
വാഴ്ത്തും മുന്‍പ് കുരിശിലേറ്റണം എന്നൊരു അലിഖിത നിയമം ഇന്ത്യന്‍ മൈതാനങ്ങളിലേക്ക് വന്നത് എങ്ങനെയാണ്? വാംഖഡെയിലെ വിഖ്യാത സെമി ഫൈനല്‍ വിജയം രാജ്യം കൊണ്ടാടുമ്പോള്‍ ഷമിയ്ക്ക് നേരെ അതേ ഗാലറിയില്‍ ഉയര്‍ന്ന വെറുപ്പിന്റെ ആരവങ്ങള്‍ എന്തിന്റെ സൂചനയാണ്? ഒരുമയുടെ പേറ്റില്ലം ആയിരുന്ന ഇന്ത്യയ്ക്ക് ക്രിക്കറ്റ് മൈതാനങ്ങള്‍ വേര്‍തിരിവിന്റെയും അകറ്റിനിര്‍ത്തലിന്റെയും ഇടനാഴികളായി ചുരുങ്ങുകയാണോ..
ഒരു പേരിലെന്തിരിക്കുന്നു, ഏതുപേരില്‍ വിളിച്ചാലും റോസാപ്പൂവിന്റെ സൗരഭ്യത്തിനു കുറവുണ്ടാകില്ലെന്ന് ഷേക്‌സ്പിയര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനറിയില്ലല്ലോ. ഒരു പേരിന് ഏറ്റവും വലിയ ശാപമാകാമെന്ന്. മുഹമ്മദ് ഷമി എന്ന പേര് മതി, എത്ര വിക്കറ്റ് നേടിയാലും എത്ര നന്നായി ഫീല്‍ഡ് ചെയ്താലും ഒരു പിഴവിന്റെ പേരില്‍ അപമാനത്തീയില്‍ ദഹിപ്പിക്കാന്‍.

എന്താകും അയാളുടെ മനസ്സിലേക്ക് ആദ്യം കടന്നുവന്നത്? ഭയമോ? അതോ മരണം പഠിപ്പിച്ച നിസ്സംഗതയോ? മൂന്നു വട്ടം മരണ മുനമ്പില്‍ നിന്ന് തിരിച്ചു വന്നതാണയാള്‍. മൂന്ന് ആത്മഹത്യ ശ്രമങ്ങള്‍ നടത്തി. ഒറ്റപ്പെടലിലേക്ക് സ്വയം ഉള്‍വലിഞ്ഞു. കടന്നുവന്ന കനല്‍വഴികളിലേക്ക് അയാള്‍ പിന്തിരിഞ്ഞു നോക്കിയിട്ടുണ്ടാകണം.
എല്ലാം 2021 ലെ ട്വന്റി ട്വന്റി മത്സരത്തിന്റെ തുടര്‍ച്ച പോലെ. അന്ന് പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ കുരിശിലേറ്റപ്പെട്ടത് ഷമി മാത്രമാണ്. ബാക്കി പത്തു കളിക്കാരുടെയും തോല്‍വി സ്വാഭാവികവും ഷമിയുടേത് സ്വച്ഛന്ദവുമായി. അയാള്‍ പാകിസ്ഥാനോട് കൂറ് കാണിക്കാന്‍ തോല്‍വി വരിച്ച വഞ്ചകനായി. ഷമിയോട് പാകിസ്താനിലേക്ക് പൊയ്‌ക്കോളാന്‍ ട്വീറ്റുകളും പോസ്റ്റുകളും ആക്രോശിച്ചു. അയാളുടെ രൂപങ്ങള്‍ പൊതുനിരത്തുകളില്‍ കത്തിയെരിഞ്ഞു. ചിരിക്കുന്ന ചുമര്‍ചിത്രങ്ങളില്‍ കരി പുരണ്ടു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം നടന്ന അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഷമിക്ക് കിട്ടിയ വരവേല്‍പ്പ് മറക്കാനാകുമോ. ജയ് ശ്രീറാം വിളികളായിരുന്നു അന്ന് മുഴങ്ങിക്കേട്ടത്. ഭക്തിയോടെ ഉച്ചരിക്കേണ്ട വാക്കുകള്‍ വെറുപ്പിന്റെ പച്ച പ്രകടങ്ങളായി മാറി. അതും അയാള്‍ ഓര്‍ത്തുപോയിട്ടുണ്ടാകും.
ഓര്‍ത്തുവേദനിക്കാന്‍ അത്രയധികം നിമിഷങ്ങള്‍, വിനാഴികകള്‍, ദിനങ്ങള്‍ അയാള്‍ക്ക് കാലം സമ്മാനിച്ചിട്ടുണ്ടല്ലോ. രഞ്ജി മത്സരത്തില്‍ പോലും ഷമി എന്ന പേര് പരിഗണിക്കപ്പെടാതിരുന്ന കാലമുണ്ടായിരുന്നു. എന്തിന്, ഈ ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ അയാളെ പുറത്തിരുത്തിയില്ലേ? മൈതാനത്തില്‍ കളി മുറുകുന്നതും അയയുന്നതും നോക്കി വേദനയോടെ അയാള്‍ ബെഞ്ചിലിരുന്നില്ലേ...
പഴിചാരലുകളും കുറ്റപ്പെടുത്തലുകളും ഷമിയ്ക്ക് പരിചിതമായിക്കഴിഞ്ഞു. വാക്കുകള്‍ക്ക് അയാളെ മുറിവേല്‍പ്പിക്കാനുള്ള മൂര്‍ച്ച നഷ്ടമായി. നഷ്ടപ്പെട്ട ക്യാച്ചിനെയോര്‍ത്ത് കളയാന്‍ നേരമില്ല. അഞ്ചു വിക്കറ്റുകള്‍ അയാള്‍ തുടര്‍ന്നും എറിഞ്ഞിട്ടു. അതില്‍ കെയിന്‍ വില്യംസണിന്റെ വിക്കറ്റും പെട്ടു.

വില്യംസണിന്റെ വിക്കറ്റെടുത്ത ഷെമിയെ കൂട്ടുകാർ അഭിനന്ദിക്കുന്നു
സെമി ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് അടിച്ചെടുക്കാന്‍ കെല്‍പ്പുള്ള ടീം തന്നെയായിരുന്നു കിവീസ്. അവരെ കടപുഴക്കി കശക്കിയെറിഞ്ഞ് കളി ഇന്ത്യയുടെ വരുതിയിലാക്കിയത് മുഹമ്മദ് ഷമിയുടെ തീയേറുകളാണ്. ഏഴ് ന്യൂസിലന്‍ഡ് ബാറ്റര്‍മാരാണ് ഷമിയ്ക്ക് മുന്നില്‍ പൊലിഞ്ഞുപോയത്. കെയിന്‍ വില്യംസണ്‍ മൈതാനത്ത് ഉറച്ചുനിന്നിരുന്നെങ്കില്‍ കിവികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായേനെ. വില്യംസണെ പുറത്താക്കിയ പന്ത് ഷമിയുടെ കയ്യില്‍ നിന്നല്ല പിറന്നിരുന്നതെങ്കില്‍ ഷമിയുടെ ചോരയ്ക്കായി മുറവിളികള്‍ മുഴങ്ങിയേനെ. കാലത്തിന്റെ ചില കാവ്യനീതികള്‍!
ആരവങ്ങള്‍ ഉയരേണ്ടിടത്ത് അധിക്ഷേപങ്ങള്‍ ഉയരുന്നു. കായികലഹരി മതമാകേണ്ടിടത് വെറും മതം മദം ആയിമാറുന്നു. അതിന്റെ ഇരയാണ് മുഹമ്മദ് ഷമി. സെമിയിലെ പ്രകടനത്തോടെ ലോകകപ്പില്‍ ഏറ്റവുമധികം അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബോളറായി ഷമി. ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് തികച്ച ബോളര്‍ പട്ടവും ഷമിയ്ക്ക് സ്വന്തം. തന്റെ വിരാടരൂപം പുറത്തെടുത്ത് സച്ചിനെ മറികടന്ന കോലിയും ലോകകപ്പില്‍ ഏറ്റവുമധികം സിക്സറുകള്‍ പായിച്ച കാപ്റ്റന്‍ രോഹിത്തും ആഘോഷിക്കപ്പെടുന്നു. പക്ഷേ, കളിയിലെ ഹീറോ, അത് ഷമി തന്നെ.
Content Highlights: muhammed shami, indian cricket, hero, lifestory
Published: 16 Nov 2023, 12:29 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented