
കാൽനൂറ്റാണ്ട് കടക്കുന്ന അഭിനയജീവിതം. വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും പകരംവെക്കാനാവാത്ത നൂറോളം കഥാപാത്രങ്ങൾ. ചിരിപ്പിച്ചും ചൊടിപ്പിച്ചും കരയിച്ചും വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന താരം. ക്യാമറ ചലിച്ചുതുടങ്ങിയാൽ കഥാപാത്രത്തിലേക്കുള്ള പകർന്നാട്ടമാണ് പിന്നെ. രശ്മി ബോബനെന്ന നടിക്ക് അഭിനയമെന്നത് ജീവിതം തന്നെയാണ്. കടന്നുപോയ കാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അവർ പറയും 'ഞാൻ ഹാപ്പിയാണ്.'
ജ്വാലയായ് തുടക്കം
2000-ത്തിന്റെ തുടക്കകാലത്ത് ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന 'ജ്വാലയായ്' എന്ന സീരിയലിലൂടെയാണ് 19- കാരിയായ രശ്മി ബോബൻ മലയാളി കുടുംബപ്രേക്ഷകർക്ക് സുപരിചിതയായത്. ''പ്രേക്ഷകർ എന്നെ ആദ്യമായി കാണുന്നത് ആ സീരിയലിലൂടെയാണ്. പക്ഷേ, ഞാൻ ആദ്യമായി അഭിനയിക്കുന്നത് കൈരളി ടി.വി.യിലെ 'അസൂയപ്പൂക്കളി'ൽ ആയിരുന്നു. 'ജ്വാലയായ്' എനിക്ക് വലിയൊരു വഴിത്തിരിവായിരുന്നു. ഒരു തുടക്കക്കാരിക്ക് കിട്ടാവുന്ന വലിയ പ്രിവിലേജ്. സീരിയലിൽ, നെടുമുടി വേണുച്ചേട്ടന്റെ മകളുടെ കഥാപാത്രമായിരുന്നു എന്റേത്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ദൂരദർശനിൽ ചെയ്ത ഓരോ കഥാപാത്രവും ആളുകളുടെ ഓർമ്മയിലുണ്ട്.''
ആങ്കറിങ്ങിലൂടെയാണ് കണ്ണൂർ സ്വദേശിനിയായ രശ്മി ടെലിവിഷൻ ലോകത്തേക്കെത്തുന്നത്. ''അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അച്ഛന്റെ സ്ഥലംമാറ്റങ്ങൾക്കനുസരിച്ച് പലയിടങ്ങളിലായായിരുന്നു ജീവിതം. അങ്ങനെ അവസാനം തിരുവനന്തപുരത്തെത്തി. ആ സമയം ഒരു ചാനലിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട് ആങ്കറിങ്ങിന് ആളെ വേണമെന്നറിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം പോയി. ഞാൻ തിരഞ്ഞെടുക്കപ്പെട്ടു.
എന്റെ നൃത്താധ്യാപിക വഴിയാണ് 'അസൂയപ്പൂക്കളി'ലേക്ക് വിളിക്കുന്നത്. മൂകയും ബധിരയുമായ ഒരു പാവം കഥാപാത്രത്തിലേക്കായിരുന്നു ആദ്യം തിരഞ്ഞെടുത്തത്. പക്ഷേ, എന്നെ കണ്ടപ്പോൾ, അസൂയയും കുശുമ്പുമുള്ള മറ്റൊരു കഥാപാത്രം നൽകി.''
മനസ്സിനരികെ സിനിമ
2003-ൽ 'മനസ്സിനക്കരെ'യിലെ മോളിക്കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ബോബൻ സിനിമയിലേക്ക് ചുവടുവെക്കുന്നത്. ''സീരിയലിലൂടെത്തന്നെയാണ് സിനിമയിലേക്കുള്ള അവസരം വന്നത്. അക്കാലത്ത് കെ.കെ. രാജീവ് സംവിധാനം ചെയ്ത, എന്റെ ഒരു സീരിയൽ സത്യൻ സാർ (സത്യൻ അന്തിക്കാട്) കാണാറുണ്ടായിരുന്നു. അങ്ങനെ അദ്ദേഹം എന്നെ അന്വേഷിച്ച് എത്തി.
'മനസ്സിനക്കരെ'യിൽ വേണുച്ചേട്ടൻ, ഷീലാമ്മ, സിദ്ദിഖ് ഏട്ടൻ തുടങ്ങിയ വർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. ഏഴെട്ടു പേരുൾപ്പെട്ട കോമ്പിനേഷൻ സീൻ ഷൂട്ട് ചെയ്യുകയായിരുന്നു. ആ സീനിന്റെ അവസാനം എനിക്ക് ഡയലോഗ് ഉണ്ട്. അതോടെ നെഞ്ചിടിപ്പുയർന്നു. ഡയലോഗ് തെറ്റിച്ചാൽ വീണ്ടും റീടേക്ക് പോകേണ്ടി വരുമല്ലോ. പക്ഷേ, പ്രശ്‌നമൊന്നും ഉണ്ടായില്ല.''
ഓർമ്മകൾക്ക് നന്ദി
'ജ്വാലയായ്', 'സൂര്യകാന്തി', 'അങ്ങാടിപ്പാട്ട്', 'വീണ്ടും ജ്വാലയായ്'... വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ രശ്മി ബോബൻ പ്രേക്ഷകഹൃദയങ്ങളിൽ നിറഞ്ഞുനിന്നു.
''അങ്ങാടിപ്പാട്ടിലെ സീത എന്ന കഥാപാത്രത്തെയും 'ജ്വാലയായി'ലെ ഡോ. പാർവതിയെയുമൊക്കെ വർഷങ്ങൾക്കുശേഷവും ചിലർ ഓർത്തുപറയുമ്പോൾ അദ്ഭുതം തോന്നും. ഇന്ന് ഒരുപാട് ചാനലുകളുണ്ട്, ഒരു ചാനലിൽ തന്നെ എത്രയോ സീരിയലുകളും. എന്നിട്ടും അന്നത്തെ കഥാപാത്രങ്ങളെ ആളുകൾ ഓർത്തെടുക്കുന്നു. അതൊരു ക്രെഡിറ്റാണ്.''
അഭിനയ പാഠങ്ങൾ
ഓരോ അവസരവും പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്ന് രശ്മി. ''ഈ മേഖലയിൽ എങ്ങനെ നിലനിൽക്കണം, മെച്ചപ്പെടുത്താൻ എന്തൊക്കെ ചെയ്യണം എന്നൊക്കെ അനുഭവങ്ങളിലൂടെയാണ് പഠിക്കുന്നത്. ഓരോ ദിവസവും അഭിനയത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കും. വർഷങ്ങൾ മുൻപുചെയ്ത കഥാപാത്രങ്ങൾ കാണുമ്പോൾ പോലും, 'അന്ന് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു' എന്ന് തോന്നാറുണ്ട്.
പ്രത്യേകിച്ചൊരു ലക്ഷ്യബോധവുമില്ലാത്ത ഒരാളായിരുന്നു ഞാൻ. ടി.വി.യിൽ കോംപയറിങ്ങിലേക്ക് എത്തിയതും മുൻകൂട്ടി തീരുമാനിച്ചതുപ്രകാരമല്ല. സീരിയലിലേക്ക് വരുമെന്നും പ്രതീക്ഷിച്ചതല്ല. സിനിമയും എന്റെ വിഷ്ലിസ്റ്റിൽ ഉണ്ടായിരുന്നില്ല.
ഞാൻ എപ്പോഴും കംഫർട്ട് സോണിൽ മാത്രം വർക്ക് ചെയ്തുകൊണ്ടിരുന്ന ആളായിരുന്നു. വീട്ടിൽ നിന്ന് പോയ് വരാൻ പറ്റാവുന്ന അകലത്തിലുള്ള വർക്കുകളേ ചെയ്തിരുന്നുള്ളൂ. തുടക്കത്തിൽ സിനിമാ അവസരങ്ങൾ വന്നിരുന്നു. പക്ഷേ, വീട്ടിൽനിന്ന് വിട്ടുനിൽക്കേണ്ടിവരന്നതിനാൽ ചെയ്തില്ല.
സത്യൻ സാറിന്റെ സിനിമയിൽ അവസരം വന്നപ്പോൾ വീട്ടിൽ വലിയ പ്രോത്സാഹനമായിരുന്നു. അന്ന് മൂത്ത മകൻ തീരെ കുഞ്ഞാണ്. കുടുംബത്തിന്റെ പിന്തുണയോടെയാണ് സിനിമയിലേക്ക് പോകുന്നത്. എന്റെ കംഫർട്ട് സോൺ വിട്ടുപോയ അനുഭവമായിരുന്നു അത്.''
കഥാപാത്രങ്ങൾ, മാറ്റങ്ങൾ
''ഓരോ കഥാപാത്രങ്ങൾ ചെയ്യുമ്പോഴും രൂപത്തിലും വേഷത്തിലും ഭാവത്തിലും വ്യത്യാസം കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. പലപ്പോഴും ഒരേ സമയത്ത് രണ്ട് ചാനലുകളിൽ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളായി പ്രേക്ഷകരുടെ മുന്നിലെത്തേണ്ടി വരും. ഒരു വിധത്തിലും സാമ്യം തോന്നരുത്.
'അമ്മേ മൂകാംബികേ' എന്ന സീരിയലിലെ ഇന്ദുമതിയും 'സുഖമോ ദേവി'യിലെ അരുന്ധതിയും രണ്ട് നെഗറ്റീവ് കഥാപാത്രങ്ങളാണ്. രൂപത്തിലും അവതരണത്തിലും ഡയലോഗ് പറയുന്നതിൽപോലും മാറ്റങ്ങൾ സ്വയം വരുത്തണം. സീരിയലുകളുടെ ഷൂട്ടും തൊട്ടടുത്ത ദിവസങ്ങളിലായിരിക്കും.'' ഒരു കഥാപാത്രത്തിൽനിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് സ്വിച്ചിട്ടതുപോലെ മാറുക പ്രധാനമാണെന്നും അവർ.
ആ രഹസ്യം
രണ്ടര പതിറ്റാണ്ടായി അഭിനയമേഖലയിൽ നിലനിൽക്കുന്നതിന്റെ രഹസ്യവും രശ്മി പങ്കുവെച്ചു.
''ഇതുവരെ വലിയ ഇടവേളയൊന്നും എടുത്തിട്ടില്ല. സിനിമാ ആവശ്യവുമായി ബന്ധപ്പെട്ട് എറണാകുളത്തേക്ക് താമസം മാറ്റിയപ്പോഴും, പ്രസവം, മക്കളുടെ പഠനം പോലുള്ളവയ്ക്കും ചെറിയ ഇടവേളകൾ എടുത്തിരുന്നു. 19-ാം വയസ്സുമുതൽ സാമ്പത്തികസ്വാതന്ത്ര്യം ഉള്ളയാളാണ്. എന്റെ കാര്യങ്ങൾക്ക് മറ്റാരെയും ആശ്രയിക്കേണ്ടി വന്നിട്ടില്ല. കിട്ടിയ അവസങ്ങളിൽ ഞാൻ പരിപൂർണ സന്തോഷവതിയാണ്. എത്ര വലിയ കലാകാരനായാലും ജോലിസ്ഥലത്തെ അച്ചടക്കം, വർക്ക് എത്തിക്സ് എന്നിവയെല്ലാം പ്രധാനമാണ്. ആരുടെയും അടിമയായി നിൽക്കണമെന്നല്ല. ചെറിയവനെന്നോ വലിയവനെന്നോ ഇല്ലാതെ പരസ്പരം ബഹുമാനിക്കുക.''
ഓട്ടം നെട്ടോട്ടം
ടെലിവിഷൻ മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും രശ്മിക്ക് പറയാനുണ്ട്. ''റേറ്റിങ് യുദ്ധം നടക്കുകയാണ്. മലയാളം സീരിയലിന് ചാനലുകൾ മുടക്കുന്ന പണം തമിഴ്, തെലുഗു ഭാഷകളിലുള്ള സീരിയലുകളെ അപേക്ഷിച്ച് കുറവാണെന്നാണ് തോന്നിയിട്ടുള്ളത്. അതിനാൽ പ്രൊഡക്ഷൻ ഹൗസുകൾ ഒറ്റ ദിവസംകൊണ്ട് ഒന്നിലേറെ സീനുകളോ എപ്പിസോഡുകളോ ഷൂട്ട് ചെയ്യും. അതോടെ ആർട്ടിസ്റ്റുകൾ ശരിക്കും സമ്മർദ്ദത്തിലാവും. ഒരു സീൻ കഴിയുമ്പോൾ അടുത്ത സീൻ ഷൂട്ട് ചെയ്യാനുള്ള തിരക്കാകും. ചിലപ്പോൾ ഒന്നിരിക്കാൻ പോലും സമയം കിട്ടില്ല. യാന്ത്രികമായിരിക്കും എല്ലാം. ഇതിനിടയിൽ പെർഫോം ചെയ്യാനുള്ള ഒന്നോ രണ്ടോ സീനുകൾ വല്ലപ്പോഴും വരുമ്പോഴാണ് ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ സന്തോഷം കിട്ടുക.
സീരിയലുകളിലിപ്പോൾ വ്യത്യസ്തമായ കഥകൾ കുറവാണെന്ന് തോന്നിയിട്ടുണ്ട്. ഓരോ ചാനലും ഒരേ കഥ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിട്ടതുപോലെ. പ്രേക്ഷകർ പുതുമ വേണമെന്ന് പറയുന്നുണ്ടെങ്കിലും അത് സ്വീകരിക്കാൻ അവർ തയ്യാറല്ല. എപ്പോഴും അവർക്ക് പരിചിതമായ ചില കാര്യങ്ങൾ വേണം. കുറച്ച് മസാല, ഗിമ്മിക്കുകൾ, തമ്മിലടി, മെലോഡ്രാമ എന്നിങ്ങനെ.''
സിനിമ/സീരിയൽ
സിനിമയാണോ സീരിയലാണോ കൂടുതലിഷ്ടം എന്ന ചോദ്യത്തിന് രശ്മിയുടെ മറുപടി ഇങ്ങനെയായിരുന്നു.
''കംഫർട്ട് വച്ചുനോക്കുമ്പോൾ സിനിമയാണ് ഇഷ്ടം. പക്ഷേ, സ്ഥിരമായി തൊഴിൽ നൽകുന്നത് സീരിയലുകളാണ്. ഓരോ മാസവും നിശ്ചിത ദിവസം ഷൂട്ട് ഉണ്ടാകും. എന്നാൽ ഈ മാസം ഒരു സിനിമ ചെയ്താൽ, ചിലപ്പോൾ ആറോ ഏഴോ മാസം കഴിഞ്ഞായിരിക്കും എന്നെപ്പോലൊരു ആർട്ടിസ്റ്റിന് അടുത്ത അവസരം കിട്ടുന്നത്. ഞാൻ ബന്ധങ്ങൾ നിലനിർത്തുന്ന ആളല്ല. അവസരങ്ങൾ ചോദിക്കുന്നതും കുറവാണ്. മുൻപ് ഒരു വർഷം നാലോ അഞ്ചോ സിനിമകൾ ചെയ്തിരുന്നു. ഇപ്പോൾ വർഷത്തിൽ ഒരു സിനിമയെ വരുന്നുള്ളൂ.
സീരിയലിൽ മറ്റൊരു പ്രശ്നം ഡേറ്റ് ക്ലാഷാണ്. സീരിയൽ ഷൂട്ട് നിശ്ചയിച്ച അതേ ദിവസമായിരിക്കും സിനിമയിലും ഷൂട്ട് ഉണ്ടാവുക. അത്തരത്തിൽ അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. പലരും പറയും, 'ഒറ്റ ദിവസത്തെ കാര്യമല്ലേ. സിനിമാ ഷൂട്ടിങ്ങിന് പൊയ്ക്കോളൂ' എന്ന്. പക്ഷേ എനിക്ക് അങ്ങനെയല്ല. എന്നെ വിശ്വസിച്ച് ഒരു ടീം ഷൂട്ട് പ്ലാൻ ചെയ്തിട്ടുണ്ട്. പെട്ടെന്നുചെന്ന്, 'നാളെ ഞാൻ ഇല്ല' എന്ന് പറയുന്നത് നീതിയല്ലല്ലോ.''
പ്രായം പ്രശ്നമോ?
സിനിമയിൽ അവസരം ലഭിക്കുന്നതിൽ സ്ത്രീകളുടെ പ്രായം ഒരു പ്രശ്നമാകുന്നുണ്ടെന്നാണ് രശ്മിയുടെ അഭിപ്രായം. ''സിനിമയിൽ പൊതുവെ സ്ത്രീകൾക്ക് പ്രായം കൂടുമ്പോൾ അവസരങ്ങൾ കുറയാറുണ്ട്. പുരുഷ അഭിനേതാക്കൾക്ക് അത് അത്ര പ്രശ്നമല്ല. പുരുഷാധിപത്യമുള്ള മേഖലയാണ് സിനിമ. എന്നാൽ സീരിയലിൽ സ്ത്രീകൾക്കാണ് പ്രാധാന്യം. സ്ത്രീകൾക്ക് പെർഫോം ചെയ്യാനുള്ള സ്പേസ് കൂടുതലാണ്. പുരുഷന്മാർക്ക് അത്തരം കഥാപാത്രങ്ങൾ താരതമ്യേന കുറവാണ്.''
ഇഷ്ട വേഷങ്ങൾ
ഒരുപാട് നല്ല കഥാപാത്രങ്ങൾ തനിക്ക് ലഭിച്ചെന്ന് രശ്മി.
''സത്യൻ സാറിന്റെ സിനിമയിലെ കഥാപാത്രങ്ങൾ, 'വിനോദയാത്ര'യിലെ അമ്പിളി, അടുത്തിടെ 'സർവംമായ'യിലെ കഥാപാത്രം എന്നിവയ്ക്കൊക്കെ നല്ല പ്രതികരണം ലഭിച്ചു.
സീരിയലിൽ അത് ഒന്നോ രണ്ടോ കഥാപാത്രങ്ങളിൽ ഒതുങ്ങില്ല. 'അങ്ങാടിപ്പാട്ടി'ലെ സീത, കെ.കെ. രാജീവിന്റെ സീരിയലിലെ സുജാത, 'ശ്രീ ഗുരുവായൂരപ്പനി'ലെ ധാത്രി... ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'അമ്മേ മൂകാംബികേ'യിലെ ഇന്ദുമതി. 'ഇന്ദുമതി'യെ കണ്ടാൽ രണ്ട് ഇടിവെച്ചുകൊടുക്കാൻ തോന്നും' എന്ന് ചിലർ പറയാറുണ്ട്. അതിനർഥം എന്റെ നെഗറ്റീവ് കഥാപാത്രം അവരുടെ മനസ്സിൽ തട്ടിയെന്നാണ്. അത്തരം പ്രതികരണങ്ങൾ സന്തോഷം നൽകും.''
അഭിനയം ഒന്നല്ലേ...
''സീരിയലിൽനിന്നും കുറച്ചുകാലം മാറി നിന്നാൽ സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന് പലരും പറയാറുണ്ട്.'' പക്ഷേ, അതിനോട് യോജിപ്പില്ലെന്ന് രശ്മി. ''ഞാൻ സീരിയലിൽനിന്നാണ് സിനിമയിലേക്ക് എത്തുന്നത്. എന്നാൽ സീരിയലിനെ തള്ളിക്കളഞ്ഞില്ല. ഇവിടുത്തെ പ്രധാന നടന്മാരും നടിമാരും എത്രയോ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവരുടെ സിനിമകൾ എത്രയോതവണ ടെലിവിഷനിൽ വരുന്നു. ഏത് ചാനൽ മാറ്റിയാലും അവരുടെ മുഖം കാണാം. അതുകൊണ്ട് അവസരം കിട്ടാത്തത് 'ഓവർ എക്സ്പോസ്ഡ്' ആവുന്നതുകൊണ്ടാണ് എന്ന് പറയുന്നതിന്റെ പൊരുൾ മനസ്സിലാകുന്നില്ല.''
പുതിയ വിശേഷം
''രണ്ടുമൂന്ന് സിനിമകൾ ഇറങ്ങാനുണ്ട്. ചെറിയ വേഷങ്ങളാണ്. മൂന്ന് സീരിയലുകളാണ് ചെയ്യുന്നത്. കരിയറിന്റെ തുടക്കത്തിൽ തമിഴിലും തെലുങ്കിലുമൊക്കെ അവസരങ്ങൾ വന്നിരുന്നു. അന്ന് കംഫർട്ട് സോൺ വിട്ടുപോയില്ല. ഇപ്പോൾ കുറച്ചുകൂടി കാര്യങ്ങൾ മാനേജ് ചെയ്യാൻ കഴിയുമെന്ന തോന്നലുണ്ട്. ഒരു തമിഴ് സിനിമ അഭിനയിച്ചിരുന്നു. അത് പൂർത്തിയായാൽ തമിഴിൽ നല്ലൊരു എൻട്രിയാകുമായിരുന്നു.''
കുടുംബം
ഭർത്താവും സംവിധായകനുമായ ബോബൻ സാമുവലും രണ്ട് മക്കളുമടങ്ങുന്നതാണ് രശ്മി ബോബന്റെ കുടുംബം. ''മക്കളിൽ മൂത്തയാൾ നിതീഷ്. രണ്ടാമത്തെയാൾ ആകാശ്. ഇരുവരും ഇപ്പോൾ എറണാകുളത്താണ്. ഭർത്താവ് സിനിമാ മേഖലയിൽ ആണെങ്കിലും ഒരു പരിധിക്കപ്പുറം പരസ്പരം പ്രൊഫഷണൽ കാര്യങ്ങളിൽ ഇടപെടാറില്ല. അങ്ങോട്ടുമിങ്ങോട്ടും അഭിപ്രായങ്ങൾ ചോദിക്കുകയും സ്വീകരിക്കുകയും ചെയ്യും. അതാണ് ആരോഗ്യകരം.''
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 02 Oct 2026, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented