ബോളിവുഡിലെ എക്കാലത്തെയും സെക്‌സി നായികമാരിലൊരാളായിട്ടാണ് അമീഷ പട്ടേലിനെ കരുതുന്നത്. സൗന്ദര്യവും സ്വാഭാവിക അഭിനയവും അമീഷയ്ക്ക് ആരാധാകരെ സമ്മാനിച്ചു. ഹൃത്വിക് റോഷന്‍ നായകനായ റൊമാന്റിക് ത്രില്ലര്‍ 'കഹോ നാ പ്യാര്‍ ഹേ'യിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. അമീഷയുടെ അച്ഛന്റെ സുഹൃത്തായ രാകേഷ് റോഷനാണ് മകന്‍ ഹൃത്വിക് റോഷന്റെ നായികയായി അവരെ ആദ്യം ശുപാര്‍ശ ചെയ്യുന്നത്. 

പഠനത്തിന് പ്രാധാന്യം നല്‍കിയ അമീഷ ആദ്യം അവസരം നിരസിക്കുകയായിരുന്നു. അമേരിക്കയില്‍ ഉപരിപഠനത്തിന് പോകണമെന്നായിരുന്നു താത്പര്യം. അതോടെ പകരം കരീന കപൂറിനെ വെച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ കുറച്ചുദിവസത്തിനുശേഷം കരീന പിന്മാറിയതോടെ അമീഷ സിനിമയ്ക്ക് സമ്മതമറിയിക്കുകയായിരുന്നു. 2000-ത്തിലിറങ്ങിയ ചിത്രം വന്‍വിജയമായി, അമീഷ പട്ടേലും ശ്രദ്ധിക്കപ്പെട്ടു. മികച്ച പുതുമുഖതാരത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നോമിനേഷന്‍ ചിത്രത്തിലൂടെ അമീഷയ്ക്ക് ലഭിച്ചിരുന്നു. അക്കൊല്ലത്തെ ഏറ്റവും നേട്ടമുണ്ടാക്കിയ സിനിമയായിരുന്നു അത്. പിന്നാലെ തെലുഗു സിനിമയിലും അഭിനയിച്ചു. 

12 മണിക്കൂര്‍ നീണ്ട ഓഡിഷന്‍
'ഗദര്‍ ഏക് പ്രേം കഥ'യായിരുന്നു അമീഷയുടെ അടുത്ത ബോളിവുഡ് ചിത്രം. 500-ഓളം പെണ്‍കുട്ടികളില്‍ നിന്ന് ഓഡിഷനിലൂടെയാണ് അമീഷ തിരഞ്ഞെടുക്കപ്പെടുന്നത്. 12 മണിക്കൂറോളം നീണ്ട ഓഡിഷനായിരുന്നു അത്. സിനിമയിലെ അഭിനയത്തിന് ഫിലിംഫെയര്‍ സ്‌പെഷ്യല്‍ പെര്‍ഫോമന്‍സ് പുരസ്‌കാരം അമീഷയ്ക്ക് ലഭിച്ചു. അതേസമയം പിന്നീടിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. 'ഹംരാജി'ലെ വിജയത്തിനുശേഷം 2002-ല്‍ കരിയര്‍ ഇടിഞ്ഞു. 2006-ല്‍ ആറുസിനിമയില്‍ അഭിനയിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു. പിന്നീട് സഹവേഷങ്ങളിലേക്ക് താരം ചുവടുമാറ്റി. 

പ്രണയകാലം കരിയര്‍ നശിപ്പിച്ചു  
സംഭവബഹുലമായ പ്രണയ ജീവിതമാണ് അമീഷ പട്ടേലിന്റേത്. നാലിലേറെ പ്രണയങ്ങളുണ്ടായിരുന്നെങ്കിലും യഥാര്‍ഥപ്രണയം തനിക്കെവിടെയും കണ്ടെത്താനായില്ലെന്നാണ് അമീഷയുടെ പക്ഷം. കരിയറിന്റെ തുടക്കകാലത്ത് സംവിധായകന്‍ വിക്രം ഭട്ടുമായി ദീര്‍ഘനാള്‍ പ്രണയമുണ്ടായിരുന്നു അമീഷയ്ക്ക്. പ്രണയത്തെപ്പറ്റി അമീഷ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. 1999-ല്‍ സിനിമാസെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. വിക്രമുമായുള്ള പ്രണയം തന്റെ കരിയറിനെ ബാധിച്ചുവെന്നും ആ ബന്ധം ഒരു അബദ്ധമായിരുന്നുവെന്നുമാണ് അമീഷ പിന്നീട് പറഞ്ഞത്. രണ്ടു പ്രണയങ്ങള്‍ മാത്രമാണ് അമീഷ ഇതുവരെ
പരസ്യമാക്കിയത്. തനിക്ക് രണ്ടു ബന്ധങ്ങളേ ഉണ്ടായിട്ടുള്ളൂവെന്നും അവ കരിയറിനെ തകര്‍ത്തുവെന്നും താരം പറഞ്ഞു. അതിന്റെ ആഘാതത്തില്‍ താന്‍ പുരുഷന്മാരില്‍ നിന്ന് 13 വര്‍ഷത്തോളം അകന്നുനിന്നുവെന്നും. സമാധാനം മാത്രമായിരുന്നു ആവശ്യം. 

സിനിമാരംഗത്ത്‌ സ്ത്രീകളുടെ അവിവാഹിത പദവിയാണ് ആകര്‍ഷണീയമെന്നും അമീഷ പറഞ്ഞുവെക്കുന്നു. ''നിങ്ങള്‍ അവിവാഹിതരാണെങ്കിലോ സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാറിനെ ഡേറ്റ് ചെയ്യുകയാണെങ്കിലോ അത് കരിയറിന് ഗുണം ചെയ്യും. അല്ലാത്തപക്ഷം, അവര്‍ അത് അംഗീകരിക്കില്ല, ഒരു ഹീറോയുമായി ഡേറ്റ് ചെയ്യുന്ന നായികയ്ക്ക് എപ്പോഴും ഹീറോയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ കഴിയും, എന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല.''

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച വ്യവസായിയായ കനവ് പുരിയുമായുള്ള അമീഷ പട്ടേലിന്റെ അടുപ്പം 2008-ലാണ് ആരംഭിച്ചത്. ആറുമാസത്തിനുശേഷം പരസ്യമാക്കുകയും ചെയ്തു. പക്ഷേ, രണ്ട് വര്‍ഷത്തിന് ശേഷം അമീഷ തന്റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതോടെ ഇരുവരും വേര്‍പിരിഞ്ഞു. 

വ്യവസായിയും ഐപിഎല്‍ ടീം ഉടമയുമായ നെസ് വാഡിയയുമായുള്ള അമീഷയുടെ ബന്ധവും ചര്‍ച്ചയായിരുന്നു. ബോംബെയിലെ ഒരു ജിമ്മില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നും പിന്നാലെ പ്രണയത്തിലായെന്നും വാര്‍ത്തകള്‍ വന്നു. നെസ് അമീഷയ്ക്ക് വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങള്‍ നല്‍കിയിരുന്നെന്നും. ഈ ബന്ധത്തെപ്പറ്റി അമീഷ തുറന്നുപറഞ്ഞിട്ടില്ല.

നിര്‍മ്മാതാവും ബിസിനസ് പങ്കാളിയുമായ കുനാല്‍ ഗൂമറുമായി അമീഷ പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. കുനാലും ഭാര്യ ശ്യാമിലിയും താമസിച്ചിരുന്ന അതേ വീട്ടിലാണ് അമീഷ താമസിച്ചിരുന്നതെന്നും അഭ്യൂഹങ്ങളുണ്ടായി. ഇക്കാര്യം താരം ഒരിക്കലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ വ്യവസായിയായ നിര്‍വാണ്‍ ബിര്‍ളയ്‌ക്കൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങള്‍ അമീഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. പുതിയ കാമുകനാണ് നിര്‍വാണ്‍ എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായി. വ്യവസായികളായ യശോവര്‍ധന്‍ ബിര്‍ളയുടെയും അവന്തി ബിര്‍ളയുടെയും മകനാണ് നിര്‍വാന്‍ ബിര്‍ള. സംരംഭകനും ഗായകനുമാണ്.

അമീഷയും രണ്‍ബീര്‍ കപൂറും ഡേറ്റിങ്ങിലാണെന്ന് ഒരുസമയത്ത്‌ പാപ്പരാസികള്‍ പറഞ്ഞിരുന്നു. രണ്‍ബീറിന്റെ പിറന്നാളിന് കുടുംബാംഗങ്ങളല്ലാതെ പുറത്തുനിന്ന് അമീഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു അഭ്യൂഹങ്ങള്‍ക്ക് കാരണം. അഞ്ചാംവയസ്സില്‍ അമീഷ നൃത്തം അഭ്യസിച്ചുതുടങ്ങിയിരുന്നു. മുംബൈയില്‍ പ്രാഥമിക വിദ്യാഭ്യാസവും അമേരിക്കയില്‍ ഉന്നതവിദ്യാഭ്യാസവും നേടി.