ഗ്ലാമറസ് വസ്ത്രധാരണത്തിന്റെ പേരിൽ നേരിടേണ്ടി വന്ന സോഷ്യൽ മീഡിയ ട്രോളുകൾക്കും സദാചാര വാദങ്ങൾക്കും ശക്തമായ ഭാഷയിൽ മറുപടി നൽകി നടി ഐശ്വര്യ ലക്ഷ്മി. കഴിഞ്ഞ മേയ് മാസം നടന്ന ഡയമണ്ട് ജ്വല്ലറി എക്സിബിഷനിൽ ധരിച്ചെത്തിയ വസ്ത്രത്തിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടി നേരിട്ടത്. അവതാരക രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലാണ് ക്യാമറാമാന്മാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും സൈബർ ഇടങ്ങളിലെ ഇരട്ടത്താപ്പിനെക്കുറിച്ചും ഐശ്വര്യ തുറന്നടിച്ചത്.

To advertise here,

ചടങ്ങിൽ താൻ അസ്വസ്ഥയായിരുന്നുവെന്നത് സത്യമാണെന്നും എന്നാൽ അത് ധരിച്ച വസ്ത്രം കാരണമായിരുന്നില്ലെന്നും ഐശ്വര്യ വ്യക്തമാക്കി. മുഖത്തേക്ക് ക്യാമറ തിരിക്കുന്നതിന് പകരം അനാവശ്യമായ ആംഗിളുകളിൽ നിന്ന് ചില ഫോട്ടോഗ്രാഫർമാർ ചിത്രങ്ങൾ പകർത്തിയതാണ് തന്നിൽ അസ്വസ്ഥതയുണ്ടാക്കിയതെന്ന് താരം പറഞ്ഞു.

"അവർ എന്റെ മുഖത്തേക്കല്ല ക്യാമറ തിരിച്ചത്. അത്തരം സാഹചര്യങ്ങളിൽ നമ്മുടെ ശരീരഭാഷ തന്നെ മാറിപ്പോകും. എന്റെ വ്യക്തിപരമായ അതിരുകൾ ലംഘിക്കപ്പെട്ടതായി എനിക്ക് തോന്നി. വസ്ത്രം കൊണ്ടല്ല, അവിടെയുണ്ടായിരുന്നവരുടെ പെരുമാറ്റം കൊണ്ടാണ് എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതെന്ന് മനസ്സിലാക്കാതെയാണ് ആളുകൾ ഓൺലൈനിൽ വിമർശനങ്ങൾ ഉന്നയിച്ചത്," ഐശ്വര്യ പറയുന്നു.

വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകളെ മാത്രം എപ്പോഴും വിചാരണ ചെയ്യുന്നതിനെ നടി ചോദ്യം ചെയ്തു. സംസ്കാരം എന്നത് വസ്ത്രത്തിന്റെ നീളത്തിലോ ക്ലീവേജിലോ അല്ല, ആളുകളുടെ പെരുമാറ്റത്തിലാണ്. സ്ത്രീകൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തുന്നവരെ ആരും ചോദ്യം ചെയ്യാറില്ലെന്നും എന്നാൽ സ്ത്രീ ഏതുവിധത്തിൽ വസ്ത്രം ധരിക്കണമെന്ന് ഉപദേശിക്കാൻ എല്ലാവരും മുന്നിലുണ്ടെന്നും ഐശ്വര്യ ചൂണ്ടിക്കാട്ടി.

ട്രോളുകൾ തുടക്കത്തിൽ തമാശയായി എടുത്തുവെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടുപോയതായി ഐശ്വര്യ പറഞ്ഞു. രാജ്യത്ത് ജിഡിപിയെക്കുറിച്ചും ഉപേക്ഷിക്കപ്പെടുന്ന വയോധികരെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യാൻ ആയിരം വിഷയങ്ങളുള്ളപ്പോൾ, ഒരു സ്ത്രീയുടെ ശരീരഭാഗത്തെക്കുറിച്ച് മണിക്കൂറുകളോളം ചർച്ച വച്ചുനീട്ടുന്ന സോഷ്യൽ മീഡിയ മനോഭാവത്തെ നടി പരിഹസിച്ചു.

ഉർവശി, ജോജു ജോർജ് എന്നിവർക്കൊപ്പം എത്തുന്ന 'ആശ'യാണ് നടിയുടേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi