കാക്കൂരിലെ വയലുകളും നെല്ലുണക്കുന്ന തറകളുമായിരുന്നു എന്റെ ആദ്യ മൈതാനങ്ങള്‍. ഓലമടല്‍ വെട്ടിയുണ്ടാക്കിയ ബാറ്റും റബ്ബര്‍ മരങ്ങളിലെ ഒട്ടുപാല്‍ ഉരുട്ടിയെടുത്ത ബോളും. കൂട്ടത്തില്‍ ചെറിയവനായതുകൊണ്ട് കാട്ടുവക്കത്താകും എന്റെ സ്ഥാനം. ചേട്ടന്മാര് അടിച്ചു പറത്തുന്ന പന്ത് തപ്പി എടുത്തുകൊണ്ടുവരണം. ആറോ ഏഴോ തവണ പന്തെടുത്താല്‍ ഒരു ബോള്‍ എറിയാനുള്ള ജാക്ക്‌പോട്ട്. കൈ മടക്കിയല്ല, കറക്കി എറിയണം എന്നാലേ കളിപ്പിക്കൂ എന്നാവും പിന്നെ അവര്‍. എണ്ണപ്പാട്ടയില്‍ മൂന്ന് കമ്പ് ചാരി വച്ച് അതായിരുന്നു വിക്കറ്റ്. അതിനിടയില് കാക്കൂര് നിന്ന് ഞങ്ങള്‍ കോതമംഗലത്ത് എത്തിയിരുന്നു. അപ്പോഴേക്ക് മൂത്ത ചേച്ചി കല്യാണം കഴിഞ്ഞ് ബാംഗ്ലൂരേക്ക് പോയി. കാക്കൂരും കോതമംഗലവും മടുത്തു. എങ്ങനെയെങ്കിലും ബാംഗ്ലൂര് എത്തണം. അതായി സ്വപ്‌നം. അതിനിടെ മൂന്നാറിലും നെടുങ്കണ്ടത്തുമൊക്കെ ജോലി ചെയ്ത് അച്ഛന് ഇടപ്പള്ളിയിലേക്ക് സ്ഥലംമാറ്റം കിട്ടി. ഞങ്ങള്‍ ഇടപ്പള്ളി കൃഷ്ണവിലാസം വീട്ടില്‍ താമസം തുടങ്ങി.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മാതൃഭൂമിയില്‍ അണ്ടര്‍ 13 ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ വാര്‍ത്ത കാണുന്നത്. ആരോടും പറയാതെ ഒരു ശനിയാഴ്ച ഞാന്‍ മഹാരാജാസ് കോളേജിലേക്ക് വച്ചുപിടിച്ചു. എന്റെ കൈയില്‍ അന്ന് പത്തുരൂപയേ ഉള്ളൂ. രജിസ്റ്റര്‍ ചെയ്യാല്‍ ഇരുപത്തഞ്ച് രൂപ വേണം. അവിടെ എല്ലാവരും വെള്ളയും വെള്ളയുമൊക്കെയിട്ട് പാഡ്‌കെട്ടി ഹെല്‍മറ്റ് വച്ച് കളിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. കോര്‍ക്ക് ബോളും സ്റ്റിച്ച് ബോളും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത ഞാന്‍ അവിടെച്ചെന്ന് മിഴിച്ചു നില്‍ക്കുന്നു. തിരിച്ചു ചെന്ന് അച്ഛനോട് കാര്യം പറഞ്ഞു. അച്ഛന്‍ പൈസയും തന്നു പുതിയൊരു ജോടി ഷൂസും വാങ്ങിത്തന്നു. പിറ്റേന്ന് അങ്ങനെ അച്ഛന്റെ അംബാസഡറില്‍ മഹാരാജാസിലേക്ക്.

''ബാറ്റ്‌സ്മാനോ ബൗളറോ?'' സെലക്ടറുടെ ചോദ്യം. ഓള്‍റൗണ്ടറാണ് എന്ന് മറുപടി. ''അതൊന്നും പറ്റില്ല. 25 രൂപയ്ക്ക് രണ്ടിലൊന്നേ പറ്റൂ'' എന്നായി അവര്‍. ബാറ്റ് ചെയ്യാനാണേല്‍ പാഡും ഹെല്‍മറ്റുമൊന്നുമില്ല. എന്നാപ്പിന്റെ ബോള്‍ ചെയ്യാം എന്ന് തീരുമാനിച്ചു. ഞാന്‍ നന്നായി കളിച്ചു. സെലക്ഷന്‍ കിട്ടിയോ എന്ന് അറിയാന്‍ പിറ്റേന്ന് പത്രം വരണം. അതും ഹിന്ദു പത്രം.
പിറ്റേന്ന് പുലര്‍ച്ചെ സൈക്കിളുമെടുത്ത് ഹിന്ദു വരുത്താന്‍ സാധ്യതയുള്ള വീടുകള്‍ തപ്പി ഇറങ്ങി. ഒടുവില്‍ ഒരു പരിചയക്കാരന്‍ പയ്യന്റെ വീടിനു മുന്നിലെത്തി. 'കണ്‍ഗ്രാജുലേഷന്‍സ്' എന്നും പറഞ്ഞ് അവന്‍ ഇറങ്ങി വന്നപ്പോഴാണ് സെലക്ഷന്‍ കിട്ടി എന്ന് ഉറപ്പിച്ചത്. അങ്ങനെ അണ്ടര്‍13 ടീമില്‍. മൂന്ന് മത്സരങ്ങള്‍. പതിനാല് വിക്കറ്റ്. സെന്‍ട്രല്‍ സോണ്‍ ടീം അനൗണ്‍സ് ചെയ്തു. ഞാന്‍ വൈസ് ക്യാപ്റ്റന്‍. മന്‍മോഹനാണ് ക്യാപ്റ്റന്‍. ഒരു മത്സരത്തിനിടെ ക്യാപ്റ്റന്‍ ക്യാച്ച് കൈവിട്ടു. പെട്ടെന്നുള്ള ദേഷ്യത്തില്‍ ഞാന്‍ ചൂടായി. അമ്പയര്‍ ഇടപെട്ടു. എന്റെ തൊപ്പി അമ്പയറുടെ ക്യാപ്പിലാണ്. ഞാന്‍ പൊങ്ങിച്ചാടി അതെടുത്ത് നിലത്തിട്ട് ചവിട്ടി. കൂട്ടത്തില്‍ അമ്പയറുടെ തൊപ്പിയും ഉണ്ടെന്ന് ഞാന്‍ അറിഞ്ഞില്ല. രണ്ട് വര്‍ഷത്തേക്ക് വിലക്ക്. അതായിരുന്നു ശിക്ഷ. പതിനൊന്നു വയസ്സാണ് അന്നെനിക്ക്. തിരുത്താനോ ഗുണദോഷിക്കാനോ നോക്കാതെ ശിക്ഷ. ഭയങ്കര വിഷമമായി. ഇനി രണ്ടുകൊല്ലം കേരളത്തില്‍ അവരെന്നെ കളിപ്പിക്കില്ല. രക്ഷപ്പെടണമെങ്കില്‍ കേരളം വിടണം.

അങ്ങനെ ശശികാന്ത് സാറിന്റെ കാരവലി അണ്ടര്‍ 13 ക്യാമ്പില്‍ അംഗമാകാന്‍ ഒന്ന് ശ്രമിച്ചു. ഇരുന്നൂറ് പേരുടെ ്യാമ്പില്‍ നിന്ന് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. അവിടെയും ഞാന്‍ നന്നായി കളിച്ചു. അങ്ങനെ സീനിയര്‍ ടീമിലേക്ക്. പരിശീലനം ബാംഗ്ലൂരില്‍ തുടരേണ്ടതുകൊണ്ട് പഠനം അവിടെയാക്കി. ചേച്ചിയുടെ വീട്ടില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ ദൂരം. ഇരുവശത്തേക്കും സൈക്കിളില്‍ യാത്ര.
അതിനിടെ ഒരു പ്രേമം പിടികൂടി. അവളെ ഇംപ്രസ് ചെയ്യാന്‍ നന്നായി കളിച്ചു. പക്ഷേ, അവളെന്നെ നിര്‍ദാക്ഷണ്യം തള്ളി. ആ വാശിയില്‍ കുറച്ചൂടെ നന്നായി കളിച്ചു. അങ്ങനെ ക്രിക്കറ്റ് അടിമുടി ആവേശിച്ചകാലത്ത് അച്ഛന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഞാന്‍ പത്താം ക്ലാസില്‍ എത്തി. ഇനി തിരികെ നാട്ടിലേക്ക് പോര് എന്ന് അച്ഛന്റെ ഉത്തരവ്. ബാംഗ്ലൂര് നിന്നൊരു മടക്കം ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്തായാലും എന്റെ ക്രിക്കറ്റ് കിറ്റും സൈക്കിളുമൊക്കെ കൊടുത്ത് തിരികെ നാട്ടിലേക്ക്. ക്രിക്കറ്റ് ഞാന്‍ എന്നേക്കുമായി ഉപേക്ഷിച്ചു. ഭവന്‍സില്‍ ചേര്‍ന്നു. പെണ്‍കുട്ടികളോടൊക്കെ കൂട്ടുകൂടി ഉഴപ്പി നടന്നു. രഞ്ജിനി ജോസ് എന്റെ ക്ലാസ്‌മേറ്റാണ്. ''ശ്രീ, ഒന്നും പഠിക്കാതെ എന്തിനാ നീ ഇവിടെ ഇരിക്കുന്നത്'' അവള്‍ ചോദിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. അങ്ങനെയിരിക്കെ റോബിന്‍ മേനോന്‍ സര്‍ സായിയില്‍ നിന്ന് ഭവന്‍സ് എളമക്കരയുടെ കോച്ച് ആയി എത്തി. ഒരു സെപ്റ്റംബറിലെ പി. ടി പീരീഡില്‍ സര്‍ എന്റെ അടുത്ത് വന്നു. ക്രിക്കറ്റ് കളിക്കണം എന്ന് പറഞ്ഞു. ഞാന്‍ മനസ്സില്ലാമനസ്സോടെ കളിച്ചു. എല്ലാവരേയും ഞെട്ടിച്ചു. അതോടെ 'ജാട' എന്ന വിളിപ്പേര് പോയി. സ്‌കൂള്‍ ടീമിലേക്ക് എത്തി. മത്സരത്തിന് ടീം അംഗങ്ങള്‍ക്കൊപ്പമുള്ള യാത്ര അച്ഛന്റെ അംബാസഡറിലാണ്. കളി ജയിച്ചാല്‍ അച്ഛന്‍ ഞങ്ങള്‍ക്ക് മസാല ദോശയൊക്കെ വാങ്ങിത്തരും.
അങ്ങനെയങ്ങനെ കളിച്ചു കളിച്ച് ഇന്ത്യന്‍ ടീം വരെ എത്തി. 2005 ഒക്ടോബറില്‍ ശ്രീലങ്കയ്‌ക്കെതിരെ അരങ്ങേറ്റം. നാഗ്പുരില്‍ മര്‍വന്‍ അട്ടപ്പട്ടുവിനെതിരെ ബൗള്‍ ചെയ്തുകൊണ്ട് ഇന്ത്യന്‍ താരമായി.
Content Highlights: s sreesanth's cricket memories
Published: 12 Oct 2023, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented