മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് 'അഴകിയ രാവണനി'ലെ ശങ്കർ ദാസ്. പുറമേ ധനികന്റെ പ്രൗഢിയും ആത്മവിശ്വാസവും പ്രകടിപ്പിക്കുമ്പോഴും ഉള്ളിൽ വൈകാരിക സംഘർഷങ്ങൾ പേറുന്ന കഥാപാത്രമായിരുന്നുവത്. 1996-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി ശങ്കർദാസായി എത്തിയപ്പോൾ ആ കഥാപാത്രത്തിന് വേറിട്ടൊരു ഭാവമാണ് ലഭിച്ചത്. ഇപ്പോഴിതാ, ചിത്രത്തിൽ മമ്മൂട്ടിയെ നായകനായി തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ കമൽ.
മമ്മൂട്ടിക്കു പകരം മോഹൻലാലായിരുന്നെങ്കിൽ കഥാപാത്രത്തിന് പുതുമ തോന്നില്ലായിരുന്നുവെന്നാണ് കമലിന്റെ നിരീക്ഷണം. നിർമാതാവ് ആദ്യം മോഹൻലാലിനെ നിർദേശിച്ച കാര്യവും മമ്മൂട്ടിയെക്കുറിച്ച് അക്കാലത്ത് നിലനിന്നിരുന്ന പൊതുധാരണകളും അദ്ദേഹം പങ്കുവച്ചു. ദ ഷോ സ്കേപ് ജേണലിന് നൽകിയ അഭിമുഖത്തിലായിരുന്നു കമലിന്റെ പ്രതികരണം.
"അഴകിയ രാവണനി'ലെ ശങ്കർ ദാസ് സമ്പന്നനായ ഒരാളാണ്. തന്റെ വ്യക്തിത്വത്തിലെ പ്രൗഢിയും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നതിനൊപ്പം വൈകാരികമായ പല സംഘർഷങ്ങളും അയാൾക്കുള്ളിലുണ്ട്. മമ്മൂട്ടിയുടെ താരപ്രതിച്ഛായയിൽനിന്ന് വ്യത്യസ്തമായ ഈ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ച രീതി ശ്രദ്ധേയമായിരുന്നു. മോഹൻലാൽ ചെയ്താൽ അതിൽ പുതുമയൊന്നുമുണ്ടാകില്ല. മമ്മൂട്ടി ചെയ്യുമ്പോഴാണ് അതിന് പുതുമ തോന്നുന്നത്”, കമൽ പറഞ്ഞു. കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന വ്യത്യസ്തതയാണ് സംവിധായകൻ ചൂണ്ടിക്കാട്ടിയത്.
അക്കാലത്ത് മമ്മൂട്ടിയെക്കുറിച്ച് ആളുകൾക്കിടയിൽ നിലനിന്നിരുന്ന ധാരണകളെക്കുറിച്ചും കമൽ സംസാരിച്ചു.
“അയാൾ പൊങ്ങച്ചക്കാരനും എല്ലാവരേക്കാളും മികച്ചവനാണെന്ന് കരുതുന്നയാളുമാണെന്നായിരുന്നു ധാരണ. അക്കാലത്ത് മമ്മൂട്ടിയെക്കുറിച്ച് ആളുകൾ അത്തരമൊരു പ്രതിച്ഛായ സൃഷ്ടിച്ചിരുന്നു. അതെല്ലാം വെറും ഗോസിപ്പാണെന്നാണ് എനിക്ക് തോന്നിയത്. യഥാർഥത്തിൽ അദ്ദേഹം അങ്ങനെയുള്ള ആളല്ല”, കമൽ പറഞ്ഞു.
ചിത്രത്തിന്റെ കഥ ആദ്യം നിർമാതാവിനോടാണ് പറഞ്ഞതെന്നും അന്ന് ശങ്കർ ദാസ് എന്ന കഥാപാത്രത്തിന് മോഹൻലാൽ കൂടുതൽ അനുയോജ്യനാകുമോ എന്ന് അദ്ദേഹം ചോദിച്ചെന്നും കമൽ ഓർത്തെടുത്തു.
“അദ്ദേഹം വളരെ ആത്മാർഥതയുള്ള വ്യക്തിയാണ്. പ്രശ്നങ്ങൾക്കിടയിൽ ജീവിക്കുന്ന ഒരു കോടീശ്വരനെയാണ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചത്. കഥ വികസിപ്പിച്ചശേഷം ആദ്യം നിർമാതാവിനോടാണ് പറഞ്ഞത്. ഈ കഥാപാത്രത്തിന് മോഹൻലാൽ ആയിക്കൂടേയെന്ന് അദ്ദേഹം ചോദിച്ചു. മമ്മൂട്ടിയെ ആ വേഷത്തിൽ കാണാൻ ആർക്കും കഴിയുമായിരുന്നില്ല”, കമൽ പറഞ്ഞു.
1996-ൽ പുറത്തിറങ്ങിയ 'അഴകിയ രാവണൻ' സംവിധാനം ചെയ്തത് കമലും തിരക്കഥയൊരുക്കിയത് ശ്രീനിവാസനുമാണ്. മമ്മൂട്ടിക്കൊപ്പം ഭാനുപ്രിയ, കൊച്ചിൻ ഹനീഫ, ശ്രീനിവാസൻ, ബിജു മേനോൻ, രാജൻ പി. ദേവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിലെ അംബുജാക്ഷൻ എന്ന ശ്രീനിവാസന്റെ കഥാപാത്രത്തെ മുൻനിർത്തി പിന്നീട് പുറത്തിറങ്ങിയ സ്പൂഫ് ചിത്രമാണ് 'ചിറകൊടിഞ്ഞ കിനാവുകൾ'. ഈ ചിത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 16 Oct 2026, 11:17 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented