ഇക്കുറി മൂന്നു മെഡലുകളുമായാണ് വിത്യ രാംരാജ് ഏഷ്യൻ ഗെയിംസിൽനിന്ന് തിരിച്ചെത്തുന്നത്. ഏറ്റവും അവസാനം റിലേയിൽ സ്വർണം കരസ്ഥമാക്കിയതോടെ ഏഷ്യൻ ഗെയിംസിൽ മൂന്ന് മെഡലുകളായി അവർക്ക്. വനിതകളുടെ 4x400 മീറ്റർ റിലേയിലാണ് സ്വർണം നേടിയത്. ടീമിൽ വിത്യയ്ക്ക് പുറമെ കിരൺ പഹൽ, എം.ആർ.പൂവമ്മ, പ്രാചി എന്നിവരുമുണ്ടായിരുന്നു. 3:29.69 സെക്കന്റിലാണ് സംഘം ഫിനിഷ് ചെയ്തത്. മാത്രമല്ല, അവസാനലാപ്പിൽ ഓടിയ വിത്യയാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ സ്വർണം ഉറപ്പിച്ചതും. വിത്യ അവസാനലാപ്പിൽ ഓടിത്തുടങ്ങുമ്പോൾ ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. അവിടുന്നാണ് അവർ വിജയത്തിലേക്ക് കുതിച്ചെത്തിയത്.
നേരത്തെ 400 മീറ്റർ ഹർഡിൽസിലും മിക്‌സഡ് 4x400 മീറ്റർ റിലേയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു വിത്യ. മിക്‌സഡ് റിലേയിൽ വെള്ളിമെഡലാണ് ലഭിച്ചത്. ഹർഡിൽസിൽ വെങ്കലമെഡൽ നേടിയ താരം, ഒളിമ്പ്യൻ പി.ടി.ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോഡ് അതിനിടയിൽ തിരുത്തുകയും ചെയ്തു. 400 മീറ്റർ ഹർഡിൽസിൽ 1984-ലെ ഒളിമ്പിക്‌സിൽ പി.ടി.ഉഷ കുറിച്ച സമയമാണ് വിത്യയുടെ പ്രകടനത്തിനുമുന്നിൽ വഴിമാറിയത്.
55.42 സെക്കന്റായിരുന്നു ഉഷയുടെ സമയം. വിത്യ 54.75 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. 2023-ലെ ഏഷ്യൻ ഗെയിംസിൽ വിത്യ, ഉഷയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. ഇക്കുറി അത് തിരുത്തുകയും ചെയ്തു. ഈ ഇനത്തിൽ വിത്യയുടെ തുടർച്ചയായ രണ്ടാം മെഡലാണിത്. മാത്രമല്ല ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ സ്വർണം, വെള്ളി, വെങ്കലമെഡലുകൾ നേടുന്ന താരമായി മാറുകയും ചെയ്തു വിത്യ.
കോയമ്പത്തൂരിലാണ് വിത്യ ജനിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽനിന്നാണ് വരവ്. സ്‌പോർട്‌സ് ഒന്നും സ്വപ്‌നം പോലും കാണാൻ കഴിയാത്ത കാലം. അവിടുന്നാണ് വിത്യയുടെ വരവ്. അച്ഛനൊരു ലോറി ഡ്രൈവറാണ്. വിത്യ ഉൾപ്പെടെ മൂന്നുപെൺകുട്ടികളാണ് രാംരാജ്-മീന ദമ്പതിമാർക്കുള്ളത്. തുടക്കകാലത്ത് കുടുംബം പോറ്റാനായി വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്നു രാംരാജിന്.
വിത്യയ്‌ക്കൊരു ഇരട്ടസഹോദരിയുണ്ട്, നിത്യ. അവരും അത്‌ലെറ്റ് തന്നെ. ചെറുപ്പത്തിൽ ഇരട്ടസഹോദരങ്ങൾക്ക് ഫീൽഡ് ഹോക്കിയോടായിരുന്നു താത്പര്യം. അതിനുശേഷമാണ് അത്‌ലെറ്റിക്‌സിനോട് ഇഷ്ടം തോന്നുന്നത്. വൈകാതെ ഈറോഡിലുള്ള സ്‌പോർട്‌സ് സ്‌കൂളിൽ ചേർന്നു. കോളേജ് പഠനകാലത്ത് നാഷണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുത്തു. അവിടെവെച്ച് സ്വർണമെഡലുകളും കരസ്ഥമാക്കി.
സ്പോർട്സ് ക്വാട്ടയിൽ ബിബിഎ പഠനം പൂർത്തിയാക്കി. 2018-ൽ പട്യാലയിൽ നടന്ന ദേശീയ അത്ലറ്റിക് ക്യാമ്പിൽ ചേർന്നു. എന്നാൽ തുടക്കകാലത്ത് ഒന്നും അത്ര എളുപ്പമായിരുന്നില്ല വിത്യയ്ക്ക്. ഭാഷയാണ് അക്കാലത്ത് ഏറെ പ്രശ്‌നങ്ങളുണ്ടാക്കിയത്. പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളും അലട്ടി. അപ്പെൻഡിസൈറ്റിസിനുള്ള ശസ്ത്രക്രിയ നടത്തിയത്, ഒളിമ്പിക് ട്രയൽസിനുള്ള തയ്യാറെടുപ്പുകൾ തടസ്സപ്പെടുത്തി. സ്‌പോർട്‌സ് ഉപേക്ഷിക്കാൻ മാതാപിതാക്കൾ സമ്മർദം ചെലുത്തിയെങ്കിലും, വിത്യ തയ്യാറായില്ല. 2022-ൽ, കോച്ച് നെഹ്പാൽ സിങ് റാത്തോഡിന്റെ കീഴിൽ സഹോദരിയോടൊപ്പം പരിശീലനം നേടുന്നതിനായി അവർ ചെന്നൈയിലേക്ക് താമസം മാറി. 2022-ലെ ഏഷ്യൻ ഗെയിംസിൽ വിത്യയും നിത്യയും പങ്കെടുത്തിരുന്നു. ആ ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ റിലേയിൽ വെള്ളിമെഡലും 400 മീറ്റർ ഹർഡിൽസിൽ വെങ്കലമെഡലും കരസ്ഥമാക്കി.
കരസ്ഥമാക്കുകയും ചെയ്തു.
എങ്കിലും ഏറ്റവും അഭിമാനകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ അതിന് വിത്യ നൽകുന്ന മറുപടി ഇങ്ങനെ, ''അച്ഛനോട് ഇനി ജോലി ചെയ്യേണ്ട എന്നു പറഞ്ഞത്''. സാമ്പത്തികമായി മെച്ചപ്പെട്ടപ്പോഴാണ് അച്ഛനോട് ജോലിക്ക് പോകണ്ടായെന്നും വിശ്രമിക്കാനും ആവശ്യപ്പെട്ടത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vithya Ramraj won three medals (Gold, Silver, Bronze) at the Asian Games., She broke P.T. Usha's 42-year-old national record in the 400m hurdles., Overcame immense financial struggles and health challenges with family support., Daughter of a lorry driver, she achieved national glory through sheer determination
Published: 01 Oct 2026, 04:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented