ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റുകളിലൊന്നായ മെറ്റ് ഗാലയ്ക്കായി അമേരിക്കയിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്‌സ് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സിനിമാതാരങ്ങള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, വിനോദമേഖലയില്‍ നിന്നുള്ള പ്രമുഖര്‍ എന്നിവരടക്കം പ്രത്യേകം ക്ഷണിക്കപ്പെടുന്ന അതിഥികളാണ് മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പറ്റില്‍ അണിനിരക്കുന്നത്. 

മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്‌സ് കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാര്‍ഷിക ധനസമാഹരണ പരിപാടിയാണിത്. കര്‍ശനമായ നിയമങ്ങളാണ് മെറ്റ് ഗാലയ്ക്കുള്ളത്. അവ ഏതെല്ലാമാണെന്നു നോക്കാം

ഫോണ്‍ പാടില്ല, സെല്‍ഫിയും
സെലിബ്രിറ്റികളുടെയും സോഷ്യല്‍ മീഡിയ താരങ്ങളുടെയും വന്‍നിരതന്നെ മെറ്റ് ഗാലയിലെത്തുമെങ്കിലും അവിടെനിന്നുള്ള ഇന്‍സ്റ്റാഗ്രാം സ്റ്റോറികളോ ടിക് ടോക്ക് വീഡിയോകളോ നമ്മള്‍ ഒരിക്കലും കാണാറില്ല. അതിനൊരു കാരണമുണ്ട്, പരിപാടിയില്‍ ഫോണ്‍ കര്‍ശനമായ നിയന്ത്രിച്ചിരിക്കുകയാണ്. സ്വകാര്യ വിസിറ്റുകളും ഡിന്നറുകളും പെര്‍ഫോമന്‍സുകളുമൊന്നും പൂര്‍ണമായി ചിത്രീകരിക്കുകയോ പൊതുജനങ്ങളിലെത്തിക്കുകയോ ഇല്ല. പലപ്പോഴും സെലിബ്രിറ്റികള്‍ പോലും നിയമം ലംഘിക്കാറുണ്ട്, ചെറിയ രീതിയില്‍ ചിത്രങ്ങളൊക്കെ അവര്‍ പുറത്തുവിടും, സെല്‍ഫികളില്‍ ഭൂരിഭാഗവും ബാത്ത്‌റൂമില്‍ നിന്നാണ് എടുക്കാറുള്ളത് എന്നത് മറ്റൊരു കാര്യം. 

വെളുത്തുള്ളിയും ഉള്ളിയും പാഴ്സ്ലിയും വേണ്ട
മെറ്റ് ഗാല ഏറ്റവും പ്രധാനപ്പെട്ട ഫാഷന്‍ രാവാണെന്ന് വോഗ് എഡിറ്റര്‍ ഇന്‍ ചീഫായ അന്ന വിന്‍ടൂര്‍ ഉറപ്പാക്കും. അതിഥികള്‍ക്ക് ഏറ്റവും മികച്ച ഗന്ധം അനുഭവപ്പെടണമെന്നത് പ്രധാനമാണ്. വായ്നാറ്റവും മോശം ചിത്രങ്ങളും തടയുന്നതിന് മെറ്റ് ഗാലയുടെ അത്താഴ മെനുവില്‍ ചില ഭക്ഷണ സാധനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഫോട്ടോകള്‍ക്കായി പുഞ്ചിരിക്കുമ്പോള്‍ ഉള്ളിയുടെ ഗന്ധം ഇല്ലാതിരിക്കാനും പല്ലില്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കുടുങ്ങാതിരിക്കാനും ഉള്ളി, വെളുത്തുള്ളി, പാഴ്സ്ലി എന്നിവയും വസ്ത്രത്തില്‍ പറ്റാന്‍ സാധ്യതയുള്ള ചില വിഭവങ്ങളും അതിഥികള്‍ക്ക് നല്‍കാറില്ല.

പുകവലി പാടില്ല
ഉള്ളില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, ലോകത്തിലെ ഏറ്റവും ശക്തരും സ്‌റ്റൈലിഷുമായ ആളുകള്‍ക്ക് പോലും പുകവലിക്കാന്‍ അനുവാദമില്ല. പ്രദര്‍ശനത്തിലുള്ള വസ്ത്രങ്ങളുടെ ശേഖരം കേടുവരാനും പുകയുടെ ഗന്ധമുണ്ടാകാനും സാധ്യതയുള്ളതിനാലാണിത്. ഗാലറിക്കുള്ളില്‍ പുകവലിച്ചാല്‍ പിന്നീട് പരിപാടിയിലേക്ക് ക്ഷണമുണ്ടാവാന്‍ സാധ്യതയില്ല. ചിലരെല്ലാം ടോയ്‌ലറ്റില്‍ സിഗരറ്റ് വലിച്ച് നിയമം തെറ്റിക്കാറുണ്ട്. 

ഫ്രീ എന്‍ട്രിയില്ല
സൗജന്യമായിട്ടല്ല ഒരാളെപ്പോലും മെറ്റ് ഗാലയിലേക്ക് പ്രവേശിപ്പിക്കുന്നത്. സെലിബ്രിറ്റികളും എ-ലിസ്റ്റര്‍മാരും മെറ്റ് ഗാലയിലെ തങ്ങളുടെ സീറ്റുകള്‍ക്ക് പണം നല്‍കണം. ക്ഷണിതാക്കള്‍ക്ക് മാത്രമുള്ള പരിപാടിയാണെങ്കിലും, ഓരോ സീറ്റിനും മേശയ്ക്കും ഒരു വില നിശ്ചയിച്ചിട്ടുണ്ട്. വരുമാനം ഏഴ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫാഷന്‍ ശേഖരം സംരക്ഷിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. 

2024-ല്‍ ഏകദേശം 63 ലക്ഷം രൂപയായിരുന്നു ഒരു വ്യക്തിഗത ടിക്കറ്റിന്. മുഴുവന്‍ ടേബിളിനും ഏകദേശം 2.94 കോടി രൂപയും. സാധാരണയായി, സെലിബ്രിറ്റികള്‍ക്ക് വസ്ത്രങ്ങളൊരുക്കുന്ന ഫാഷന്‍ ഹൗസുകളാണ് അവരുടെ വസ്ത്രങ്ങള്‍ റെഡ് കാര്‍പെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പകരമായി സീറ്റുകളുടെ ചെലവ് വഹിക്കാറ്. മെറ്റ് ഗാലയില്‍ ക്ഷണം ലഭിക്കുകയും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് വഹിക്കുകയും ചെയ്തശേഷം വസ്ത്രങ്ങള്‍ക്കുകൂടി അംഗീകാരം ലഭിക്കണം. വോഗ് എഡിറ്റര്‍ അന്ന വിന്‍ടൂര്‍ തന്നെയാണിത് ചെയ്യുന്നത്. 'അന്ന വിന്‍ടൂര്‍ ഓകെ' എന്ന് ഇതിനെ വിളിക്കാറുമുണ്ട്.

സീറ്റിങ് പ്ലാന്‍
ഇത്രയുമധികം തുക നല്‍കിയാലും മെറ്റ് ഗാലയില്‍ എവിടെ ഇരിക്കണമെന്ന് ആര്‍ക്കും സ്വയം തീരുമാനിക്കാനാവില്ല. എവിടെ, ആരുടെ അടുത്ത് ഇരിക്കണമെന്ന് തീരുമാനിക്കുന്നതിന് വലിയ ആസൂത്രണങ്ങള്‍ നടത്തും. രസകരമെന്നു പറയട്ടെ, ദമ്പതിമാരെയോ കാമുകീ-കാമുകന്‍മാരെയോ അടുത്ത് ഇരുത്താറില്ല. പകരം, അവരെ സ്വതന്ത്രമായി ഇടപഴകാന്‍ പ്രോത്സാഹിപ്പിക്കാറാണ്. അടുത്തിരിക്കുന്നവര്‍ തമ്മില്‍ മുന്‍കാല ബന്ധമുണ്ടോ എന്നതും സീറ്റിങ് ക്രമീകരണം തീരുമാനിക്കുമ്പോള്‍ പരിഗണിക്കപ്പെടും. ഡിസംബര്‍ മുതല്‍ തന്നെ സീറ്റിങ് ചാര്‍ട്ട് തയ്യാറാക്കാന്‍ തുടങ്ങും.