ഫോര്‍ട്ട് കൊച്ചിയിലെ ആ റോഡില്‍ നിന്നാല്‍ കടലിന്റെ തിരയൊച്ചകള്‍ കേള്‍ക്കാം. റോഡരികിലെ സുജാത എന്നെഴുതിവെച്ച ഗേറ്റ് കടന്ന് അകത്തേക്കുചെല്ലുമ്പോള്‍, മുറ്റത്ത് മതിലിനോട് ചേര്‍ന്നുനില്‍ക്കുന്ന  വലിയ മാവും ടെറസിലേക്ക് പടര്‍ന്ന വള്ളിച്ചെടികളും. ആഡംബരത്തിന്റെ അതിപ്രസരമില്ലാതെ, പച്ചപ്പിനുനടുവില്‍ ഒരു വീട്. തുറന്നുകിടന്ന പ്രധാന വാതിലിനുമുന്നിലെത്തി ഒന്നുനിന്നു, അനുവാദം ചോദിക്കാതെ അകത്തേക്ക് കയറുന്നതെങ്ങനെ! അപ്പോഴേക്കും നിറഞ്ഞ ചിരിയോടെ മലയാളികളുടെ പ്രിയ നടന്‍ വിനയ് ഫോര്‍ട്ട് വാതില്‍ക്കലെത്തി. ഒപ്പം വിരലില്‍തൂങ്ങി അഞ്ചുവയസ്സുകാരന്‍ വിഹാനും. 

To advertise here,
placeholder
വിനയ് ഫോർട്ടും കുടുംബവും 
ഫോട്ടോ-സിദ്ദിക്കുല്‍ അക്ബർ

അകത്തുകയറുമ്പോള്‍തന്നെ മുഖവുരയെന്നപോലെ വിനയ് പറഞ്ഞു, ''സൗമ്യയെ അധികനേരം കിട്ടില്ല.'' വ്യത്യസ്തമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിനയും സൗമ്യയും പരസ്പരം പിന്തുണ നല്‍കി മുന്നോട്ടുപോവുന്ന പങ്കാളികളാണ്. 

വിനയ് അഭിനയത്തിരക്കിലാവുമ്പോള്‍ എങ്ങനെ ഗവേഷണവും കുഞ്ഞും മറ്റുതിരക്കുകളുമായി മുന്നോട്ടുപോവുന്നുവെന്നതിന് ചിരിച്ചുകൊണ്ട്  സൗമ്യയുടെ മറുപടി. 

placeholder
''വിനയ് ഒരിക്കലും ഒരു താരപദവി ആസ്വദിക്കുന്ന ആളല്ല. അഭിനയത്തെ തൊഴിലായി കാണുന്ന, ഏറെ ഇഷ്ടത്തോടെ ചെയ്യുന്ന പ്രൊഫഷണലാണ്. പരിചയപ്പെടുന്ന സമയത്തുതന്നെ എന്റെ ഇഷ്ടങ്ങളും പ്രയോറിറ്റികളും വിനയ്ക്ക് അറിയാമായിരുന്നു. വിനയ് തന്നെ സ്വന്തം കാര്യങ്ങളെല്ലാം ചെയ്യുന്നു. മോറല്‍ സപ്പോര്‍ട്ട് മാത്രമേ ഞാന്‍ നല്‍കുന്നുള്ളൂ. പലപ്പോഴും ഇതിലും കൂടുതല്‍ പിന്തുണ കൊടുക്കാമായിരുന്നു എന്നുതോന്നിയിട്ടുമുണ്ട്. വിനയും അങ്ങനെയാണ്. എന്റെ കാര്യങ്ങള്‍ മാറ്റിവെച്ച് വിനയിന്റെ കാര്യങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ഒരാളല്ല.'' 

 ചെറിയ വിജയങ്ങള്‍ നേടിയശേഷം സെലിബ്രിറ്റി പ്രിവിലേജ് കൊണ്ടുനടക്കുന്നവരില്‍നിന്ന് ഏറെ വ്യത്യസ്തരാണ് വിനയും സൗമ്യയും. അങ്ങനെയൊരു സെലിബ്രിറ്റി ഭാര്യാപദവിയൊന്നും ആവശ്യമുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് സൗമ്യ പറയുന്നു. ഭാര്യാഭര്‍തൃബന്ധം ഒരു പരിധിവരെ ബാലന്‍സ്ഡ് ആയി മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്. ''ഒരു കുഞ്ഞ് ജനിച്ചാല്‍ അവന്റെ വളര്‍ച്ചയില്‍ നമുക്ക് കടമകളുണ്ട്. അതൊരു ആഡഡ് റെസ്പോണ്‍സിബിലിറ്റിയാണ്. വിനയും മകനുവേണ്ടി സമയം നീക്കിവയ്ക്കാറുണ്ട്. ഷൂട്ടില്ലാത്ത സമയങ്ങളില്‍ മകനേയുംകൂട്ടി പുറത്ത് കറങ്ങാന്‍പോവാനും അവന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം നില്‍ക്കാനും വിനയും റെഡിയാണ്.'' 

പറഞ്ഞുതീരുമ്പോഴേക്ക് നിറഞ്ഞ ചിരിയോടെ വിനയിന്റെ അമ്മ സുജാതയെത്തി. സൗമ്യ തുടര്‍ന്നു. ''ഞങ്ങള്‍ക്ക് നല്ല സപ്പോര്‍ട്ട് സിസ്റ്റമുണ്ട്. രണ്ടുപേരുടെയും കുടുംബം പിന്തുണ തരുന്നുണ്ട്. മോന്‍ ജനിച്ചശേഷമാണ് എന്തുമാത്രം കോംപ്ലിക്കേറ്റഡ് ആണ് ജീവിതമെന്നൊക്കെ തിരിച്ചറിയുന്നത്. വിനയിന്റെ അമ്മയുടെ അടുത്ത് മോന്‍ ഏറെ സുരക്ഷിതനാണ്. ഒരുപക്ഷേ, എന്റെ അടുത്തുള്ളതിനേക്കാള്‍. എന്റെ വീട്ടുകാരും ഇടയ്ക്ക് വന്നുനില്‍ക്കും. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ജോലിയുമായി മുന്നോട്ടുപോവുന്നതിന് വലിയ തടസ്സങ്ങളില്ല.'' 

ജീവിതത്തില്‍ ഏത് ഘട്ടത്തിലും കംഫര്‍ട്ടബിളാകുക എന്നതിനാണ് വിനയ് പ്രാധാന്യം നല്‍കുന്നത്. അത് താമസിക്കുന്ന വീടായാലും, ഇടുന്ന വസ്ത്രമായാലും തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കളാണെങ്കിലും. സുഖവും സമാധാനവും ഉറപ്പാക്കുക എന്നതാണ് പ്രധാനം. സിനിമാതാരമായാല്‍ കൊട്ടാരംപോലുള്ള വീടുവയ്ക്കണമെേന്നാ വലിയ കാര്‍ വേണമെന്നോ വിനയ് കരുതുന്നില്ല. 

placeholder
''സ്വപ്‌നവും ലക്ഷ്യവുമെല്ലാം സിനിമയും അഭിനയവും സമാധാനവുമൊക്കെയായി ബന്ധപ്പെട്ടുതന്നെയാണ്. വീടുവെച്ചപ്പോള്‍ അതിന്റെ പ്രായോഗികവശമാണ് കൂടുതല്‍ ചിന്തിച്ചത്. ഒരു ഹോം തിയേറ്റര്‍ എന്നത് പ്രധാനമായിക്കണ്ട ഒന്നാണ്. അതുപോലെ ജിമ്മില്‍ പോവാന്‍ സാധിക്കാതിരിക്കുമ്പോള്‍ വീട്ടില്‍ ഒരു വര്‍ക്കൗട്ട് സ്പേസ്. അങ്ങനെ നമുക്ക് മാനേജ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളൂ. ഇനിയൊരു നൂറുകോടി ഉടനെ കിട്ടിയാലും എന്റെ സ്വപ്‌നങ്ങളും രീതിയും മാറുമെന്ന് തോന്നുന്നില്ല.'' വിനയ് പറയുന്നു. 

ഫോര്‍ട്ട്കൊച്ചിയില്‍ വീടുവേണമെന്നത് വിനയിന്റെ നിര്‍ബന്ധങ്ങളില്‍ ഒന്നായിരുന്നു.  ആളുകള്‍ക്ക് എത്തിപ്പെടാവുന്ന, വണ്ടികള്‍ പാര്‍ക്ക് ചെയ്യാവുന്ന, നിറയെ മരങ്ങളും പച്ചപ്പുമുള്ള ഒരു വീട്.  മൂന്നര സെന്റില്‍, കടലിനരികെ തീര്‍ത്ത വീട്ടിലിരിക്കുമ്പോള്‍ സ്വപ്‌നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് വിനയ്. തലമുറകളായി ഫോര്‍ട്ട്കൊച്ചിയില്‍ ജീവിക്കുന്നവരാണ് വിനയിന്റെ അമ്മയുടെയും അച്ഛന്റെയും കുടുംബക്കാര്‍. രണ്ടുകുടുംബത്തിലും അറിയപ്പെടുന്ന കലാകാരന്മാരോ കല തൊഴിലാക്കിയവരോ ഇല്ല. എന്നാല്‍, വളരെ കുഞ്ഞിലേതന്നെ നടനാകണമെന്ന ആഗ്രഹം മനസ്സിലേറ്റിയ ആളായിരുന്നു വിനയ്.  

''ഡിഗ്രി പഠന കാലത്തുതന്നെ ലോകധര്‍മിയില്‍ എത്തിപ്പെട്ടു. തിയേറ്റര്‍ ആക്ടിവിസ്റ്റ് ആക്കിത്തീര്‍ത്തത് ലോകധര്‍മിയാണ്. അവിടെവെച്ചാണ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശന പരീക്ഷയ്ക്ക് പോകുന്നത്. ലോകധര്‍മിയിലെ എക്സ്പീരിയന്‍സുകൊണ്ടുമാത്രമാണ് എനിക്ക് അവിടെ പ്രവേശനം കിട്ടുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മേധാവിയായിരുന്ന ചന്ദ്രമോഹന്‍സാറാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ പ്രേരിപ്പിച്ചത്.'' 

23-ാം വയസ്സിലും പഠിക്കാന്‍ പോകുന്ന വിനയ് അന്ന് ബന്ധുക്കള്‍ക്കുമുന്‍പില്‍ കോമഡി കഥാപാത്രമായിരുന്നു. ബാങ്ക് ലോണ്‍ എടുത്ത് പഠിച്ച് ഇവന്‍ എന്താകാനാണ് എന്ന അവരുടെ ചോദ്യത്തിനിടയിലും, അമ്മ വിനയില്‍ അര്‍പ്പിച്ച വിശ്വാസമാണ് അദ്ദേഹത്തെ ഇവിടംവരെ എത്തിച്ചത്. 

placeholder
''തമാശ എന്ന സിനിമയിലെ ശ്രീനിവാസന്‍ മാഷ് ഒരിക്കലും മനസ്സില്‍നിന്ന് പോവില്ല. ആ സിനിമയോട് എന്റെ കുഞ്ഞിനോടെന്നപോലെ ആത്മബന്ധമുണ്ട്. സന്തോഷം നല്‍കുന്ന മറ്റൊരു കഥാപാത്രം മാലിക്കിലേതാണ്. ഡേവിഡ് ക്രിസ്തുദാസിന്റെ ഇമോഷണല്‍ ജേര്‍ണി എന്നിലെ നടനിലെ വികാരപ്രകടനങ്ങളെ പലതരത്തില്‍ പരീക്ഷിച്ചു. ഏറ്റവും വെല്ലുവിളി നല്‍കുന്ന, എക്സൈറ്റ്മെന്റ് നല്‍കുന്ന, കൗതുകം ജനിപ്പിക്കുന്ന കഥാപാത്രങ്ങളെ ഞാന്‍ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്.'' വ്യത്യസ്തമായ, കൂടുതല്‍ വെല്ലുവിളികളുള്ള കഥാപാത്രങ്ങള്‍ തന്നെത്തേടി വരാനിരിക്കുന്നതേയുള്ളൂവെന്നും വിനയ് വിശ്വസിക്കുന്നു.

''നായകനാവുക എന്നതല്ല, സിനിമ കണ്ടുകഴിയുമ്പോള്‍ നമ്മള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം''വിനയ് പറയുന്നു. 
 കോവിഡ് കാലത്ത് ഇന്ത്യയിലെ മുന്‍നിര അഭിനേതാക്കളുള്‍പ്പെടെ വെബ്സീരീസുകളിലേക്ക് കൂടുമാറിയിരുന്നു. എന്നാല്‍ നിലനില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ കൂടുതല്‍ വളരുക എന്നതാണ് വിനയ് ലക്ഷ്യം വയ്ക്കുന്നത്. 

''ചുരുളി, മാലിക്, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങള്‍ ഒടിടിയില്‍ വന്നശേഷം എനിക്കും പല വെബ്സീരീസുകളിലേക്കും ക്ഷണം വന്നു. മലയാള സിനിമാരംഗത്ത് ഒരു കൊമേഴ്സ്യല്‍ സ്പേസ് ഉണ്ടാക്കിവരുന്ന ഘട്ടത്തിലാണ് ഞാനുള്ളത്. അതുവിട്ട് പെട്ടെന്നൊരു മാറ്റം ശരിയാവില്ല എന്ന് മനസ്സ് പറയുന്നു. വെബ്സീരീസ് ചെയ്യാന്‍ താത്പര്യക്കുറവില്ല. ഇനിയുള്ള കാലത്ത് അതില്‍നിന്ന് മാറിനില്‍ക്കുന്നതും ശരിയായ സമീപനമല്ല എന്നറിയാം. ഒരു ഗംഭീരവേഷം വന്നാല്‍ ചെയ്തിരിക്കും.'' 

 പതിന്നാലുവര്‍ഷമായി വിനയ് സിനിമയിലെത്തിയിട്ട്. 2009-ല്‍ ഋതുവില്‍ തുടങ്ങി അപൂര്‍വരാഗം, ഷട്ടര്‍, പ്രേമം, തമാശ... അങ്ങനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും കടന്നുപോയ കഥാപാത്രങ്ങള്‍. 2023-ല്‍ ഇതുവരെ നാല് സിനിമ ഇറങ്ങിക്കഴിഞ്ഞു. ഓഗസ്റ്റില്‍ ഇറങ്ങിയ രാമചന്ദ്രബോസ് ആന്‍ഡ് കോയിലെ ശൈലേഷ് എന്ന കഥാപാത്രത്തിന്റെ മീമുകളും ഒക്ടോബറില്‍ ഇറങ്ങിയ സോമന്റെ കൃതാവിലെ ഭാഗങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.   

placeholder
മാലിക് എന്ന സിനിമയിൽ ഫഹദ് ഫാസിലിനൊപ്പം

ഓരോ മാസവും ഒന്നോ അതിലധികമോ ചിത്രങ്ങള്‍ . ''നായകനോ അതിനൊപ്പംതന്നെയോ ഉള്ള കഥാപാത്രങ്ങളണ് മിക്കതും. ഇറങ്ങാനിരിക്കുന്ന ആട്ടം, ഹൃദയത്തോട് ഏറ്റവുമടുത്തുനില്‍ക്കുന്ന സിനിമയാണ്. പൂര്‍ണമായും ഒരു ആര്‍ട്ട് ഫിലിം എന്നുപറയാവുന്ന അതേസമയം, കൊമേഴ്സ്യല്‍ സസ്പെന്‍സ് ഡ്രാമകൂടിയാണത്.  അടുത്തിടെ നിരവധി ഫിലിം ഫെസ്റ്റിവലുകളുടെ ഭാഗമായി മാറിയ ആട്ടം കുറെയേറെ പുരസ്കാരങ്ങളും വാങ്ങിക്കൂട്ടി. ഗോവ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനചിത്രമാണിത്. ഐ.എഫ്.എഫ്.കെ.യിലും സിനിമ പ്രദർശനത്തിനെത്തുന്നുണ്ട്. ദി തേര്‍ഡ് മര്‍ഡറര്‍, ബര്‍മുഡ എന്നിവയും മറ്റുരണ്ടുപേരുടെകൂടെ നിര്‍മിച്ച കറാച്ചി എന്ന സിനിമയും ഒടിടി റിലീസിന് കാത്തിരിക്കുന്ന ഫാമിലി യും വരാനുണ്ട്. അപ്പന്‍ എന്ന സിനിമയ്ക്കുശേഷം മജു സംവിധാനം ചെയ്യുന്ന പെരുമാനി ആണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുവരെ മലയാളത്തില്‍ കാണാത്ത തരത്തിലുള്ള തികച്ചും വ്യത്യസ്തമായ സിനിമയായിരിക്കും അത്.'' 

യാത്രപറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് പറഞ്ഞു, ''വിനയ്, നിങ്ങള്‍ സിമ്പിളാണ്, പവര്‍ഫുളും!''