സിനിമയും സംഗീതവും കലയും നിറഞ്ഞ ഒരു കുടുംബം. അന്നും ഇന്നും ഒരൊറ്റ രാഗമേയുള്ളൂ ആ കുടുംബത്തിൽ, അത് സ്നേഹത്തിന്റേതാണ്. അതിന്റെ നെടുംതൂണായൊരാൾ. സൗമ്യമായ ഒരു പുഞ്ചിരിയാണ് രാധികയെ കണ്ടുമുട്ടുന്നവരുടെ മനസ്സിൽ ആദ്യം പതിയുക. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഭാര്യ. അങ്ങനെയാവും മലയാളികളിലേറെപ്പേരും രാധികയെ അറിയുക. പക്ഷേ, സംഗീതമെന്നൊരു മേൽവിലാസവും അവർക്ക് സ്വന്തമായുണ്ട്. സ്വരരാഗങ്ങളോടുള്ള ഇഷ്ടക്കൂടുതൽ പല വേദികളിൽ പാട്ടിലൂടെ അവർ പ്രകടിപ്പിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾക്കും മറ്റ് തിരക്കുകൾക്കുമിടയിൽ സംഗീതത്തിന് വേണ്ടത്ര മുൻഗണന കൊടുക്കാനാവാതെപോയെന്ന് അവർ പറയുന്നു. എങ്കിൽ കുടുംബത്തിന്റെ ഇമ്പം അവർക്ക് സംഗീതമായി മാറുകയായിരുന്നു. കടന്നുപോയ കാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണ് അവരിവിടെ.

To advertise here,

ആറന്മുള പൊന്നമ്മയുടെ കൊച്ചുമകൾ

അഭിനേത്രിയായിരുന്ന ആറന്മുള പൊന്നമ്മയുടെ മകന്റെ മകൾ കൂടിയാണ് രാധിക. കുഞ്ഞുന്നാൾ മുതൽ കല ജീവിതപ്പടവുകളിൽ ഒന്നായിരുന്നു. ''കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. ഞാൻ ജനിക്കുമ്പോൾ തന്നെ അമ്മൂമ്മ സിനിമയിലാണ്. അമ്മൂമ്മ ഷൂട്ടിന് പോകുന്നതും വരുന്നതുമൊക്കെ കണ്ടാണ് വളർന്നത്. അതുകൊണ്ടാവാം സിനിമ എന്നെ സംബന്ധിച്ച് ഒരു പ്രൊഫഷൻ മാത്രമായത്. പണ്ട് നാടകത്തിലൂടെയാണ് എല്ലാവരും സിനിമയിൽ വന്നിരുന്നത്. അന്ന് നാടകത്തിൽ എടുക്കണമെങ്കിൽ സംഗീതം അറിഞ്ഞിരിക്കണം. കർണാടകസംഗീതത്തിനാണ് പ്രചാരം. നല്ല സംഗീതപാരമ്പര്യമുള്ള കുടുംബത്തിലാണ് അമ്മൂമ്മ ജനിച്ചത്. അവർ സംഗീതാധ്യാപിക കൂടിയായിരുന്നു. മലയാളത്തിന്റെ അമ്മയായും അമ്മൂമ്മയായും വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന ആളാണ് എന്റെ അമ്മൂമ്മ എന്നോർക്കുമ്പോൾ എന്നും അഭിമാനമാണ്. ഒരേ വീട്ടിലായതിനാൽ ഞാൻ മുഴുവൻ സമയവും അമ്മൂമ്മയുടെ കൂടെയായിരുന്നു. അമ്മയേക്കാൾ കൂടുതൽ അമ്മൂമ്മയുടെ ചിട്ടകളും രീതികളും എനിക്കാണ് കിട്ടിയിരിക്കുന്നതെന്നാണ് എല്ലാവരും പറയും. എല്ലാ ദിവസവും സന്ധ്യയ്ക്ക് വിളക്കുവെച്ച് നാമം ജപിച്ചുകഴിഞ്ഞാൽ അമ്മൂമ്മ അവിടിരുന്ന് കീർത്തനങ്ങളും വർണങ്ങളും പാടും. ചിട്ടയായ ജീവിതമായിരുന്നു.''

സംഗീതസൗഹൃദങ്ങൾ
''തിരുവനന്തപുരത്ത് തന്നെയാണ് ജനിച്ചതും വളർന്നതും. സ്‌കൂൾ കോളേജ് പഠനവും അവിടെത്തന്നെയായിരുന്നു. അഞ്ച് വയസ്സുമുതൽ സംഗീതം പഠിക്കുന്നുണ്ട്. പാൽക്കുളങ്ങര അംബികാദേവി ടീച്ചറായിരുന്നു ആദ്യഗുരു. രണ്ടുവർഷം നെയ്യാറ്റിൻകര വാസുദേവൻ സാറിന്റെ ശിക്ഷണത്തിലും പഠിച്ചു.

കോളേജിൽ മ്യൂസിക് എടുത്തു പഠിക്കണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. വിവാഹം 18-ാം വയസ്സിലായിരുന്നു. അന്ന് ഞാൻ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. പിന്നെയും മൂന്നു വർഷത്തോളം സംഗീതപഠനം തുടർന്നു. പിന്നീട് ജീവിതത്തിലെ മറ്റുതിരക്കുകൾക്കിടയിൽ സ്വാഭാവികമായി അതങ്ങ് നിന്നു.

ചെറുപ്പത്തിൽ ആകാശവാണിയിലൊക്കെ പാടിയിട്ടുണ്ട്. അവിടെ ഞങ്ങൾക്ക് 'മിനി കോറൽ' എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ടായിരുന്നു. 16 വയസിന് താഴെയുള്ള കുട്ടികളാണ് അതിൽ പാടിയിരുന്നത്. പല പല സ്‌കൂളിൽ നിന്നായിരുന്നു ഞങ്ങൾ എല്ലാവരും.

ആ കാലഘട്ടത്തിനുശേഷം എല്ലാവരുടെയും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. പലരും പലസ്ഥലത്തായി. എന്നാൽ 25 വർഷത്തിനു ശേഷം ഞങ്ങൾ വീണ്ടും ഒരുമിച്ചു. അതിൽ പലരും പിന്നീടും പാട്ടിന്റെ വഴി തിരഞ്ഞെടുത്തവരായിരുന്നു. ഇപ്പോൾ ഞങ്ങൾ 'വാനമ്പാടി' എന്നൊരു ഗ്രൂപ്പ് തുടങ്ങി. അമ്പലങ്ങളിലും മറ്റും ഭക്തിഗാനസുധ പോലുള്ളവ നടത്താറുണ്ട്. ആകാശവാണിയിൽ ലളിതസംഗീത്തിൽ ഗ്രേഡഡ് ആർട്ടിസ്റ്റാണ് ഞാൻ. അതിന്റെ ഭാഗമായി പ്രോഗ്രാം വരുമ്പോഴും പഠിച്ച് പാടും.''

പിന്നണിഗാനരംഗത്ത്

രണ്ട് സിനിമകളിൽ പാടിയിട്ടുണ്ട് രാധിക. ''ആദ്യത്തേത് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ചിത്രച്ചേച്ചിയുടെയും ശ്രീക്കുട്ടൻ ചേട്ടന്റെയും (എം.ജി ശ്രീകുമാർ) വേണുഗോപാൽ ചേട്ടന്റേയും കൂടെയായിരുന്നു അത്. 'പറയാനും വയ്യ പറയാതിരിക്കാനും വയ്യ' എന്ന സിനിമയിലെ ഗാനം. ശ്രീക്കുട്ടൻ ചേട്ടന്റെ കൂടെത്തന്നെ രണ്ട് വർഷത്തിനു ശേഷം ഒരു സിനിമയിൽ ഡ്യൂയറ്റും പാടി. രണ്ടും രാധാകൃഷ്ണൻ മാമന്റെ (എം. ജി. രാധാകൃഷ്ണൻ) സംഗീതത്തിലായിരുന്നു. അമ്മൂമ്മയും രാധാകൃഷ്ണൻ മാമന്റെ അമ്മയും ഒന്നിച്ചാണ് മ്യൂസിക് അക്കാദമിയിൽ ചേർന്നിരുന്നത്. അവർ അന്നു മുതലേ സുഹൃത്തുക്കളാണ്. എന്റെ അച്ഛനും രാധാകൃഷ്ണൻ മാമനും ആറു മാസത്തിന്റെ വ്യത്യാസത്തിലാണ് ജനിക്കുന്നതും. മ്യൂസിക് അക്കാദമിയിൽ അവരെ 'അക്കാദമി ബ്രദേഴ്സ്' എന്നു വിളിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.

ഞങ്ങൾ ഒരു കുടുംബം പോലെയായിരുന്നു. എന്റെ പാട്ടുകളെല്ലാം അന്നുമുതലേ രാധാകൃഷ്ണൻ മാമൻ കേൾക്കാറുണ്ടായിരുന്നു. അങ്ങനെ അവസരങ്ങൾ വന്നു. വിവാഹത്തിനു ശേഷവും അവസരങ്ങൾ വന്നിരുന്നു. എന്നാൽ കുഞ്ഞുങ്ങളുടെ കാര്യവും മറ്റുമായി തിരക്കുകളിലായതിനാൽ പ്രാക്ടീസ് ചെയ്യാൻ പറ്റാത്തതെവന്നു. അതുകാരണം അതൊന്നും ഏറ്റെടുക്കാൻ സാധിച്ചില്ല. ഇപ്പോഴും ഗ്രൂപ്പിന്റെ കൂടെ പരിപാടികൾക്കു പോകുമ്പോൾ പാടുന്നതല്ലാതെ സ്ഥിരമായി പ്രാക്ടീസ് ചെയ്യാറില്ല.''

കൈയിലെത്തിയ നായികാവേഷം
ഗായികയായ രാധികയെ സ്വന്തമാക്കാൻ സിനിമയും ഒരു ശ്രമം നടത്തി. അതേപ്പറ്റി അവർ പറഞ്ഞു:

''സിനിമയിലേക്ക് വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. എന്നാൽ അവസരങ്ങൾ വന്നു. പത്മരാജൻ അങ്കിൾ അച്ഛന്റെ സുഹൃത്തായിരുന്നു.

അങ്കിളിന്റെ 'തിങ്കളാഴ്ച നല്ല ദിവസ'ത്തിലേക്ക് വിളിച്ചിരുന്നു. 'അവൾക്ക് താത്പര്യമുണ്ടെങ്കിൽ വിടുക. സിനിമയാണ്. അവരവരുടെ ഇഷ്ടമാണ്, നിർബന്ധിക്കരു'തെന്ന് അമ്മൂമ്മ അച്ഛനോട് പറഞ്ഞു. സ്റ്റേജിൽ പാട്ടൊക്കെ പാടും എന്നല്ലാതെ എനിക്ക് അഭിനയത്തിനെക്കുറിച്ച് വലിയ ധാരണയില്ല. അമ്മൂമ്മ അഭിനേത്രിയാണെന്നുള്ള ഒറ്റ ബന്ധം മാത്രം. എങ്കിലും ഞാൻ പോയി. ഷൂട്ടിങ് സെറ്റിൽ ശ്രീവിദ്യാമ്മയെ കണ്ടു. വലിയ സന്തോഷമായിരുന്നു അത്. ശേഷം മേക്കപ്പൊക്കെ ചെയ്ത് കോസ്റ്റ്യൂം ഒക്കെ ഇട്ടു നോക്കി. കഥകേട്ടു കഴിഞ്ഞ് എല്ലാം റെഡിയായി അവസാനഘട്ടത്തിലെത്തിയപ്പോൾ എനിക്ക് ടെൻഷനായി. അങ്ങനെ ഞാൻ പിന്മാറി. അന്ന് ചെറുപ്പവുമാണല്ലോ.''

വിവാഹം

കലയുടെ കൈവഴികളിലൂടെ ജീവിതം അതിന്റെ സഞ്ചാരം തുടരുന്നതിനിടെയായിരുന്നു വിവാഹം. ''അമ്മയുടെ ഏറ്റവും ഇളയസഹോദരി യുടെ കല്യാണസമയം. കൊല്ലത്തായിരുന്നു ചിറ്റപ്പന്റെ വീട്. അവിടെ നിന്നു വന്നവരിൽ സുരേഷേട്ടന്റെ അച്ഛനുമുണ്ടായിരുന്നു. അവർക്ക് എന്നെ കണ്ടിഷ്ടപ്പെട്ടു. അങ്ങനെ ആലോചനയുമായി വന്നു. വീട്ടുകാർക്കൊക്കെ സമ്മതം. എനിക്കും ഇഷ്ടപ്പെട്ടു. അമ്മൂമ്മയുടെ കൂടെത്തന്നെയായിരുന്നതു കൊണ്ട് സിനിമ എനിക്ക് അന്യമായിരുന്നില്ല. എന്നാൽ കല്യാണം നിശ്ചയിക്കുന്ന സമയത്ത് സുരേഷേട്ടന്റെ സിനിമകളൊന്നും കണ്ടിരുന്നില്ല. ആദ്യമായി കണ്ടത് 'സായംസന്ധ്യ' എന്ന സിനിമയാണ്.

1990 ലായിരുന്നു ഞങ്ങളുടെ വിവാഹം. അവിടെ അച്ഛനും അമ്മയ്ക്കും നാല് ആൺകുട്ടികളാണ്. ആദ്യമായി അവരുടെ വീട്ടിൽ വന്നു കയറുന്ന പെൺകുട്ടിയാണ് ഞാൻ. അവർക്കെന്നോട് വലിയ വാത്സല്യമായിരുന്നു.''

അഞ്ചുകുട്ടികളുടെ അമ്മ

''വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമാണ് ആദ്യമകളായ ലക്ഷ്മി ഉണ്ടാവുന്നത്. കൊച്ചുകുഞ്ഞായിരിക്കുമ്പോൾ തന്നെ ഒരു ആക്സിഡന്റിൽ മോളുപോയി. എനിക്ക് തുടയിൽ പൊട്ടലായിരുന്നു. ബെഡ് റെസ്റ്റിലായി കുറച്ചുകാലം. പിന്നീടാണ് ഗോകുലും അതിനു താഴെ മറ്റു മൂന്നൂപേരും ഉണ്ടാവുന്നത്. ലക്ഷ്മിമോൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും അഞ്ച് കുട്ടികളുടെ അമ്മയാണെന്ന് പറയാൻ തന്നെയാണ് എനിക്കിഷ്ടം. അവൾ ഞങ്ങളുടെ മനസിൽ ഇപ്പോഴും ജീവിക്കുന്നു.

മക്കൾ തമ്മിൽ ചെറിയ പ്രായവ്യത്യാസം മാത്രമേയുള്ളൂ. എങ്കിലും അവരെ വളർത്തുന്ന കാര്യത്തിൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. അമ്മ എന്റെ കൂടെ ഉണ്ടായിരുന്നു. സഹായിക്കാനും ആളുകളുണ്ടായിരുന്നു. ഏട്ടന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നു.

സ്വന്തം ഇഷ്ടത്തിനും താത്പര്യത്തിനുമനുസരിച്ച് കരിയർ തിരഞ്ഞെടുക്കാൻ കുട്ടികളെ പിന്തുണച്ചു. സിനിമ നമ്മുടെ അന്നമാണ്. അതിനെ എന്നും ബഹുമാനത്തോടെ കാണും. എന്നാലും ആരെയും സിനിമയിലേക്ക് തള്ളിവിട്ടിട്ടില്ല. എല്ലാ മേഖലയും പോലെ തന്നെ നല്ല മത്സരമുള്ള മേഖലയാണ് സിനിമ. നല്ലോണം കഷ്ടപ്പെട്ടാലേ നിലനിൽക്കാൻ പറ്റൂ. അതിന് അവർ തയ്യാറാണെങ്കിൽ ചെയ്യട്ടെ. മൂത്ത മകൻ ഗോകുലും ഇളയമകൻ മാധവും ഇപ്പോൾ സിനിമയിലേക്ക് കടന്നു. മകൾ ഭാവ്നിക്ക് പോട്ടറി ഒക്കെയാണ് താത്പര്യം. മറ്റൊരു മകൾ ഭാഗ്യ വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്നു.''

അച്ഛന്റെയും മക്കളുടെയും സിനിമകൾ

ഭർത്താവിന്റെ സിനിമകളിൽ ഏറ്റവുമിഷ്ടം 'ഇന്നലെ' യാണെന്ന് രാധിക. ''കല്യാണം കഴിഞ്ഞുള്ള ആദ്യ സിനിമയായിരുന്നു അത്. 'ഏകലവ്യൻ', 'കമ്മീഷണർ'... അങ്ങനെ അദ്ദേഹം ചെയ്ത എല്ലാ സിനിമയും ഇഷ്ടമാണ്. 'സമ്മർ ഇൻ ബത്ലഹേം' റീറിലീസിനു വരികയാണ്. 'സായംസന്ധ്യ' എന്ന സിനിമയിൽ വില്ലൻ കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്. നായക കഥാപാത്രങ്ങളുടെ കൂടെ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതും എനിക്കിഷ്ടമാണ്. ഏട്ടന്റെ സിനിമയിലൊക്കെ നല്ല പാട്ടുകളുമുണ്ട്.

മകൻ ഗോകുലിന്റെ സിനിമകളും ഞാൻ കാണാറുണ്ട്. ചെയ്തതിൽ അവന് തൃപ്തിയാവാത്ത കഥാപാത്രങ്ങൾ പോലും എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. ഇളയമകൻ മാധവ് സിനിമയിൽ അരങ്ങേറിയതേയുള്ളൂ. ഭാവിയിൽ ഒരുപാട് നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു.''

കേന്ദ്രമന്ത്രിയുടെ ഭാര്യ

കേന്ദ്രമന്ത്രിയുടെ (union minister) ഭാര്യയാണെങ്കിലും രാഷ്ട്രീയം പരിചയമുള്ള മേഖലയല്ലെന്നും അവർ പറയുന്നു. ''സ്വന്തം താത്പര്യപ്രകാരമാണ് ഏട്ടൻ രാഷ്ട്രീയത്തിലേക്ക് കടന്നത്. സിനിമയിലേ തിരക്കായിരുന്നു. ഇപ്പോൾ അതിലും തിരക്ക്. വീട്ടിൽ അധികം വരാൻ പറ്റാറില്ല. മന്ത്രിയാവുമ്പോൾ ഉത്തരവാദിത്വങ്ങൾ കൂടുമല്ലോ. അഭിനേതാവിന്റെ ഭാര്യ എന്ന നിലയിൽ നിന്ന് കേന്ദ്രമന്ത്രിയുടെ ഭാര്യ എന്നതിലേക്ക് എത്തുമ്പോഴും എനിക്ക് മാറ്റങ്ങളൊന്നും തോന്നിയിട്ടില്ല. കാരണം ഏട്ടൻ വീട്ടിൽ മന്ത്രിയല്ല. നല്ലൊരു ഭർത്താവും നല്ലൊരു അച്ഛനുമാണ്. കുടുംബവും ഔദ്യോഗിക ജീവിതവും നല്ല രീതിയിൽ ബാലൻസ് ചെയ്തു കൊണ്ടുപോവാൻ അദ്ദേഹത്തിന് കഴിവുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi