
ആണധികാരത്തിന്റെ പൊയ്ക്കാലുകളിലാണ് സിനിമയുടെ കോട്ടകൊത്തളങ്ങള്‍ എക്കാലവും എഴുന്നുനില്‍ക്കുന്നത്. സിനിമയുടെ സാങ്കേതികവും കലാപരവും വാണിജ്യപരവുമായ ആണാധിപത്യത്തിനിടയില്‍ തെളിഞ്ഞുകത്തുന്ന അപൂര്‍വം പെണ്‍നക്ഷത്രങ്ങള്‍. സിനിമാസ്വാദകര്‍ക്ക് വഹീദ റഹ്മാന്‍ ഒളിമങ്ങാത്ത നക്ഷത്രപ്രഭയുടെ സൗന്ദര്യമാണ്. നായകന്മാര്‍ക്കൊപ്പം സിനിമയില്‍ കത്തിനിന്ന നായിക. സിദ്ധി കൊണ്ടും സൗന്ദര്യം കൊണ്ടും താരതമ്യങ്ങള്‍ക്കു മുകളില്‍ വളര്‍ന്നവള്‍. പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസായ സമയത്ത് തന്നെ വഹീദയിലേക്ക് ദാദ സാഹേബ് ഫല്‍ക്കെ പുരസ്‌കാരമെത്തിയത് കാലം പ്രായശ്ചിത്തം ചെയ്യുന്നതിന്റെ നാന്ദിയാകാം.
പിഴയ്ക്കാത്ത ചുവടുകള്‍
1940കളിലെ ചെങ്കല്‍പ്പേട്ട്. തമിഴ്നാട്ടിലെ ജാതിമതിലുകളും മത വേര്‍തിരിവുകളും ഇന്നത്തേക്കാള്‍ കഠിനം. ജില്ലാ കമ്മീഷണര്‍ മുഹമ്മദ് അബ്ദുല്‍ റഹ്മാന്റേയും മുംതാസ് ബീഗത്തിന്റെയും ഇളയമകള്‍ക്ക് ഭരതനാട്യം പഠിക്കണമെന്ന ആശ മുളപൊട്ടി. മുസ്ലിം പെണ്‍കുട്ടികള്‍ നൃത്തം പഠിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാലമാണ്. സമുദായവും സൗഹൃദവലയവും എതിര്‍പ്പുകളുമായി ചുറ്റിലുംകൂടി. പക്ഷേ, ഐ.എ.എസ്സുകാരനായ അച്ഛന്‍ മകളുടെ ചിലങ്കസ്വരത്തിന് ഒപ്പം കയ്യടിച്ചുകൊണ്ടിരുന്നു. അവള്‍ നൃത്തവേദികളില്‍ ജ്വലിച്ചു. പഠിച്ചുയര്‍ന്ന് ഡോക്ടറാകണമെന്ന് മോഹിച്ച അവളുടെ സ്വപ്നങ്ങള്‍ ഇടയ്‌ക്കെപ്പോഴോ പാളം മാറി സിനിമാലോകത്തിലേക്കെത്തി.
വെള്ളിവെളിച്ചത്തില്‍
1955-ല്‍ ഐറ്റം ഡാന്‍സ് കളിച്ചുകൊണ്ടാണ് വഹീദ സിനിമയിലെത്തുന്നത്. ഗ്ലാമറിനപ്പുറം നര്‍ത്തകിമാരെ വളരാനനുവദിക്കാത്ത കാലത്തിന്റെ കൂച്ചുവിലങ്ങുകള്‍ക്ക് വഹീദയെ മെരുക്കാനായില്ല. മാദകനര്‍ത്തകിയായി, തിളങ്ങുന്ന കുപ്പായങ്ങളില്‍ അവര്‍ ഒതുങ്ങിയില്ല. നായികയുടെ കിരീടത്തിലേക്ക് വഹീദ പെട്ടെന്നുയര്‍ന്നു. അതും ദേവ് ആനന്ദിന്റെ നായികയായി.

ഗുരുദത്തിന്റെ ഐതിഹാസിക കരിയറിലെ വൈരക്കല്ലുകളായ കാഗസ് കാ ഫൂല്‍, പ്യാസ, ചോധ്‌വിന്‍ കാ ചാന്ദ്, സാഹിബ് ബീബി ഓര്‍ ഗുലാം എന്നീ സിനിമകളില്‍ വഹീദ നിറഞ്ഞുനിന്നു. ദേവ് ആനന്ദിനൊപ്പം ഗൈഡ് ചിത്രത്തില്‍ തകര്‍ത്തഭിനയിച്ച വഹീദ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ നേടി. ദിലീപ് കുമാര്‍ ഇരട്ട വേഷത്തിലഭിനയിച്ച റാം ഓര്‍ ശ്യാമില്‍ നായികയായി. ഖാമോഷി, നീല്‍ കമല്‍, തേരീ കസം, ബീസ് സാല്‍ ബാദ്, ആദ്മി, കഭീ കഭീ... കണ്ണഞ്ചിക്കുന്ന വിജയങ്ങള്‍. ദേവ് ആനന്ദ്, രാജേഷ് ഖന്ന, ഗുരുദത്ത്. ബോളിവുഡിന്റെ കലയും വിപണിയും അടക്കിവാണ ത്രിമൂര്‍ത്തികളുടെ ഇഷ്ടനായികയായിരുന്നു വഹീദ.
വിടാതെ വിവാദങ്ങള്‍
തെലുങ്ക് സിനിമകളില്‍ നര്‍ത്തകിയായി കയ്യടി നേടിയ വഹീദയെ ഹിന്ദി സിനിമയിലേക്ക് കൊണ്ടുവരുന്നത് ഗുരു ദത്താണ്. ബോളിവുഡിലെ തലതൊട്ടപ്പനായ ഗുരു ദത്ത് തന്നെ വഹീദയുടെ കരിയര്‍ തകരാനും കാരണക്കാരനായെന്നതാണ് കൗതുകം. തന്റെ എല്ലാ സിനിമയിലേക്കും ദത്ത് നായികയായി കണ്ടത് വഹീദയെയാണ്. ഗോസിപ്പ് കോളങ്ങളില്‍ ഗുരു ദത്ത്- വഹീദ ബന്ധത്തെക്കുറിച്ച് നിറംപിടിപ്പിച്ച കഥകള്‍ നിറഞ്ഞു. ഗുരുവും ഗീതയും തമ്മിലുള്ള വിവാഹബന്ധം പ്രക്ഷുബ്ധമായ കടലിലെ നിലതെറ്റിയ പായ്ക്കപ്പല്‍ പോലെ ആടിയുലഞ്ഞു.

കുടുംബം കൈവിട്ടുപോകുകയാണെന്ന ഭയം ദത്തിനെ വഹീദയില്‍ നിന്നകറ്റി. 1963-ല്‍ ഇരുവരും പിരിഞ്ഞു എന്ന് അടക്കിപ്പിടിച്ച വാര്‍ത്തകള്‍ പുറത്തുവന്നു. 1964-ല്‍ ഗുരു ദത്തിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉറക്കഗുളികയും മദ്യവും അമിതമായി ശരീരത്തിലെത്തിയതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. പക്ഷേ, വഹീദയുടെ നേരെ ആരോപണങ്ങളുടെ കൂരമ്പുകള്‍ നീണ്ടു. വൈകാരികത്തകര്‍ച്ച ദത്തിനെ ആത്മഹത്യയിലെത്തിച്ചതാണെന്നും വഹീദയാണ് അതിനു കാരണക്കാരിയെന്നും രഹസ്യമല്ലാത്ത പറച്ചിലുകളുമായി. അതോടെ, വഹീദയുടെ വിജയശിഖരത്തിന്റെ മഞ്ഞുരുകി. നല്ല കഥകള്‍ അവരില്‍ നിന്നകന്നു. വല്ലപ്പോഴും മാത്രം പുതിയ സിനിമകള്‍ മടിയോടെ അവരുടെ മുറ്റം കടന്നുവന്നു.
പ്രണയവും വിവാഹവും
സിനിമയിലെ തിരിച്ചടികള്‍ വഹീദയെ തളര്‍ത്തിയില്ല. തേടിയെത്തിയ കഥാപാത്രങ്ങളെല്ലാം അവര്‍ ഭംഗിയാക്കി. വ്യക്തിജീവിതത്തിലും വഹീദ മാറുകയായിരുന്നു. സിനിമാ മാഗസിനുകളില്‍ ഒരിക്കല്‍ക്കൂടി വഹീദയുടെ പ്രണയജീവിതം വിഷയമായി. സിനിമാറ്റിക് തന്നെയായിരുന്നു വഹീദയുടെ പ്രണയം. ഷഗൂണ്‍ എന്ന സിനിമയില്‍ തനിക്കൊപ്പം സ്‌ക്രീന്‍ പങ്കിട്ട കമല്‍ജീത്തിനെ (ശശി രേഖി) തന്നെയാണ് സ്വജീവിതം പങ്കിടാനും അവര്‍ തിരഞ്ഞെടുത്തത്. 1974-ലായിരുന്നു വിവാഹം. ശശിക്കൊപ്പം വഹീദ മുംബൈയില്‍ നിന്ന് താമസം മാറ്റി. പിന്നെ ഒരു നീണ്ട ഇടവേള. സ്‌ക്രീനില്‍ നിന്ന് സിനിമാ സൗഹൃദങ്ങളിലേക്കുപോലും നീണ്ട ഇടവേള. 1999-ല്‍ സിനിമയില്‍ വീണ്ടും വഹീദയുടെ മുഖം തെളിഞ്ഞു. ആസ്വാദകരില്‍ പ്രതീക്ഷ നിറഞ്ഞു. പക്ഷേ, മടക്കം ഹ്രസ്വമായിരുന്നു. വെള്ളിവെളിച്ചത്തില്‍ നിന്ന് വഹീദ വീണ്ടും കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് മടങ്ങി.
2000-ല്‍ ശശിയുടെ മരണത്തോടെ വഹീദ മുംബൈയിലേക്ക് തിരികെയെത്തി. സിനിമ വഹീദയെ വീണ്ടും തന്നിലേക്കടുപ്പിച്ചു. പഴയ തട്ടകം ഒഴിഞ്ഞുകിടക്കുകയായിരുന്നു. വഹീദയ്ക്ക് പകരം മറ്റൊരാള്‍ എളുപ്പമല്ലല്ലോ. ഓം ജയ് ജഗദീഷ് എന്ന ചിത്രത്തിലൂടെ 2002-ല്‍ വഹീദ വെള്ളിത്തിരയിലേക്ക് മടങ്ങി. ... ഒരുപിടി നല്ല കഥകളും കഥാപാത്രവുമായി സിനിമാലോകം അവരെ വരവേറ്റു. 
കലാകാരി എന്ന ലേബലിനപ്പുറം വളര്‍ച്ചയുണ്ട് വഹീദയുടെ വ്യക്തിത്വത്തിന്. അനാവശ്യ പ്രസ്താവനകളിലൂടെ രാഷ്ട്രീയമുതലെടുപ്പ് നടത്തി നൈമിഷിക പ്രഭ തേടുന്ന പതിവില്ല. അളന്നുമുറിച്ച, തൂക്കിനോക്കിയ വാക്കുകളില്‍ മാത്രം പ്രതികരിക്കും. അതും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യം. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്ന രംഗ് ദെ എന്ന സംഘടനയുടെ ഉപദേശകയായി പ്രവര്‍ത്തിക്കുന്നു.
അഞ്ചുപതിറ്റാണ്ടില്‍ തമിഴ്, തെലുഗ്, ഹിന്ദി, ബംഗാളി സിനിമകളിലായി 90-ലധികം സിനിമകള്‍. 1972-ല്‍ പുറത്തുവന്ന ത്രിസന്ധ്യ എന്ന മലയാള സിനിമയിലും വഹീദ വേഷമിട്ടു. 1972-ല്‍ പത്മശ്രീ. 2011-ല്‍ പത്മഭൂഷണ്‍. ഒടുവിലിതാ എണ്‍പത്തഞ്ചാം വയസ്സില്‍ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും. സഫലമായ സിനിമായാത്ര, അതാണ് വഹീദ റഹ്മാന്‍.
Content Highlights: a tribute to actress waheeda rehman
Published: 27 Sept 2023, 12:16 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented