
കൈകോർത്തുപിടിച്ച് നടക്കുന്ന വയോധികരുടെ ദൃശ്യങ്ങൾ പഴയ പാട്ടുകൾ ചേർത്ത് റീലാക്കി 'ഇതാണ് സ്നേഹം' എന്ന് അടിക്കുറിപ്പുമിട്ട് പോസ്റ്റ് ചെയ്യുന്നവർ, വീഡിയോയ്ക്ക് വന്ന കമന്റുകളിലെ അഭിനന്ദനത്തിന് നന്ദിയായി സ്മൈലികൾ വാരി വിതറുന്നു. എന്നാൽ ഇതാണ് സ്നേഹമെന്ന് ഉറപ്പിച്ച് പറയുമ്പോൾ റീൽ നിർമാതാവ് വീട്ടിൽ അതു പ്രാവർത്തികമാക്കാറുണ്ടോ? റീലിൽ പ്രേമഗാനം ചേർക്കുമ്പോൾ ജീവിതപങ്കാളി വന്ന് ഒരു കാര്യം പറയുമ്പോൾ 'ഞാനിവിടെ സീരിയസായ ഒരു കാര്യം ചെയ്യുകയാണ്' എന്നു പറഞ്ഞു തഴയാറുണ്ടാകാം. മൊബൈൽ ഫോണെന്ന കുഞ്ഞുപകരണം നമ്മുടെ ജീവിതശൈലിയിലും ചിന്തകളിലും ബന്ധങ്ങളിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലോകം കൈത്തുമ്പിലെത്തിയെങ്കിലും മാതാപിതാക്കളും പങ്കാളിയും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിനോടുള്ള ഉത്തരവാദിത്തത്തിൽനിന്ന് ശ്രദ്ധ മാറ്റാൻ പലപ്പോഴും മൊബൈൽ കാരണമാകുന്നു. ഇതുമൂലം പല ദാമ്പത്യബന്ധങ്ങളും തകർന്നതായി സൈക്കോളജിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നു.
മൊബൈൽ ഫോണിന്റെ അമിതോപയോഗത്തിൽ ഉരുത്തിരിഞ്ഞൊരു വാക്കാണ് ഫബിങ് (Phubbing). ഫോൺ, അവഗണന (snubbing) എന്നീ വാക്കുകൾ ചേർന്നാണ് ഫബിങ് രൂപമെടുത്തത്. ജീവിതപങ്കാളി സംസാരിക്കുമ്പോൾ അതിനുശ്രദ്ധ കൊടുക്കാതെ ഫോണിൽ മുഴുകിയിരിക്കുന്ന അവസ്ഥയാണിത്. കണ്ണുകളിൽ നോക്കി സംസാരിക്കാതിരിക്കുന്നതും കൂടെയുള്ള ആൾ പറയുന്നതിന് കൃത്യമായ മറുപടി നൽകാതിരിക്കുന്നതും കുടുംബമൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഫോൺ സ്‌ക്രീനിൽ നോക്കിയിരിക്കുന്നതും ആളുകളോട് നേരിട്ട് ഇടപഴകുന്നതിനെക്കാൾ സാമൂഹിക മാധ്യമം പരിശോധിക്കുന്നതിന് പ്രാധാന്യം നൽകുന്നതും ആവശ്യമില്ലെങ്കിൽ പോലും ഇടയ്ക്കിടെ ഫോൺ പരിശോധിക്കുന്നതും ഇതിന്റെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. ഈ അശ്രദ്ധ പങ്കാളിയിൽ കടുത്ത മാനസിക വിഷമമുണ്ടാക്കിയേക്കാം. തന്നേക്കാൾ പ്രാധാന്യം ഫോണിന് കൊടുക്കുന്നുണ്ടെന്ന ചിന്ത ദാമ്പത്യത്തിൽ അസ്വാരസ്യമുണ്ടാക്കിയേക്കാം.
വൈകാരിക അകൽച്ച: സന്തോഷവും സങ്കടവും പങ്കാളികൾ പങ്കുവെയ്ക്കുന്നത് ആരോഗ്യകരമായ ദാമ്പത്യത്തിന്റെ ലക്ഷണമാണ്. ഫോൺ ഉപയോഗം കൂടുന്നത് ഇത്തരത്തിലുള്ള ഷെയറിങ് കുറയ്ക്കും. സമയവും ശ്രദ്ധയും കുറയും. ഇത് വൈകാരികമായ അടുപ്പം കുറയ്ക്കും. അവഗണിക്കപ്പെടുന്ന പങ്കാളികളിൽ ഒറ്റപ്പെടലും വിഷാദവുമുണ്ടാക്കും. ഫോൺ ഇടയ്ക്കിടെ പരിശോധിക്കുന്നത് ഏകാഗ്രത കുറയ്ക്കാനും മാനസിക സമ്മർദം കൂട്ടാനും കാരണമായേക്കാം.
റീലല്ല റിയൽ: സാമൂഹികമാധ്യമങ്ങളിൽ മറ്റു ദമ്പതിമാർ പങ്കുവെയ്ക്കുന്ന സന്തോഷകരമായ നിമിഷങ്ങൾ കാണുമ്പോൾ സ്വന്തം ജീവിതം ശോകമാണെന്ന തോന്നലുണ്ടാക്കാം. പങ്കാളിയുടെ ചെറിയ പോരായ്മ പോലും സാമൂഹിക മാധ്യമങ്ങളിലെ 'സംതൃപ്തദമ്പതിമാരു'ടെ ജീവിതങ്ങളുമായി താരതമ്യപ്പെടുത്താൻ തുടങ്ങുന്നതോടെ അസ്വസ്ഥതകളുടലെടുക്കാം.
കിടപ്പറയിലും സ്‌ക്രീനെന്ന വില്ലൻ: ഉറങ്ങുന്നതിന് മുമ്പ് അൽപസമയം സംസാരിക്കുന്നതും സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതും ഒരുദിവസം അവസാനിപ്പിക്കാനുള്ള മനോഹരമായ വഴിയാണ്. എന്നാൽ ഇന്ന് മിക്കവരും ആ സമയത്ത് രണ്ടു ഫോണുകളിൽ റീൽസ് കണ്ടോ സോഷ്യൽമീഡിയ സ്‌ക്രോൾ ചെയ്തോ കിടക്കും. ഇത് മാനസികവും ശാരീരികവുമായ അടുപ്പം കുറയ്ക്കും.
വഴക്കും സംശയവും: കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങൾക്കും ഫോൺ കാരണമാകും. വീട്ടിലെ ഉത്തരവാദിത്തങ്ങളും കുടുംബാംഗങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ ഫോണിൽ മുഴുകുന്നത് വഴക്കിനും പിരിമുറുക്കങ്ങൾക്കും വഴിതുറക്കും.
പരിഹാരമെന്ത്?
1. ഭക്ഷണം കഴിക്കുന്ന സമയത്തും കിടക്കുന്ന സമയത്തും ഫോൺ മാറ്റിവെച്ച് സംസാരിക്കാം. ബെഡ്‌റൂമിലേക്ക് ഫോൺ കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക. ഫോണിലെ അലാമിന് പകരം സാധാരണ അലാം ക്ലോക്ക് ഉപയോഗിക്കുന്നത് കിടപ്പുമുറിയിലെ ഫോണുപയോഗം ഒഴിവാക്കാനുള്ള ഒരു വഴിയാണ്.
2. ആഴ്ചയിലൊരിക്കൽ ഫോൺ തീരെ ഉപയോഗിക്കാതെയും സോഷ്യൽ മീഡിയയിൽനിന്ന് അകന്നുനിന്നും കുടുംബത്തിനൊപ്പം ചെലവഴിക്കാം. സിനിമയ്ക്കോ ഉല്ലാസയാത്രയ്ക്കോ പോകാം.
3. പങ്കാളികൾ തമ്മിൽ സമയം പങ്കിടുമ്പോൾ ഫോണിലെ ഔദ്യോഗിക കാര്യങ്ങളല്ലാത്ത നോട്ടിഫിക്കേഷൻ ഓഫാക്കിയിടാം. സോഷ്യൽ മീഡിയ ആപ്പുകൾ ഇടയ്ക്കിടെ നോക്കാൻ പ്രേരിപ്പിക്കുന്നത് ഈ നോട്ടിഫിക്കേഷനുകളാണ്.
4. പങ്കാളി സംസാരിക്കാനൊരുങ്ങുമ്പോൾ ഫോൺ മാറ്റിവെയ്ക്കുകയോ ലാപ്ടോപ്പ് ഓഫ് ചെയ്യുകയോ ആവാം. അവരുടെ കണ്ണുകളിൽ നോക്കി സംസാരിക്കണം. അത് പരസ്പര ബഹുമാനത്തിന്റെയും കരുതലിന്റെയും ലക്ഷണമാണ്.
5. ഫോണിന്റെ ഡിസ്പ്ലേ കറുപ്പും വെളുപ്പുമായി മാറ്റുക. ഗ്രേ സ്‌കെയിൽ മോഡ് എന്നാണ് ഇതിനു പറയുക. ഇതു ഫോൺ ഉപയോഗം വിരസമാക്കുകയും അതുവഴി സ്‌ക്രീൻ സമയം കുറയ്ക്കുകയും ചെയ്യും
6. സാമൂഹിക മാധ്യമ ആപ്പുകൾക്ക് സമയം നിശ്ചയിക്കാം. ഡിജിറ്റൽ വെൽബീയിങ് പോലുള്ള ഫീച്ചറുകളോ ഇതിനായുള്ള ആപ്പുകളോ ഉപയോഗിച്ച് ദിവസംതോറുമുള്ള ഉപയോഗപരിധി നിശ്ചയിക്കാം. ഫോറസ്റ്റ്, വൺ സെക്, ഫ്രീഡം, സ്റ്റേ ഫ്രീ തുടങ്ങിയ ആപ്പുകൾ സ്‌ക്രീൻ ടൈം കുറയ്ക്കുന്നത് സഹായിക്കും.
7. അത്യാവശ്യമുള്ളവയൊഴികെ ബാക്കി സാമൂഹിക മാധ്യമ ആപ്പുകൾ ഫോൾഡറുകളിലാക്കി വെയ്ക്കുന്നതും ഇടയ്ക്കിടെയുള്ള ഉപയോഗം കുറയ്ക്കും.
8. ഫോൺ ഉപയോഗം പങ്കാളിയെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ തുറന്നു സംസാരിക്കാനും മാറ്റങ്ങൾ വരുത്താനും ശ്രമിക്കുക. പെട്ടെന്ന് ഫോൺ പൂർണമായി ഒഴിവാക്കുന്നതിനു പകരം പടിപടിയായി ഉപയോഗം കുറച്ചുകൊണ്ടുവരുന്നതാണ് ഉചിതം. ഫോണുപയോഗം ബോധപൂർവമായ ശ്രമങ്ങൾ കൊണ്ട് കുറഞ്ഞില്ലെങ്കിൽ മനശ്ശാസ്ത്ര വിദഗ്ധരെ സമീപിക്കാം.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. നീതു സുരേഷ് പാർവതി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കോഴിക്കോട്
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Phubbing is a combination of phone and snubbing, describing the act of ignoring a partner for a mobile phone., Excessive mobile use leads to emotional detachment, loneliness, and depression in relationships., Constantly comparing real-life partners with idealized couples on social media reels causes marital discord., Psychologists warn that smartphone distraction damages family responsibilities and communication.
Published: 02 Oct 2026, 01:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented