുരുതര ആമാശയ പ്രശ്‌നത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് ഇതെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. വയര്‍പെരുക്കം എന്ന് സാധാരണ ഭാഷയില്‍ വിളിക്കാവുന്ന ഈ രോഗത്തിന്റെ മറ്റൊരു ലക്ഷണം ഓക്കാനമാണ്. ഛര്‍ദിക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചാലും ഒന്നും പുറത്തുവരികയുമില്ല.
കണ്ണിന്റെ ചുവപ്പുനിറം
കണ്ണിന്റെ വെളുത്ത ഭാഗങ്ങള്‍ ചുവപ്പിലേക്ക് മാറുന്നത് കണ്ണിന്റെ ഏതെങ്കിലുമൊരു ഭാഗത്തുണ്ടായിരിക്കുന്ന അണുബാധ അല്ലെങ്കില്‍ നീര്‍വീക്കത്തിന്റെ ലക്ഷണമായിരിക്കാം. അന്ധതയിലേക്ക് വരെ നയിച്ചേക്കാവുന്ന പ്രശ്‌നങ്ങളുടെ സൂചനയാണ് ചുവപ്പു കലര്‍ന്ന കണ്ണുകള്‍.
രക്തം കലര്‍ന്ന മലം, മൂത്രം, ഛര്‍ദ്ദില്‍
നായകളുടെ മലത്തില്‍ കറുത്ത നിറത്തില്‍ രക്തം കാണപ്പെടുന്നതും, രക്തത്തിന്റെ അംശം പ്രത്യക്ഷപ്പെടുന്നതും ഗൗരവത്തോടെ കാണണം. മലത്തില്‍ രക്തം അതേപടി കാണപ്പെടുന്നത് കുടലിലെ രക്തസ്രാവത്തിന്റെ സൂചനയാണ്. മൂത്രത്തില്‍ രക്തം കാണപ്പെടുന്നതിന്റെ കാരണം പലതാകാം. മൂത്രനാളിയിലെ തടസ്സം, ബാക്ടീരിയല്‍ അണുബാധ തുടങ്ങി അര്‍ബുദം വരെ സംശയിക്കാവുന്നതാണ്.
(ഡോ.സാബിന്‍ ജോര്‍ജ്, പ്രൊഫസര്‍, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി)
Content Highlights: list of common dog illness
Published: 20 Aug 2023, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented