ഇന്ത്യയിലെ ആദ്യ വിവാഹമോചനക്കേസില്‍ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ വരെ ഭാഗമായി എന്നാണ് ചരിത്രം. രുക്മാബായി റൗട്ട് എന്ന സ്ത്രീയായിരുന്നു വാദി. പതിനൊന്നാം വയസ്സിലാണ് രുക്മാബായി പത്തൊന്‍പതുവയസ്സുകാരനായ ദാദാജി ബിക്കാജിയെ വിവാഹം കഴിക്കുന്നത്. തന്റെ വിവാഹമോചനം കോടതി പരിഗണിക്കുന്നതിനിടെ ബാലവിവാഹത്തിന് തടയിടണം എന്ന ആവശ്യവുമായി രുക്മാബായി രാജ്ഞിക്ക് കത്തെഴുതി. രാജ്ഞി നേരിട്ട് ഇടപെട്ടോ എന്നത് വ്യക്തമല്ല. ഏതായാലും ഇന്ത്യയിലെ ആദ്യ വിവാഹമോചിതയായ സ്ത്രീ എന്ന് ചരിത്രം രുക്മാബായിയെ ഓര്‍ക്കുന്നു. ഇതിനെല്ലാം താങ്ങായതോ രുക്മാബായിയുടെ രണ്ടാനച്ഛനും.

To advertise here,

ഒരു മറാത്തി സുത്തര്‍ കുടുംബത്തിലാണ് രുക്മാബായിയുടെ ജനനം. രണ്ടാം വയസ്സില്‍ അച്ഛന്‍ മരിച്ചു. സത്താര്‍ ജാതിയില്‍ വിധവാവിവാഹം അനുവദനീയമായതിനാല്‍ അമ്മ വിവാഹിതയായി. ഡോക്ടറും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ സഖാറാം അര്‍ജുന്‍ ആയിരുന്നു അമ്മയുടെ ഭര്‍ത്താവ്. അതോടെ രുക്മയുടെ ജീവിതം മാറിമറിഞ്ഞു. മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കണമെന്ന് സഖാറാമിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്ത്രീകള്‍ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഉയരണമെന്ന് ശക്തമായി ആഗ്രഹിക്കുകയും അതിനായി അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അച്ഛന്റെ സാന്നിധ്യം അവളെ ശക്തയാക്കി.

നാട്ടുനടപ്പനുസരിച്ച് ചെറുപ്രായത്തില്‍ രുക്മയുടെ വിവാഹം നടത്തിയെങ്കിലും കൃത്യമായ നിബന്ധനകള്‍ സഖാറാം മുന്നോട്ടുവെച്ചു. മകളുടെ ഭര്‍ത്താവായ ദാദാജി ബിക്കാജി തങ്ങളുടെ വീട്ടില്‍ കഴിയണമെന്നായിരുന്നു അതിലൊന്ന്. മാത്രമല്ല ദാദാജി വിദ്യാഭ്യാസം നേടണമെന്നും സഖാറാം ആവശ്യപ്പെട്ടു.

വിവാഹശേഷം അധികം വൈകാതെ രുക്മയുടെ ആദ്യ ആര്‍ത്തവം കടന്നെത്തി. ആചാരപ്രകാരം ആര്‍ത്തവം പിന്നിട്ടാല്‍ ഭാര്യയും ഭര്‍ത്താവും ലൈംഗികബന്ധം ആരംഭിക്കുന്ന ചടങ്ങാണ്. ഗര്‍ഭദാന്‍ എന്നാണ് ചടങ്ങിന്റെ പേര്. പക്ഷേ സഖാറാം ചടങ്ങിനെ എതിര്‍ത്തു. ഒരു ഡോക്ടറായ നിലയ്ക്കും സമൂഹതിന്മകളെ ചോദ്യം ചെയ്യുന്നയാള്‍ എന്ന നിലയ്ക്കും അദ്ദേഹത്തിന് ഈ ചടങ്ങ് സ്വീകാര്യമായിരുന്നില്ല.

സര്‍വകലാശാല വിദ്യാഭ്യാസം നേടേണ്ട കൗമാരത്തിന്റെ അവസാനകാലത്ത് ഭാര്യാ വീട്ടുകാരുടെ ആവശ്യപ്രകാരം ആറാം ക്ലാസില്‍ പഠിക്കേണ്ടി വന്നത് ബിക്കാജിയെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. ഗര്‍ഭദാന്‍ ചടങ്ങ് മുടങ്ങിയതും കൂടിയായപ്പോള്‍ ബിക്കാജി അമ്മാവന്റെ വീട്ടിലേക്ക് താമസം മാറി.

തികച്ചും പാരമ്പര്യവാദികളായ സ്വന്തം കുടുംബത്തിനരികില്‍ മടങ്ങിയെത്തിയതും ബിക്കാജി ആലസ്യത്തില്‍ മുങ്ങി. ധാരാളം കടം വരുത്തിവെച്ച ബിക്കാജി അതെല്ലാം രുക്മയുടെ സ്ത്രീധനം കൊണ്ട് വീട്ടാമെന്ന് കണക്കുകൂട്ടി. ഭാര്യയുടെ സ്ഥാനം ഭര്‍ത്താവിനൊപ്പമാണെന്ന് വാദിച്ച് രുക്മയോട് തനിക്കൊപ്പം വരാന്‍ ആവശ്യപ്പെട്ടു. പോകില്ലെന്ന് രുക്മ തറപ്പിച്ചു പറഞ്ഞു. അപ്പോഴേക്കും രുക്മ പ്രാര്‍ത്ഥന സമാജത്തിലും ആര്യ മഹിളാ സമാജത്തിലും സജീവമായി കഴിഞ്ഞിരുന്നു. അവരുടെ വിദ്യാഭ്യാസവും ഏറെ മുന്നോട്ടുപോയിരുന്നു.

ഭാര്യയെ തടഞ്ഞുവെക്കുന്നു എന്നാരോപിച്ച് ബിക്കാജി സഖാറാമിനെതിരെ നിയമനടപടി ആരംഭിച്ചു. സഖാറാമും വെറുതെയിരുന്നില്ല. അദ്ദേഹം കേസുമായി മുന്നോട്ടുപോയി. ജസ്റ്റിക് റോബര്‍ട്ട് ഹില്‍ പിനെ കേസ് സൂക്ഷ്മമായി പഠിച്ചു. ഇംഗ്ലീഷ് ഡിവോഴ്‌സ് നിയമങ്ങള്‍ ഹിന്ദു നിയമങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. രുക്മയുടെ വിവാഹം നടന്നത് തിരിച്ചറിവില്ലാത്ത കാലത്താണെന്നും ബിക്കാജിക്ക് അവരെ നിര്‍ബന്ധിക്കാന്‍ അവകാശമില്ലെന്നും വിധി പറഞ്ഞു.

പക്ഷേ അവിടം കൊണ്ട് കേസ് അവസാനിച്ചില്ല. ബാലഗംഗാധര തിലകിനെപ്പോലെയുള്ള നേതാക്കള്‍ പോലും വിധിക്കെതിരായ നിലപാടാണ് കൈക്കൊണ്ടത്. കേസിന്റെ കാലയളവില്‍ ഹിന്ദു ലേഡി എന്നപേരില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ ഒരു ലേഖന പരമ്പര വരുന്നുണ്ടായിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങളെപ്പറ്റിയുള്ള പരമ്പരയെഴുതിയത് രുക്മാബായി തന്നെയാണെന്ന് പിന്നീട് വ്യക്തമായി.

ബിക്കാജിയുടെ അപ്പീല്‍ പരിഗണിച്ച കോടതി ഇക്കുറി രുക്മാബായിക്ക് എതിരായ നിലപാടാണെടുത്തത്. ഒന്നുകില്‍ ഭര്‍ത്താവിനൊപ്പം പോയി താമസിക്കുക അല്ലെങ്കില്‍ ആറുമാസം ജയിലില്‍ കഴിയുക എന്നായിരുന്നു കോടതിവിധി. തനിക്ക് ജയില്‍ മതിയെന്ന് രുക്മാബായി തിരിച്ചടിച്ചു. ഇതെല്ലാം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ തെറ്റായ സ്വാധീനമാണെന്നും ഇന്ത്യയുടെ പാരമ്പര്യമൂല്യങ്ങള്‍ തകരുന്നതിന്റെ ലക്ഷണമാണെന്നുമാണ് ബാലഗംഗാധര തിലക് പ്രതികരിച്ചത്.

കോടതിയില്‍ നിന്ന് നീതി കിട്ടാതെ വന്നപ്പോഴാണ് രുക്മാബായി വിക്ടോറിയ രാജ്ഞിക്ക് കത്തെഴുതിയത്. പിന്നീട് 1888-ല്‍ അവരുടെ വിവാഹം അവസാനിച്ചു. 1891-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം പത്തില്‍ നിന്ന് പന്ത്രണ്ടാക്കി ഉയര്‍ത്തി. ഇതിന്റെ ലംഘനം പുതിയ നിയമപ്രകാരം ബലാത്സംഗത്തിന് തുല്യമായ കുറ്റമായി കണക്കാക്കി.

ഇന്ത്യയിലും ഇംഗ്ലണ്ടിലുമുള്ള വനിതാ സാമൂഹ്യപ്രവര്‍ത്തകരുടെ പിന്തുണ രുക്മാബായിക്കായിരുന്നു. ലണ്ടനില്‍ നിന്ന് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ രുക്മാബായി കുറച്ചുകാലം അവിടെത്തുടര്‍ന്നു. 1895-ലാണ് ഇന്ത്യയില്‍ മടങ്ങിയെത്തുന്നത്. 1929-ല്‍ വിരമിക്കുന്നത് വരെ അവര്‍ ഇന്ത്യയില്‍ ആതുരസേവനം നടത്തി. ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്ന രണ്ടാമത്തെ വനിതാ ഡോക്ടറാണ് രുക്മാബായി. കദംബിനി ഗാംഗുലി ആയിരുന്നു ആദ്യ ഡോക്ടര്‍.