മലയാളികളുടെ മനസ്സിൽ ഇന്നും മായാത്ത മുഖമാണ് നടി ചാർമിളയുടേത്. മോഹൻലാലും ജയറാമും അടക്കമുള്ള അന്നത്തെ മുൻനിര നായകന്മാരുടെ നായികയായി മലയാള സിനിമയിൽ തിളങ്ങിനിന്ന താരം. 'ധനം', 'അങ്കിൾ ബൺ', 'കേളി' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ചാർമിളയുടെ കരിയർ ഒരു ഘട്ടത്തിൽ സ്വപ്നതുല്യമായിരുന്നു. എന്നാൽ സിനിമയിലെ തിളക്കം അവരുടെ വ്യക്തിജീവിതത്തിൽ പ്രതിഫലിച്ചില്ല. 

To advertise here,

തന്റെ 19-ാം വയസ്സിലാണ് ചാർമിള ആദ്യമായി പ്രണയത്തിലാകുന്നത്. 'കടൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് നടൻ ബാബു ആന്റണിയുമായി താരം അടുപ്പത്തിലാകുന്നത്. പിന്നീട് ആറ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. എന്നാൽ ബാബു ആന്റണി അമേരിക്കയിലേക്ക് പോവുകയും പിന്നീട് തിരികെ വരാതിരിക്കുകയും ചെയ്തത് ചാർമിളയെ തകർത്തുകളഞ്ഞു.

അച്ഛന്റെ കർശനമായ നിയന്ത്രണങ്ങളിൽ നിന്ന് മോചനം ആഗ്രഹിച്ച ആ പ്രായത്തിൽ ബാബു ആന്റണിയുമായുള്ള ബന്ധം പ്രണയമായി മാറുകയായിരുന്നു. ബന്ധം തകർന്നതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായ താരം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നു. എന്നാൽ അമ്മയുടെ സമയോചിതമായ ഇടപെടലാണ് അന്ന് ജീവൻ രക്ഷിച്ചത്. ബാബു ആന്റണിയാകട്ടെ തനിക്ക് നടിയുമായി പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്ന നിലപാടാണ് പിന്നീട് സ്വീകരിച്ചത്. അച്ഛൻ കണ്ടുപിടിച്ചയാളെ താൻ വിവാഹം ചെയ്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും ചാർമിള ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

ആദ്യ പ്രണയത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടയിലാണ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കിഷോർ സത്യയുമായി ചാർമിള അടുപ്പത്തിലാകുന്നത്. ആ ബന്ധം വിവാഹത്തിലുമെത്തി. താരം സിനിമയിൽ സജീവമായി നിൽക്കുന്ന സമയമായിരുന്നു അത്. ആ ബന്ധത്തിനായി വിക്രമിന്റെ നായികയായി അഭിനയിക്കേണ്ടിയിരുന്ന 'സേതു' പോലുള്ള വലിയ അവസരങ്ങൾ പോലും ചാർമിള ഉപേക്ഷിച്ചു. നാല് വർഷത്തോളം നീണ്ട അകൽച്ചയ്ക്കും പരസ്പര ധാരണക്കുറവിനും ഒടുവിൽ ആ ബന്ധവും നിയമപരമായി വേർപിരിഞ്ഞു. തന്റെ ജനപ്രീതി മാത്രം മുന്നിൽ കണ്ടാണ് കിഷോർ തന്നെ വിവാഹം കഴിച്ചതെന്ന് നടി പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്.

തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയറായ രാജേഷിനെ ചർമിള രണ്ടാമതും വിവാഹം കഴിച്ചു. ഇവരുടെ മകനെ ഹിന്ദുമതത്തിലേക്ക് മാറ്റണമെന്ന് ഭർത്താവ് ആഗ്രഹിച്ചു. മതപരമായ കാര്യങ്ങളെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഈ ബന്ധത്തെ തകർച്ചയിലേക്ക് നയിച്ചു. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും പ്രണയത്തിൽ വീണുപോയെന്നും മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ തനിക്ക് സാധിച്ചില്ലെന്നും ചാർമിള തന്നെ വേദനയോടെ സമ്മതിച്ചിട്ടുണ്ട്.

വ്യക്തിജീവിതത്തിലെ തിരിച്ചടികൾക്ക് പുറമെ, മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും മോശം അനുഭവങ്ങളെക്കുറിച്ചും ചാർമിള പിന്നീട് തുറന്നുപറഞ്ഞിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാമേഖലയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും മോശം പെരുമാറ്റങ്ങളും നടി പരസ്യമാക്കി. ചില പ്രമുഖ സംവിധായകരിൽ നിന്നും നിർമാതാക്കളിൽ നിന്നും മോശം സമീപനമുണ്ടായെന്ന് അവർ വെളിപ്പെടുത്തി.

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള നായികയായിരുന്ന ചാർമിള ഇന്ന് സിനിമയിൽ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ രംഗത്തും ചെറിയ വേഷങ്ങളിലും എത്താറുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi