വിമാനത്തിൽവെച്ച് പൈലറ്റിന് സഹപൈലറ്റിന്റെ കുത്തേറ്റതിനെത്തുടർന്ന് ഇസ്രയേലിലേക്കുള്ള വിമാനസർവീസ് നിർത്തിവെച്ചിരിക്കുകയാണ് ഫ്‌ളൈ ദുബായ്. അതിനിടെ ആക്രമണത്തിനിരയായ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൗദിയിലെ ഇന്ത്യൻ എംബസി പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.

ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ദുബായിൽനിന്ന് വിമാനം പുറപ്പെട്ട് രണ്ടുമണിക്കൂറിലാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. പൈലറ്റ് സഹപൈലറ്റിനെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. അതോടെ അടിയന്തരസാഹചര്യം നിലവിൽവന്നു. വിമാനം 34,000 അടിയിൽനിന്ന് 16,600 അടിയിലേക്ക് താഴുകയും ചെയ്തു. പിന്നാലെ എയർട്രാഫിക് കൺട്രോളിലേക്ക് സന്ദേശമെത്തി. ആദ്യം അടിയന്തര സാഹചര്യം സൂചിപ്പിക്കുന്ന '7700' എന്ന കോഡ് അയച്ചു. ഏതാനും നിമിഷങ്ങൾക്ക് ശേഷം, വിമാനം റാഞ്ചിയതായി സൂചിപ്പിക്കുന്ന '7500' എന്ന കോഡും.

കുത്തേറ്റ പൈലറ്റ് സ്മിത്ത് ഉടൻ തന്നെ കോക്പിറ്റിന്റെ വാതിൽ തുറന്നിട്ടു. അതോടെ ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്‌പ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന മറ്റു രണ്ടു പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ ബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു.

വിമാനത്തിൽ 174 യാത്രക്കാരാണുണ്ടായിരുന്നത്. കുത്തേറ്റിട്ടും യാത്രക്കാരെ രക്ഷിക്കുകയും വിമാനം തകർന്നുവീഴുന്നത് തടയുകയും ചെയ്ത പൈലറ്റിനെ പ്രശംസിക്കുകയാണ് ലോകം മുഴുവൻ. സ്‌പൈസ് ജെറ്റിലായിരുന്നു സ്മിത്ത് മച്ചാർ മുമ്പുണ്ടായിരുന്നത്. 2022-ലാണ് ഫ്‌ളൈ ദുബായിലേക്ക് വരുന്നത്. അദ്ദേഹത്തിന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ പ്രകാരം കൊമേഴ്‌സ്യൽ ഫ്‌ളൈറ്റുകൾ പറത്തുന്നതിൽ 13 വർഷത്തിന്റെ പരിചയസമ്പത്തുണ്ട്. ഇതുവരെയായി അദ്ദേഹം 9750 മണിക്കൂർ വിമാനം പറത്തിയിട്ടുമുണ്ട്.

അതിനിടെ സ്മിത്തിന്റെ പഴയൊരു അഭിമുഖവും വൈറലാവുകയാണ്. കഴിഞ്ഞവർഷം ഒക്ടോബറിലെ 'CS Jalk Mehta' എന്ന യൂട്യൂബ് ചാനലിന്റെ പോഡ്കാസ്റ്റാണ് ചർച്ചയാവുന്നത്. അതിൽ സ്മിത്ത് ഇങ്ങനെ പറയുന്നു, ''സ്‌കൂൾ പഠനശേഷം, കുടുംബ ബിസിനസ്സ് ഏറ്റെടുക്കുന്നതിനായി ഞാൻ മാനേജ്മെന്റ് പഠിച്ചു. എന്നാൽ ആ കാലയളവിൽ ഒരു ഏവിയേഷൻ സെമിനാറിൽ പങ്കെടുത്തപ്പോഴാണ് പൈലറ്റ് ആകുക എന്നതിനെക്കുറിച്ച് ഞാൻ ആദ്യമായി ചിന്തിച്ചത്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi