അടിച്ചമര്‍ത്തലുകളുടെ, സ്വാതന്ത്ര്യ നിഷേധത്തിന്റെ വിങ്ങലുകളാണ് ഇറാന്‍ എന്ന രാജ്യത്തിലേക്ക് നോക്കുന്ന കണ്ണുകള്‍ക്ക് കാണാനാവുക. യാതൊരുവിധ മനുഷ്യാവകാശങ്ങളുമില്ലെന്ന്പറഞ്ഞുറപ്പിച്ച രാജ്യം. ആ സ്വാതന്ത്ര്യമില്ലായ്മയ്‌ക്കെതിരെ പ്രതികരിച്ചതിനാണ് മൂന്ന് വയസ്സും ആറ് മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് അവരുടെ അമ്മയെ നഷ്ടമായതും. ആ അമ്മയെയാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തേടിയെത്തിയത്. ഇറാനിയന്‍ മനുഷ്യാവകാശപ്രവര്‍ത്തക നര്‍ഗീസ് മൊഹമ്മദി. ഇറാന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികള്‍ക്കെതിരായ പോരാട്ടങ്ങളുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നര്‍ഗിസ് മൊഹമ്മദി, ജയിലില്‍ വച്ചാണ് പുരസ്‌കാര വാര്‍ത്ത അറിഞ്ഞത്. സമാധാനത്തിനുള്ള നോബേല്‍ നേടുന്ന 19-ാമത്തെ വനിതയാണ് നര്‍ഗീസ്. രണ്ടാമത്തെ ഇറാനിയന്‍ വനിതയും. 

1998 ലാണ് ആദ്യമായി ഇറാനിയന്‍ ഭരണകൂടം അവരെ ജയിലഴിക്കുള്ളിലേക്ക് വലിച്ചെറിയുന്നത്. അന്ന് പിഞ്ചുകുഞ്ഞുങ്ങളായിരുന്നു മക്കളായ കിയാനയും അലിയും. 'അലിയെ ഉറക്കുന്നതുവരെ പോലീസുകാര്‍ കാത്തിരുന്നു. എന്നാല്‍ കിയാന ഉറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പോകാന്‍ നേരം അവള്‍ കെട്ടിപ്പിടിച്ചു നിലവിളിച്ചു. പോലീസിനൊപ്പം പുറത്തിറങ്ങിയെങ്കിലും തിരികെ ചെന്ന് ഞാനവളെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.' മക്കളില്‍ നിന്ന് വേര്‍പിട്ടു പോരുമ്പോള്‍ അവരനുഭവിച്ച വേദനകള്‍ നര്‍ഗീസ് ടെഹ്‌റാനിലെ ഒറ്റജനാല മാത്രമുള്ള എവിന്‍ ജയിലിലിരുന്നു എഴുതിയത് ഇങ്ങനെ. 

പിന്നീട് മൂന്ന് തവണകൂടി കുഞ്ഞുങ്ങളുടെ അരികില്‍ നിന്ന് അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എട്ട് വര്‍ഷം മുമ്പാണ് നര്‍ഗീസ് വീണ്ടും ജയിലഴികളില്‍ ആകുന്നത്. അന്ന് മക്കള്‍ സ്‌കൂളിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. പിന്നീട് ആ അമ്മയും മക്കളും പരസ്പരം കണ്ടിട്ടില്ല. ജീവനും ജീവിതത്തിനുമായുള്ള പാലായനത്തില്‍ മക്കളും ഭര്‍ത്താവും മനുഷ്യാവകാശപ്രവര്‍ത്തകനുമായ താഹി റഹ്മാനിയും ഫ്രാന്‍സില്‍ അഭയം തേടിയപ്പോള്‍ നര്‍ഗീസ് ജയില്‍ മുറിയിലിരുന്ന് തന്റെ മക്കളടക്കമുള്ള നാളത്തെ തലമുറയെങ്കിലും സ്വതന്ത്രരായി ജീവിക്കുന്നരാജ്യത്തിനായുള്ള സ്വപനം കാണുകയാണ്. പോരാട്ടം തുടരുകയാണ്.

placeholder
ഭര്‍ത്താവും മനുഷ്യാവകാശപ്രവര്‍ത്തകനുമായ താഹി റഹ്മാനിയും മകൻ അലിയും 

1972 ഏപ്രില്‍ 21നാണ് നര്‍ഗീസ് ജനിച്ചത്. ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചു. കോളേജ് കാലഘട്ടം മുതല്‍ തന്നെ സ്ത്രീകളുടെ അവകാശനിഷേധങ്ങള്‍ക്കെതിരെ പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഇക്കാലത്ത് നോബേല്‍ ജേതാവായ ഫിറിന്‍ എബാദി സ്ഥാപിച്ച ടെഹ്‌റാനിലെ ഡിഫന്‍ഡേഴ്‌സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് സെന്ററിന്റെ ഭാഗമായി നര്‍ഗീസ് പ്രവര്‍ത്തിച്ചു തുടങ്ങി. ഭരണകൂടത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് ആരോപിക്കപ്പെട്ട് ആദ്യം ഒരു വര്‍ഷത്തേക്കാണ് നര്‍ഗീസ് ജയിലിലടയക്കപ്പെട്ടത്. 

പിന്നീട് ഇറാനിയന്‍ ഭരണകൂടം പതിമൂന്ന് തവണ നര്‍ഗീസ് മൊഹമ്മദിയെ അറസ്റ്റ് ചെയ്തു. അതില്‍ അഞ്ച് തവണ അവര്‍ കുറ്റക്കാരിയാണെന്ന് വിധിക്കുകയും ചെയ്തു. 2011 ല്‍ തടവിലാക്കപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകരെ സഹായിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും അറസ്റ്റിലായി. രണ്ട് വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ നര്‍ഗീസ് വധശിക്ഷയ്‌ക്കെതിരെ പ്രചാരണം നടത്തിയതിന് വീണ്ടും 2015 ല്‍ അറസ്റ്റിലായി. ജയിലില്‍ സത്രീതടവുകാര്‍ നേരിടുന്ന പീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കുമെതിരെ നര്‍ഗീസ് പോരാട്ടമാരംഭിച്ചു. 2022 ല്‍ ഇതുമായി ബന്ധപ്പെട്ട് നര്‍ഗീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് വലിയ ശ്രദ്ധനേടിയിരുന്നു. ഇറാനിയന്‍ ഭരണകൂടത്തിന്റെ തടവറകളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു അത്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ പത്ത് വര്‍ഷവും ഒമ്പത് മാസവും തടവു ശിക്ഷയ്ക്ക് നര്‍ഗീസ് വിധിക്കപ്പെട്ടു. 154 അടിയും ശിക്ഷയുടെ ഭാഗമായി അനുഭവിക്കണം. ഇതുവരെ  മുപ്പത്തൊന്ന് വര്‍ഷത്തോളം അവര്‍ ജയില്‍വാസം അനുഭവിച്ചു കഴിഞ്ഞു.  

വേള്‍ഡ് ഇക്കണോമിക്ക് ഫോറം പുറത്തിറക്കിയ ലിംഗസമത്വം സംബന്ധിച്ച പട്ടികയിലെ 146 രാജ്യങ്ങളില്‍ 143 ലാണ് ഇറാന്റെ സ്ഥാനം. ഇറാനിലെ തെരുവുകളില്‍ കഴിഞ്ഞവര്‍ഷം മുതല്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഒട്ടൊന്നുമല്ല ഭരണകൂടത്തെ വിറപ്പിച്ചത്. ഇറാനിലെ മനുഷ്യാവകാശകമ്മീഷന്റെ കണക്കുപ്രകാരം സര്‍ക്കാരിനെതിരായ പോരാട്ടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് 551 ആളുകള്‍ക്കാണ്. അതില്‍ 68 കുട്ടികളും 49 സ്ത്രീകളുമുണ്ട്. 'ഞങ്ങളില്‍ എത്രപേരെ അവര്‍ തടവിലാക്കുന്നുവോ, അത്രയും ഞങ്ങള്‍ ശക്തരാവും...' എന്നാണ് നര്‍ഗീസ് ന്യൂയോര്‍ക്ക് ടൈസിനോട് ഇറാനിലെ മനുഷ്യാവകാശപ്രവര്‍ത്തകരുടെ കൂട്ട അറസ്റ്റുകള്‍ക്കെതിരെ പ്രതികരിച്ചത്. 

നര്‍ഗീസ് മൊഹമ്മദിക്ക് സമാധാനത്തിനുള്ള പുരസ്‌കാരം നല്‍കുന്നതിലൂടെ ഇറാനിലെ ജനങ്ങളുടെ മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി അവര്‍ നടത്തിയ പോരാട്ടത്തെ ആദരിക്കുകയാണ് എന്നാണ് നോബേല്‍ കമ്മറ്റി പറഞ്ഞത്. യുനെസ്‌കോയുടെ ഗള്ളെര്‍മോ കാനോ വേള്‍ഡ് പ്രസ് ഫ്രീഡം പ്രൈസും നര്‍ഗീസ് നേടിയിരുന്നു. 2022 ല്‍ ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയിലും നര്‍ഗീസ് ഇടം നേടി.