കുഞ്ഞ് ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുമ്പോഴും, ജോലിത്തിരക്കിനിടയിലും മറ്റും കുഞ്ഞിന്റെ സാന്നിധ്യം ബുദ്ധിമുട്ട് സൃഷ്ടിക്കുമ്പോഴും, യാത്രാവേളകളില്‍ കുഞ്ഞിനെ അടക്കിയിരുത്താനുമൊക്കെയുള്ള എളുപ്പവഴിയാണ് മൊബൈല്‍ ഫോണ്‍ പോലുള്ള ഗാഡ്ജറ്റ് ഉപയോഗം. കുഞ്ഞിന്റെ ശ്രദ്ധ ക്ഷണിക്കാനായി നമ്മളില്‍ പലരും ഒടുവില്‍ എത്തിച്ചേരുന്ന ഏകമാര്‍ഗമാണത്. പൂര്‍ണ്ണമായ ഇഷ്ടത്തോടു കൂടിയല്ലെങ്കിലും മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ ഓടിച്ചാടിക്കളിക്കേണ്ട പ്രായമുള്ള കുഞ്ഞുങ്ങളെ വരെ മൊബൈലിന്റെയോ, ടെലിവിഷന്റെയോ സ്‌ക്രീനിന് മുന്‍പില്‍ പിടിച്ചിരുത്താന്‍ മാതാപിതാക്കള്‍/മുതിര്‍ന്നവര്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന പ്രവണത കൂടുതല്‍ കണ്ടുവരാറുണ്ട്. മൊബൈലിന്റെയോ, ടെലിവിഷന്‍ സ്‌ക്രീനിന്റെയോ മുന്നില്‍ അമിതമായി സമയം ചെലവഴിക്കുന്നത് കുഞ്ഞിന്റെ ജീവിതത്തില്‍ പലതരത്തിലുള്ള ദോഷങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. 

ബുദ്ധിപരമായ വളര്‍ച്ച
രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് സ്‌ക്രീനില്‍ കാണുന്ന ആശയങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുന്നതിനും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും പരിമിതികളുണ്ട്. മുതിര്‍ന്നവരില്‍ നിന്നോ, തങ്ങളെക്കാള്‍ ചില കഴിവുകളില്‍ മുന്നില്‍ നില്‍ക്കുന്ന സമപ്രായക്കാരില്‍ നിന്നോ നേരിട്ട് ഇടപെട്ട് മനസ്സിലാക്കുന്നതിനോളം അറിവ് സ്‌ക്രീനില്‍ നിന്ന് കുഞ്ഞിന് ലഭിക്കില്ലെന്നാണ് കണ്ടെത്തല്‍. എന്നിരുന്നാലും കോ-വ്യൂയിങ് (Co-Viewing) അഥവാ മുതിര്‍ന്നവരോടൊത്തുള്ള സ്‌ക്രീന്‍ കാണല്‍ കുഞ്ഞുങ്ങള്‍ക്ക് ഉപകാരപ്രദമാണെന്നും സൂചനകളുണ്ട്. മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവരോടൊപ്പം ഒരുമിച്ചിരുന്ന് കാണുന്ന സന്ദര്‍ഭങ്ങള്‍ കുട്ടികളുമായി കൂടുതലായി ഇടപെടാനുള്ള അവസരങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നു എന്നതും കാണുന്ന വിഷയങ്ങളെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കുവാനും കൂടുതല്‍ അറിവ് ലഭ്യമാക്കാനും സാധിക്കുന്നു എന്നതുമാണ് കോ-വ്യൂയിങ്ങിന്റെ സവിശേഷതകളായി കണക്കാക്കുന്നത്. 

ഭാഷാവളര്‍ച്ച
രണ്ടോ, മൂന്നോ വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളിലെ അമിത സ്‌ക്രീന്‍ ഉപയോഗം ഭാഷാപരമായ വളര്‍ച്ചയില്‍ താമസം സൃഷ്ടിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഈ പ്രായപരിധിയിലുള്ള കുഞ്ഞുങ്ങള്‍ക്ക് വീഡിയോകളില്‍ നിന്ന് ലഭിക്കുന്ന പദാവലിയേക്കാള്‍ അധികം മുതിര്‍ന്നവരോടൊപ്പമുള്ള സംഭാഷണങ്ങളില്‍ നിന്നും അവരോടുള്ള ചോദ്യോത്തരങ്ങളില്‍ നിന്നുമാണ് ലഭിക്കുക. പരസ്പര സംഭാഷണങ്ങള്‍ക്കുള്ള ഇത്തരം അവസരങ്ങളാണ് ഭാഷാപരമായ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുക. ഭാഷാപരമായ വളര്‍ച്ചയിലെ കാലതാമസം മാത്രമല്ല സ്‌കൂള്‍ പഠനത്തിന്റെ പ്രാരംഭഘട്ടത്തിലും ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്, വായിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയിലേക്ക് നയിക്കുവാനും അമിത സ്‌ക്രീന്‍ ഉപയോഗം കാരണമാകുന്നു.

സാമൂഹികവും വികാരപരവുമായ വളര്‍ച്ചയെയും അമിത സ്‌ക്രീന്‍ ഉപയോഗം ദോഷകരമായി സ്വാധീനിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ സാമൂഹിക-വൈകാരിക വളര്‍ച്ചയെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ഘടകം അവരുടെ കളികളാണ്. എന്നാല്‍ സ്‌ക്രീന്‍ ഉപയോഗത്തിന്റെ ദൃശ്യപരതയില്‍നിന്ന് മാത്രം സാമൂഹികവും വൈകാരികവുമായ ഇടപെടലുകള്‍ സാധിക്കാതെ വരുന്നു.

ശ്രദ്ധാപരമായ ബുദ്ധിമുട്ടുകള്‍
ഒരേ സമയം ഒരുകാര്യത്തില്‍ ശ്രദ്ധചെലുത്തുക എന്നത് ആശയം മനസ്സിലാക്കുന്നതില്‍ നിര്‍ണ്ണായകഘടകമാണ്. എന്നാല്‍, സ്‌ക്രീനില്‍ പല നിറത്തിലും വെളിച്ചത്തിലും മിന്നിമറയുന്ന കാഴ്ചകള്‍ കുഞ്ഞിന്റെ തലച്ചോറിനെ ഉദ്ദീപിപ്പിക്കുകയും ആശയം മനസ്സിലാക്കാനുള്ള സമയം നല്‍കാതെ കടന്നുപോവുകയുമാണ് ചെയ്യുന്നത്. ഇത് കുഞ്ഞിന്റെ ശ്രദ്ധയെ ദോഷകരമായി ബാധിക്കും. ഒന്നിലും പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാതെ ഒരു വീഡിയോയില്‍ നിന്ന് അടുത്ത വീഡിയോയിലേക്ക് നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന രീതിയും കുഞ്ഞുങ്ങളില്‍ കണ്ട് വരാറുണ്ട്. ഇത് വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ ഉള്‍പ്പെടെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് നയിച്ചേക്കാം. 

ആത്മനിയന്ത്രണം കുറയുന്ന അവസ്ഥ
വിരസത അനുഭവിക്കുക എന്നതും ആ വിരസതയെ സ്വാഭാവികമായി തരണം ചെയ്യേണ്ടത് എങ്ങനെയെന്ന് സ്വയം പഠിച്ചെടുക്കുക എന്നതും കുഞ്ഞിന്റെ സ്വാഭാവികമായ വളര്‍ച്ചയിലെ പ്രധാനഘടകമാണ്. അവരില്‍ ക്രിയാത്മകവും പ്രചോദനപരവുമായ ആശയങ്ങള്‍ സ്വയം രൂപംകൊള്ളാന്‍ ഈ അവസ്ഥ സഹായകരമാകും. എന്നാല്‍ നിരന്തരമായി ഇടതടവില്ലാതെ സ്‌ക്രീന്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് വിരസത അനുഭവപ്പെടാനുള്ള സാധ്യത കുറയുകയും അഥവാ വിരസത അനുഭവപ്പെട്ടാല്‍ അത് വീണ്ടും സ്‌ക്രീനിലെ കാഴ്ചകളിലേക്ക് സ്വയം തിരിയുവാനുള്ള ഉള്‍പ്രേരണ ഉണ്ടാക്കുകയും മാത്രമാണ് ചെയ്യുന്നത്. സര്‍ഗ്ഗാത്മകതയും ക്രിയാത്മകതയും വളരാനുള്ള സാഹചര്യം ഇവിടെ ഇല്ലാതെ പോകുന്നു. 

പ്രത്യേകം ശ്രദ്ധിക്കാം
കുഞ്ഞ് സ്വന്തം പേരിനോട് പ്രതികരിക്കാതിരിക്കുക, സംസാരിക്കുമ്പോള്‍ മുഖത്ത് നോക്കാതിരിക്കുക, വിളിച്ചാല്‍ തിരിഞ്ഞ് നോക്കാതിരിക്കുക (കേള്‍വിക്കുറവ് അനുഭവപ്പെടുന്നു എന്ന് സംശയിക്കത്തക്ക തരത്തില്‍), മറ്റ് കുട്ടികളോടോ മുതിര്‍ന്നവരോടോ കൂടെ ചേര്‍ന്ന് കളിക്കാന്‍ താല്‍പര്യം കാണിക്കാതിരിക്കുക, കളിപ്പാട്ടങ്ങള്‍ എടുക്കുക-വെക്കുക തുടങ്ങിയ ചെറിയ നിര്‍ദ്ദേശങ്ങള്‍ പോലും ഒരു വയസ്സിന് ശേഷവും അനുസരിക്കാതെ വരിക, പരിചിതമായ സാധനങ്ങളുടെ പേര് കേട്ടാല്‍ തിരിച്ചറിയാതെയിരിക്കുക, ഒന്നര വയസ്സിനപ്പുറവും ഒറ്റവാക്കുകളില്‍ ആശയവിനിമയം നടത്താന്‍ സാധിക്കാതെ വരിക, രണ്ട് വയസ്സിന് ശേഷവും കൂട്ടം ചേര്‍ന്നുള്ള കളികളില്‍ താല്‍പര്യം പ്രകടിപ്പിക്കാതിരിക്കുക (പരിസരം മറന്ന് ഒറ്റയ്ക്കിരുന്ന് കളിക്കുന്നതില്‍ മാത്രം സന്തോഷം കണ്ടെത്തുക), മൂന്ന് വയസ്സിന് ശേഷവും വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ചെറിയവാചകങ്ങള്‍ പറയാന്‍ കഴിയാതെ വരിക... തുടങ്ങിയ സാഹചര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. 

യന്ത്രങ്ങളില്‍ നിന്നും സ്വായത്തമാക്കാന്‍ സാധിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് കാര്യങ്ങള്‍ മനുഷ്യസംസര്‍ഗ്ഗത്തില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാകുന്നു എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. എത്ര ശ്രദ്ധ നേടിയെടുക്കുന്ന വീഡിയോകള്‍ കാണിച്ചാലും അത് മനുഷ്യസംസര്‍ഗ്ഗത്തില്‍ നിന്ന് ലഭിക്കുന്ന ആശയവിനിമയത്തിന് തുല്യമാകുന്നില്ലെന്നാണ് ഇതിന്റെ സൂചന. മാത്രമല്ല കാണുന്ന വീഡിയോകളിലെ ആശയങ്ങള്‍ പ്രായത്തിനനുസരിച്ചുള്ളവയല്ലാതെ വരുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും കുഞ്ഞിന് ലഭിക്കുന്നുമില്ല. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളിലെ സ്‌ക്രീന്‍ ഉപയോഗം പ്രായത്തിനനുസരിച്ച് പരിമിതപ്പെടുത്തുകയോ സമയബന്ധിതമാക്കുകയോ ചെയ്യുന്നതും, മുതിര്‍ന്നവരോട് ഇടപെടാനും സമപ്രായക്കാരോടൊപ്പം കളിക്കാനും ആരോഗ്യകരമായ വിനോദങ്ങളില്‍ ഏര്‍പ്പെടാനുമുള്ള സാഹചര്യം ബോധപൂര്‍വം തന്നെ മാതാപിതാക്കള്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നതും ഏറെ ഗുണകരമായേക്കും.

(കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ ആസ്റ്റര്‍ എന്റിച്ച്-ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഹെഡാണ് ലേഖിക)