1982-ല്‍ റിലീസ് ചെയ്ത സിനിമയാണ് 'സക്ക്മി ഇന്‍സാന്‍' (Zakhmi insaan). ശക്തി കപൂര്‍, അരുണ ഇറാനി, റിത ബാദുരി തുടങ്ങിയവരാണ് സിനിമയില്‍ പ്രധാനതാരങ്ങളായത്. ബോളിവുഡിലെ വില്ലന്‍ എന്നാല്‍ ശക്തി കപൂര്‍ എന്ന് മാത്രം ചിന്തിച്ചിരുന്ന കാലമാണത്. റിലീസാവുന്ന എല്ലാ സിനിമകളിലെയും വില്ലന്‍ ശക്തി കപൂര്‍ തന്നെ. 

അപ്പോഴാണ് 'സക്ക്മി ഇന്‍സാന്‍' റിലീസാവുന്നത്. പതിവില്‍നിന്നും വ്യത്യസ്തമായി സിനിമയില്‍ നായകനായിരുന്നു ശക്തി. തന്റെ വില്ലന്‍ ഇമേജ് പൊളിക്കാമെന്ന ആഗ്രഹത്തോടെയും വിശ്വാസത്തോടെയുമാണ് അദ്ദേഹം സിനിമയില്‍ അഭിനയിച്ചത്. പക്ഷേ പ്രതീക്ഷകളെയെല്ലാം തകിടംമറിക്കുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. ഹിറ്റോ ഫ്‌ളോപ്പോ എന്ന് തിരിച്ചറിയുന്നതിനുമുമ്പ് തന്നെ സിനിമ തിയേറ്ററില്‍നിന്ന് പിന്‍വലിക്കേണ്ടിവന്നു. അതും റിലീസ് ചെയ്ത് വെറും 15 മിനിറ്റിനുള്ളില്‍. സിനിമ പിന്‍വലിക്കാനുള്ള കാരണമെന്തെന്നത് ഇന്നും അവ്യക്തം. എന്തായാലും, നിര്‍മാതാവിന് രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയാണ് ഇതുണ്ടാക്കിയത്.

'ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ശര്‍മ ഷോ'യില്‍ ശക്തി കപൂര്‍ ഇതിനെക്കുറിച്ച് ഓര്‍ത്തെടുത്തു. ''ഞാനൊരു നായകനാവാന്‍ ശ്രമിച്ചു. അങ്ങനെയാണ് 'സക്ക്മി ഇന്‍സാനി'ല്‍ നായകനാവുന്നത്. പക്ഷേ എല്ലാം പാളിപ്പോയി. സിനിമ റിലീസായത് 12 മണിക്കാണ്. 12: 15 ആവുമ്പോഴേക്കും സിനിമ തിയേറ്ററില്‍നിന്ന് നീക്കി. അതിനുമുമ്പ് ഞാനെല്ലാവരോടും പറഞ്ഞിരുന്നു, 'ഇപ്പോള്‍ ഞാന്‍ നായകനാണ്. ഇനി വില്ലന്‍ റോളുകള്‍ ചെയ്യില്ല'. പക്ഷേ സിനിമ പരാജയപ്പെട്ടതോടെ എല്ലാം തിരിച്ചുപറയേണ്ടിവന്നു. വില്ലന്‍ റോളുകളിലേക്ക് തിരിച്ചുപോവുകയും ചെയ്തു''.

പിന്നീടൊരിക്കലും ശക്തി കപൂര്‍ നായകനായിട്ടില്ല. വില്ലന്‍ റോളുകളിലും കോമഡി റോളുകളിലും ഒതുങ്ങിനിന്ന താരം, 700-ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പഴയകാലനടി ശിവാംഗി കോലാപുരിയാണ് ഭാര്യ. നടി ശ്രദ്ധ കപൂര്‍, നടനും സഹസംവിധായകനുമായ സിദ്ധാന്ത് കപൂര്‍ എന്നിവരാണ് മക്കള്‍.

സുനില്‍ സിഖന്ദര്‍ലാല്‍ കപൂര്‍ എന്നാണ് യഥാര്‍ഥപേര്. 1975 മുതല്‍ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചുതുടങ്ങി അദ്ദേഹം. പക്ഷേ, ശ്രദ്ധിക്കപ്പെടുന്നത് 'ഖുര്‍ബാനി'യിലൂടെയാണ്. തൊട്ടുപിന്നാലെ 'റോക്കി'യുമെത്തി. ശക്തി കപൂറിന്റെ ആദ്യ വില്ലന്‍ കഥാപാത്രത്തിനുപിന്നില്‍ പ്രശസ്തതാരം ഫിറോസ് ഖാനാണ്. ശക്തി കപൂര്‍ എന്ന പേരിനു കാരണമായത്, സഞ്ജയ് ദത്തിന്റെ അച്ഛന്‍ സുനില്‍ ദത്തും. ആ കഥകളിങ്ങനെ. 

മോഡലിങ്ങിലൂടെയും സിനിമയിലൂടെയും കിട്ടിയ പണം ഉപയോഗിച്ച് ശക്തി ഒരു കാര്‍ വാങ്ങി. ഒരിക്കല്‍ തിരക്കഥാകൃത്ത് കെ.കെ.ശുക്ലയെ കാണാനായിറങ്ങി. വഴിയില്‍വെച്ച് അദ്ദേഹത്തിന്റെ കാറില്‍ മറ്റൊരു കാറിടിച്ചു, വളരെ ചെറിയ അപകടം. എതിര്‍വാഹനത്തിലുള്ളയാളെ വഴക്കുപറയാനായി അദ്ദേഹം ചാടിയിറങ്ങി. ആ കാറിന്റെ ഡ്രൈവിങ് സീറ്റില്‍നിന്നിറങ്ങിയത് പ്രശസ്തനടന്‍ ഫിറോസ് ഖാന്‍. അതോടെ ദേഷ്യമെല്ലാം പോയി. 'സിനിമയില്‍ ഒരു അവസരം തരുമോ' എന്നാണ് ശക്തി ചോദിച്ചത്. ഒന്ന് ചിരിച്ചുകൊണ്ട് ഫിറോസ് യാത്ര പറഞ്ഞു. പിന്നാലെ ശക്തിയും. അവിടെയെത്തിയപ്പോള്‍ കെ.കെ.ശുക്ല വിഷമത്തോടെ പറഞ്ഞു, 'നിങ്ങള്‍ക്ക് ഭാഗ്യമില്ല. ആ റോള്‍ വേറൊരാള്‍ക്ക് കൊടുക്കാന്‍ ഫിറോസ് പറഞ്ഞു. അദ്ദേഹം ഇന്നൊരാളെ കണ്ടു, അയാളെ കണ്ടപ്പോള്‍ തന്നെ പേടിച്ചുപോയി. അയാളെ വില്ലനായി വേണമെന്നാണ് ഫിറോസ് പറഞ്ഞത്'. അത് അത് താന്‍ തന്നെയാണെന്ന് ശക്തി പറഞ്ഞു. അങ്ങനെയാണ് 'ഖുര്‍ബാനി'യിലെത്തുന്നത്. അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത് ആ സിനിമയിലൂടെയാണ്.

അതിനിടയില്‍ തന്നെയാണ് ശക്തിയെ സുനില്‍ ദത്ത് കാണുന്നത്. സുനില്‍ ദത്ത് തന്റെ മകനെ നായകനാക്കി ഒരു സിനിമയെടുക്കാന്‍ പ്ലാന്‍ ചെയ്തു. 'റോക്കി' എന്ന ആ സിനിമയില്‍ ഒരു പുതിയ വില്ലന്‍ വേണം. ശക്തിയെ കണ്ടപ്പോള്‍ ഇതുതന്നെ തന്റെ വില്ലനെന്ന് സുനില്‍ ദത്ത് ഉറപ്പിച്ചു. കാണാന്‍ അസ്സലൊരു വില്ലന്‍ തന്നെ. എന്നാല്‍, പേര് മാറ്റണം. ശക്തി കപൂര്‍ എന്ന് പേരിടുന്നതും സുനില്‍ ദത്ത് തന്നെ. 'റോക്കി'യിലെ ആര്‍.ഡി എന്ന കഥാപാത്രം ശക്തി കപൂറിന്റെ കരിയറിലെ നാഴികക്കല്ലായി. അതോടെ ബോളിവുഡിലെ സ്ഥിരംവില്ലനായി അദ്ദേഹം മാറുകയും ചെയ്തു.  

അമിതാഭ് ബച്ചന്‍ എന്ന താരത്തിനൊപ്പം തന്നെ പ്രകീര്‍ത്തിക്കപ്പെട്ട വില്ലന്‍. കാലക്രമേണ അദ്ദേഹം കോമഡി റോളുകളിലേക്ക് മാറി. ഹംഗാമ, ഹല്‍ചല്‍, ചുപ് ചുപ് കെ, മാലാമാല്‍ വീക്ക്‌ലി തുടങ്ങിയ പ്രിയദര്‍ശന്‍ സിനിമകളിലെല്ലാം കോമഡിറോളുകളിലായിരുന്നു അദ്ദേഹം.