'They give me a reason to live', ഭാര്യയുടെയും മക്കളുടെയും പേര് തന്റെ കൈയില്‍ ടാറ്റൂ ചെയ്യുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഒരിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ റെയ്‌ന ഇങ്ങനെ എഴുതി. ഒരു ബോളിവുഡ് സിനിമ പോലെ മനോഹരമാണ് ക്രിക്കറ്റര്‍ സുരേഷ് റെയ്‌നയുടെയും ഭാര്യ പ്രിയങ്ക ചൗധരിയുടെയും പ്രണയം.
ബാല്യകാലസുഹൃത്തുക്കളാണ് ഇരുവരും. ഒരേ സ്ഥലത്ത് ജനിച്ചുവളര്‍ന്നവര്‍. പ്രിയങ്കയുടെ അച്ഛനായിരുന്നു റെയ്‌നയുടെ സ്‌പോര്‍ട്‌സ് അധ്യാപകന്‍. റെയ്‌നയുടെ അമ്മയും പ്രിയങ്കയുടെ അമ്മയും വളരെ അടുത്ത സുഹൃത്തുക്കള്‍. പ്രിയങ്കയ്ക്ക് ട്യൂഷന്‍ എടുത്തിരുന്നത് റെയ്‌നയുടെ മൂത്തസഹോദരനായിരുന്നു. അതുകൊണ്ട് എല്ലാ ദിവസവും പ്രിയങ്ക റെയ്‌നയുടെ വീട്ടില്‍ വരും. അങ്ങനെ നിത്യവും കാണാന്‍ തുടങ്ങി. 
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പ്രിയങ്കയുടെ കുടുംബം പഞ്ചാബിലേക്ക് പോയി. അതോടെ അവരുടെ സൗഹൃദവും മുറിഞ്ഞുപോയി. പഠനശേഷം നെതര്‍ലാന്‍ഡ്‌സില്‍ ജോലി കിട്ടി പ്രിയങ്ക അങ്ങോട്ടുപോയി. റെയ്‌ന ക്രിക്കറ്റിലേക്കും തിരിഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും കണ്ടുമുട്ടുന്നത്. വളരെ കുറച്ചു മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച. അതിനെക്കുറിച്ച് റെയ്‌ന ഓര്‍ത്തെടുത്തു. ''അവള്‍ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു. ഞാന്‍ ഐ.പി.എല്ലിനായി ബംഗളൂരുവിലേക്കും. ഡല്‍ഹി വിമാനത്താവളത്തില്‍വെച്ചാണ് കണ്ടത്''. അവിടെ വെച്ച് അവരുടെ സൗഹൃദം പഴയതിലും ദൃഢമായി.
ഇടയ്ക്ക് വിളിക്കാനും സംസാരിക്കാനും തുടങ്ങി. പക്ഷേ വിവാഹം, പ്രണയം എന്നതൊന്നും അപ്പോഴും അവരുടെ മനസ്സിലുണ്ടായിരുന്നില്ല. റെയ്‌നയുടെ അമ്മയാണ് വിവാഹത്തിന് മുന്‍കൈ എടുക്കുന്നത്. റെയ്‌ന ക്രിക്കറ്റിനായി ഓസ്‌ട്രേലിയയില്‍ പോയപ്പോഴാണ് സംഭവം. ''ഞാന്‍ ഓസ്‌ട്രേലിയയിലുള്ളപ്പോള്‍ അമ്മ വിളിച്ചു. നിന്റെ ബാല്യകാലസുഹൃത്തുക്കളിലൊരാളുമായി വിവാഹം ഉറപ്പിച്ചെന്നും പറഞ്ഞു. ആരാണെന്ന് ഞാന്‍ കുറേ ചിന്തിച്ചു. എനിക്ക് വേറെ ഇഷ്ടങ്ങളൊന്നുമില്ലാത്തതുകൊണ്ട് കുഴപ്പമില്ലായിരുന്നു. എന്റെ വിവാഹക്കാര്യം വീട്ടുകാരെ ഏല്‍പിക്കുകയും ചെയ്തതാണ്. അതുകൊണ്ട് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. പിന്നീടാണ് പ്രിയങ്കയാണെന്ന് അറിയുന്നത്. അതിനുശേഷം ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു''.
2015-ലാണ് പ്രിയങ്കയും റെയ്‌നയും വിവാഹിതരാവുന്നത്. 2016-ല്‍ ആദ്യത്തെ കുഞ്ഞ് ജനിച്ചു, ഗ്രേസ്യ. അതോടെ ജോലിവിട്ട് പ്രിയങ്ക നാട്ടിലെത്തി. 2020-ല്‍ അടുത്ത കുഞ്ഞും ജനിച്ചു, റിയോ. വിവാഹശേഷമാണ് താനൊരു നല്ല മനുഷ്യനായതെന്ന് റെയ്‌ന പലപ്പോഴും പറഞ്ഞിട്ടുണ്ട്. ''വിവാഹശേഷം ഒരു വ്യക്തിയെന്ന നിലയില്‍ എനിക്കൊരുപാട് നല്ല മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഉത്തരവാദിത്തം കൂടി. കുറേക്കൂടി ശാന്തനായി. അവള്‍ ഗര്‍ഭിണിയായപ്പോള്‍ കുറേ സമയം ഞാനവള്‍ക്കൊപ്പം ചെലവഴിക്കണമെന്ന് പ്രിയങ്ക ആഗ്രഹിച്ചിരുന്നു. അതിനെനിക്ക് കഴിഞ്ഞില്ല. എല്ലാം മനസ്സിലാക്കി എന്നും പിന്തുണച്ചിട്ടേയുള്ളൂ പ്രിയങ്ക''.

വിവാഹശേഷവും സമ്മര്‍ദമില്ലാതെ ക്രിക്കറ്റ് കളിക്കാന്‍ പ്രേരണയായതും ഭാര്യയുടെ പിന്തുണ കൊണ്ടാണെന്ന് റെയ്‌ന. ''ഭാര്യയുടെ ഭാഗത്തുനിന്ന് യാതൊരു സമ്മര്‍ദവും ഇതുവരെ ഉണ്ടായിട്ടില്ല. ക്രിക്കറ്റ് കളിക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷമെന്ന് അവള്‍ക്കറിയാം. അതവളെയും ആനന്ദിപ്പിക്കുന്നു'', റെയ്‌ന ഒരിക്കല്‍ പറഞ്ഞു.
കുട്ടികളുടെ കാര്യവും വീട്ടുകാര്യങ്ങളും നോക്കുന്നതിനിടയില്‍ സ്വന്തമായൊരിടം കണ്ടെത്താനും പ്രിയങ്കയ്ക്ക് കഴിഞ്ഞു. 2017-ലാണ് റെയ്‌നയും പ്രിയങ്കയും 'ഗ്രേസ്യ റെയ്‌ന ഫൗണ്ടേഷന്‍' തുടങ്ങുന്നത്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയ സംഘടനയാണിത്. 2019-ല്‍ 'മാതെ' എന്ന ബേബി കെയര്‍ ബ്രാന്‍ഡും സ്ഥാപിച്ചു. കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള പലതരം ക്രീമുകളും ഉത്പന്നങ്ങളുമാണ് ഇതിലൂടെ വില്‍ക്കപ്പെടുന്നത്.
Content Highlights: love story of suresh raina and his wife
Published: 27 Nov 2024, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented