ഒരു ചരിത്രനിയോഗം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുകയാണ്. ഒരു പക്ഷേ, ഈ നിയോഗം ഭാവിയില്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ സാദ്ധ്യതയില്ല. വിരാട് കോലി തന്റെ അമ്പതാമത്തെ ഏകദിന ക്രിക്കറ്റ് സെഞ്ച്വറിയിലൂടെ സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്നത് അദ്ദേഹത്തെ സംബന്ധിച്ച് വ്യക്തിഗതമായ നേട്ടമായിരിക്കും. തന്റെ മുന്നിലുള്ള റെക്കോഡുകള്‍ ഓരോ സ്‌പോര്‍ട്‌സ് താരത്തിനും ലക്ഷ്യബോധം നല്‍കുന്നുണ്ട്. റെക്കോഡുകളെ ലക്ഷ്യം വെക്കാതെ മുന്നോട്ടു പോയാല്‍, ഒരുപക്ഷെ ഒരു കായികതാരത്തിന് നന്മയുടെ അളവുകോലില്‍ അല്‍പ്പം മുന്നിലെത്താം. പക്ഷേ, കായിക രംഗത്ത് പരാജയപ്പെടും. അതിനാല്‍ കായിക ജീവിതത്തോട് ആത്മാര്‍ത്ഥതയുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ സുനില്‍ ഗവാസ്‌കറെ മറികടക്കാനും വിരാട് കോലി സച്ചിനെ മറികടക്കാനും തന്നെയാണ് ശ്രമിക്കേണ്ടത്. അതാണ് ലക്ഷ്യബോധവും പ്രൊഫഷണലിസവുമുള്ള കായിക ജീവിതം. വിരാട് കോലി ആ കായികജീവിതത്തില്‍ വിജയം വരിച്ചു. കോലിയുടെ നേട്ടം ചരിത്രനിയോഗമാണ്. കോലി സച്ചിനെ മറികടന്നതുകൊണ്ടല്ല, മറിച്ച് വ്യക്തിപരമായ നേട്ടത്തിനുമപ്പുറം ക്രിക്കറ്റ് എന്ന കളിയും ക്രിക്കറ്റിനെ ദേശീയചിഹ്നമായി കരുതുന്ന ഒരു രാജ്യത്തെ ക്രിക്കറ്റ് ആസ്വാദകരും കോലിയില്‍ ഏല്‍പ്പിച്ച ഒരു നിയോഗത്തെക്കുറിച്ചാണ് പറഞ്ഞത്. എന്തായിരുന്നു ആ നിയോഗം?

To advertise here,

താരാരാധനയുടെ വേരുകള്‍
ഇന്ത്യയിലെയും ഏഷ്യയിലെയും ക്രിക്കറ്റ് ആസ്വാദനമെന്നത് താരാരാധനയില്‍നിന്ന് മാറ്റി നിര്‍ത്താനാവാത്ത കാര്യമാണ്. ഇന്ത്യന്‍ ടീമംഗങ്ങള്‍ ഒരു പോലെ നന്നായി കളിച്ച് ടീമിനെ തുടര്‍ച്ചയായി വിജയിപ്പിക്കുന്നു എന്ന് കരുതുക. ആ വിജയങ്ങളെ ആരാധകര്‍ സ്വീകരിക്കുമെങ്കിലും ക്രമേണ ആസ്വാദകര്‍ക്ക് ക്രിക്കറ്റ് വിരസമായി മാറും. നമുക്ക് ആ വിജയങ്ങള്‍ വേണം. പക്ഷേ, അത് മാത്രം പോരാ. കൂടെ അമാനുഷരായ ചില താരങ്ങളും വേണം. ആ താരങ്ങളുടെ വിശ്രുത പരാക്രമങ്ങള്‍, ആ പരാക്രമങ്ങളിലൂടെ സ്വന്തം ടീം പരാജയമുഖത്തു നിന്ന് വിജയത്തിലേക്ക് കുതിരച്ചാട്ടം നടത്തിയത്, എതിര്‍ ടീമിലെ സമാനനായ താരത്തെ തോല്‍പ്പിക്കുന്നത്, നമ്മുടെ അര്‍ജ്ജുനന്‍ പ്രോജ്വലിച്ച് നില്‍ക്കെ തീര്‍ത്തും അപ്രതീക്ഷിതമായി ഒരു കര്‍ണ്ണന്‍ വന്ന് വെല്ലുവിളിക്കുന്നത്. ഇതെല്ലാം ചേരുമ്പോളേ നമ്മുടെ ആസ്വാദനം പൂര്‍ണ്ണമാവൂ.

ഒരു ഉദാഹരണം പറയാം. ഏകദിനത്തില്‍ ഓരോ ബാറ്റ്‌സ്മാനും 35 റണ്‍സെടുത്താല്‍ ടീം മൊത്തം 350 എത്തും. നമ്മുടെ അഞ്ച് ബൗളര്‍മാരും ഈ രണ്ട് വിക്കറ്റെടുത്ത് എതിര്‍ ടീമിനെ 300ന് പുറത്താക്കിയാല്‍ നമ്മള്‍ വിജയിക്കും. ഇത്തരം 10 വിജയങ്ങള്‍ അടുപ്പിച്ച് ഇന്ത്യയ്ക്ക് ലഭിക്കുന്നു എന്ന് കരുതുക, ഉറപ്പിച്ചോളൂ, ഇന്ത്യയിലെ ക്രിക്കറ്റ് ആസ്വാദനത്തിന്റെ ഗ്രാഫ് മൂക്കുകുത്തി താഴേക്ക് വീഴും. നേരെ മറിച്ച് നമ്മുടെ ഒരു ബാറ്റിങ് ഹീറോയോ ബൗളിങ് ഹീറോയോ ജ്വലിക്കുന്ന പ്രകടനം നടത്തിയ ശേഷം ടീം തോറ്റാലും ഗ്രാഫ് മുകളിലേക്ക് ഉയരും. കാരണം ക്രിക്കറ്റ് നമുക്ക് മഹത്തായ ദേശീയനാടക വേദിയാണ്. അതില്‍ ഹീറോയേയും വില്ലനേയും അത്ഭുതപരിണാമങ്ങളെയും ക്ലൈമാക്‌സും ആന്റി ക്ലൈമാക്‌സുമൊക്കെ നമ്മള്‍ പ്രതീക്ഷിക്കുന്നു. രക്ഷകനായ ഹീറോ ആ ആസ്വാദനത്തില്‍ മുഖ്യ ഘടകവുമാണ്. ഈ ലേഖകനും അത്തരം ആസ്വാദനംതന്നെയാണ് ഇഷ്ടപ്പെടുന്നത്. ആ ആസ്വാദനത്തില്‍ ഹീറോ ആവാനുള്ള ചരിത്രനിയോഗം ഏറ്റവുമൊടുവില്‍ ലഭിച്ചത് വിരാട് കോലിയ്ക്കായിരുന്നു. ആ നിയോഗം കോലി സമ്പൂര്‍ണ്ണതയില്‍ എത്തിച്ചു.

placeholder
കോലിയും സച്ചിനും

വാസ്തവത്തില്‍ ഈ നിയോഗം ചരിത്രത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണ്. ഈ ലേഖകന്റെ ഒരനുഭവം പറയാം. ഏതാണ്ട പത്തമ്പത് കൊല്ലം മുമ്പ്, 1970-കളില്‍, കുട്ടിയായിരുന്ന ഞാന്‍ വെസ്റ്റിന്റീസിനെരെ എന്റെ ഹീറോ സുനില്‍ ഗാവസ്‌കര്‍ നേടിയ സെഞ്ച്വറികളെക്കുറിച്ച് വാതോരാതെ വര്‍ണ്ണിക്കുകയായിരുന്നു. ഇതെല്ലാം കേട്ടുകൊണ്ടിരുന്ന എന്റെ അമ്മാമന്‍ എന്നോട് : 'ഈ ഗാവസ്‌ക്കറൊക്കെ എന്ത്? ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു ബാറ്റ്‌സ്മാന്‍ ഒരു ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറിയടിച്ചു. ആര്‍ക്കെതിരെയായിരുന്നു ആ സെഞ്ച്വറി എന്നറിയാമോ? ഡോണ്‍ ബ്രാഡ്മന്‍ കളിച്ച ഓസ്‌ട്രേലിയക്കെതിരെ. ആ കളിക്കാരനാണ് വിജയ് ഹസാരെ.' എനിക്ക് ഒട്ടും ഇഷ്ടമായില്ല ഗാവസ്‌ക്കറെ കൊച്ചാക്കിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം തെണ്ടുല്‍ക്കറുടെ കളിയെ വര്‍ണ്ണിച്ച ഒരു ചെറുപ്പക്കാരനോട് ഗാവസ്‌കറുടെ മുന്നില്‍ തെണ്ടുല്‍ക്കര്‍ എന്ത് എന്ന് ഞാനും ചോദിച്ച് എന്റെ പ്രായക്കൂടുതല്‍ തെളിയിച്ചിട്ടുണ്ട്. ഇങ്ങനെ തലമുറകള്‍ മാറുമ്പോള്‍ നായകകഥാപാത്രമാവാനുള്ള ചരിത്ര നിയോഗവും ബാറ്റണ്‍ കൈമാറിപ്പോവുന്നു. രാജാ രഞ്ജിത് സിങ്ജി, വിജയ് മെര്‍ച്ചന്റ്, വിജയ് ഹസാരെ, സുനില്‍ ഗാവസ്‌കര്‍, സച്ചിന്‍ തെണ്ടുൽക്കര്‍, ഏറ്റവുമൊടുവില്‍ വിരാട് കോലി. ബാറ്റിങ് ശൈലിയിലോ വ്യക്തിത്വത്തിലോ ഇവര്‍ ഒരേ അച്ചില്‍ വര്‍ക്കപ്പെട്ടവരല്ല. പക്ഷേ, ഗരിമയിലും നേട്ടങ്ങളുടെ കണക്കിലും അവര്‍ ഭിന്ന ശൈലികള്‍ കാണിച്ച് രാജ്യത്തിന്റെ ക്രിക്കറ്റ് ആസ്വാദനത്തെ നവനവോന്മേഷശാലിനിയായി നിലനിര്‍ത്തി.

താരപരിവേഷവും കളിമികവും കണക്കുകളില്‍
ഓരോ വലിയ താരരാജാവും അവരുടെ വിരമിക്കല്‍ ദിനത്തില്‍ യുവരാജാവിന് മുന്നില്‍ വെക്കുന്ന വെല്ലുവിളി അസാമാന്യമാണ്. യുവരാജാവ് തന്റെ നിയോഗം പൂര്‍ത്തിയാക്കുമ്പോള്‍ പിറകെ വരുന്ന താരത്തിന് മുന്നില്‍ അതിലേറെ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ആ നിലയ്ക്ക് നോക്കുമ്പോള്‍ വിരാട് കോലിയാണ് ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ഹീറോ. കാരണം തെണ്ടുല്‍ക്കര്‍ മുന്നിലുയര്‍ത്തിയ റെക്കോഡുകളും അദ്ദേഹത്തിന്റെ പ്രതാപത്തെയും മറികടക്കുന്ന കളിയും താരപ്രഭയുമാണ് വിരാട് കോലി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. തീര്‍ച്ചയായും താരപരിവേഷം തീരെയില്ലാതെ ഒരു ഇന്ത്യന്‍ കളിക്കാരനും ചരിത്ര നിയോഗം പൂര്‍ത്തിയാക്കാനാവില്ല. ഇത് രണ്ടും കോലിക്ക് നേടാന്‍ കഴിഞ്ഞു. കോലി നേടിയ റെക്കോഡുകള്‍ ആ സമ്പൂര്‍ണ്ണലക്ഷ്യപ്രാപ്തിയുടെ തെളിവാണ്. 

placeholder
കോലിയും ദ്രാവിഡും

ടി-20, 50 ഓവറുള്ള ഏകദിനം, ടെസ്റ്റുകള്‍ എന്നീ മൂന്ന് തരത്തിലാണല്ലോ അന്തര്‍ദേശീയ മത്സരങ്ങള്‍ നടക്കാറുള്ളത്. ഇവ മൂന്നിലും വിരാട് കോലി കേമന്‍ തന്നെ. എന്നാലും 50 ഓവര്‍ ഏകദിനമത്സരങ്ങളിലാണ് കോലിയുടെ കയ്യൊപ്പ് കൃത്യമായി പറഞ്ഞിട്ടുള്ളത്. കോലി 292 ഏകദിന മത്സരങ്ങളില്‍ നിന്നായി 58.70 എന്ന റണ്‍ ശരാശരിയോടെ 13848 റണ്‍സ് എടുത്തിട്ടുണ്ട്. ഇതില്‍ 50 സെഞ്ച്വറികളും 71 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. തീര്‍ച്ചയായും തെണ്ടുല്‍ക്കറുടെ ഏകദിന ബാറ്റിങ് റെക്കോസിനേക്കാള്‍ അല്‍പ്പം മുകളില്‍ത്തന്നെയാണ് കോലിയുടെ കണക്കുകള്‍. തെണ്ടുല്‍ക്കര്‍ 463 ഏകദിന മത്സരങ്ങള്‍ കളിച്ച് 18426 റണ്‍സ് എടുത്തു. 44.83 എന്ന റണ്‍ ശരാശരിയേ അദ്ദേഹത്തിനുള്ളൂ. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തില്‍ തെണ്ടുല്‍ക്കറാണ് അല്‍പ്പം മുകളില്‍. 200 ടെസ്റ്റുകള്‍ കളിച്ച തെണ്ടുല്‍ക്കര്‍ 53.78 എന്ന റണ്‍ശരാശരിയോടെ 15921 റണ്‍സെടുത്തു. ഇതില്‍ 51 സെഞ്ച്വറികളും ഉള്‍പ്പെടുന്നു. കോലിയാവട്ടെ 111 ടെസ്റ്റുകള്‍ കളിച്ച് 8676 റണ്‍സ് നേടി. ബാറ്റിങ് ശരാശരി 49.29. സെഞ്ച്വറികളുടെ എണ്ണം 29. ടി-20 മത്സരങ്ങള്‍ താരതമ്യപ്പെടുത്താന്‍ കഴിയില്ല. കാരണം തെണ്ടുല്‍ക്കറുടെ കാലത്ത് അങ്ങിനെയൊരു കളിയേ ഇല്ല. ഈ താരതമ്യത്തില്‍ വരേണ്ടുന്ന മറ്റ് രണ്ട് ഇന്ത്യന്‍ കളിക്കാര്‍ സുനില്‍ ഗവാസ്‌കറും രാഹുല്‍ ദ്രാവിഡുമാണ്. ഏകദിന മത്സരങ്ങളില്‍ ഗവാസ്‌കറുടെ നേട്ടങ്ങള്‍ വളരെ താഴെയാണ്. 35.13 എന്ന ശരാശരിയോടെ 3092 റണ്‍സ് മാത്രം.

placeholder
ഗാവസ്കർ

ഗാവസ്‌കറുടെ കാലം ടെസ്റ്റ് ക്രിക്കറ്റിന്റേതായിരുന്നു. 125 ടെസ്റ്റുകളില്‍ നിന്ന് 51.12 എന്ന റണ്‍ ശരാശരിയോടെ 10,122 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ 34 സെഞ്ച്വറികളും 45 അര്‍ദ്ധശതകങ്ങളും വരുന്നു. ഇനി ദ്രാവിഡിന്റെ റെക്കോഡുകള്‍ നോക്കാം. ദ്രാവിഡ് സച്ചിനൊപ്പമാണ് കളിച്ചതെങ്കിലും പ്രതിരോധാത്മകശൈലിയില്‍ നേട്ടങ്ങളിലും ഗാവസ്‌കറുടെ പുനരവതാരമായിരുന്നു. 344 ഏകദിനത്തില്‍ 39.16 റണ്‍ ശരാശരിയോടെ 10,889 റണ്‍സ് ദ്രാവിഡ് നേടി. ഇതില്‍ 12 സെഞ്ച്വറികളും ഉണ്ട്.ടെസ്റ്റുകളിളാണ് ദ്രാവിഡിന്റെ യഥാര്‍ത്ഥ കഴിവുകള്‍ പുറത്തു വന്നത്. 164 ടെസ്റ്റുകളില്‍ നിന്ന് 52.31 എന്ന റണ്‍സ് ശരാശരിയോടെ 13,288 റണ്‍സ്. ഇനി വിവാദങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ഈ ലേഖകന്റെ റാങ്കിങ് പറയാം. ടെസ്റ്റില്‍ 1) ഗാവസ്‌കര്‍, 2) തെണ്ടുൽക്കര്‍, 3) ദ്രാവിഡ്, 4) വിരാട് കോലി. ഏകദിനത്തില്‍ 1) വിരാട് കോലി, 2) സച്ചിന്‍ 3) ദ്രാവിഡ് 4) ഗവാസ്‌കര്‍. 

placeholder

ഓര്‍മകളിലെ പ്രകടനങ്ങള്‍
ക്രിക്കറ്റില്‍ ഒരു ബാറ്റര്‍ ഹീറോ ആവുന്നത് കൂടുതല്‍ റണ്‍സുംമികച്ച ബാറ്റിങ് ശരാശരിയും നേടിയിട്ട് മാത്രമല്ല, ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്ന ചില പ്രകടനങ്ങള്‍ നടത്തിയിട്ടുകൂടിയാണ്. റണ്‍കണക്കുകളോടൊപ്പം കോലിയെ എന്നുമോര്‍മ്മിക്കാന്‍ ഇട വരുത്തിയ ചില പ്രകടനങ്ങള്‍ ഉണ്ട്. അതിലൊന്ന് 2019 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ പൂനയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍നേടിയ ഡബ്ള്‍ സെഞ്ച്വറിയായിരുന്നു. 336 പന്തുകളില്‍നിന്ന് 254 റണ്‍സെടുത്ത കോലി പുറത്താവാതെ നിന്നു. 33 ബൗണ്ടറികളും രണ്ട് സിക്‌സറുകളും. ഇന്ത്യ ആ ടെസ്റ്റില്‍ ഇന്നിങ്‌സിനും 137 റണ്‍സിനും ജയിച്ചു. 2016ല്‍ ഇങ്ഗ്ലണ്ടിനെതിരെ നേടിയ 235 ഉം ഇതുപോലെ ഓര്‍ക്കത്തക്കതാണ്.

മുംബെയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന നാലാം ടെസ്റ്റായിരുന്നു ആ അരങ്ങ്. കീറ്റണ്‍ ജെന്നിങ്‌സിന്റെ സെഞ്ച്വറിയോടെ (112) ഒന്നാമിന്നിങ്‌സില്‍ 400 റണ്‍സെടുത്ത ഇങ്ഗളണ്ട് ഇന്ത്യയെ നേരിട്ടത് ആത്മവിശ്വാസത്തോടെയായിരുന്നു. ജെയിംസ് ആന്റേഴ്‌സരം ക്രിസ് വോക്‌സും ആദില്‍ റഷീദും മോയിന്‍ അലിയുമടങ്ങുന്ന ഇങ്ഗ്‌ളിഷ് ബൗളിങ് പെയ്‌സിലും സ്പിന്നിലും മികച്ച നിരയായിരുന്നു. പക്ഷേ, ഇങ്ഗ്‌ളീഷുകാരുടെ പ്രതീക്ഷകളെ തല്ലിത്തകര്‍ത്തു ഇന്ത്യന്‍ ബാറ്റര്‍മാര്‍. 340 പന്തുകളില്‍നിന്ന് 235 റണ്‍സെടുത്ത കോലിക്കായിരുന്നു ഇന്ത്യന്‍ തിരിച്ചടിയുടെ നേതൃത്വം. കൂടെ മുരളി വിജയും (136) വാലറ്റക്കാരന്‍ ജയന്ത് യാദവും (104) സെഞ്ച്വറിയടിച്ചപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 631 എത്തിയപ്പോള്‍ ഇങ്ഗ്‌ളണ്ടിന്റെ ആത്മവിശ്വാസം തകര്‍ന്നു.

രണ്ടാമിന്നിങ്‌സില്‍ വെറും 195 റണ്‍സിന് ഇങ്ഗ്‌ളണ്ട് തകര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് വിജയം. 2016ല്‍ത്തന്നെ ന്യൂസിലന്റും കോലിയുടെ കരുത്തറിഞ്ഞു. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ നേരിട്ടത് ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ജെയിംസ് നിഷാം, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരുടെ മികച്ച ബൗളിങ് ആയിരുന്നു, ഒന്നാമിന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ 3 ന് 100 എന്ന അവസ്ഥയിലായിരുന്നു ഇന്ത്യ. ഇന്ത്യയെ വിരാട് കോലിയും (211) അജിങ്ക്യ രഹാനേയും ചേര്‍ന്ന് വലിയൊരു പതനത്തില്‍നിന്ന് രക്ഷിച്ചെടുത്ത് മേധാവിത്വം പുലര്‍ത്തുന്ന അവസ്ഥയിലേക്ക് ഉയര്‍ത്തി. പിന്നീട് രണ്ടിനങ്‌സിലുമായി 13 വിക്കറ്റെടുത്ത അശ്വിന്‍ ഇന്ത്യയ്ക്ക് വന്‍വിജയവും സമ്മതിച്ചു.

ടി-20യിലും ഏകദിനത്തിലുമുണ്ട് ഓര്‍മ്മിക്കത്തക്കതായ പ്രകടനങ്ങള്‍. ഇക്കഴിഞ്ഞ ലോകകപ്പിലെ പ്രകടനങ്ങള്‍ ഏവര്‍ക്കും ഓര്‍മ്മയുണ്ടാകുമെന്നതില്‍ എഴുതുന്നില്ല. ഇക്കഴിഞ്ഞ വര്‍ഷം (2022) പാകിസ്ഥാനെതിരെ ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഉറപ്പായ തോല്‍വിയില്‍ നിന്ന് ഇന്ത്യയെ വിജയത്തില്‍ എത്തിച്ച കോലിയുടെ ബാറ്റിങ് ആരും മറക്കില്ല. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ 8 ന് 159 എടുത്തപ്പോള്‍ വലിയ പ്രയാസം കൂടാതെ ഇന്ത്യയ്ക്ക് ജയിക്കാമെന്ന് തോന്നി. പക്ഷേ, രാഹുലിനെയും രോഹിത് ശര്‍മ്മയെയും സൂര്യകമാര്‍ യാദവിനെയും അക്ഷര്‍ പട്ടേലിനെയും കണ്ണടച്ച് തുറക്കും മുന്നേ നഷ്ടപ്പെട്ട ഇന്ത്യ 4 ന് 31 എന്ന അവസ്ഥയിലേക്ക് വീണപ്പോള്‍ പാകിസ്ഥാന്‍ ജയപ്രതീക്ഷയോടെ ചിരിക്കാന്‍ തുടങ്ങി. പക്ഷേ, അവിടെ കോലി തന്റെ വിരാട് രൂപം കാണിച്ചു.

53 പന്തുകളില്‍ 4 സിക്‌സറും 6 ബൗണ്ടറിയുമടിച്ച് 82 റണ്‍സടിച്ച കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചപ്പോള്‍ പാകിസ്ഥാന്‍കാര്‍ക്കും ഇന്ത്യക്കാര്‍ക്കും ഒരു പോലെ അത് അവിശ്വസനീയമായി തോന്നി. 37 പന്തില്‍ 40 റണ്‍സടിച്ച ഹാര്‍ദിക് പാണ്ഡ്യ കോലിക്ക് നല്ല പിന്തുണ കൊടുത്തു. ലോകത്തിലെ ഏറ്റവും മികച്ച പെയ്‌സ് ബൗളിങ് ജോടി എന്ന് പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ വീരവാദം മുഴക്കിയ അഫ്രീദി - റൗഫ് ജോടിയുടെ പന്തുകള്‍ അന്ന് കോലി ദയയില്ലാതെ അതിര്‍ത്തി കടത്തി. ഇത് 2022 ലെ പാകിസ്ഥാന്റെ ഓര്‍മ്മ. എന്നാല്‍ വിരാട് കോലി ഇതിലുമേറെ പാകിസ്ഥാനെ പേടിപ്പിച്ചിട്ടുണ്ട് 10 വര്‍ഷം മുമ്പ്, 2012ല്‍. അന്ന് പാകിസ്ഥാനെ നേരിട്ട ഇന്ത്യന്‍ ത്രയം ലോക ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ശക്തമായ ബാറ്റിങ് ത്രയമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. തെണ്ടുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ്മ. കൂടെ ധോണിയും യൂസഫ് പഠാനും ഗൗതം ഗംഭീറും.

2012 ലെ ഏഷ്യ കപ്പായിരുന്നു വേദി. മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് പാകിസ്ഥാനായിരുന്നു. ഓപ്പനര്‍മാരായ മുഹമ്മദ് ഹാഫീസും (105) നാസിര്‍ ജാംഷെദും (112) നേടിയ സെഞ്ച്വറികളുടെ ബലത്തില്‍ അവര്‍ ആദ്യ വിക്കറ്റിന് 35.5 ഓവറില്‍ 225 റണ്‍സെടുത്തു. പിന്നീട് വന്ന ഉമര്‍ അക്മലും(28) യൂനിസ് ഖാനും (34 പന്തില്‍ 52) മോശമാക്കിയില്ല. പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 6.58 എന്ന മികച്ച റണ്‍ശരാശരിയോടെ 6 വിക്കറ്റിന് 329 റണ്‍സെടുത്തു. ജയം ഉറപ്പിച്ച് പന്തെറിഞ്ഞ പാകിസ്ഥാന് ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തിനുതന്നെ ഗൗതം ഗംഭീറിനെ പുറത്താക്കാനും കഴിഞ്ഞു.

placeholder
സച്ചിന്‍തെണ്ടുല്‍ക്കറിനോടൊപ്പം വിരാട് കോലി രക്ഷാ ദൗത്യം തുടങ്ങി. ആ 100 റണ്‍സ് കൂട്ടുകെട്ടില്‍ അല്‍പ്പം മികച്ചു നിന്നത് സീനിയര്‍ കളിക്കാരനായ തെണ്ടുല്‍ക്കര്‍ തന്നെയായിരുന്നു. സ്‌കോര്‍ 100 എത്തിയപ്പോള്‍ തെണ്ടുല്‍ക്കര്‍ (52) പുറത്ത്. അപ്പോളും പാകിസ്ഥാനായിരുന്നു കൂടുതല്‍ വിജയ സാദ്ധ്യത. തുടര്‍ന്ന് ക്രിക്കറ്റ് ലോകം കണ്ടത് കോലിയുടെ വിരാടരൂപം തന്നെ. ഒരറ്റത്ത് രോഹിത് ശര്‍മ്മ കോലിക്ക് മികച്ച പിന്തുണ കൊടുത്തപ്പോള്‍ കോലി അഫ്രീദിയും ഉമാര്‍ ഗുലും മുഹമ്മദ് ഹാഫീസുമടങ്ങുന്ന ബൗളിങ്ങിനെ തവിടുപൊടിയാക്കി. 4 ഓവര്‍ പന്തെറിഞ്ഞ വഹാബ് റിയാസ് 50 റണ്‍സ് വഴങ്ങി. കോലി - രോഹിത് സഖ്യം സെഞ്ച്വറി കൂട്ടുകെട്ടും പിന്നെ ഡബ്ള്‍ സെഞ്ചറി കൂട്ടുകെട്ടും ഉണ്ടാക്കി. 148 പന്തില്‍ നിന്ന് 22 ബൗണ്ടറികളും ഒരു സിക്‌സറുമായി കോലി 183 റണ്‍സെടുത്തു. രോഹിത് 68 ഉം. ഇന്ത്യ വെറും 47.5 ഓവറില്‍ 4 വിക്കറ്റിന് 330 റണ്‍സെടുത്ത് അക്കാലത്തെ ഏറ്റവും വലിയ വിജയലക്ഷ്യം നേടി. പെട്ടെന്ന് മനസ്സില്‍ വന്ന കോലിയുടെ നാലഞ്ച് പ്രകടനങ്ങളാണ് മുകളില്‍ എഴുതിയത്.

വാസ്തവത്തില്‍ കോലിയുടെ ഏത് സെഞ്ച്വറിയും ഇവിടെ ഇതിന് തുടര്‍ച്ചയായി മികച്ച പ്രകടനത്തിനുള്ള ഉദാഹരണങ്ങളെന്നോണം എഴുതാവുന്നതാണ്. കോലിയുടെ കളിയുടെ ക്‌ളാസ് എന്നത് വലിയ സ്‌കോറുകളെ മാത്രം അടിസ്ഥാനമാക്കുന്നില്ല. വലിയ സ്‌കോറുകളോടൊപ്പം അവ നേടുമ്പോള്‍ കോലി പ്രകടമാക്കുന്ന തന്റെ ആധികാരികമായ കേളിശൈലിയുമുണ്ട്. വാസ്തവത്തില്‍ ശരിക്കുമൊരു കോലി റ്റച്ച് ഉണ്ട് ആ ബാറ്റ് വീശലില്‍. ആ ശൈലിയെ ഏതാണ്ടൊന്ന് പരിചയപ്പെടാം.

placeholder

ഊര്‍ജ്ജ പ്രവാഹം
എന്താണ് വിരാട് കോലിയുടെ ബാറ്റിങ് ശൈലിയുടെ പ്രത്യേകത എന്ന ചോദ്യം കുഴക്കുന്നതാണ്. കാരണം കോലിയെപ്പോലൊരു ബഹുമുഖ ബാറ്റിങ് പ്രതിഭയില്‍ നമുക്ക് ഭിന്ന ശൈലികള്‍ കണ്ടെത്താന്‍ കഴിയും. അതുകൊണ്ടുതന്നെ ഇന്നതാണ് ആ ശൈലിയുടെ പ്രത്യേകത എന്ന് പറഞ്ഞ് സ്‌പോര്‍ട്‌സ് പണ്ഡിതന്‍ അദ്ദേഹത്തെ അളന്നെടുത്താല്‍ അടുത്ത കളിയില്‍ത്തന്നെ നേര്‍ വിപരീതമായ ശൈലി അദ്ദേഹം പുറത്തെടുക്കുന്നത് കാണാം. അതു കൊണ്ടുതന്നെ ഇവിടെ അദ്ദേഹത്തിന്റെ ശൈലിയെക്കുറിച്ച് ഒന്നു രണ്ട് കാര്യങ്ങള്‍ പറയുന്നത് അതിന് വിപരീതമായും അദ്ദേഹത്തിന്റെ അവതാരങ്ങള്‍ കണ്ടേക്കും എന്ന ഉറപ്പോടെയാണ്. ന്യൂ ജെന്‍ പിള്ളേരുടെ ആരാധനാമൂര്‍ത്തിയായ കോലിയുടെ ബാറ്റിങ് അത്രയൊന്നും ന്യൂ ജെന്‍ അല്ല എന്നതാണ് മുഖ്യമായ ഒരു കാര്യം. അദ്ദേഹത്തിന്റെ ഷോട്ടുകള്‍ മിക്കതും പരമ്പരാഗത, ക്‌ളാസിക്കല്‍ ശൈലിയിലുള്ളതാണ്. ന്യൂ ജെന്‍ ക്രിക്കറ്റിന്റെ മുഖമുദ്രകളിലൊന്ന് ഉയര്‍ന്നു പൊങ്ങുന്ന സിക്‌സറുകളാണെങ്കില്‍ കോലിയ്ക്ക് കൂടുതല്‍ താല്‍പ്പര്യം മൈതാനം കീറി മുറിക്കുന്ന ബൗണ്ടറികളാണ്. കൂടെ അതിവേഗം ഓടിയെടുക്കുന്ന ഒറ്റകളും ഇരട്ടകളും.

ലോങ് ഓണിനും ലോങ് ഓഫിനുമിടയില്‍ മികച്ച ഓണ്‍ ഡ്രൈവുകളുംസ്‌ട്രെയ്റ്റ് ഡ്രൈവുകളും കോലി അടിക്കുന്നതു കണ്ടാല്‍ അവയെ കോപ്പി ബുക് ശൈലി എന്ന് ഗവാസ്‌കറുടെ ആരാധകര്‍ കയ്യടിച്ച് പറയും. ഇതോടൊപ്പം കട് ഷോട്ടുകള്‍, കണങ്കൈ വിദഗ്ദ്ധമായ തിരിച്ചും മറച്ചും സ്ലിപ്പുകളെ കബളിപ്പിച്ച പിറകിലെ തേഡ് മാനിലേക്കോ ഫൈന്‍ ലെഗ്ഗിലേക്കോ പോകുന്ന ഫ്‌ലിക്കുകള്‍ എന്നിവയും സുലഭം. പക്ഷേ, സ്പിന്നര്‍മാര്‍ക്കെതിരെ സ്വീപ് ഷോട്ടുകള്‍ ധാരാളമായി അടിക്കാറില്ല. ന്യൂ ജെന്‍ ഷോട്ടുകളായ അപ്പര്‍ കട്ട്, റിവേഴ്‌സ് സ്വീപ്, പാഡ്ല്‍ സ്വീപ്, സ്‌കൂപ് എന്നിവയോട് അത്ര പഥ്യമില്ല കോലിയ്ക്ക്. ഒരു പക്ഷേ, ഇക്കാര്യത്തില്‍ കോലിയുടെ മുന്‍ഗാമിയായ തെണ്ടുല്‍ക്കറാണ് കൂടുതല്‍ ന്യൂ ജെന്‍ എന്ന് പറയേണ്ടി വരും.

ഇതിനര്‍ത്ഥം ഗവാസ്‌കറുടെ പുനരവതാരമാണ് കോലി എന്നാണോ? തീര്‍ച്ചയായും അല്ല. പരമ്പരാഗത ശൈലിയില്‍ ഇല്ലാത്ത ഒന്ന് വിരാട് കോലിയില്‍ ഉഗ്രത പൂണ്ട് നില്‍ക്കുന്നു. ഊര്‍ജ്ജ പ്രവാഹവും പ്രഹര ശേഷിയുമാണത്. സച്ചിന്റെ പ്രഹരശേഷി ഡ്രൈവുകളിലാണ് കൂടുതല്‍ കാണുന്നതെങ്കില്‍ കോലിയില്‍ കണങ്കൈ തിരിച്ചുള്ള ഫ്‌ളിക്കുകളില്‍പ്പോലുമുണ്ട് ഊര്‍ജ്ജ പ്രവാഹം. ഫ്‌ളിക് ചെയ്യുന്ന ആംഗിളില്‍ ബാറ്റ് വെറുതെ വെച്ചു കൊടുത്ത് പന്തിനെ സ്ലിപ്പുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറ്റാനല്ല കോലിയ്ക്ക് താല്‍പ്പര്യം. സ്ലിപ് ഫീല്‍ഡര്‍ക്ക് കാണാന്‍ പോലും കഴിയാതെ ആ ഫ്‌ളിക് ഷോട്ടുകള്‍ തേഡ്മാന്റെ അതിര്‍ത്തി ഭേദിക്കുന്നു. വാസ്തവത്തില്‍ വിരാട് കോലിയുടെ ശൈലിയല്ല ഈ ഊര്‍ജ്ജ പ്രവാഹമാണ് അദ്ദേഹത്തെ പുതുതലമുറയ്ക്ക് പ്രിയപ്പെട്ടവനാക്കുന്നത്.

ഉഗ്രഫോമില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും കളിക്കുമ്പോള്‍ കോലി ഭൂമി കീഴടക്കുന്നു, രോഹിത് ആകാശങ്ങളെയും. ഇതൊക്കെയാണെങ്കിലും പ്രായവും പക്വതയും മുമ്പ് ക്യാപ്റ്റനായതിന്റെ ഉത്തരവാദിത്തവും കോലിയെ വിവേകമതിയുമാക്കുന്നുണ്ട്. രോഹിത് അടക്കമുള്ള ആദ്യ വിക്കറ്റുകള്‍ പെട്ടെന്ന് പോയാല്‍ വിരാട് കോലി രാഹുല്‍ ദ്രാവിഡിനെപ്പോലെ വന്‍മതിലായി നില്‍ക്കും. ഒരറ്റം ഭദ്രമായി നിലനിര്‍ത്തി കൂടെയുള്ള കളിക്കാരനെക്കൊണ്ട് റണ്‍സടിക്കാന്‍ സഹായിക്കുന്ന കോലിയെ ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റില്‍ കാണാന്‍ കഴിഞ്ഞു.

placeholder

അവസാനത്തെ ചക്രവര്‍ത്തി?
ക്രിക്കറ്റില്‍ ഉദാത്തമായ ഉയരങ്ങള്‍, സമകാലികരില്‍ ഒന്നാം സ്ഥാനം, ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന തേരോട്ടം, ശൈലിയിലെ സ്വന്തമായ കയ്യൊപ്പ്, ജനമനസ്സുകളിലെ നായകസ്ഥാനം, അധികാരസ്ഥാനങ്ങളില്‍ ആദരവ്.... ക്രിക്കറ്റിലെ ചക്രവര്‍ത്തീ സമാനരായ കളിക്കാരില്‍ ഇന്ത്യയുടെ ജനമനസ്സ് ആഗ്രഹിക്കുന്ന സവിശേഷതകള്‍ ഇവയാണ്. റണ്‍ നേടിയ കാര്യത്തില്‍ രാഹുല്‍ ദ്രാവിഡ് വളരെ മുകളിലെത്തിയ താരമാണെങ്കിലും അത്ര തന്നെ നേട്ടമില്ലാത്ത സൗരവ് ഗാംഗുലിയാണ് ജ്വലിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമ. ഇത് രണ്ടും, വലിയ നേട്ടങ്ങളും ജ്വലിക്കുന്ന വ്യക്തിത്വവും, ഒരുമിച്ചു ചേരുമ്പോളാണ് ഇന്ത്യക്കാര്‍ ഒരു ക്രിക്കറ്റ് താരത്തില്‍ ചക്രവര്‍ത്തിയെ കണ്ടെത്തുന്നത്. തീര്‍ച്ചയായും ഗവാസ്‌കറിലും തെണ്ടുല്‍ക്കറിലും ഇന്ത്യയ്ക്ക് ചക്രവര്‍ത്തിമാരെ ലഭിച്ചു. തെണ്ടുല്‍ക്കര്‍ക്ക് ശേഷം വിരാട് കോലി ആ സ്ഥാനം അനിഷേധ്യമായി കയ്യടക്കി.

35-കാരനായ കോലിയ്ക്ക് ഇനിയും മൂന്ന് നാല് കൊല്ലത്തെ ക്രിക്കറ്റിങ് കരിയര്‍ ഉണ്ടാവും എന്ന് തോന്നുന്നു. അഥവാ, അതേ ഉണ്ടാവാനിടയുള്ളൂ. അങ്ങിനെയെങ്കില്‍ കോലിയുടെ സിംഹാസനത്തില്‍ ഇരിക്കാന്‍ പോകുന്നത് ആരായിരിക്കും? തുറന്ന് പറയട്ടെ, ഇപ്പോള്‍ ആ സ്ഥാനത്തേക്ക് ആരുടെ പേരും പറയാന്‍ തോന്നുന്നില്ല. ഏറ്റവും സാദ്ധ്യതയുള്ള ഒരേയൊരു ചെറുപ്പക്കാരന്‍ ശുഭ്മന്‍ ഗില്‍ ആണ്. എന്നാലും കോലിയുടെ ഉയരങ്ങളിലേക്ക് ഗില്‍ എത്തുമെന്ന് പറയാറായിട്ടില്ല. 43 ഏകദിന മത്സരങ്ങളില്‍നിന്ന് 62.97 എന്ന മികച്ച ശരാശരിയോടെ ഗില്‍ 2267 റണ്‍സ് നേടിയിട്ടുണ്ട് ഗില്‍. ഗില്ലിന്റെ പ്രായം 25 നടുത്താണ്.

അടുത്ത 10 വര്‍ഷം കൂടി ഗില്‍ കളിക്കുമെന്ന് ഉറപ്പിക്കാം. അടുത്ത മൂന്ന് വര്‍ഷം കൂടി ഇപ്പോളത്തെ നിലവാരത്തില്‍ ഗില്‍ കളിച്ചാലേ കോലിയുമായി എന്തെങ്കിലും താരതമ്യം സാദ്ധ്യമാവൂ. കോലി ഏകദിനത്തില്‍ 50 സെഞ്ച്വറി നേടിയപ്പോള്‍ ഗില്ലിന് ഇതുവരെ 6 സെഞ്ച്വറികളേ കയ്യിലുള്ളൂ എന്നുകൂടി ഓര്‍ക്കണം. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇപ്പോള്‍ ഗില്ലിനൊപ്പം മികച്ച ഫോം നിലനിര്‍ത്തുന്നുണ്ടെങ്കിലും പ്രായം അവര്‍ക്ക് അനുകൂലമല്ല. സൂര്യകുമാറിന് 33ലേറെയും ശ്രേയസ്സിന് 29 ഉം വയസ്സായി. അതിനാല്‍ കോലിയുടെ റെക്കോഡിന്റെ അടുത്തൊന്നും ഇരുവരും അവരവരുടെ കരിയറുകളില്‍ എത്താനിടയില്ല.

അടുത്ത പത്തുവര്‍ഷങ്ങളില്‍ കോലിയുടെ നേട്ടങ്ങളെ ആരും മറികടക്കാന്‍ സാദ്ധ്യതയില്ല എന്ന് പറയുന്നതിര്‍ത്ഥം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മൊത്തം നിലവാരമോ വിജയസാദ്ധ്യതയോ കുറയുമെന്നല്ല. ചക്രവര്‍ത്തീ പദമില്ലാത്ത കുറേ മികച്ച കളിക്കാര്‍ ഒരുമിച്ച് നന്നായി കളിച്ചാലും ടീമിന് ജയിക്കാന്‍ കഴിയും. കഴിഞ്ഞ തവണ ഇങ്ഗ്ലണ്ട് ലോകകിരീടം നേടിയത് അത്തരം പതിനൊന്ന് കളിക്കാരുടെ കൂട്ടായ ശ്രമത്തില്‍നിന്നാണ്. ഹോക്കിയിലും നമുക്ക് സമാനമായ അവസ്ഥ കാണാന്‍ കഴിയും. പണ്ട് ധ്യാന്‍ ചന്ദും പിന്നീട് ബല്‍ബീര്‍ സിങ്ങും ചക്രവര്‍ത്തീ പദമുള്ള രണ്ട് കളിക്കാരായിരുന്നു. ഇന്ന് ഇന്ത്യയില്‍ അവരുടെ സമശീര്‍ഷരായ പിന്‍ഗാമികളായി ആരുമില്ല. പക്ഷേ, കഴിഞ്ഞ ഒന്നുരണ്ടു കൊല്ലങ്ങളായി ഇന്ത്യ ഏഷ്യയിലും ലോകവേദിയിലും നഷ്ടപ്പെട്ട പദവികള്‍ തിരിച്ചുപിടിക്കുകയാണ്.പക്ഷേ, അത് ചക്രവര്‍ത്തീ തുല്യരായ കളിക്കാരെ ഉപയോഗിച്ചല്ല, മികച്ച കളിക്കാരുടെ കൂട്ടായ ശ്രമം കൊണ്ടാണ്. ഇങ്ങനെയൊരു മാറ്റം ക്രിക്കറ്റിലും സംഭവിച്ചുകൂടെന്നില്ല.

ബര്‍നാഡോ ബാര്‍ത്തലൂച്ചിയുടെ ദ ലാസ്റ്റ് എംപറര്‍ എന്ന സിനിമയുടെ അവസാനം പ്രേക്ഷകര്‍ അനുഭവിക്കുന്ന ഒരു വിഷാദമുണ്ട്. അവസാനത്തെ ചക്രവര്‍ത്തിയുടെ ഒഴിഞ്ഞുകിടക്കുന്ന സിംഹാസനം. ഒരു കാലത്ത് അധികാരത്തിന്റെ നിറവായിരുന്ന അത് ഇനി എന്നെന്നേക്കുമായി ഒഴിഞ്ഞു കിടക്കും.