അഭിനയത്തിനൊപ്പം തന്നെ അസാമാന്യമായി നൃത്തം ചെയ്യാനുള്ള കഴിവുമാണ് നടി ഭാനുപ്രിയയെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തയാക്കിയത്. ചെറുപ്പം മുതലേ നൃത്തം പഠിച്ചിരുന്ന അവര്‍ക്ക് നൃത്തം തന്നെയായിരുന്നു ജീവിതം. ആ ഇഷ്ടം മറക്കാതെയാണ് അഭിനയിക്കാനെത്തുന്നതും. ഭാനുപ്രിയയ്ക്ക് നൃത്തത്തോടുള്ള താത്പര്യം കണ്ട പലരും, അവരുടെ സിനിമകളിലെല്ലാം ക്ലാസിക്കല്‍ നൃത്തത്തിനും പ്രാധാന്യം കൊടുത്തു. 

''ചെറുപ്പം മുതലേ ഞാന്‍ നൃത്തം പഠിക്കുന്നുണ്ട്. അന്നൊക്കെ സ്‌കൂള്‍ വിട്ടുവന്നാല്‍ ഹോം വര്‍ക്കിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നത് നൃത്തത്തിനായിരുന്നു. റേഡിയോയില്‍നിന്ന് കേള്‍ക്കുന്ന പാട്ടുകള്‍ക്ക് ഞാന്‍ ചുവടുകള്‍ വെക്കാന്‍ തുടങ്ങിയപ്പോള്‍, എന്നെ നൃത്തപരിശീലനത്തിന് ചേര്‍ത്തു. പിന്നീട് എന്നെ സിനിമാലോകത്ത് തിളങ്ങാന്‍ സഹായിച്ചതും കൈമുതലായുള്ള ആ കഴിവ് തന്നെയാണ്'', ഭാനുപ്രിയ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഇക്കാര്യം. 

'സ്വര്‍ണകമലം' എന്ന തെലുഗുസിനിമയില്‍ ഒരു നര്‍ത്തകിയായിട്ടാണ് ഭാനുപ്രിയ അഭിനയിക്കുന്നത്. അവരുടെ ചുവടുകളെല്ലാം ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമ ഉണ്ടാകുമോ എന്നത് സംശയമാണ്. സിതാര, കൊച്ചുകൊച്ചു സന്തോഷങ്ങള്‍, രാജശില്പി തുടങ്ങിയ സിനിമയിലും അവരുടെ നടനവൈഭവം കാണാം. 'കൊച്ചു കൊച്ചു സന്തോഷങ്ങള്‍' എന്ന സിനിമയിലെ ഹൈലൈറ്റ് ലക്ഷ്മി ഗോപാലസ്വാമിയും ഭാനുപ്രിയയും മത്സരിച്ച് നൃത്തം ചെയ്യുന്ന ആ പാട്ടുസീന്‍ തന്നെയാണ്. 

സിനിമയിലാണെങ്കിലും നൃത്തത്തെ നെഞ്ചോടുചേര്‍ത്ത താരമാണ് ഭാനുപ്രിയ. അത്രയും സീരിയസായിട്ടാണ് അവര്‍ അതിനെ കണ്ടത്. ഭാനുപ്രിയയുടെ പല സഹതാരങ്ങളും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒട്ടേറെ സിനിമകളില്‍ ഭാനുപ്രിയയുടെ നായകനായിട്ടുണ്ട് ചിരഞ്ജീവി. അദ്ദേഹം ഒരിക്കല്‍ സംസാരിച്ചതിങ്ങനെ, ''നൃത്തസീനുകളില്‍ മറ്റേതൊരു താരത്തിനൊപ്പവും നല്ല കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, ഭാനുപ്രിയയ്‌ക്കൊപ്പം നൃത്തം ചെയ്യുമ്പോള്‍ അങ്ങനല്ല. കാരണം അവരെപ്പോഴും നൃത്തത്തിന്റെ ടെക്‌നിക്കല്‍ വശങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കുക. കൂടാതെ സഹതാരത്തിനേക്കാള്‍ നന്നായി നൃത്തം ചെയ്യാനേ അവര്‍ ശ്രമിക്കൂ. അപ്പോള്‍ സ്വാഭാവികമായും കെമിസ്ട്രിയുണ്ടാവില്ല''. ഇത് ഒരര്‍ത്ഥത്തില്‍ ഭാനുപ്രിയയ്ക്കുള്ള അംഗീകാരമാണ്.  

എന്നാല്‍, കഴിഞ്ഞവര്‍ഷം നല്‍കിയ അഭിമുഖത്തില്‍ നൃത്തത്തോടുള്ള താത്പര്യമെല്ലാം നഷ്ടപ്പെട്ട ഒരു പുതിയ ഭാനുപ്രിയയെയാണ് ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞത്. 2018-ലായിരുന്നു ഭര്‍ത്താവിന്റെ മരണം. അതോടെ അവര്‍ ആകെ ഒതുങ്ങിപ്പോയി. അതിനൊപ്പം മറവിയും. പഠിച്ചതെല്ലാം മറക്കാന്‍ തുടങ്ങി. സിനിമയില്‍ പറയാനുള്ള ഡയലോഗുകള്‍ പോലും മനസ്സില്‍നിന്ന് വിട്ടുപോയി. നൃത്തത്തെ ശ്വാസമായി കണ്ടിരുന്ന ഭാനുപ്രിയയ്ക്ക് അതിനോടും താത്പര്യം നഷ്ടപ്പെട്ടു. 

''കുറച്ചുവര്‍ഷങ്ങള്‍ മുമ്പാണ് പല കാര്യങ്ങളും മറക്കാന്‍ തുടങ്ങിയത്. എന്റെ ആരോഗ്യം മോശമാവുകയാണെന്നും അന്ന് മനസ്സിലായി. സ്വന്തമായൊരു ഡാന്‍സ് സ്റ്റുഡിയോ എന്ന മോഹം ഉപേക്ഷിച്ചതും അതിനുശേഷമാണ്''. വീട്ടില്‍ പോലും താനിപ്പോള്‍ നൃത്തം പരിശീലിക്കാറില്ലെന്ന് പറഞ്ഞപ്പോള്‍ വേദനിച്ചതും അവരുടെ നൃത്തത്തെ ഏറെ സ്‌നേഹിച്ച ആരാധകര്‍ തന്നെ.