വീടിനകത്തളം വ്യത്യസ്തമാക്കാന്‍ ആന്റിക്  ഇന്റീരിയര്‍ ഒരുക്കുന്നത് പണ്ടും ട്രെന്‍ഡാണ്.  ഇത്തരം പുരാവസ്തു സാധനങ്ങള്‍ വലിയ തുക നല്‍കി വാങ്ങി സൂക്ഷിക്കുന്നത് ഹോബിയാക്കിയവരും ധാരാളമുണ്ട്. എന്നാല്‍ ആന്റിക് ഷോപ്പുകളെന്ന് അവകാശപ്പെടുന്ന ഇടങ്ങളില്‍ നിന്ന് വലിയവിലകൊടുത്തു സ്വന്തമാക്കുന്ന സാധനങ്ങള്‍ ഒറിജിനല്‍ തന്നെയാണോ എന്ന് എങ്ങനെ തിരിച്ചറിയുമെന്നാണോ? പുരാവസ്തുക്കളുടെയും കരകൗശല ഉല്‍പന്നങ്ങളുടെയും വിപണനത്തിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. തട്ടിപ്പില്‍ വീഴാതെ ഇവ തിരിച്ചറിഞ്ഞ് സ്വന്തമാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

To advertise here,

ആന്റിക് സാധനങ്ങള്‍ വാങ്ങുമ്പോള്‍
  

  • നൂറ് വര്‍ഷത്തിന് മുകളില്‍ പ്രായമായവമാത്രമാണ് പുരാവസ്തു എന്ന ഗണത്തില്‍ പെടുത്തുന്നത്. അത്തരം സാധനങ്ങള്‍ കേരളത്തിന്റെ മാര്‍ക്കറ്റുകളില്‍ വളരെ കുറവാണ്. മാത്രമല്ല, കൃത്യമായ രേഖകളോടെ മാത്രമേ പുരാവസ്തുക്കള്‍ കൈവശം വയ്ക്കാനും കൈമാറ്റം ചെയ്യാനും കഴിയൂ. ഇത്തരം സാധനങ്ങളാണെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ ആദ്യം രേഖകള്‍ ആവശ്യപ്പെടണം. 
  • പഴയ മാതൃകയിലുള്ള സാധനങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്ന രീതിയുണ്ട്. പ്രത്യേകിച്ചും ഫര്‍ണിച്ചറുകള്‍. ഒറ്റനോട്ടത്തില്‍ പഴയതെന്നു തന്നെ തോന്നും. മോഡല്‍ എന്ന പേരിലാണ് ഇവ വില്‍ക്കുന്നത്. പുരാവസ്തുക്കളുടെ ലഭ്യത നമ്മുടെ വിപണിയില്‍ വളരെ കുറവാണ്. അവയുമായി സാമ്യമുള്ള പുനര്‍ നിര്‍മിച്ചവയാണ് ഇപ്പോള്‍ വിപണിയില്‍ ഏറെയും. അലങ്കാരങ്ങള്‍ക്ക് വേണ്ടി നല്‍കുന്നവയില്‍ ഏറെയും ഇത്തരത്തിലുള്ള സാധനങ്ങളാണ്.
  • കരകൗശല ഉല്‍പന്നങ്ങളെ രാസപ്രക്രിയകളിലൂടെ നിറ വ്യത്യാസം വരുത്തി പുരാവസ്തുവെന്നു തോന്നിപ്പിക്കാന്‍ കഴിയുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. പലരും ഇവ കണ്ട് തെറ്റിദ്ധരിച്ച് സാധനം വാങ്ങുകയും ചെയ്യും. നോണ്‍ ആന്റിക് സര്‍ട്ടിഫിക്കറ്റോടെയാണ് ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയവ വില്‍ക്കുന്നത്. 
  • വീട് പണിയുമ്പോള്‍ പഴമയുടെ ചെറിയൊരു അംശമെങ്കിലുംവേണമെന്ന് മലയാളിക്ക് നിര്‍ബന്ധമാണ്. ഇവരെ ലക്ഷ്യം വെച്ച് രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പഴയവീടുകളുടെ ഉരുപ്പടികളും വെള്ളി, പിച്ചള, ഓട് കൊണ്ടുള്ള പലതരം നിര്‍മിതികളുമൊക്കെ ആന്റിക് ഷോപ്പുകളില്‍ എത്താറുണ്ട്. 
  • വര്‍ഷങ്ങളായി ആന്റിക് സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥലങ്ങളുണ്ട്. അത്തരം ഷോപ്പുകളിലെത്തി സാധനങ്ങള്‍ വാങ്ങുന്നതാണ് ഉത്തമം. മാത്രമല്ല പുരാവസ്തുക്കളും ആന്റിക് സാധനങ്ങളും വാങ്ങാനായി ഗവണ്‍മെന്റ് അംഗീകൃത ലൈസന്‍സുള്ള ഷോപ്പുകളെ മാത്രം ആശ്രയിക്കാം.  
  • പുരാവസ്തു വാങ്ങുന്നതിന് മുമ്പ് എന്തിനാണ് ഇത് വാങ്ങുന്നതെന്നും എന്താണ് വേണ്ടെതന്നും കൃത്യമായി തീരുമാനിക്കണം. അതിനുശേഷമേ കടയിലെത്താവൂ. വീട് അലങ്കരിക്കാനാണെങ്കില്‍ അത് എവിടെ വയ്ക്കണം, വാസ്തുപരമായി (വിശ്വാസമുണ്ടെങ്കില്‍) അത് വീടിനുള്ളില്‍ വയ്ക്കാമോ, എന്താണ് വേണ്ടത് (പ്രതിമകള്‍, പാത്രങ്ങള്‍, നിര്‍മിതികള്‍) എന്നിവയെല്ലാം കൃത്യമായി ആലോചിച്ച് അവ ലഭിക്കുന്ന സ്ഥലത്ത് തന്നെ പോകാം. ഇത് സമയവും പണവും ലാഭിക്കാന്‍ സഹായിക്കും. ഹോബിയാണെങ്കില്‍ രേഖകള്‍ തന്നെയാണ് പ്രധാനം. അവ കൃത്യമായി പരിശോധിച്ചിരിക്കണം. വാങ്ങുമ്പോള്‍ വിദഗ്ധനായ ഒരാളുടെ ഉപദേശം സ്വീകരിക്കാം.  
  • ചിത്രങ്ങളുടെ പുരാവസ്തു മൂല്യം കണക്കാക്കുന്നത് 75 വര്‍ഷത്തിനു മുകളിലേക്കാണ്. രാജാരവിവര്‍മയുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയില്‍ ഏറെയും. അതുകൊണ്ടുതന്നെ മറ്റ് ഏതെങ്കിലും ചിത്രങ്ങളുടെ പേരിലുള്ള തട്ടിപ്പുകളെ കരുതിയിരിക്കണം. 
  • കൗതുകവസ്തുക്കള്‍ ശേഖരിക്കുന്നവരാണ് മലയാളികളിലെ പുരാവസ്തുപ്രിയരില്‍ ഏറെയും. കബളിപ്പിക്കപ്പെടാന്‍ ഏറെ സാധ്യതയുള്ളവരും ഈ വിഭാഗത്തില്‍ പെട്ടവരാണ്. അതുകൊണ്ട് തന്നെ പുരാവസ്തു എന്നപേരില്‍ വെച്ചുനീട്ടുന്നതിനെയെല്ലാം കണ്ണടച്ചു വാങ്ങാതിരിക്കുക.
  • കേരളത്തില്‍ വീടുകള്‍ അലങ്കരിക്കാനുള്ള സാധനങ്ങള്‍ക്കുള്ള ആവശ്യക്കാരാണ് ഏറെ. പഴയ വീടുകള്‍ പൊളിച്ചുവരുന്ന ഉരുപ്പടികളോടാണ് അവര്‍ക്ക് താല്‍പര്യം. അതില്‍തന്നെ 120 വര്‍ഷം വരെ പഴക്കമുള്ളവ മാത്രമേ ഇപ്പോള്‍ വിപണിയിലുള്ളൂ. അതിന്റെയും ലഭ്യത കുറഞ്ഞുവരികയാണ്. 

പൊന്നുപോലെ സൂക്ഷിക്കാം
 
ആന്റിക് സാധനങ്ങള്‍ വെറുതേ വാങ്ങി വെച്ചതുകൊണ്ടായില്ല. അവയ്ക്ക് കൃത്യമായ പരിചരണം നല്‍കിയാലേ എക്കാലവും ഈടുനില്‍ക്കൂ.

  1. പോളിഷ് ചെയ്യുക, വലിയ രീതിയിലുള്ള കേടുപാടുകള്‍ തീര്‍ക്കുക തുടങ്ങിയവ ആന്റിക് ഫര്‍ണിച്ചറുകളുടെ സ്വാഭാവിക ഭംഗി നശിപ്പിക്കും. അവയുടെ പഴക്കമാണ് ഭംഗി എന്ന് ഓര്‍ക്കുക. 
  2. നേരിട്ട് നിരന്തരം സൂര്യപ്രകാശം പതിയുക, നനയുക തുടങ്ങിയവ സ്വാ
  3. ഭാവികത നശിപ്പിക്കും. ആയുസ്സ് കുറയ്ക്കുകയും ചെയ്യും. സോപ്പ്, വീര്യം കൂടിയ അണുനാശിനികള്‍ എന്നിവ ഉപയോഗിച്ച് ആന്റിക് സാധനങ്ങള്‍ വൃത്തിയാക്കരുത്. 
  4. വാക്വം ക്ലീനര്‍ ഉപയോഗിച്ച് എല്ലാദിവസവും പൊടി നീക്കാം. മൃദുലമായ തുണി ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്യാം.  
  5. ആന്റിക് ഫര്‍ണിച്ചറുകളില്‍ വാക്‌സ് പോളിഷിങ് നല്‍കുന്നത് ഇവ കൂടുതല്‍ കാലം ഈടുനില്‍ക്കാന്‍ സഹായിക്കും. 
  6. ആന്റിക് ക്ലോക്കുകളിലെ യന്ത്രഭാഗങ്ങളില്‍ ഇടയ്ക്കിടെ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത് അവ കൂടുതല്‍കാലം പ്രവര്‍ത്തിക്കാന്‍ സഹായിക്കും. അത്തരം ക്ലോക്കുകളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതും അമിതമായി ഈര്‍പ്പമടിക്കുന്നതും ഒഴിവാക്കണം. ആന്റിക് ക്ലോക്കുകള്‍ നന്നാക്കാന്‍ കഴിവുള്ള വിദഗ്ധര്‍ ഇപ്പോള്‍ വിരളമാണ്.
  7. പെയിന്റിങ്ങുകള്‍ സോഫ്റ്റായ പൊടിതട്ടികള്‍കൊണ്ട് മാത്രം വൃത്തിയാക്കാം. ഓരോ ചിത്രങ്ങളും വരയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പെയിന്റുകള്‍ക്ക് ചിലപ്പോള്‍ കാലാവസ്ഥയ്ക്കനുസരിച്ച് രാസമാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കൃത്യമായി താപനിലയില്‍ വേണം ഇവ സൂക്ഷിക്കാന്‍. ചിത്രങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈയില്‍ ഗ്ലൗസുകള്‍ അണിയണം. 
  8. ആന്റിക് പാത്രങ്ങള്‍ താപനിലയിലുണ്ടാവുന്ന വ്യത്യാസം കൊണ്ട് പൊട്ടിയും പൊടിഞ്ഞും പോകാം. ഇത് ഒഴിവാക്കാന്‍ കൃത്യമായ താപനിലയില്‍ വേണം ഇവ സൂക്ഷിക്കാന്‍. മൃദുലമായ തുണി ഉപയോഗിച്ച് മാത്രം തുടച്ച് വൃത്തിയാക്കാം. ഇല്ലെങ്കില്‍ പോറലുകള്‍ വീഴാന്‍ ഇടയുണ്ട്.  ഈ പാത്രങ്ങള്‍ ഒന്നിച്ച് കൂട്ടിയിടുകയോ പരസ്പരം ഉരയുകയോ ചെയ്യുന്നതും ഒഴിവാക്കാം. 

പുരാവസ്തു അല്ലെങ്കിലും സര്‍ട്ടിഫിക്കറ്റ് വാങ്ങാം  
 
കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ധാരാളം സ്ഥാപനങ്ങളുണ്ട്  നാട്ടില്‍. പുരാവസ്തുക്കളുടെ രൂപത്തിലുള്ള അത്രയും പഴക്കമില്ലാത്ത സാധനങ്ങളാണ് ഇവ. സ്വദേശികളും വിദേശികളുമുള്‍പ്പെടെ ധാരാളം പേര്‍ ഇത്  വാങ്ങാറുണ്ട്. എന്നാല്‍ നോണ്‍ ആന്റിക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ അവ ഇന്ത്യയ്ക്ക് പുറത്തേക്കു കൊണ്ടുപോകാന്‍ കഴിയൂ. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഓരോ സംസ്ഥാനങ്ങളിലും വിദഗ്ധരടങ്ങുന്ന കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പുരാവസ്തുവെന്നു തോന്നുന്നവയെല്ലാം രജിസ്റ്റര്‍ ചെയ്ത ശേഷം പിന്നീട് അതിന്റെ ഉടമസ്ഥര്‍ക്ക് അപ്പീല്‍ നല്‍കി അവ പുരാവസ്തുവല്ലെന്നു തെളിയിക്കാനുള്ള അവസരമുണ്ട്. ആന്റിക്  ഷോപ്പുകള്‍ക്കും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതി വേണം.

കൈമാറ്റത്തിന്

ആന്റിക് അല്ലെങ്കില്‍ നോണ്‍ ആന്റിക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വസ്തുക്കള്‍ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ രേഖകളോടെ കൈമാറ്റം ചെയ്യുന്നതിനു തടസ്സമില്ല. പക്ഷേ  ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതി വാങ്ങണം. ആരുടെ പേരിലാണോ കൈമാറ്റം ചെയ്യുന്നത് അവരുടെ പേരില്‍ ഉടമസ്ഥാവകാശം മാറ്റുകയും വേണം. എന്നാല്‍  പുരാവസ്തുക്കള്‍ ഇന്ത്യയ്ക്കു പുറത്തേക്കു കൊണ്ടു പോകാന്‍ പാടില്ല. എക്‌സിബിഷന്‍ പോലെയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ ഇതിന് ഇളവുണ്ട്. 

രജിസ്റ്റര്‍ ചെയ്യുന്ന വിധം
   
പുരാവസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു ഫോമുണ്ട്. നൂറ് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളതാണെങ്കില്‍ ഇവ എങ്ങനെ കൈവശം വന്നുവെന്ന് അതില്‍ വ്യക്തമാക്കണം. വിലകൊടുത്തു വാങ്ങിയതാണോ, പാരമ്പര്യമായി കൈമാറ്റം ചെയ്തു കിട്ടിയതാണോ, സമ്മാനമായി ലഭിച്ചതാണോ? ഖനനം ചെയ്തപ്പോള്‍ ലഭിച്ചതാണോ തുടങ്ങിയവയെല്ലാം അതില്‍ രേഖപ്പെടുത്തണം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ നിയോഗിച്ച രജിസ്റ്ററിങ് ഓഫീസറാണ് സര്‍ട്ടിഫിക്കറ്റ്  നല്‍കേണ്ടത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഫോം ലഭിക്കും.

കടപ്പാട്
- സണ്ണി ലൂയിസ് മലയില്‍
ക്രാഫ്‌റ്റേഴ്‌സ് ആന്റിക്ക്, ജൂത തെരുവ്, മട്ടാഞ്ചേരി

- ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 
(http://asiegov.gov.in/)