ശക്തിമാനിലൂടെയും ബിആർ ചോപ്രയുടെ മഹാഭാരതത്തിൽ ഭീഷ്മ പിതാമഹന്റെ വേഷത്തിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ് മുതിർന്ന നടൻ മുകേഷ് ഖന്ന. നിതേഷ് തിവാരിയുടെ വരാനിരിക്കുന്ന ഇതിഹാസ ചിത്രം 'രാമായണ'ത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ശ്രീരാമനെ ചിത്രീകരിച്ചിരിക്കുന്ന രീതിയോടാണ് മുകേഷിന് എതിർപ്പ്. കഥാപാത്രത്തിന്റെ അമിതമായ ആക്ഷൻ രംഗങ്ങളെയും വിഎഫ്എക്സിന്റെ അമിത ഉപയോഗത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

'ബോളിവുഡ് നൗ'വിന് നൽകിയ അഭിമുഖത്തിൽ, രൺബീർ കപൂർ ശ്രീരാമനായി എത്തുന്ന ഒരു രംഗത്തെ മുകേഷ് പ്രത്യേകമായി ചൂണ്ടിക്കാണിച്ചു. അതിൽ കഥാപാത്രം മരത്തിൽ കയറി അമ്പ് തൊടുക്കുന്നത് കാണാം. താൻ വായിച്ചതോ കണ്ടതോ ആയ രാമായണത്തിന്റെ പതിപ്പുകളിൽ ഇത്തരത്തിലുള്ള ചിത്രീകരണം കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “രാമൻ മര്യാദാ പുരുഷോത്തമനാണ്. പുഞ്ചിരിക്കുമായിരുന്നു. ശ്രീരാമനെ സൽമാൻ ഖാനും അമിതാഭ് ബച്ചനും രജനികാന്തുമാക്കി മാറ്റിയിരിക്കുന്നു.”-അദ്ദേഹം പറഞ്ഞു.

ശ്രീരാമനെ ഒരു “മാൻ ഓഫ് ആക്ഷൻ” ആക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. മുകേഷിന്റെ അഭിപ്രായത്തിൽ, അന്താരാഷ്ട്ര പ്രേക്ഷകർ രാമായണത്തെ പ്രാഥമികമായി ഒരു ഫാന്റസി വിഷ്വൽ ആയാണ് കാണുന്നത്, അതേസമയം ഇന്ത്യൻ കാഴ്ചക്കാർ ശ്രീരാമനെ മതവിശ്വാസവുമായും സാംസ്കാരിക ധാരണയുമായും ബന്ധപ്പെടുത്താനാണ് സാധ്യത. “ഇന്ത്യയിൽ നിങ്ങൾ രാമനെ കാണിക്കുകയാണെങ്കിൽ, ഭക്തിയോടെ കാണിക്കുക.”-അദ്ദേഹം പറഞ്ഞു.

സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായെത്തുന്നത്. യഷ് രാവണനായും. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗം ഇക്കൊല്ലം ദീപാവലിക്കും രണ്ടാം ഭാഗം അടുത്ത വർഷം ദീപാവലിക്കും റിലീസ് ചെയ്യാനാണ് പദ്ധതി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi