ദുൽഖർ സൽമാന്റെ റിലീസാവാനിരിക്കുന്ന ചിത്രമാണ് 'ആകാസംലോ ഒക്ക താര'. സാത്വിക വീരവല്ലിയാണ് സിനിമയിൽ നായികയാവുന്നത്. ശ്രുതി ഹാസൻ, സ്വാസിക, ഗൗതം വാസുദേവ മേനോൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പവൻ സദിനേനി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 20-നാണ് റിലീസാവുന്നത്.

To advertise here,

അതിനിടെ ഓൺലൈൻ വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ദുൽഖർ. ഓൺലൈൻ വിമർശനങ്ങൾ തന്നെ പഴയതുപോലെ ബാധിക്കുന്നില്ലെന്ന് പറയുകയാണ് താരം. 'ഗലാട്ട പ്ലസ്' എന്ന മാധ്യമവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

ഇത്തരം ഓൺലൈൻ അഭിപ്രായങ്ങൾ തന്നെ മാനസികമായി ബാധിക്കാൻ അനുവദിക്കുന്നത് താൻ നിർത്തിയെന്നും, മറിച്ച് തന്റെ കംഫർട്ട് സോണിന് പുറത്തുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു പ്രചോദനമായി ഈ വിമർശനങ്ങളെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിമർശനങ്ങൾ ഇപ്പോഴും തന്നെ ബാധിക്കാറുണ്ടെന്ന് ദുൽഖർ സമ്മതിച്ചു. എന്നാൽ അവയെ മറികടന്ന് മുന്നോട്ട് പോകാൻ താൻ ഇപ്പോൾ കൂടുതൽ പ്രാപ്തനായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

''കാലക്രമേണ വിമർശനങ്ങൾ എന്നെ കുറച്ചേ ബാധിക്കുന്നുള്ളൂ എന്ന് തോന്നുന്നു; കാരണം, അവയ്ക്ക് പിന്നിൽ കാര്യമായ യുക്തിയൊന്നുമില്ലെന്ന് എനിക്ക് മനസ്സിലായി. മികച്ച സിനിമകൾ ചെയ്യുക, മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുക എന്നത് മാത്രമാണ് എപ്പോഴും എന്റെ ലക്ഷ്യം. ഒരു നല്ല സിനിമ ചെയ്താലും ഇല്ലെങ്കിലും, ഒരു നടൻ എന്ന നിലയിൽ ഞാൻ ആത്മാർത്ഥതയില്ലാത്തവനാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നിരുന്നാലും, എനിക്ക് നേരെയും ചില നെഗറ്റീവ് പ്രതികരണങ്ങൾ വരാറുണ്ട്. എല്ലാ നടന്മാർക്കും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുന്നുണ്ടെന്ന് ഇപ്പോൾ എനിക്ക് ബോധ്യമായിട്ടുണ്ട്''.

തനിക്ക് നേരെ ഉയർന്ന ചില വിമർശനങ്ങൾ ഒരു നടൻ എന്ന നിലയിൽ താൻ തിരഞ്ഞെടുക്കുന്ന വേഷങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് ദുൽഖർ കരുതുന്നു. ആളുകൾക്ക് സംശയമുണ്ടാക്കിയേക്കാവുന്ന വേഷങ്ങൾ ഒഴിവാക്കുന്നതിന് പകരം, അവ ഏറ്റെടുത്ത് സ്വയം തെളിയിക്കാനാണ് അദ്ദേഹം ഇപ്പോൾ കൂടുതൽ താത്പര്യം കാണിക്കുന്നത്.

''എനിക്ക് ചെയ്യാൻ കഴിയില്ലെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, അത് ഏറ്റെടുക്കാനോ അതിനായി ശ്രമിക്കാനോ ഞാൻ ആഗ്രഹിക്കുന്നു. എന്റെ തിരഞ്ഞെടുപ്പുകളെയും ഇത് സ്വാധീനിച്ചിട്ടുണ്ട്. എന്നെ ഭയപ്പെടുത്തുന്നതോ വെല്ലുവിളിക്കുന്നതോ ആയ സിനിമകളും കഥാപാത്രങ്ങളുമാണ് ഞാൻ തിരഞ്ഞെടുക്കാറുള്ളത്; ഇത് ഒരു നടൻ എന്ന നിലയിൽ വളരാൻ എന്നെ സഹായിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ എനിക്ക് അനാവശ്യമായ ആശങ്കകളൊന്നുമില്ല'', ദുൽഖർ കൂട്ടിച്ചേർത്തു. ഇതുകഴിഞ്ഞ് ശ്രീ ശ്രീ എന്ന തെലുഗുചിത്രവും ദുൽഖറിന്റേതായി റിലീസാവാനുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi