
വരണ്ട മണ്ണില്‍ വേരൂന്നി വസന്തമൊരുക്കുന്ന കടലാസുപൂക്കള്‍. ഭംഗി കണ്ട് അടുത്തുചെല്ലുന്നവര്‍ക്ക് മുറിയും. നീറും. ചോരക്കൊതിയൻ മുള്ളുകള്‍ക്ക് കുരുതിയായിട്ട് നേടാനുള്ളതോ, വണ്ടിന്റെ ദാഹം തീര്‍ക്കാനാവാത്ത, ജീവന്റെ മിനുസമില്ലാത്ത ഇതളുകള്‍ മാത്രം. വാടാത്ത കടലാസുപൂക്കളുടെ അഴകാണ് ഗുരുദത്ത് സംവിധാനം ചെയ്ത കാഗസ് കേ ഫൂല്‍ എന്ന സിനിമയ്ക്ക്. സിനിമാസ്‌കോപ്പ് സാങ്കേതിക വിദ്യ ഉപയോഗിച്ച ആദ്യ ഇന്ത്യന്‍ സിനിമ. സാങ്കേതികമികവിലേക്കുള്ള ഇന്ത്യന്‍ സിനിമയുടെ യാത്രയിലെ തന്റേടമുള്ള ആദ്യ കാല്‍വെപ്പ്. പക്ഷേ, സൂക്ഷിച്ചുനോക്കിയാല്‍ കലയുടെ മുള്‍ച്ചില്ലകളില്‍ കലാകാരന്റെ ചോര കാണാം.
സംവിധായകനായും നടനായും ജയങ്ങള്‍ മാത്രം ശീലിച്ച ദത്തിന്റെ കരിയറിലെ ഏക തോല്‍വിയായിരുന്നു കാഗസ് കേ ഫൂല്‍. തോല്‍വിയുടെ വിഷം ദത്തിനെ മരണത്തിലേക്ക് വലിച്ചടുപ്പിച്ചു. എത്ര ശ്രമിച്ചാലും വിജിഗീഷു മൃത്യുവിനാവില്ലല്ലോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്തുവാന്‍. ലോക ചലച്ചിത്രചരിത്രത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന മാപിനികളിലൊന്നായി, കാലാന്തരത്തില്‍ കാഗസ് കേ ഫൂല്‍. എണ്ണമില്ലാത്ത നിറങ്ങളുടെ, അത്രതന്നെ എണ്ണമറ്റ നിറക്കൂട്ടുകളുടെ പരിധിയില്ലാത്ത സൗന്ദര്യസാധ്യതകള്‍ അന്ന് തുണയ്ക്കില്ല. ഇരുളും വെട്ടവും അവരുടെ പാപത്തുകയായ നിഴലും പിന്നെ സംഗീതവും. കല്‍പ്പാന്ത കാലത്തോളം കാഗസ് കേ ഫൂലിന് ആയുസ്സ് നല്‍കാന്‍ ഗുരുദത്തിനു വേണ്ടിവന്നത് അതു മാത്രം.
Also Read
യവന പുരാണത്തില്‍ സ്വന്തം ശില്പത്തെ പ്രണയിച്ച പിഗ്മാലിയന്റെ കഥയുണ്ട്. പിരിയാന്‍ മടിച്ച് ഡാവിഞ്ചി യാത്രകള്‍ മൊണാലിസയ്‌ക്കൊപ്പമാക്കിയത്രെ. ജീവന്‍ പകുത്തുനല്‍കി ജനിപ്പിച്ച കലയോടുള്ള കലാകാരന്റെ ഗാഢബന്ധത്തിന് മിത്തിലും ചരിത്രത്തിലും മുഖങ്ങളേറെ. മറ്റേതൊരു സിനിമയും പോലെയായിരുന്നില്ല ദത്തിന് കാഗസ് കേ ഫൂല്‍. സ്വപ്നവും സ്‌നേഹവും സ്വാര്‍ത്ഥതയും ചേര്‍ന്ന സര്‍ഗാത്മക സമര്‍പ്പണമായിരുന്നു. പക്ഷേ, അറം പറ്റാതിരിക്കാന്‍ അയാള്‍ക്കായി ശാരിക വന്നില്ല. സിനിമയിലെ നായകന്‍ സുരേഷ് സിന്‍ഹയുടെ വിധി ഗുരുദത്തിനെയും പിന്തുടര്‍ന്നു.സുരേഷ് സിന്‍ഹ എന്ന സംവിധായകന്റെ തകര്‍ന്ന ദാമ്പത്യവും ശാന്തി എന്ന നായികയുമായുള്ള നഷ്ടപ്രണയവും സിനിമാലോകത്തെ പതനവുമാണ് കാഗസ് കേ ഫൂലിന്റെ പ്രമേയം. ഒരിക്കല്‍ തന്റെ സാമ്രാജ്യമായിരുന്ന സ്റ്റുഡിയോയിലേക്ക് സുരേഷ് സിന്‍ഹ ഏകനായി കടന്നുവരുന്നു. പഴയ പ്രതാപമില്ലാത്ത, ആരാധകവലയമില്ലാത്ത, ജര ബാധിച്ച, കിഴവനായി. പോയകാലം ഓര്‍ത്തോര്‍ത്ത് കൈവിട്ട സാമ്രാജ്യത്തില്‍ വെച്ച് അയാള്‍ മരണമടയുന്നു.
ഗുരുദത്തും ഗീത റോയ് ചൗധരിയും തമ്മിലുള്ള വിവാഹജീവിതത്തിന് ഒരു മരണച്ചുഴിയുടെ സ്വഭാവമുണ്ടായിരുന്നു. ഒഴുക്കില്ലെന്ന് തോന്നിച്ചു വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുന്ന ഭ്രാന്തമായ സ്‌നേഹം. ദത്തും വഹീദയുമായി ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന പരിശുദ്ധ പ്രണയം അവരെ തമ്മിലകറ്റുന്നു. ദത്തിന് കുടുംബവും പ്രണയവും നഷ്ടപ്പെടുന്നു. മുപ്പത്തിയൊമ്പതാം വയസ്സില്‍, പ്രതിഭയ്ക്ക് ചക്രവാളങ്ങള്‍ ബാക്കിനില്‍ക്കെ ഗുരുദത്ത് എന്ന പ്രഭാവിസ്മയം അസ്തമിക്കുന്നു. മാസ്റ്റര്‍പീസിന്റെ പരാജയം ദത്തിനെ ലോകത്തിന്റെ കപടനാട്യങ്ങളും പ്രശസ്തിയുടെ നശ്വരതയും തനിച്ചാക്കലിന്റെ യാതനകളും കാണിക്കുന്നുണ്ട്. കാഗസ് കേ ഫൂലിന്റെ തകര്‍ച്ച ദത്ത് എന്ന സംവിധായകന്റെ മരണമാണ്. സുരേഷ് സിന്‍ഹയുടെയും ഗുരുദത്തിന്റെയും ജീവിതത്തില്‍ ജയപരാജയങ്ങളുടെ, സുഖദുഖങ്ങളുടെ ഒരേ നിഴലാട്ടം.

ആദ്യമായി സംവിധാനം ചെയ്ത ബാസി എന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങ് വേളയിലാണ് ഗായിക ഗീതയുമായി ഗുരുദത്ത് പ്രണയത്തിലാകുന്നത്. ഗീതയ്ക്ക് മുന്‍പും ദത്തിന് പ്രണയങ്ങളുണ്ടായിട്ടുണ്ട്. പലതും അപകടകരമായ പരിക്കുകളേല്‍പ്പിച്ചാണ് അവസാനിച്ചതും. സ്വരമാധുര്യം കൊണ്ട് സിനിമയും വേദികളും ഗീത തന്റേതാക്കികൊണ്ടിരിക്കുന്ന കാലത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. ദത്ത് സിനിമയില്‍ കാലുറപ്പിക്കുന്നതേയുള്ളൂ. ദേവ് ആനന്ദുമായുള്ള ചങ്ങാത്തമല്ലാതെ സിനിമയില്‍ അയാള്‍ക്ക് മുടക്കുമുതലായി ഒന്നുമില്ല. ഗീതയുടെ സമ്പന്ന കുടുംബം പ്രണയത്തെ എതിര്‍ത്തു. വെല്ലുവിളികളെ വകവെക്കാതെ മുന്നോട്ടുപോയ പ്രണയം വിവാഹം വരെയെത്തി. മൂന്ന് കുഞ്ഞുങ്ങള്‍ പിറന്നു.
ദേവ് ആനന്ദ് നായകനായ മൂന്ന് സിനിമകളും വിജയിച്ചതോടെയാണ് ദത്തിന് സിനിമയില്‍ സ്വന്തം രാജ്യമുണ്ടായത്. നായകനായുള്ള കിരീടധാരണം കഴിഞ്ഞതോടെ സിനിമാലോകത്ത് ഗുരുദത്ത് രാജസൂയം നടത്തി. ഹോമിക്കപ്പെട്ടത് ഗീതയുടെ സമയം. ഗീതയുടെ സ്വരത്തെ ദത്ത് സ്വാര്‍ത്ഥതയോടെ പിടിച്ചടക്കാന്‍ ശ്രമിച്ചു. അവള്‍ തന്റെ സിനിമയില്‍ മാത്രം പാടിയാല്‍ മതിയെന്നായി. പ്രണയം ചാര്‍ത്തിയ മൗനത്തിന്റെ മുള്‍ക്കിരീടം ചുമന്ന്, ഈണങ്ങള്‍ ഈയമ്പാറ്റകളെപ്പോലെ ചിറകറ്റുവീണ ഹൃദയവുമായി അധികകാലം ഗീതയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. തന്റെ പ്രതിഭ നിഷേധിക്കുന്നതിന് അവള്‍ ദത്തുമായി കലഹിച്ചു. 1957-ല്‍ ഗീതയെ നായികയാക്കി സംഗീതത്തിന് പ്രാധാന്യമുള്ള ഗൗരി എന്ന സിനിമ ദത്ത് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ഗീതയുടെ അഭിനയ മോഹങ്ങള്‍ക്ക് അനിശ്ചിതവിരാമമായി ദിവസങ്ങള്‍ക്കുള്ളില്‍ ഷൂട്ടിങ് നിലച്ചു.

സി.ഐ.ഡി, പ്യാസ, 12'o ക്ലോക്ക് എന്നീ സൂപ്പര്‍ഹിറ്റുകളില്‍ തന്റെ നായികയായ വഹീദയുമായി ഗുരുദത്ത് പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നുതുടങ്ങുന്നത് അക്കാലത്താണ്. സിനിമാചര്‍ച്ചകള്‍ വഹീദയെ ഗീതയുടെ എതിരാളിയായി. ദത്തിന്റെ സൗഹൃദങ്ങളും തുടരുന്ന ഷൂട്ടിങ്ങുകളും ഗീതയെ സംശയാലുവാക്കി. പിണക്കങ്ങള്‍ പെരുകി, വാക്കുതര്‍ക്കങ്ങള്‍കൊണ്ട് വീട് പോര്‍ക്കളമാക്കി. രണ്ട് ആത്മഹത്യാശ്രമങ്ങളാണ് ഇക്കാലയളവില്‍ ദത്ത് നടത്തിയത്. രണ്ടാമത്തെ ശ്രമം അദ്ദേഹത്തെ മൂന്നു നാള്‍ കോമയിലാക്കി. ഗീതയും ഉറക്ക ഗുളികകളുടെ അമിതോപയോഗം കൊണ്ട് ആശുപത്രിയിലായി. ജീവിതത്തില്‍ സംഘര്‍ഷമേഘങ്ങള്‍ ഇരുണ്ടുകൂടുന്നതിനിടെയാണ് 1959-ല്‍ ഗുരുദത്ത് കാഗസ് കേ ഫൂല്‍ പുറത്തിറക്കുന്നത്.
വഹീദയുടെ ശബ്ദമായി ഗീതയെ നിയോഗിച്ചത് ഗുരുദത്ത് എന്ന സംവിധായകന്റെ ഏറ്റവും സര്‍ഗാത്മകവും നിര്‍ദയവുമായ തെരഞ്ഞെടുപ്പായി. മറക്കാനാകാത്ത മാസ്മരികഗാനങ്ങള്‍ ഗീതയുടെ വേദനകളെ നിത്യതയുടെ ഈണമാക്കി. എന്നെ ഞാനല്ലാതെയും നിന്നെ നീയല്ലാതെയും ആക്കിമാറ്റിയ കാലത്തിന്റെ മഹാ അനീതിയെക്കുറിച്ച് ഗീത പാടി. വക്ത് നേ കിയാ ക്യാ ഹസീ സിതം... തും രഹേ ന തും... ഹം രഹേ ന ഹം....
വര്‍ണം ചാലിച്ച മഴവില്ല് പൊടുന്നനെ മങ്ങിയാല്‍ ആകാശത്തിന്റെ മനസ്സിലെന്തായിരിക്കും? രാത്രി മുഴുവന്‍ തപസ്സിരുന്ന സൂര്യകാന്തിക്ക് മുന്നില്‍ മഴക്കാറ് തിരശീല നീര്‍ത്തിയാലോ? പകല്‍ അസ്തമയമില്ലാതെ നീണ്ടാല്‍ രജനീഗന്ധിയ്ക്ക് ഒരു വസന്തമുണ്ടാകുമോ? വിരഹത്തിന്റെ അനിര്‍വചനീയമായ അനുഭവം ഗീതയ്ക്ക് അനുകൂലമായി. ഒപ്പം നടന്നുതുടങ്ങിയ പൂങ്കാവനത്തിന്റെ വഴിമധ്യേ ഇരുള്‍ പടര്‍ന്നതും കോര്‍ത്തുപിടിച്ച കൈ ശൂന്യമായതും അരികില്‍ നിന്ന് പ്രിയന്റെ നിഴല്‍ പോലും മായ്ഞ്ഞതും ഗീതയുടെ ശബ്ദത്തില്‍ കെടാനൊമ്പരം പകര്‍ന്നു. പില്‍ക്കാലത്തു പലരും ഈ വരികള്‍ക്ക് ശബ്ദം നല്‍കി. പക്ഷേ, സാക്ഷാല്‍ ലതാ മങ്കേഷ്‌കറിന് പോലും ഗീതയുടെ ആലാപനത്തിന്റെ അനുഭൂതി പുനഃസൃഷ്ടിക്കാനായില്ല. വരികളിലെ വിരാമങ്ങളെ ആത്മവേദന കൊണ്ട് ഗീത ധ്വനിപ്പിച്ചപ്പോള്‍ ഗുരുദത്ത് ദൃശ്യഭംഗിയുടെ മായികശക്തി പകര്‍ന്നു.
ദേഖീ സമാനേ കി യാരി... സിനിമ അവസാനിക്കുന്നത് റഫിയുടെ സ്വരത്തോടെയാണ്. ആമ്പല്‍ക്കുളത്തിന്റെ അലകള്‍ക്ക് മുകളിലൂടെ സംവിധായകന്റെ നല്ല നാളുകളിലേക്ക് ക്യാമറ പിന്തിരിഞ്ഞുനോക്കും- ഏകാന്തതയുടെ ഇടനാഴിയില്‍ നിന്ന് കാത്തുനില്‍ക്കുന്ന ആരാധര്‍ക്കിടയിലേക്ക് നടക്കുന്ന നായകനിലേക്ക്. ചോരത്തിളപ്പുള്ള സ്വപ്നങ്ങള്‍. നാളെയെക്കുറിച്ച് ചിന്തിക്കാന്‍ ഇടവേളയില്ലാത്ത തിരക്ക്. റഫി തുടരും. ചങ്ങാതിമാര്‍ പോകുന്നതോടെ പിന്നെയും ഏകാന്തമാകുന്ന ആഘോഷരാവുകളെപ്പറ്റി. ഒന്നൊന്നായി എല്ലാവരും വിട്ടെറിഞ്ഞുപോകുന്ന സ്വാര്‍ത്ഥലോകത്തെയും ക്ഷണിക സന്തോഷങ്ങള്‍ പൊലിയുന്നതോടെ അശാന്തമാകുന്ന മനസ്സിനെപ്പറ്റിയും.
ക്യാമറ പ്രണയിനിയില്‍ നിന്ന് ഓടിയലുന്ന നായകന്റെ കെട്ട വര്‍ത്തമാനകാലത്തിലേക്ക്. റഫിയുടെ വികാരനിര്‍ഭരസ്വരത്തില്‍ വിങ്ങല്‍. അവസാനമില്ലാത്ത തുടരുന്ന വിധിയുടെ കളിക്ക് മുന്നില്‍ തളര്‍ന്നുകീഴടങ്ങുന്ന നായകന്റെ എല്ലാ ദൈന്യതയും റഫി ഒരു നെടുവീര്‍പ്പില്‍ കലര്‍ത്തും. ഗാനരംഗത്തിന്റെ അവസാനം വൃദ്ധനായ നായകന്‍ വേച്ചുവേച്ച് ഗോവണിയിറങ്ങുന്നു. അയാളുടെ മനസ്സിരമ്പുന്നത് മുഖത്ത് വീഴുന്ന നിഴലിന്റെ ചഞ്ചലാട്ടങ്ങളില്‍ വായിക്കാം. ക്യാമറയെ ലാളനയോടെ തലോടി, അയാള്‍ അനാഥമായ സംവിധായകന്റെ കസേരയിലിരിക്കും. മുകളില്‍ നിന്ന് അയാളിലേക്ക് മാത്രമായി വന്നുവീണ വെളിച്ചത്തിന്റെ അല ചുറ്റിലേക്കും പരന്നൊഴുകി രാത്രി പകലാകുന്ന മറിമായം. പിറ്റേന്ന് സ്‌റുഡിയോയിലെത്തുന്നവര്‍ക്ക് കാഴ്ചയായി സംവിധായക കസേരയില്‍ ഒരു അജ്ഞാതമൃതദേഹം. സുരേഷ് സിന്‍ഹ നിത്യവെളിച്ചമായിത്തീരുന്നു.
വിമര്‍ശകശരങ്ങളാല്‍ ആത്മാവുകെട്ട് നിരാശയുടെ പടുകുഴുയിലേക്ക് തെറിച്ചുവീണ് കേവലം ഇരുപത്തിയാറാം വയസ്സില്‍ പൊലിഞ്ഞുപോയ ഇംഗ്ലീഷ് കാല്‍പ്പനിക കവി കീറ്റ്സ് തന്റെ കല്ലറയുടെ മുകളില്‍ പതിക്കാനായി ഇങ്ങനെ എഴുതി - ജലപ്പരപ്പിൽ പേരെഴുതി വെച്ച് കടന്നുപോയവന്‍ ഇവിടെ വിശ്രമിക്കുന്നു. കീറ്റ്സിന്റെ സുഹൃത്തും വിപ്ലവകവിയുമായിരുന്ന ഷെല്ലി എഴുതി- ഞാന്‍ ജീവിതത്തിന്റെ കാരമുള്ളുകളിന്മേല്‍ വീണു, ചോരവാര്‍ക്കുന്നു. സൃഷ്ടി തിരസ്‌കരിക്കപ്പെടുമ്പോള്‍ സ്രഷ്ടാവിന് മുറിവേല്‍ക്കുന്നു. ചോര ചീറ്റുന്നു. കാഗസ് കേ ഫൂലിന് ശേഷവും ഗുരുദത്ത് സിനിമകള്‍ ചെയ്തു. വീണ്ടും ഹിറ്റുകള്‍ പിറന്നു. പക്ഷേ, ദത്ത് പിന്നെയൊരിക്കലും സംവിധായക വേഷമണിഞ്ഞില്ല. സുരേഷ് സിന്‍ഹയുടെ മരണം അയാളിലെ സ്രഷ്ടാവിന്റെ പ്രതീകാത്മക പതിപ്പായിത്തീര്‍ന്നു. പകര്‍ന്നാട്ടക്കാരനായി തുടര്‍ന്നാല്‍ മതിയെന്ന് പരാജയം ദത്തിനെകൊണ്ട് തീരുമാനമെടുപ്പിച്ചു.
ചോധ്വിന്‍ കാ ചാന്ദ്, സാഹിബ് ബീബി ഓര്‍ ഗുലാം എന്നിങ്ങനെ ദത്തിന്റെ രണ്ടാംവരവിലും വിജയപങ്കാളി വഹീദ തന്നെയായിരുന്നു. ഇനി വയ്യെന്ന് തീരുമാനിച്ച് കുഞ്ഞുങ്ങളെ ചിറകിലൊതുക്കി ഗീത വീടുവിട്ടു. ദത്ത് പലതവണ വിളിച്ചിട്ടും മടങ്ങിവന്നില്ല. വഹീദയുമായുള്ള ദത്തിന്റെ ബന്ധം കൊണ്ടാണ് ഇരുവരും പിരിഞ്ഞതെന്നും ഗീതയുടെ സംശയങ്ങളും മദ്യലഹരിയുമാണ് വില്ലനെന്നും തട്ടുകളുണ്ടായി. (അമിത മദ്യപാനം കൊണ്ട് കരള്‍ ക്ഷയിച്ച് ഗീത മരണപ്പെട്ടത് പില്‍ക്കാലത്ത് രണ്ടാം തട്ടിനെ പ്രബലമാക്കുകയും ചെയ്തു.) കുടുംബത്തെ തിരിച്ചുകൊണ്ടുവരാനായി ദത്ത് വഹീദയുമായുള്ള ബന്ധം പോലും ഉപേക്ഷിച്ചുവെന്ന് പറയപ്പെടുന്നു. പക്ഷേ, ഒരു മതിലും തകര്‍ന്നുതരിപ്പണമായില്ല. ഗീതയുമായി ഒന്നിച്ചില്ല.
തോല്‍വിയുടെ കയ്പ്പും തിരസ്‌കാരത്തിന്റെ നീറ്റലും പ്രണയനഷ്ടവും ഒറ്റപ്പെടലും ദത്തിനെ കൂടുതല്‍ ഉള്‍വലിയാന്‍ പ്രേരിപ്പിച്ചു. ഉള്ളില്‍ കെട്ടിക്കിടന്ന ഇരുള്‍ ദത്തിനെ കാന്തം പോലെ പിടിച്ചടുപ്പിച്ചു. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ദത്തിനെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മദ്യവും ഉറക്കഗുളികയും അമിതമായി കഴിച്ചതാണ് മരണകാരണം എന്ന് തീര്‍പ്പായി. മരണത്തെ ദത്തിന്റെ വിജയിച്ച ആത്മഹത്യാശ്രമമായി കാണുന്നവരുമുണ്ട്. ഇരുട്ടും വെളിച്ചവും മഷിയാക്കി സ്‌ക്രീനില്‍ ചലിക്കുന്ന ചിത്രങ്ങള്‍ തീര്‍ത്ത പ്രതിഭയുടെ മരണത്തിലും നിഴല്‍ക്കളികള്‍!
Content Highlights: the tragedy of gurudutt's kaagaz ke phool
Published: 10 Oct 2023, 02:52 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented