1994-ല്‍ മിസ്സ് യൂണിവേഴ്‌സ് കിരീടം ചൂടിയ ആദ്യത്തെ ഇന്ത്യക്കാരിയാണ് സുസ്മിത സെന്‍. ആ ചരിത്ര സംഭവം 31 വര്‍ഷം പിന്നിട്ടു എങ്കിലും ഫാഷന്‍ രംഗത്തും ബോളിവുഡ് സിനിമാ ലോകത്തും ആരാധകരേറെയാണ് താരത്തിന്. ഇന്ന് 50-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് സുസ്മിത സെന്‍. ഒരു സ്ത്രീക്ക് താന്‍ ആഗ്രഹിക്കുന്നതുപോലെ സ്വന്തം ജീവിതം നിര്‍വചിക്കാന്‍ കഴിയുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് അവര്‍.

സുസ്മിത സെന്‍ 2023-ലെ'ഹെല്‍ത്ത് ഷോട്ട്‌സ്' മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, ജീവിതത്തിലെ തന്റെ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അവിവാഹിതയായ താരം രണ്ടുകുട്ടികളെ ദത്തെടുത്ത് അവര്‍ക്കൊപ്പമാണ് ജീവിക്കുന്നത്. ലോകം 'സിഗിള്‍ മദർ' എന്ന ആശയത്തെ കാല്‍പനികവത്കരിക്കും മുമ്പേ താരം സ്വതന്ത്രയായി ജീവിച്ചു തുടങ്ങിയിരുന്നു.

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആവശ്യം സ്വാതന്ത്ര്യമാണ്. ഞാന്‍ ഒരു സ്വതന്ത്രയായ വ്യക്തിയാണ്. ഞാന്‍ എന്തു ചെയ്താലും, അത് ഹൃദയത്തില്‍ നിന്നാണ് ചെയ്യുന്നത്, മറ്റാരും അത് എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതുകൊണ്ടല്ല” അഭിമുഖത്തില്‍ സുസ്മിത പറഞ്ഞു.

സ്വയം പര്യാപ്തതയെക്കുറിച്ച് സംസാരിക്കവെ അവര്‍ ഇങ്ങനെ പറഞ്ഞു: 'എന്റെ ജീവിതം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരാളെ ഇതുവരെ കണ്ടുമുട്ടാത്തതിനാലാണ് ഞാന്‍ അവിവാഹിതയായി തുടരുന്നത്. എന്റെ ജീവിതത്തില്‍ സ്‌നേഹത്തിന് ഒട്ടും കുറവില്ല, അത് വളരെ സന്തോഷകരമായ കാര്യമാണ്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിവാഹത്തിലൂടെ ലഭിക്കുമെന്ന് വിശ്വസിക്കുന്നതെല്ലാം എനിക്കിപ്പോള്‍ തന്നെയുണ്ട്, രണ്ട് സുന്ദരികളായ മക്കള്‍. ഞാന്‍ അവരെ ഒറ്റയ്ക്കാണ് വളര്‍ത്തിയത്. എന്റെ ജീവിതത്തില്‍ ഒന്നിന്റെയും കുറവ് എനിക്ക് തോന്നുന്നില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു. 2000-ലും 2010-ലും ആയി ദത്തെടുത്ത റെനേയും അലീഷയുമാണ് സുസ്മിതയുടെ മക്കള്‍.

1994ല്‍ ഫിലിപ്പീന്‍സില്‍ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ലോകത്തിലെ പല കോണുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ എത്തിയിരുന്നു. തന്റെ ബുദ്ധിയും ആത്മവിശ്വാസവും കൊണ്ടാണ് സുസ്മിത സെന്‍ 18-ാം വയസില്‍ മിസ്സ് യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കിയത്. ആ വിജയത്തെ നിര്‍ണയിച്ചത് പ്രധാനപ്പെട്ട ഒരു ചോദ്യോത്തര റൗണ്ടിലൂടെയായിരുന്നു. 'നിങ്ങളെ സംബന്ധിച്ചിടെത്തോളളം ഒരു സ്ത്രീയായിരിക്കുന്നതിന്റെ സത്ത എന്താണ്?', എന്നതായിരുന്നു സുസ്മിത സെന്നിന് കിരീടം നേടിക്കൊടുത്ത ആ ചോദ്യം.

'സ്ത്രീയായിരിക്കുക എന്നത് ദൈവം നല്‍കുന്ന ഒരു വരമാണ്. അതിനെ നാം വിലമതിക്കണം. ഒരു കുഞ്ഞിന്റെ ജനനം  ഒരു സ്ത്രീയിലൂടെ ആണ്. സ്നേഹം പങ്കുവയ്ക്കുന്നവളാണ് സ്ത്രീ. സ്നേഹമെന്നത് എന്താണെന്ന് ഒരു പുരുഷന് മനസിലാക്കി കൊടുക്കുന്നവളാണ് സ്ത്രീ. അതാണ് സ്ത്രീയുടെ സത്ത', എന്നായിരുന്നു സുസ്മിത സെന്നിന്റെ മറുപടി.

തന്റെ വ്യക്തിപരമായ ജീവിതം ഇപ്പോഴും വാര്‍ത്തകളില്‍ നിറയുമ്പോഴും, ഉയര്‍ച്ചകളില്‍ നിന്നും താഴ്ചകളില്‍ നിന്നും അവരാര്‍ജിച്ച ജീവിതാനുഭവങ്ങളാണ് അവരെ മുന്നോട്ട് നയിക്കുന്നത്. 18-ാം വയസ്സില്‍ ലഭിച്ച ലോകസുന്ദരി പട്ടം പോലെ തന്നെ, 2023-ല്‍ അതിജീവിച്ച ഹൃദയാഘാതം ഉള്‍പ്പെടെ സംഭവ ബഹുലമായിരുന്നു താരത്തിന്റെ ജീവിതം.

'ലോകത്ത് വളരെയധികം സമൃദ്ധിയുണ്ട് എന്ന് എനിക്ക് തോന്നുന്നു, ഭാഗ്യം നിങ്ങളോടൊപ്പമുണ്ടെങ്കില്‍, എല്ലാ ദിവസവും രാവിലെ നിങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയും, കഠിനാധ്വാനം ചെയ്യാനും ഭയമില്ലാതിരിക്കാനും കഴിയും.ഇത് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിച്ചു,' എന്നും താരം പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi