ഒരു സിനിമ വിജയിക്കുമ്പോൾ മാത്രം തേടിയെത്തുന്ന പ്രശസ്തിയേക്കാൾ, താൻ ചെയ്യുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടാണ് വിനയ് ഫോർട്ട് എന്ന നടൻ പ്രേക്ഷകമനസ്സിൽ ഇടംനേടിയത്. നാടകവേദിയിൽ നിന്ന് തുടങ്ങി ഒടിടി വരെയുള്ള മാറ്റങ്ങളുടെ വേഗത്തിനൊപ്പം സ്വാഭാവികമായി നടന്നു കയറിയ അദ്ദേഹം ഇന്ന് മലയാള സിനിമയിൽ 17 വർഷങ്ങൾ പിന്നിടുകയാണ്. ട്രെൻഡുകൾ മാറിമറിഞ്ഞ ഈ ഒന്നര പതിറ്റാണ്ടിലേറെയായി, മലയാള സിനിമയിലെ മുൻവിധികളെയും സ്ഥിരം ഫോർമുലകളെയും ബോധപൂർവ്വം പൊളിച്ചെഴുതിയ നടൻ. 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന് ശേഷം 'ഐ ആം ഗെയിം' എന്ന പുതിയ ചിത്രവുമായി താരം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമ്പോൾ, തന്റെ വെള്ളിത്തിരയിലെ അവിസ്മരണീയമായ യാത്രയും അഭിനയത്തോടുള്ള കാഴ്ചപ്പാടുകളും ഗൃഹലക്ഷ്മിയോട് പങ്കുവെക്കുന്നു.
നാടകവും എഫ്ടിഐഐയും
Also Read
നാലാം ക്ലാസ് മുതൽ നാടകങ്ങൾ ചെയ്ത് തുടങ്ങിയതാണ്. എന്റെ കോർ എന്ന് പറയുന്നത് തിയേറ്റർ തന്നെയാണ്. വർഷങ്ങളോളം ആ രംഗത്ത് സജീവമായി നിന്ന ശേഷമാണ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ (FTII) എത്തുന്നത്. ഇന്ത്യയിലുടനീളം യാത്ര ചെയ്ത് നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആ അനുഭവങ്ങളാണ് എനിക്ക് അവിടെ അഡ്മിഷൻ നേടിത്തന്നതും ഇന്നത്തെ ഈ നിലയിലേക്ക് എത്തിച്ചതും. ക്യാമറയുടെ മുന്നിൽ നിന്ന് ഒട്ടും പതറാതെ നിൽക്കാനുള്ള ആത്മവിശ്വാസം തന്നത് ആ അനുഭവസമ്പത്താണ്. അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ആ വേരുകൾ തന്നെയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.
'ബെത്‌ലഹേം കുടുംബ യൂണിറ്റിലെ' അലക്സ്
സംവിധായകൻ ഗിരീഷ് വിളിച്ചാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റിലെ' കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. 'ആട്ടം', 'സോമന്റെ കൃതാവ്' തുടങ്ങിയ സിനിമകൾക്ക് ശേഷം കുറച്ചുകൂടി നമ്മളെ സംതൃപ്തിപ്പെടുത്തുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത്. ഗിരീഷ് വിളിച്ചപ്പോൾ ഇതൊരു സൂപ്പർ ഹിറ്റ് ചിത്രമായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
ചിത്രം തുടക്കം മുതൽ വളരെ തമാശയും സന്തോഷവും നിറഞ്ഞതായിരുന്നു, പെട്ടെന്ന് ഒരു വലിയ കോൺഫ്ലിക്റ്റ് ഉണ്ടാക്കുന്നത് അലക്സ് എന്ന എന്റെ കഥാപാത്രമാണ്. ഒരു ഫീൽ ഗുഡ് കോമഡി ചിത്രത്തിൽ, നായകന് എതിരെ നിൽക്കുമ്പോഴും പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിക്കാതെ, ചുരുങ്ങിയ സ്ക്രീൻ ടൈം കൊണ്ട് ആളുകളുടെ മനസ്സിൽ നിൽക്കുന്ന ഒന്നാക്കി മാറ്റുക എന്നതായിരുന്നു വെല്ലുവിളി. ശരിക്കും പറഞ്ഞാൽ ആളുകളെ ഏറ്റവും കൂടുതൽ വെറുപ്പിച്ച ഒരു കഥാപാത്രമാണ് 'അലക്സ്'. എങ്കിലും, ഒരു അഭിനേതാവെന്ന നിലയിൽ എനിക്ക് അത് വളരെ എൻഗേജിങ് ആയിരുന്നു.
ഷൂട്ടിങ്ങും വളരെ രസകരമായിരുന്നു. നിവിൻ, മമിത ബൈജു എന്നിവരുമായൊക്കെ മുമ്പും ഒരുമിച്ച് വർക്ക് ചെയ്തിട്ടുള്ളതുകൊണ്ട് വലിയ സൗഹൃദമുണ്ടായിരുന്നു. നിവിനുമായി 'പ്രേമം' മുതലുള്ള സൗഹൃദമുണ്ട്. ഗിരീഷിന്റെ റൈറ്റിങ് വളരെ പ്രിസൈസ് ആണ്. ഇംപ്രോവൈസേഷനേക്കാൾ ഉപരി, എഴുതിയ ഡയലോഗുകൾ ഏതു തരത്തിൽ അവതരിപ്പിക്കണം എന്ന് ഗിരീഷിന് വ്യക്തമായ ധാരണയുണ്ട്. ആളുകൾ ചിരിക്കുന്നതിന്റെ ഒരു മേജർ ക്രെഡിറ്റ് ഗിരീഷിന്റെ ആ കൃത്യതയ്ക്കാണ്. നല്ല സുഹൃത്തുക്കൾക്കൊപ്പവും പോസിറ്റീവ് എനർജിയുള്ള ടീമിനൊപ്പവും വർക്ക് ചെയ്യുമ്പോൾ സ്വാഭാവികമായും ആ ആവേശം നമ്മുടെ അഭിനയത്തിലും പ്രകടമാകും. ആ കെമിസ്ട്രി തന്നെയാണ് പലപ്പോഴും സിനിമയെ മികച്ചതാക്കുന്നത്.
അംഗീകാരം നേടിയ 'ആട്ടം'
'ആട്ടം' ഒപ്പമുള്ള കൂട്ടുകാർക്ക് ഒരു വേദി ഉണ്ടാകാൻ വേണ്ടി ചെയ്ത സിനിമയാണ്. അതിന്‍റെ പ്രൈമറി പർപ്പസ് അതായിരുന്നു. ആ സിനിമയുടെ റൂട്ട് മുതൽ ഞങ്ങൾ കൂടെയുണ്ടായിരുന്നു; പ്രൊഡ്യൂസറെ കണ്ടെത്തുന്നത് മുതൽ ആക്ടേഴ്സിനെ ട്രെയിൻ ചെയ്യുന്നത് വരെ എല്ലാത്തിലും ഇൻവോൾവ്ഡ് ആയിരുന്നു. ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച ആ സിനിമ ആ വർഷം ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമ, മികച്ച തിരക്കഥാകൃത്ത്, മികച്ച എഡിറ്റർ എന്നീ മൂന്ന് പ്രധാന ദേശീയ അവാർഡുകൾ സ്വന്തമാക്കുകയുണ്ടായി. തിയേറ്ററിലും അത് വിജയിച്ചിരുന്നു.
മാറുന്ന സിനിമയും ഒടിടി പ്ലാറ്റ്‌ഫോമുകളും
ഒടിടി വന്നതോടുകൂടി വലിയൊരു മാറ്റമാണ് ഉണ്ടായത്. മുൻപൊക്കെ ബോക്സ് ഓഫീസ് കണക്കുകളും വലിയ ബ്രാൻഡുകളും മാത്രം നോക്കിയിരുന്നിടത്ത്, ഇന്ന് നല്ല കണ്ടന്റുകൾക്കാണ് പ്രാധാന്യം. മലയാള സിനിമ മറ്റ് വലിയ ഇൻഡസ്ട്രികൾക്കൊപ്പം ഒരേ പ്ലാറ്റ്‌ഫോമിൽ എത്തി. പണ്ട് മൂന്നര കോടി ആളുകൾക്ക് വേണ്ടി മാത്രം ചെയ്തിരുന്ന സിനിമകൾ ഇന്ന് ലാംഗ്വേജ് ബാരിയറില്ലാതെ ലോകത്തിന്റെ ഏത് കോണിലുള്ളവർക്കും കാണാം. തിയേറ്ററിൽ പരാജയപ്പെട്ട ചില നല്ല ചിത്രങ്ങൾ പോലും ഒടിടിയിലൂടെ പിന്നീട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അഭിനേതാക്കൾക്കും പുതിയ സംവിധായകർക്കും ഒരുപാട് പരീക്ഷണങ്ങൾ നടത്താൻ ഒടിടി വലിയൊരു അവസരമാണ് നൽകുന്നത്.
ഐ ആം ഗെയിം
'ഐ ആം ഗെയിം' സിനിമയ്ക്കുവേണ്ടി ഞാൻ ആറുമാസത്തോളം ആ ലുക്ക് നിലനിർത്തിയാണ് മുന്നോട്ടുപോയത്, ഷൂട്ട് ചെയ്തത് ഇരുപതോളം ദിവസങ്ങളിലാണ്. ദുൽഖറുമായി നല്ല സൗഹൃദമുണ്ട്. വളരെ പീസ്ഫുൾ ആയി, ഒരു സപ്പോർട്ടിങ് സിസ്റ്റത്തിന്റെ ഭാഗമായി നിൽക്കാൻ കഴിഞ്ഞതുകൊണ്ട് അതൊരു നല്ല അനുഭവമായിരുന്നു. സ്ക്രീൻ സ്പേസ് കുറവാണെങ്കിലും വരുന്ന സീനുകൾ വളരെ ഇംപാക്ട് ഉള്ളവയായിരുന്നു.
'മോഹിനിയാട്ടം' വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ഒരിക്കലുമില്ല. എന്നാൽ ആ സിനിമ വിജയിക്കണമെന്ന് ഞങ്ങൾക്കെല്ലാവർക്കും വലിയ ആഗ്രഹം ഉണ്ടായിരുന്നു. സംവിധായകൻ കൃഷ്ണനും ഞാനും സംസാരിച്ചപ്പോൾ ഈ കഥാപാത്രത്തിന് നല്ല സ്പീഡും ഹൈ വോൾട്ടേജ് എനർജിയുമാണ് വേണ്ടതെന്ന് തീരുമാനിച്ചിരുന്നു. കൃഷ്ണൻ നമ്മെ നൂറുശതമാനം ട്രസ്റ്റ് ചെയ്യുന്ന ഒരു ഫിലിം മേക്കർ ആയതുകൊണ്ട്, കുറേക്കൂടി വൈൽഡ് ആയ രീതിയിലാണ് ആ കഥാപാത്രം ചെയ്തത്. ആളുകൾ ആൾറെഡി ഫുൾ ഓൺ എൻജോയ് ചെയ്യുന്ന ഒരു സ്പേസിലേക്ക് ഈ കഥാപാത്രം വരുമ്പോൾ സ്വാഭാവികമായും വലിയ ചിരിയും ഇംപാക്ടും ഉണ്ടാക്കുമെന്ന് അറിയാമായിരുന്നു.
നമ്മൾ ചെയ്യുന്ന വേഷങ്ങൾ പരസ്പരം ഒരേപോലെ വന്ന് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുക എന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ വിരസത ഉണ്ടാക്കും. ഞാൻ വലിയ ചോയ്സുകൾ ഉള്ള ഒരു ആക്ടർ ആണെന്നൊന്നും തോന്നിയിട്ടില്ല. പത്ത് സിനിമകൾ വന്നിട്ട് അതിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള ലക്ഷ്വറി ഇതുവരെ എന്റെ ജീവിതത്തിലില്ല. ലഭിക്കുന്ന കഥാപാത്രങ്ങളിൽ വളരെ മോശപ്പെട്ടവ ഒഴിവാക്കി, ഭേദപ്പെട്ടവ ചെയ്യുക എന്നതേയുള്ളൂ.
നമുക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനും മോശമെന്ന് തോന്നുന്നവ ബോധപൂർവ്വം മാറ്റിവെക്കാനുമുള്ള സ്വാതന്ത്ര്യം കൈവന്നിട്ടുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് വെർസറ്റൈൽ ആയ വേഷങ്ങൾ ചെയ്യാനാണ് താല്പര്യം. വർഷങ്ങൾ കടന്നുപോകുമ്പോൾ ഒരു നടൻ എന്ന നിലയിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങളും കഥാപാത്രങ്ങളോടുള്ള സമീപനവുമാണ് നമ്മളെ വ്യത്യസ്തനാക്കുന്നത്.
‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’, ‘അവറാച്ചൻ ആൻഡ് സൺസ്’ തുടങ്ങിയ സിനിമകളാണ് വിനയ്‍യുടെ അടുത്തതായി റിലീസിനെത്തുന്ന ചിത്രങ്ങൾ.
കാലത്തിനൊത്ത് മാറിക്കൊണ്ടും പുതിയ രീതിയിലുള്ള കഥാപാത്രങ്ങളെ അന്വേഷിച്ചും യാത്ര തുടരുകയാണ് വിനയ് ഫോർട്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vinay Forrt completes 17 years in the Malayalam film industry., Discusses his theatrical roots, FTII days, and transition into films., Shares insights on the National Award-winning indie film 'Aattam'., Teases details about his upcoming projects including 'I Am Game'.
Published: 06 Sept 2026, 04:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented