ഉറക്കം മെച്ചപ്പെടുത്താൻ മെലറ്റോണിനും മഗ്‌നീഷ്യവും ഉൾപ്പെടെയുള്ള സപ്ലിമെന്റുകൾ പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ ഉത്കണ്ഠയും മാനസിക സമ്മർദവും കുറച്ച് മനസ്സിന് ശാന്തത നൽകാൻ സഹായിച്ചേക്കാവുന്ന മറ്റൊരു ഔഷധസസ്യമുണ്ട്, ലെമൺ ബാം (Lemon Balm). പുതിനയുടെ കുടുംബത്തിൽപ്പെട്ട ഈ സുഗന്ധസസ്യം പണ്ടുമുതലേ പരമ്പരാഗത ചികിത്സാരീതികളിൽ ഉപയോഗിച്ചുവരുന്നതാണ്. ഹെർബൽ ചായകളിലും ഉറക്കത്തിനായുള്ള ചില സപ്ലിമെന്റുകളിലും ലെമൺ ബാം പ്രധാന ചേരുവയാണ്. ലെമൺ ബാമിന്റെ ഗുണങ്ങളെപ്പറ്റി വിദഗ്ധർ പറയുന്നതിങ്ങനെയാണ്:

ആന്റിഓക്സിഡന്റ്, ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള വിവിധ സസ്യസംയുക്തങ്ങൾ എന്നിവ ലെമൺ ബാമിലുണ്ട്. ഇതിൽ പ്രധാനമാണ് റോസ്മാരിനിക് ആസിഡ്. നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നതിലൂടെ ഉത്കണ്ഠയും മാനസിക സമ്മർദവും കുറയ്ക്കാൻ ഇത് സഹായിച്ചേക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

മനസ്സിന് ശാന്തത ലഭിക്കുമ്പോൾ ഉറക്കത്തിന്റെ ഗുണനിലവാരത്തിലും പുരോഗതിയുണ്ടാകാം. ആർത്തവത്തിന് മുമ്പുള്ള മാനസിക അസ്വസ്ഥതകൾ, ഉറക്കപ്രശ്‌നങ്ങൾ, ആർത്തവവിരാമത്തോടനുബന്ധിച്ചുള്ള സമ്മർദം എന്നിവയിലും ലെമൺ ബാമിന് ഗുണകരമായ സ്വാധീനമുണ്ടാകാമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

സപ്ലിമെന്റുകൾ ഉപയോഗിക്കാമോ?
ലെമൺ ബാമിന്റെ ഗുണങ്ങളെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും, മനുഷ്യരിൽ അതിന്റെ ഫലപ്രാപ്തി ഉറപ്പിക്കാൻ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ആവശ്യമാണ്. എത്ര അളവിൽ, എത്രകാലം ഉപയോഗിക്കണം എന്നതിലും വ്യക്തമായ ധാരണയില്ല. അതിനാൽ ഉറക്കപ്രശ്‌നങ്ങൾക്കുള്ള ഉറപ്പായ പരിഹാരമായി ഇതിനെ കാണരുത്.

ഹെർബൽ ചായയായോ സപ്ലിമെന്റായോ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടുന്നതാണ് ഉചിതം. പ്രത്യേകിച്ച് സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർ, ഗർഭിണികൾ, മുലയൂട്ടുന്നവർ, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവർ എന്നിവർ സ്വയം ചികിത്സ ഒഴിവാക്കണം.

പ്രകൃതിദത്തമായ ചേരുവയാണെന്നത് മാത്രം സുരക്ഷിതമാണെന്നതിന് ഉറപ്പല്ല. നല്ല ഉറക്കത്തിനായി ആരോഗ്യകരമായ ദിനചര്യയും മാനസിക സമ്മർദം നിയന്ത്രിക്കുന്ന ശീലങ്ങളും പ്രധാനമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi