ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് I'm Game. 'കിങ് ഓഫ് കൊത്ത'യ്ക്ക് ശേഷമുള്ള ദുൽഖറിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവായി കണ്ടിരുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരുന്നത്. എന്നാൽ ആദ്യദിനത്തിൽ തന്നെ ചിത്രം കടുത്ത സാങ്കേതിക തടസ്സങ്ങൾ നേരിടുന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിന്റെ ആദ്യ ഷോകളിൽ തന്നെ സാങ്കേതിക തകരാറുകൾ ഉണ്ടായതായി പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ (X) കുറിക്കുന്നു.

കേരളത്തിലെ പ്രമുഖ തിയേറ്ററുകളിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. സൗണ്ട് ഇല്ലാതെ സിനിമ പ്ലേ ആവുക, സ്ക്രീൻ നിശ്ചലമാവുക തുടങ്ങിയ പ്രശ്നങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്തതായും പറയുന്നുണ്ട്. ചില തിയേറ്ററുകളിൽ ഇൻട്രോ സീൻ കഴിഞ്ഞയുടൻ പ്രദർശിപ്പിച്ചത് ഇന്റർവെൽ രംഗങ്ങളായിരുന്നു. സിനിമയുടെ ഡിസിപി (Digital Cinema Package) കൃത്യസമയത്ത് തിയേറ്ററുകളിൽ എത്താതിരുന്നതാണത്രെ പ്രശ്നമായത്.

കേരളത്തിൽ മലയാളം പതിപ്പ് വൈകിയാണെങ്കിലും പ്രദർശിപ്പിച്ചിരുന്നു, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ തമിഴ്, തെലുങ്ക്, ഹിന്ദി ഡബ്ബ് ചെയ്ത പതിപ്പുകളെ സാങ്കേതിക പ്രശ്നങ്ങൾ സാരമായി ബാധിച്ചു. ഹൈദരാബാദിലും ചെന്നൈയിലും സബ്‌ടൈറ്റിലുകൾ ലഭിക്കാത്തതിനാലും കണ്ടെന്റ് ഡെലിവറി വൈകിയതിനാലും രാവിലെ ഷോകൾ റദ്ദാക്കേണ്ടി വന്നു. നിർമ്മാതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥയ്‌ക്കെതിരെ തിയേറ്റർ ഉടമകളും സിനിമാ പ്രേമികളും അമർഷം രേഖപ്പെടുത്തുന്നുണ്ട്.

നേരത്തെ ഓണം റിലീസായി ആഗസ്റ്റ് 20-ന് എത്തേണ്ടിയിരുന്ന ചിത്രം സെപ്റ്റംബർ 3-ലേക്ക് മാറ്റിവെക്കുകയായിരുന്നു. ടിക്കറ്റ് ബുക്കിങ്ങിൽ മികച്ച പ്രതികരണം ലഭിച്ചെങ്കിലും, റിലീസ് ദിനത്തിലെ ഇത്തരം സാങ്കേതിക തടസ്സങ്ങൾ തുടക്കത്തിലെ ബോക്സ് ഓഫീസ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗ്ഗീസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ സാങ്കേതിക തടസ്സങ്ങൾ വരും മണിക്കൂറുകളിൽ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi