1990-ൽ പുറത്തിറങ്ങിയ 'ക്ഷണക്കത്ത്' എന്ന സിനിമ അക്കാലത്ത് പരാജയമായിരുന്നു. എങ്കിലും ഇന്നും അത് ചർച്ച ചെയ്യപ്പെടുന്നത്, ആ സിനിമയിലെ പാട്ടുകളിലൂടെയാണ്. ശരത് സംഗീതസംവിധാനം നിർവഹിച്ച് കൈതപ്രം വരികളെഴുതിയ മനോഹരമായ പാട്ടുകളാണ് സിനിമയിലുള്ളത്. ആകാശദീപമെന്നുമുണരുമിടമായോ, മംഗളങ്ങളരുളും, സല്ലാപം...ഏറ്റവും ജനപ്രിയം ഈ പാട്ടുകൾ തന്നെ. ശരത്തിന്റെ അരങ്ങേറ്റചിത്രം കൂടിയായിരുന്നുവിത്.
രാജീവ് കുമാർ സംവിധാനം ചെയ്ത സിനിമയിൽ നിയാസ്, ആതിര എന്നിവരാണ് നായികാനായകൻമാരായത്. ഇരുവരുടെയും ആദ്യസിനിമയായിരുന്നുവത്. പൂച്ചക്കണ്ണുകളുള്ള നായകനും ചുരുണ്ടമുടിയുള്ള നായികയും ശ്രദ്ധിക്കപ്പെട്ടു. ദുരന്തത്തിൽ അവസാനിച്ച ആ ചിത്രത്തിന്, വിഷാദത്തിൽ മുങ്ങിയ നായികയുടെ മുഖം ഏറെ യോജിച്ചു. തുടക്കക്കാരനെന്ന് തോന്നാത്ത രീതിയിൽ ഇരുവരും തങ്ങളുടെ റോളുകൾ ഭംഗിയാക്കി.
സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ പോലും താരങ്ങളെക്കുറിച്ച് ചർച്ചകളുണ്ടായി. ആ സിനിമയ്ക്കുശേഷവും പലരും അന്വേഷിച്ചിരുന്നത് ഈ താരങ്ങളെയായിരുന്നു. നിയാസ് പിന്നീടും സിനിമകളിൽ സജീവമായി. എന്നാൽ, ഒരേയൊരു സിനിമയോടെ അഭിനയം നിർത്തുകയായിരുന്നു ആതിര. പാർവതി എന്നായിരുന്നു അവരുടെ യഥാർഥപേര്. എന്നാൽ, പാർവതി എന്ന പേരിൽ മറ്റൊരു നടിയുള്ളതിനാൽ അന്ന് പേര് മാറ്റുകയായിരുന്നുവത്രേ. 'ക്ഷണക്കത്ത്' കഴിഞ്ഞശേഷം ആതിര പഠനത്തിലേക്ക് തിരിഞ്ഞു. പിന്നീട് കുടുംബജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. ഇപ്പോൾ കുടുംബവുമൊത്ത് തിരുവനന്തപുരത്ത് താമസമാണവർ.
Content Highlights: kshanakathu movie remembered for its memorable songs by sharreth and kaithapram
Published: 14 Jun 2025, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented