വീടെന്ന സ്വപ്‌നത്തിനായി പരിശ്രമിക്കുന്നവര്‍ ഏറെയാണ് ഇന്ന്. അതിനായി ഭവനവായ്പയെ ആശ്രയിക്കുന്നവരാണ് മിക്കവരും. പങ്കാളികള്‍ ജോയിന്റായി ഭവനവായ്പ എടുക്കുന്ന പ്രവണത ഇപ്പോള്‍ വ്യാപകമാണ്. ഒരുമിച്ചുള്ള കുടുംബജീവിതത്തില്‍ സ്വന്തം വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി നാലു കയ്യും രണ്ടു മനസ്സും രണ്ടു വരുമാനവും ഒന്നുചേരുന്നതില്‍ കുഴപ്പമില്ല. പക്ഷേ രണ്ടുപേര്‍ക്കും ഭവനവായ്പ ഒരേ പോലെ പ്രയോജനപ്പെടണമെന്ന് മാത്രം.

കേരളത്തില്‍ എടുക്കപ്പെടുന്ന 95 ശതമാനം ഭവനവായ്പയുടെയും പ്രയോജനം, നികുതിയിളവ് അടക്കമുള്ളവ ഭര്‍ത്താക്കന്മാര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. സ്ത്രീകള്‍ക്ക് കൂടി അതിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ഉടമസ്ഥാവകാശം തുല്യം
ജോയിന്റായി ഭവനവായ്പ എടുത്താലും ഇ.എം.ഐ. അടവ് മുഴുവന്‍ ഭാര്യയുടെ ശമ്പളത്തില്‍ നിന്നു മാത്രം അടയ്ക്കുന്നവരുണ്ട്. 'വീട്ടുചെലവ് നീ നോക്കിക്കോളു ഇ.എം.ഐ ഞാന്‍ അടച്ചോളാം' എന്ന് പറയുന്ന ഭര്‍ത്താക്കന്മാരുണ്ട്.  ഇ.എം.ഐ. ആരടച്ചാലും ജോയിന്റായി വായ്പ എടുത്ത് വീട് വയ്ക്കുമ്പോള്‍ അതിന്റെ ഉടമസ്ഥാവകാശം തുല്യമായിരിക്കണം. അതായത് വീടിന്റെ ഉടമസ്ഥാവകാശത്തില്‍ ഭാര്യയ്ക്കും സ്ഥാനം ഉണ്ടാകണം. അത്തരം ഉടമസ്ഥാവകാശം ലഭിക്കണമെങ്കില്‍ വീട് വയ്ക്കുന്ന സ്ഥലം രണ്ടാളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെടണം.

ഇ.എം.ഐ തുല്യമായി മതി
ഭര്‍ത്താവിന്റെ പിതാവിന്റെ പേരിലുള്ള സ്ഥലത്ത് വീട് വയ്ക്കാന്‍ ഭര്‍ത്താവുമായി ചേര്‍ന്ന് ജോയിന്റ് വായ്പ എടുത്തോളൂ. പക്ഷേ ഇ.എം.ഐ. ഭാരം ഭാര്യമാര്‍ തോളിലേറ്റുന്നത് ആലോചിച്ച് മതി. പിന്നീട് ഈ ബന്ധം മുന്നോട്ടുപോകില്ലെന്ന ഘട്ടം വരുകയോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുകയോ ചെയ്താല്‍ സാമ്പത്തികതര്‍ക്കത്തിനിടയാക്കുന്ന ഭീകരന്‍ ഈ ഇ.എം.ഐ. തന്നെയായിരിക്കും. വീട് വയ്ക്കുമ്പോള്‍ രണ്ടുപേരും തുല്യമായ തുക ഇ.എം.ഐ.യ്ക്കായി മാറ്റിവയ്ക്കുന്നതാണ് നല്ലത്. 

ആദായനികുതി ലഭിക്കാന്‍
ജോയിന്റായി ഭാര്യയും ഭര്‍ത്താവും കൂടി ഭവനവായ്പ എടുത്തിട്ടുണ്ട് എന്നതുകൊണ്ട് മാത്രം രണ്ടുപേര്‍ക്കും വായ്പ അടവിന്റെ പേരില്‍ ഇളവ് ലഭിക്കില്ല. വായ്പയെടുത്ത് വാങ്ങുന്ന അല്ലെങ്കില്‍ നിര്‍മിക്കുന്ന വീട്ടില്‍ ഉടമസ്ഥാവകാശം ഉള്ളവര്‍ക്കാണ് നികുതിയിളവ് ലഭിക്കുക.

ഭവനവായ്പ രണ്ടുപേരും കൂടി എടുത്താല്‍ മാത്രം പോര രണ്ടുപേര്‍ക്കും വാങ്ങിയ വസ്തുവിലോ വീടിലോ ഉടമസ്ഥാവകാശം കൂടി വേണമെന്ന് ചുരുക്കം. വായ്പ എടുത്ത് ജോയിന്റായി വാങ്ങിയ വീട്ടില്‍ രണ്ടുപേര്‍ക്കും ഉടമസ്ഥാവകാശം ഉണ്ടെങ്കില്‍ രണ്ടുപേര്‍ക്കും പലിശ അടവില്‍ രണ്ടുലക്ഷം രൂപ വീതവും മുതലിലേക്കുള്ള അടവില്‍ 1.5 ലക്ഷം രൂപ വീതവും ക്ലെയിം ചെയ്യാം. പക്ഷേ രണ്ടുപേരും കൂടി ക്ലെയിം ചെയ്യുന്ന തുക മൊത്തം അടവില്‍ അല്ലെങ്കില്‍ ഡ്യൂ ആയിട്ടുള്ള തുകയില്‍ കൂടുതല്‍ വരരുത്. അതായത് സംയുക്ത വായ്പയില്‍ പലിശ അടവ് അല്ലെങ്കില്‍ ഡ്യൂ ആയിട്ടുള്ള പലിശ രണ്ട് ലക്ഷം രൂപയേ ഒരു സാമ്പത്തികവര്‍ഷം ഉള്ളൂ എങ്കില്‍ രണ്ടുപേര്‍ക്കും കൂടി പലിശ അടവ് രണ്ട് ലക്ഷം വരെയേ ക്ലെയിം ചെയ്യാന്‍ പറ്റൂ. കൂടുതല്‍ തുക അടച്ചിട്ടുണ്ട് അല്ലെങ്കില്‍ ഡ്യൂ ആയിട്ടുണ്ട് എങ്കില്‍ അതിനനുസരിച്ച് കൂടുതല്‍ തുക ക്ലെയിം ചെയ്യാം. 

(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍ 
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)