നഹാസ് ഹിദായത്ത് - ദുൽഖർ സൽമാൻ കൂട്ടുകെട്ടിലിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം 'ഐ ആം ഗെയിം' ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. റിലീസ് ചെയ്തു മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 30 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ പിന്നിട്ടു കഴിഞ്ഞു.

To advertise here,

വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. ആദ്യദിനം 5.40 കോടി രൂപ നേടി ബോക്സ് ഓഫീസിൽ ശക്തമായ തുടക്കം കുറിച്ച ചിത്രം, തുടർന്നുള്ള ദിവസങ്ങളിൽ ചെറിയ തോതിൽ കളക്ഷനിൽ കുറവ് രേഖപ്പെടുത്തി. രണ്ടാം ദിനമായ വെള്ളിയാഴ്ച 4.90 കോടിയും, ശനിയാഴ്ച 4.15 കോടി രൂപയുമാണ് ഇന്ത്യയിൽ നിന്ന് നേടാനായത്.

ചിത്രത്തിന്റെ കളക്ഷൻ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം 14.45 കോടി രൂപയുടെ നെറ്റ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ഇതിലൂടെ ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷൻ 16.90 കോടി രൂപയിലെത്തി. വിദേശ വിപണിയിൽ നിന്നും മികച്ച പിന്തുണ ലഭിച്ച ചിത്രം ഓവർസീസിൽ നിന്ന് മാത്രം 13.75 കോടി രൂപ നേടി. ഇതോടെ മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ ആകെ 30.65 കോടി രൂപ ഗ്രോസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു.

ശനിയാഴ്ച കളക്ഷനിൽ 15.3% കുറവുണ്ടായെങ്കിലും ദുൽഖറിന്റെ മുൻ മലയാള ചിത്രമായ 'കിങ് ഓഫ് കൊത്ത'യുടെ മൂന്ന് ദിവസത്തെ കളക്ഷൻ റിക്കോർഡിനെ 'ഐ ആം ഗെയിം' മറികടന്നു. കിംഗ് ഓഫ് കൊത്ത മൂന്ന് ദിവസം കൊണ്ട് നേടിയത് 25.18 കോടി രൂപയായിരുന്നു. മറ്റ് ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ തന്നെയാണ് ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നത്. ശനിയാഴ്ച മാത്രം മലയാളം വേർഷനിൽ നിന്ന് 2.65 കോടി രൂപ ലഭിച്ചപ്പോൾ തെലുങ്കിലും തമിഴിലും യഥാക്രമം 75 ലക്ഷവും 70 ലക്ഷവും നേടി.

'ആർ.ഡി.എക്‌സ്' എന്ന വൻ വിജയ ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ഡാൻ ജോൺ എന്ന വ്യവസായിയുടെ വേഷത്തിലാണ് ദുൽഖർ എത്തിയത്. ഹാൻഡ് ട്രാൻസ്പ്ലാന്റേഷന് ശേഷം കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആന്റണി വർഗീസ്, മിഷ്‌കിൻ, കയാദു ലോഹർ, സംയുക്ത വിശ്വനാഥൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വാരാന്ത്യത്തിൽ ചിത്രം കളക്ഷനിൽ മുന്നേറ്റം ഉണ്ടാക്കുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi