ഒടുവില്‍ എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം ആ കൂട്ടുകാര്‍ കണ്ടുമുട്ടി. പ്രശസ്തകോച്ച് രമാകാന്ത് അച്‌രേക്കര്‍ തന്റെ ക്രിക്കറ്റ് കളരിയില്‍നിന്ന് പരിശീലനം കൊടുത്ത് മിനുക്കിയെടുത്ത രണ്ട് താരങ്ങള്‍. സച്ചിനും വിനോദും. സച്ചിന്‍ പിന്നീട് വളര്‍ന്നുവളര്‍ന്ന് 'ഇന്ത്യക്കാരുടെ ക്രിക്കറ്റ് ദൈവം' ആയി മാറി. വിനോദ് ആണെങ്കില്‍, നല്ല കളിക്കാരനായിരുന്നിട്ടും ഇടയ്ക്ക് വെച്ച് കാലിടറി വിസ്മൃതിയിലേക്ക് വീണൊരാള്‍. 

തങ്ങളുടെ കോച്ചിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനായാണ് സച്ചിനും കാംബ്ലിയും വീണ്ടും ഒരുമിച്ചെത്തിയത്. ഇരുവരും കളിച്ചുവളര്‍ന്ന ശിവാജി പാര്‍ക്കില്‍ തന്നെയാണത്. അതിന്റെ വീഡിയോ പെട്ടെന്ന് വൈറലാവുകയും ചെയ്തു. സച്ചിന്‍ തന്റെ സുഹൃത്തിനടുത്തേക്ക് എത്തുന്നു. പരസ്പരം കൈകൊടുത്ത്, സംസാരിച്ച് തിരിച്ച് നടക്കാനൊരുങ്ങുമ്പോഴും കാംബ്ലി വിടാതെ സച്ചിന്റെ കൈകളില്‍ മുറുകെ പിടിക്കുന്നു. പരിപാടിയുടെ അവതാരകന്‍ ഒരുപാട് തവണ പേരുവിളിക്കുമ്പോഴാണ് സച്ചിന്‍ നടന്നുനീങ്ങുന്നത്. മറ്റൊരു വീഡിയോയില്‍ കാംബ്ലി സ്‌നേഹത്തോടെ സച്ചിനെ കെട്ടിപ്പിടിക്കുന്നതും കാണാം. 

സ്‌കൂള്‍കാലത്തെ സൗഹൃദം
സ്‌കൂള്‍കാലം മുതലേയുള്ള കൂട്ടുകെട്ടാണ് സച്ചിന്റെയും കാംബ്ലിയുടെയും. അന്ന് സച്ചിന് പത്തും കാംബ്ലിക്ക് പന്ത്രണ്ടും വയസ്സാണ്. ആ സൗഹൃദം പിന്നീട് വര്‍ഷങ്ങളോളം നീണ്ടുനിന്നു. രണ്ടുപേരും മുംബൈ സ്വദേശികള്‍. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് പരിശീലകന്‍ രമാകാന്ത് അച്‌രേക്കറിനടുത്ത് എത്തുകയും ചെയ്തു. ശിവാജി പാര്‍ക്കില്‍ രണ്ടുപേരും നിത്യവും പരിശീലിച്ചു. കൂടെയുള്ള കുട്ടികളേക്കാള്‍ മികവ് പുറത്തെടുത്തു. വളരെ വേഗം ഇരുവരും തങ്ങളുടെ കളിയിലൂടെ പ്രശസ്തരായി. സ്‌കൂള്‍ കാലത്ത് തന്നെ ബാറ്റിങ്ങില്‍ ലോകറെക്കോര്‍ഡും സ്ഥാപിച്ചു. ഇരുവരും ചേര്‍ന്ന് അടിച്ചെടുത്ത 664 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് എത്രയോ കാലം തകര്‍ക്കാനാവാത്ത റെക്കോഡായി നിലനിന്നു. തങ്ങളുടെ സ്‌കൂളായ ശാരദാശ്രം മന്ദിറിനുവേണ്ടിയാണ് സച്ചിനും കാംബ്ലിയും അന്ന് കളിച്ചത്. അന്ന് 349 റണ്‍സെടുത്ത് കാംബ്ലി പുറത്താവാതെ നിന്നു.

ഇരുവരുടെയും കഴിവുകള്‍ തേച്ചുമിനുക്കിയെടുക്കാന്‍ അച്‌രേക്കറിന് കഴിഞ്ഞു. ക്രിക്കറ്റ് മാത്രമല്ല, അതില്‍ പാലിക്കേണ്ട മൂല്യങ്ങളെക്കുറിച്ചും പഠിപ്പിച്ചുതന്ന ഗുരുവിനെക്കുറിച്ച് സച്ചിന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ''ഒരിക്കലും നന്നായി കളിച്ചു എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല. ചില മത്സരങ്ങള്‍ക്കുശേഷം വടാ പാവ് കഴിക്കാനുള്ള പണം തരും അദ്ദേഹം. നന്നായി കളിച്ചതിന്റെ സന്തോഷം കൊണ്ടാണെന്ന് അപ്പോള്‍ മനസ്സിലാക്കാം. എത്ര ദേഷ്യമുണ്ടെങ്കിലും അതൊന്നും ക്രിക്കറ്റ് കിറ്റിനോട് കാണിക്കരുതെന്ന് പറഞ്ഞുതന്നതും അദ്ദേഹം തന്നെ. ഇത് ഞാനും മറ്റുള്ളവരിലേക്ക് പകരാന്‍ ശ്രമിക്കാറുണ്ട്''.

ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടങ്ങിയ സൗഹൃദം പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കും വ്യാപിക്കുന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ പിന്നീട് കണ്ടത്. സച്ചിന്‍ 1989-ല്‍ ദേശീയടീമിലെത്തി, കാംബ്ലി 1991-ലും. അന്നൊക്കെ സച്ചിനേക്കാള്‍ ഒരുപടി മുകളിലാണ് കാംബ്ലിയാണെന്ന് നിരൂപകര്‍ പലരും ആവര്‍ത്തിച്ചു. കണക്കുകള്‍ അത് തെളിയിക്കുകയും ചെയ്തു. നേരത്തെ ദേശീയടീമിലെത്തിയ സച്ചിനെക്കാളും ഒരുകാലത്ത് തിളങ്ങിയത് കാംബ്ലിയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കി. ഇംഗ്ലണ്ടിനെതിരെയും സിംബാബ്‌വെക്കെതിരെയുമുള്ള ടെസ്റ്റുകളില്‍ കാംബ്ലി തുടര്‍ച്ചയായി ഇരട്ടസെഞ്ച്വറി നേടി. മിന്നും ഫോമിലായിരുന്നു കാംബ്ലി. ടെസ്റ്റില്‍ കഴിവ് തെളിയിച്ചിട്ടും പലപ്പോഴും ഏകദിന ടീമില്‍ ഉള്‍പ്പെടുത്താതായി. നേരെ മറിച്ച് സച്ചിനാണെങ്കില്‍, പതുക്കെ പിടിച്ചുകയറുകയായിരുന്നു. അധികം വൈകാതെ കാംബ്ലി ഒന്നുമല്ലാതെ ആവുന്നതാണ് കണ്ടത്.  

placeholder
മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

കപില്‍ ദേവ് ഒരഭിമുഖത്തില്‍ പറഞ്ഞ പ്രശസ്തമായൊരു വാചകമുണ്ട്, 'കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും ഉത്തമ ഉദാഹരണമാണ് സച്ചിന്‍. എന്നാല്‍ കഴിവുണ്ടായിട്ടും, കഠിനാധ്വാനം ചെയ്തില്ലെങ്കില്‍, നിങ്ങള്‍ വിനോദ് കാംബ്ലിയെ പോലാവും'. അച്ചടക്കമില്ലായ്മയും മോശം ഫോമും തന്നെയാണ് കാംബ്ലിക്ക് ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തേക്കുള്ള വഴിതെളിച്ചത്. കഴിവുണ്ടായിട്ടും ആദ്യത്തെ ഫോം പിന്നീട് തുടരാന്‍ കഴിഞ്ഞില്ലെന്നതും വിടാതെ പിന്തുടരുന്ന പരിക്കും കാംബ്ലിയെ വലച്ചു.

സച്ചിന്‍ ക്രിക്കറ്റില്‍ ഉയരങ്ങള്‍ തേടി പോയപ്പോള്‍, കാംബ്ലി മദ്യപാനത്തില്‍ അഭയം പ്രാപിച്ചു. അധികം വൈകാതെ ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയും ചെയ്തു. 2009-ല്‍ സച്ച് കാ സാമ്ന എന്ന ടെലിവിഷന്‍ പരിപാടിയില്‍വെച്ച് സച്ചിനെതിരെ സംസാരിച്ചതോടെയാണ് കാംബ്ലി വീണ്ടും വാര്‍ത്തയിലിടം പിടിക്കുന്നത്. ആവശ്യമുള്ള സമയത്ത് അടുത്തസുഹൃത്തായിട്ടും സച്ചിന്‍ തന്നെ സഹായിച്ചില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കാംബ്ലി പറഞ്ഞു. തന്റെ സാമ്പത്തികപരാധീനതകളെക്കുറിച്ച് സച്ചിന് അറിയാമായിരുന്നുവെന്നും എന്നാല്‍ സഹായിച്ചില്ലെന്നും അത് കാംബ്ലി വെളിപ്പെടുത്തി. ഇതിനോട് സച്ചിനൊരിക്കലും പ്രതികരിച്ചില്ല. 

പിന്നീട് കേട്ടതുമുഴുവന്‍ അസുഖങ്ങളും വിഷാദവും തളര്‍ത്തിയ കാംബ്ലിയെക്കുറിച്ചായിരുന്നു. 2013-ല്‍ മുംബൈയിലൂടെ വണ്ടി ഓടിക്കുമ്പോള്‍ ഹൃദയാഘാതം വന്നു. ആസ്പത്രിയിലെത്തിച്ചപ്പോഴാണ് ബ്ലോക്കുള്ള കാര്യമറിയുന്നത്. അങ്ങനെ കുറച്ചുനാള്‍ ആസ്പത്രിയിലായിരുന്നു. കോവിഡിനുശേഷം ഒരുനാള്‍ തനിക്ക് എന്തെങ്കിലും ജോലി നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായാണ് കാംബ്ലി പ്രത്യക്ഷപ്പെട്ടത്. ''ഇന്ന് ആകെയുള്ള വരുമാനം വിരമിച്ച ക്രിക്കറ്റര്‍മാര്‍ക്ക് ബി.സി.സി.ഐ തരുന്ന 30,000 രൂപയാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോവണമെങ്കില്‍ എന്തെങ്കിലും ജോലി വേണം''. അന്ന് കാംബ്ലി പറഞ്ഞു. പിന്നീടൊരിക്കല്‍ നടക്കാനാന്‍ ബുദ്ധിമുട്ടുന്ന കാംബ്ലിയുടെ വീഡിയോയും വൈറലായിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും അസുഖങ്ങളുണ്ടോ എന്ന ചിന്തയിലായിരുന്നു ആരാധകര്‍. എന്നാല്‍, തനിക്ക് വേറെ ഗുരുതരപ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് കാംബ്ലി തന്നെ പിന്നീട് രംഗത്തെത്തി.