വീട്ടിൽ ബാക്കിയായ ചപ്പാത്തിയും റോട്ടിയും വെറുതെ കളയണോ? അല്ലെങ്കിൽ അതുകൊണ്ടെന്ത് ചെയ്യും എന്നാണോ ചിന്ത? അത് വെറുതെ കളയുന്നതിനുപകരം ഉഗ്രൻ മേക്കോവർ കൊടുക്കാമെന്നാണ് പ്രശസ്ത ഷെഫ് സഞ്ജീവ് കപൂർ പറയുന്നത്.

വളരെ ലളിതമായ ഒരു പാചകത്തിലൂടെ അതൊരു രുചികരമായ വിഭവമായി മാറ്റാം. നേരമില്ലാത്ത സമയത്ത് വിശപ്പുമാറ്റാനും എളുപ്പത്തിൽ തയ്യാറാക്കാനും ഇത് പരീക്ഷിക്കാം.

ചപ്പാത്തിക്ക് അല്ലെങ്കിൽ റോട്ടിക്ക് മേക്കോവർ കൊടുക്കാൻ വേണ്ടത് മുട്ട, ഉപ്പ്, മഞ്ഞൾപൊടി, പച്ചമുളക്, സവാള, തക്കാളി, എണ്ണ, വിനിഗർ, ചാട്ട് മസാല, ടൊമാറ്റോ കെച്ചപ്പ് എന്നിവയാണ്.

രണ്ട് മുട്ടയെടുത്ത് അതിൽ ഉപ്പും മഞ്ഞൾപൊടിയും ഒരു പച്ചമുളക് ചെറുതായി നുറുക്കിയതും ഒരു തക്കാളി ചെറുതായി നുറുക്കിയതും ഒരു സവാള നുറുക്കിയതും ചേർത്ത് നന്നായിളക്കുക. ഒരു നോൺസ്റ്റിക് പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് മുട്ടക്കൂട്ട് പകുതിയൊഴിച്ച് നന്നായി വട്ടത്തിൽ പരത്തുക. അതിനുമുകളിൽ ഒരു ചപ്പാത്തി വെച്ച് ഒരുമിനിറ്റ് വേവിക്കുക. എന്നിട്ട് പതുക്കെ മറിച്ചിടുക.
 

മുട്ട വെന്തുകഴിഞ്ഞാൽ ഒരു പ്ലേറ്റിലേക്ക് മാറ്റാം. അതിനുമുകളിൽ അര കഷണം സവാള നീളത്തിലരിഞ്ഞത് വെക്കുക. ശേഷം അല്പം വിനിഗർ തൂവുക. ഏറ്റവും മുകളിൽ ചാട്ട് മസാലയും വിതറണം. എന്നിട്ട് നന്നായി ചുരുട്ടിയെടുത്ത് കഷണങ്ങളായി മുറിച്ച് ടൊമാറ്റോ കെച്ചപ്പിനൊപ്പം വിളമ്പാം. ഇത് കുട്ടികൾക്ക് സ്‌നാക്‌സായും നൽകാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi