ഇന്ത്യൻ ആർമിയിലെ ഏറ്റവും കരുത്തുറ്റ സൈനിക ഉദ്യോഗസ്ഥകളിൽ ഒരാളാണ് 44-കാരിയായ കേണൽ സോഫിയ ഖുറേഷി. പഹൽഗാമിൽ പൊലിഞ്ഞ ജീവനുകൾക്ക് പകരമായി പാക് ഭീകരർക്കുനേരെ ഇന്ത്യ നടത്തിയ തിരിച്ചടിയെപ്പറ്റി രാജ്യത്തെ അറിയിക്കാൻ നിയോഗിക്കപ്പെട്ടത് സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങുമായിരുന്നു. സൈനികരംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളാണ് ഇരുവരും.
''സൈന്യത്തിൽ ഞങ്ങൾ തുല്യ അവസരങ്ങളിലും തുല്യ ഉത്തരവാദിത്തത്തിലും വിശ്വസിക്കുന്നു. പുരുഷന്മാർക്കും വനിതാ ഓഫീസർമാർക്കും തമ്മിലിവിടെ യാതൊരു അന്തരവുമില്ല. കേണൽ സോഫിയ ഖുറേഷിയെ നേതൃസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തത് അവൾ ഒരു വനിതയായതുകൊണ്ടല്ല, മറിച്ച് സൈന്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിവും നേതൃഗുണങ്ങളും ഉള്ളതുകൊണ്ടാണ്.'-സൈനികരംഗത്ത് മികവും റെക്കോർഡുകളുമുള്ള സോഫിയ ഖുറേഷിയെ നേതൃസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തപ്പോൾ ലെഫ്റ്റനന്റ് ജനറൽ ബിപിൻ റാവത്ത് (അന്ന് സതേൺ കമാൻഡിലെ ആർമി കമാൻഡർ) പറഞ്ഞതിങ്ങനെയായിരുന്നു.
Also Read
ഇന്ത്യൻ സൈന്യത്തിന്റെ കോർപ്‌സ് ഓഫ് സിഗ്നൽസിലെ ആദ്യ വനിതാ ഓഫീസറെന്ന ചരിത്രം കേണൽ സോഫിയ ഖുറേഷിയുടെ പേരിലാണ്. ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഇന്ത്യൻ കരസേനാ സംഘത്തെ നയിച്ച ആദ്യ വനിതാ ഓഫീസറും അവർ തന്നെ. 2016 മാർച്ചിൽ, പുണെയിൽ നടന്ന എക്‌സർസൈസ് ഫോഴ്സ് 18 എന്ന സൈനിക അഭ്യാസത്തിൽ 40 അംഗ ഇന്ത്യൻ സംഘത്തെ അവർ നയിച്ചു, ആ സമയത്ത് ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമായിരുന്നു അതെന്നോർക്കണം. യുഎസ്, റഷ്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങി 18 രാജ്യങ്ങളിൽ നിന്നുള്ള സേനകളും അഭ്യാസത്തിൽ പങ്കെടുത്തിരുന്നു.
ശക്തമായ സൈനിക പശ്ചാത്തലമുണ്ട് സോഫിയ ഖുറേഷിയുടെ കുടുംബത്തിന്. ഗുജറാത്തിലെ വഡോദരയാണ് സ്വദേശം. മുത്തച്ഛൻ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്നു, അച്ഛൻ ആർമിയിലെ മത അധ്യാപകനായിരുന്നു. ഈ പാരമ്പര്യം തന്നെയാണ് അവരേയും സായുധ സേനയിലേക്ക് അടുപ്പിച്ചത്. സോഫിയയുടെ പങ്കാളിയും സൈനികനാണ്. മേജർ താജുദ്ദീൻ ഖുറേഷി, മെക്കനൈസ്ഡ് ഇൻഫൻട്രിയിലാണ് പ്രവർത്തിക്കുന്നത്. ഒൻപത് വയസ്സുള്ള മകനുണ്ട് ദമ്പതിമാർക്ക്. 1999-ൽ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി വഴി സൈന്യത്തിലെത്തിയ സോഫിയ കലാപവിരുദ്ധ മേഖലകളടക്കം ഇന്ത്യയിലും വിദേശത്തുമായി വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. 2006-ലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഐക്യരാഷ്ട്രസഭയുടെ സമാധാനദൗത്യത്തിൽ സൈനിക നിരീക്ഷകയായി ചുമതലയേറ്റെടുത്തതും ഇതിൽപെടും.
പഞ്ചാബ് അതിർത്തിയിലെ 'ഓപ്പറേഷൻ പരാക്രമി'ൽ സജീവ പങ്കാളിയായിരുന്നു അവർ, അതിന് ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫിൽ നിന്ന് അഭിനന്ദന കാർഡ് ലഭിച്ചു. വടക്കുകിഴക്കൻ മേഖലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പങ്കാളിത്വമികവിനും അംഗീകാരം ലഭിച്ചു.
സൈനിക ചുമതലകൾക്കപ്പുറം, 2010 മുതൽ ന്യൂഡൽഹിയിലെ സെന്റർ ഫോർ യുണൈറ്റഡ് നേഷൻസ് പീസ് കീപ്പിങ് ഓപ്പറേഷനിൽ ദേശീയ, അന്തർദേശീയ സൈനിക നിരീക്ഷകർക്കും സ്റ്റാഫ് ഓഫീസർമാർക്കും പരിശീലനം നൽകുന്നതിൽ സോഫിയ ഖുറേഷി പങ്കാളിയായി. സമാധാന പരിപാലനത്തിനുള്ള അവരുടെ സമർപ്പണം പ്രചോദിപ്പിക്കുന്നതാണ്. ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരിയാണ് സോഫിയ ഖുറേഷി.
Content Highlights: story of colonel sofia khureshi operation sindhoor
Published: 07 May 2025, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented